ഗലാത്യർ 5

5
1സ്വാതന്ത്ര്യത്തിന്നായിട്ടു ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാൽ അതിൽ ഉറെച്ചുനില്പിൻ; അടിമനുകത്തിൽ പിന്നെയും കുടുങ്ങിപ്പോകരുതു.
2നിങ്ങൾ പരിച്ഛേദന ഏറ്റാൽ ക്രിസ്തുവിനെക്കൊണ്ടു നിങ്ങൾക്കു ഒരു പ്രയോജനവുമില്ല എന്നു പൗലൊസായ ഞാൻ നിങ്ങളോടു പറയുന്നു. 3പരിച്ഛേദന ഏല്ക്കുന്ന ഏതു മനുഷ്യനോടും: അവൻ ന്യായപ്രമാണം മുഴുവനും നിവർത്തിപ്പാൻ കടമ്പെട്ടിരിക്കുന്നു എന്നു ഞാൻ പിന്നെയും സാക്ഷീകരിക്കുന്നു. 4ന്യായപ്രമാണത്താൽ നീതീകരിക്കപ്പെടുവാൻ ഇച്ഛിക്കുന്ന നിങ്ങൾ ക്രിസ്തുവിനോടു വേറുപെട്ടുപോയി; നിങ്ങൾ കൃപയിൽനിന്നു വീണുപോയി. 5ഞങ്ങളോ വിശ്വാസത്താൽ നീതി ലഭിക്കും എന്നുള്ള പ്രത്യാശാനിവൃത്തിയെ ആത്മാവിനാൽ കാത്തിരിക്കുന്നു. 6ക്രിസ്തുയേശുവിൽ പരിച്ഛേദനയല്ല അഗ്രചർമ്മവുമല്ല സ്നേഹത്താൽ വ്യാപരിക്കുന്ന വിശ്വാസമത്രേ കാര്യം. 7നിങ്ങൾ നന്നായി ഓടിയിരുന്നു; സത്യം അനുസരിക്കാതിരിപ്പാൻ നിങ്ങളെ ആർ തടുത്തു കളഞ്ഞു? 8ഇങ്ങനെ നിങ്ങളെ അനുസരിപ്പിച്ചതു നിങ്ങളെ വിളിച്ചവന്റെ പ്രവൃത്തിയല്ല. 9#1. കൊരിന്ത്യർ 5:6അസാരം പുളിമാവു പിണ്ഡത്തെ മുഴുവനും പുളിപ്പിക്കുന്നു. 10നിങ്ങൾക്കു ഭിന്നാഭിപ്രായമുണ്ടാകയില്ല എന്നു ഞാൻ കർത്താവിൽ ഉറെച്ചിരിക്കുന്നു; എന്നാൽ നിങ്ങളെ കലക്കുന്നവൻ ആരായാലും ശിക്ഷാവിധി ചുമക്കും. 11ഞാനോ, സഹോദരന്മാരേ, ഇപ്പോഴും പരിച്ഛേദന പ്രസംഗിക്കുന്നു എന്നു വരികിൽ ഇനിയും ഉപദ്രവം സഹിക്കുന്നതു എന്തു? അങ്ങനെ എങ്കിൽ ക്രൂശിന്റെ ഇടർച്ച നീങ്ങിപ്പോയല്ലോ. 12നിങ്ങളെ കലഹിപ്പിക്കുന്നവർ അംഗച്ഛേദം ചെയ്തുകൊണ്ടാൽ കൊള്ളായിരുന്നു.
13സഹോദരന്മാരേ, നിങ്ങൾ സ്വാതന്ത്ര്യത്തിന്നായി വിളിക്കപ്പെട്ടിരിക്കുന്നു; ഈ സ്വാതന്ത്ര്യം ജഡത്തിന്നു അവസരമാക്കുക മാത്രം ചെയ്യാതെ സ്നേഹത്താൽ അന്യോന്യം സേവിപ്പിൻ. 14#ലേവ്യപുസ്തകം 19:18കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം. എന്നുള്ള ഏകവാക്യത്തിൽ ന്യായപ്രമാണം മുഴുവനും അടങ്ങിയിരിക്കുന്നു. 15നിങ്ങൾ അന്യോന്യം കടിക്കയും തിന്നുകളകയും ചെയ്താലോ ഒരുവനാൽ ഒരുവൻ ഒടുങ്ങിപ്പോകാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.
16ആത്മാവിനെ അനുസരിച്ചുനടപ്പിൻ; എന്നാൽ നിങ്ങൾ ജഡത്തിന്റെ മോഹം നിവർത്തിക്കയില്ല എന്നു ഞാൻ പറയുന്നു. 17#റോമർ 7:15-23ജഡാഭിലാഷം ആത്മാവിന്നും ആത്മാഭിലാഷം ജഡത്തിന്നും വിരോധമായിരിക്കുന്നു. നിങ്ങൾ ഇച്ഛിക്കുന്നതു ചെയ്യാതവണ്ണം അവ തമ്മിൽ പ്രതികൂലമല്ലോ. 18ആത്മാവിനെ അനുസരിച്ചുനടക്കുന്നു എങ്കിൽ നിങ്ങൾ ന്യായപ്രമാണത്തിൻ കീഴുള്ളവരല്ല. 19ജഡത്തിന്റെ പ്രവൃത്തികളോ ദുർന്നടപ്പു, അശുദ്ധി, ദുഷ്കാമം, വിഗ്രഹാരാധന, 20ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം, 21ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്തു മുതലായവ എന്നു വെളിവാകുന്നു; ഈ വക പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാൻ മുമ്പെ പറഞ്ഞതുപോലെ ഇപ്പോഴും നിങ്ങളോടു മുൻകൂട്ടി പറയുന്നു. 22ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, 23ഇന്ദ്രിയജയം; ഈ വകെക്കു വിരോധമായി ഒരു ന്യായപ്രമാണവുമില്ല. 24ക്രിസ്തുയേശുവിന്നുള്ളവർ ജഡത്തെ അതിന്റെ രാഗമോഹങ്ങളോടും കൂടെ ക്രൂശിച്ചിരിക്കുന്നു.
25ആത്മാവിനാൽ നാം ജീവിക്കുന്നു എങ്കിൽ ആത്മാവിനെ അനുസരിച്ചു നടക്കുകയും ചെയ്ക. 26നാം അന്യോന്യം പോരിന്നു വിളിച്ചും അന്യോന്യം അസൂയപ്പെട്ടുംകൊണ്ടു വൃഥാഭിമാനികൾ ആകരുതു.

Subratllat

Comparteix

Copia

None

Vols que els teus subratllats es desin a tots els teus dispositius? Registra't o inicia sessió