ലേവ്യപുസ്തകം 17

17
1യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: 2നീ അഹരോനോടും പുത്രന്മാരോടും എല്ലായിസ്രായേൽമക്കളോടും പറയേണ്ടതു എന്തെന്നാൽ: യഹോവ കല്പിച്ച കാര്യം ആവിതു: 3യിസ്രായേൽഗൃഹത്തിൽ ആരെങ്കിലും കാളയെയോ ആട്ടിൻകുട്ടിയെയോ കോലാടിനെയോ പാളയത്തിൽവെച്ചെങ്കിലും പാളയത്തിന്നു പുറത്തുവെച്ചെങ്കിലും അറുക്കയും 4അതിനെ യഹോവയുടെ കൂടാരത്തിന്റെ മുമ്പിൽ യഹോവെക്കു വഴിപാടായി അർപ്പിക്കേണ്ടതിന്നു സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ കൊണ്ടുവരാതിരിക്കയും ചെയ്താൽ അതു അവന്നു രക്തപാതകമായി എണ്ണേണം; അവൻ രക്തം ചൊരിയിച്ചു; ആ മനുഷ്യനെ അവന്റെ ജനത്തിന്റെ നടുവിൽനിന്നു ഛേദിച്ചുകളയേണം. 5യിസ്രായേൽമക്കൾ വെളിമ്പ്രദേശത്തുവെച്ചു അർപ്പിച്ചുവരുന്ന യാഗങ്ങളെ യഹോവെക്കു സമാധാനയാഗങ്ങളായി അർപ്പിക്കേണ്ടതിന്നു സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ പുരോഹിതന്റെ അടുക്കൽ യഹോവയുടെ സന്നിധിയിൽ കൊണ്ടുവരേണ്ടതാകുന്നു. 6പുരോഹിതൻ അവയുടെ രക്തം സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ യഹോവയുടെ യാഗപീഠത്തിന്മേൽ തളിച്ചു മേദസ്സു യഹോവെക്കു സൗരഭ്യവാസനയായി ദഹിപ്പിക്കേണം. 7അവർ പരസംഗമായി പിന്തുടരുന്ന ഭൂതങ്ങൾക്കു ഇനി തങ്ങളുടെ ബലികൾ അർപ്പിക്കരുതു; ഇതു തലമുറതലമുറയായി അവർക്കു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.
8നീ അവരോടു പറയേണ്ടതു എന്തെന്നാൽ: യിസ്രായേൽഗൃഹത്തിലോ നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശികളിലോ ആരെങ്കിലും ഹോമയാഗമോ ഹനനയാഗമോ അർപ്പിക്കയും 9അതു യഹോവെക്കു അർപ്പിക്കേണ്ടതിന്നു സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ കൊണ്ടുവരാതിരിക്കയും ചെയ്താൽ അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം. 10#ഉല്പത്തി 9:4; ലേവ്യപുസ്തകം 7:26,27; 19:26; ആവർത്തനപുസ്തകം 12:16,23; 15:23യിസ്രായേൽഗൃഹത്തിലോ നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശികളിലോ ആരെങ്കിലും വല്ല രക്തവും ഭക്ഷിച്ചാൽ രക്തം ഭക്ഷിച്ചവന്റെ നേരെ ഞാൻ ദൃഷ്ടിവെച്ചു അവനെ അവന്റെ ജനത്തിന്റെ ഇടയിൽനിന്നു ഛേദിച്ചുകളയും. 11#എബ്രായർ 9:22മാംസത്തിന്റെ ജീവൻ രക്തത്തിൽ അല്ലോ ഇരിക്കുന്നതു; യാഗപീഠത്തിന്മേൽ നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാൻ ഞാൻ അതു നിങ്ങൾക്കു തന്നിരിക്കുന്നു; രക്തമല്ലോ ജീവൻമൂലമായി പ്രായശ്ചിത്തം ആകുന്നതു. 12അതുകൊണ്ടത്രേ നിങ്ങളിൽ യാതൊരുത്തനും രക്തം ഭക്ഷിക്കരുതു; നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശിയും രക്തം ഭക്ഷിക്കരുതു എന്നു ഞാൻ യിസ്രായേൽ മക്കളോടു കല്പിച്ചതു.
13യിസ്രായേൽമക്കളിലോ നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശികളിലോ ആരെങ്കിലും തിന്നാകുന്ന ഒരു മൃഗത്തെയോ പക്ഷിയെയോ വേട്ടയാടി പിടിച്ചാൽ അവൻ അതിന്റെ രക്തം കളഞ്ഞു മണ്ണിട്ടു മൂടേണം. 14സകലജഡത്തിന്റെയും ജീവൻ അതിന്റെ ജീവാധാരമായ രക്തം തന്നേ. അതുകൊണ്ടത്രേ ഞാൻ യിസ്രായേൽമക്കളോടു: യാതൊരു ജഡത്തിന്റെ രക്തവും നിങ്ങൾ ഭക്ഷിക്കരുതു എന്നു കല്പിച്ചതു; സകലജഡത്തിന്റെയും ജീവൻ അതിന്റെ രക്തമല്ലോ; അതു ഭക്ഷിക്കുന്നവനെയെല്ലാം ഛേദിച്ചുകളയേണം. 15താനേ ചത്തതിനെയോ പറിച്ചുകീറിപ്പോയതിനെയോ തിന്നുന്നവനൊക്കെയും സ്വദേശിയായാലും പരദേശിയായാലും വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം; പിന്നെ അവൻ ശുദ്ധിയുള്ളവനാകും. 16വസ്ത്രം അലക്കാതെയും ദേഹം കഴുകാതെയും ഇരുന്നാൽ അവൻ കുറ്റം വഹിക്കേണം.

Subratllat

Comparteix

Copia

None

Vols que els teus subratllats es desin a tots els teus dispositius? Registra't o inicia sessió