മത്തായി 16

16
1അനന്തരം പരീശന്മാരും സദൂക്യരും അടുക്കെ വന്നു: ആകാശത്തുനിന്ന് ഒരു അടയാളം കാണിച്ചുതരേണമെന്ന് അവനെ പരീക്ഷിച്ചു ചോദിച്ചു. 2അവരോട് അവൻ ഉത്തരം പറഞ്ഞത്: സന്ധ്യാസമയത്ത് ആകാശം ചുവന്നു കണ്ടാൽ നല്ല തെളിവാകും എന്നും 3രാവിലെ ആകാശം മൂടി ചുവന്നു കണ്ടാൽ ഇന്നു മഴക്കോൾ ഉണ്ടാകും എന്നും നിങ്ങൾ പറയുന്നു. ആകാശത്തിന്റെ ഭാവം വിവേചിപ്പാൻ നിങ്ങൾ അറിയുന്നു; എന്നാൽ കാലലക്ഷണങ്ങളെ വിവേചിപ്പാൻ കഴികയില്ലയോ? 4ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു; യോനായുടെ അടയാളമല്ലാതെ അതിന് അടയാളം ലഭിക്കയില്ല; പിന്നെ അവൻ അവരെ വിട്ടുപോയി.
5ശിഷ്യന്മാർ അക്കരെ പോകുമ്പോൾ അപ്പം എടുപ്പാൻ മറന്നുപോയി. 6എന്നാൽ യേശു അവരോടു: നോക്കുവിൻ; പരീശന്മാരുടെയും സദൂക്യരുടെയും പുളിച്ചമാവു സൂക്ഷിച്ചുകൊൾവിൻ എന്നു പറഞ്ഞു. 7അപ്പം കൊണ്ടുപോരായ്കയാൽ ആയിരിക്കും എന്ന് അവർ തമ്മിൽ തമ്മിൽ പറഞ്ഞു. 8അത് അറിഞ്ഞിട്ടു യേശു പറഞ്ഞത്: അല്പവിശ്വാസികളേ, അപ്പം കൊണ്ടുവരായ്കയാൽ തമ്മിൽ തമ്മിൽ പറയുന്നത് എന്ത്? 9ഇപ്പോഴും നിങ്ങൾ തിരിച്ചറിയുന്നില്ലയോ? അയ്യായിരം പേർക്ക് അഞ്ച് അപ്പം കൊടുത്തിട്ട് എത്ര കുട്ട എടുത്തു എന്നും 10നാലായിരം പേർക്ക് ഏഴ് അപ്പം കൊടുത്തിട്ട് എത്ര വട്ടി എടുത്തു എന്നും ഓർക്കുന്നില്ലയോ? 11പരീശന്മാരുടെയും സദൂക്യരുടെയും പുളിച്ചമാവു സൂക്ഷിച്ചുകൊള്ളേണം എന്നു പറഞ്ഞത് അപ്പത്തെക്കുറിച്ചല്ല എന്നു തിരിച്ചറിയാത്തത് എന്ത്? 12അങ്ങനെ അപ്പത്തിന്റെ പുളിച്ച മാവല്ല, പരീശന്മാരുടെയും സദൂക്യരുടെയും ഉപദേശമത്രേ സൂക്ഷിച്ചുകൊൾവാൻ അവൻ പറഞ്ഞു എന്ന് അവർ ഗ്രഹിച്ചു.
13യേശു ഫിലിപ്പിന്റെ കൈസര്യയുടെ പ്രദേശത്ത് എത്തിയശേഷം തന്റെ ശിഷ്യന്മാരോട്: ജനങ്ങൾ മനുഷ്യപുത്രനെ ആർ എന്നു പറയുന്നു എന്നു ചോദിച്ചു. 14ചിലർ യോഹന്നാൻസ്നാപകൻ എന്നും മറ്റു ചിലർ ഏലീയാവെന്നും വേറേ ചിലർ യിരെമ്യാവോ പ്രവാചകന്മാരിൽ ഒരുത്തനോ എന്നും പറയുന്നു എന്ന് അവർ പറഞ്ഞു. 15നിങ്ങളോ എന്നെ ആർ എന്നു പറയുന്നു എന്ന് അവൻ ചോദിച്ചതിനു ശിമോൻ പത്രൊസ്: 16നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു എന്ന് ഉത്തരം പറഞ്ഞു. 17യേശു അവനോട്: ബർയോനാശിമോനേ, നീ ഭാഗ്യവാൻ; ജഡരക്തങ്ങൾ അല്ല, സ്വർഗസ്ഥനായ എന്റെ പിതാവത്രേ നിനക്ക് ഇതു വെളിപ്പെടുത്തിയത്. 18നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു. 19സ്വർഗരാജ്യത്തിന്റെ താക്കോൽ ഞാൻ നിനക്കു തരുന്നു; നീ ഭൂമിയിൽ കെട്ടുന്നതൊക്കെയും സ്വർഗത്തിൽ കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയിൽ അഴിക്കുന്നതൊക്കെയും സ്വർഗത്തിൽ അഴിഞ്ഞിരിക്കും എന്ന് ഉത്തരം പറഞ്ഞു. 20പിന്നെ താൻ ക്രിസ്തു ആകുന്നു എന്ന് ആരോടും പറയാതിരിപ്പാൻ ശിഷ്യന്മാരോടു കല്പിച്ചു.
21അന്നുമുതൽ യേശു താൻ യെരൂശലേമിൽ ചെന്നിട്ട്, മൂപ്പന്മാർ, മഹാപുരോഹിതന്മാർ, ശാസ്ത്രിമാർ എന്നിവരാൽ പലതും സഹിച്ചു കൊല്ലപ്പെടുകയും മൂന്നാം നാൾ ഉയിർത്തെഴുന്നേല്ക്കയും വേണ്ടത് എന്നു ശിഷ്യന്മാരോടു പ്രസ്താവിച്ചുതുടങ്ങി. 22പത്രൊസ് അവനെ വേറിട്ടു കൊണ്ടുപോയി: കർത്താവേ, അത് അരുതേ; നിനക്ക് അങ്ങനെ ഭവിക്കരുതേ എന്നു ശാസിച്ചുതുടങ്ങി. 23അവനോ തിരിഞ്ഞു പത്രൊസിനോട്: സാത്താനേ, എന്നെ വിട്ടു പോ; നീ എനിക്ക് ഇടർച്ചയാകുന്നു; നീ ദൈവത്തിൻറേതല്ല മനുഷ്യരുടേതത്രേ കരുതുന്നത് എന്നു പറഞ്ഞു. 24പിന്നെ യേശു ശിഷ്യന്മാരോടു പറഞ്ഞത്: ഒരുത്തൻ എന്റെ പിന്നാലെ വരുവാൻ ഇച്ഛിച്ചാൽ തന്നെത്താൻ ത്യജിച്ച്, തന്റെ ക്രൂശ് എടുത്ത് എന്നെ അനുഗമിക്കട്ടെ. 25ആരെങ്കിലും തന്റെ ജീവനെ രക്ഷിപ്പാൻ ഇച്ഛിച്ചാൽ അതിനെ കളയും; എന്റെ നിമിത്തം ആരെങ്കിലും തന്റെ ജീവനെ കളഞ്ഞാൽ അതിനെ കണ്ടെത്തും. 26ഒരു മനുഷ്യൻ സർവലോകവും നേടീട്ടും തന്റെ ജീവനെ നഷ്ടപ്പെടുത്തിയാൽ അവന് എന്തു പ്രയോജനം? അല്ല, തന്റെ ജീവനെ വീണ്ടുകൊൾവാൻ മനുഷ്യൻ എന്തു മറുവില കൊടുക്കും? 27മനുഷ്യപുത്രൻ തന്റെ പിതാവിന്റെ മഹത്ത്വത്തിൽ തന്റെ ദൂതന്മാരുമായി വരും; അപ്പോൾ അവൻ ഓരോരുത്തനും അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം പകരം നല്കും. 28മനുഷ്യപുത്രൻ തന്റെ രാജ്യത്തിൽ വരുന്നതു കാണുവോളം മരണം ആസ്വദിക്കാത്തവർ ചിലർ ഈ നില്ക്കുന്നവരിൽ ഉണ്ട് എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

Цяпер абрана:

മത്തായി 16: MALOVBSI

Пазнака

Падзяліцца

Капіяваць

None

Хочаце, каб вашыя адзнакі былі захаваны на ўсіх вашых прыладах? Зарэгіструйцеся або ўвайдзіце