മലാഖി 1

1
1പ്രവാചകം. മലാഖി മുഖാന്തരം യിസ്രായേലിനോടുള്ള യഹോവയുടെ അരുളപ്പാട്: 2ഞാൻ നിങ്ങളെ സ്നേഹിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു; എന്നാൽ നിങ്ങൾ: നീ ഞങ്ങളെ ഏതിനാൽ സ്നേഹിക്കുന്നു എന്നു ചോദിക്കുന്നു. ഏശാവ് യാക്കോബിന്റെ സഹോദരനല്ലയോ; എങ്കിലും ഞാൻ യാക്കോബിനെ സ്നേഹിക്കുന്നു എന്നു യഹോവയുടെ അരുളപ്പാട്. 3എന്നാൽ ഏശാവിനെ ഞാൻ ദ്വേഷിച്ച് അവന്റെ പർവതങ്ങളെ ശൂന്യമാക്കി അവന്റെ അവകാശത്തെ മരുഭൂമിയിലെ കുറുനരികൾക്കു കൊടുത്തിരിക്കുന്നു. 4ഞങ്ങൾ ഇടിഞ്ഞിരിക്കുന്നു എങ്കിലും ഞങ്ങൾ ശൂന്യസ്ഥലങ്ങളെ വീണ്ടും പണിയും എന്നു എദോം പറയുന്നു എങ്കിൽ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവർ പണിയട്ടെ ഞാൻ ഇടിച്ചുകളയും; അവർക്കു ദുഷ്ടപ്രദേശം എന്നും യഹോവ സദാകാലം ക്രുദ്ധിക്കുന്ന ജാതി എന്നും പേർ പറയും. 5നിങ്ങൾ സ്വന്ത കണ്ണുകൊണ്ട് അതു കാണുകയും യഹോവ യിസ്രായേലിന്റെ അതിരിന് അപ്പുറത്തോളം വലിയവൻ എന്നു പറകയും ചെയ്യും.
6മകൻ അപ്പനെയും ദാസൻ യജമാനനെയും ബഹുമാനിക്കേണ്ടതല്ലോ. ഞാൻ അപ്പൻ എങ്കിൽ എന്നോടുള്ള ബഹുമാനം എവിടെ? ഞാൻ യജമാനൻ എങ്കിൽ എന്നോടുള്ള ഭക്തി എവിടെ എന്നു സൈന്യങ്ങളുടെ യഹോവ, അവന്റെ നാമത്തെ തുച്ഛീകരിക്കുന്ന പുരോഹിതന്മാരേ, നിങ്ങളോടു ചോദിക്കുന്നു; അതിന് നിങ്ങൾ: ഏതിനാൽ ഞങ്ങൾ നിന്റെ നാമത്തെ തുച്ഛീകരിക്കുന്നു എന്നു ചോദിക്കുന്നു. 7നിങ്ങൾ എന്റെ യാഗപീഠത്തിന്മേൽ മലിനഭോജനം അർപ്പിക്കുന്നു. എന്നാൽ നിങ്ങൾ: ഏതിനാൽ ഞങ്ങൾ നിന്നെ മലിനമാക്കുന്നു എന്നു ചോദിക്കുന്നു. യഹോവയുടെ മേശ നിന്ദ്യം എന്നു നിങ്ങൾ പറയുന്നതിനാൽ തന്നെ. 8നിങ്ങൾ കണ്ണു പൊട്ടിയതിനെ യാഗം കഴിപ്പാൻ കൊണ്ടുവന്നാൽ അതു ദോഷമല്ല; നിങ്ങൾ മുടന്തും ദീനവുമുള്ളതിനെ അർപ്പിച്ചാൽ അതും ദോഷമല്ല; അതിനെ നിന്റെ ദേശാധിപതിക്കു കാഴ്ച വയ്ക്കുക; അവൻ പ്രസാദിക്കുമോ? നിന്നോടു കൃപ തോന്നുമോ? എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. 9ആകയാൽ ദൈവം നമ്മോടു കൃപ കാണിപ്പാൻ തക്കവണ്ണം അവനെ പ്രസാദിപ്പിച്ചുകൊൾവിൻ. നിങ്ങൾ ഇതൊക്കെയും ചെയ്തിരിക്കുന്നു; അവനു നിങ്ങളോടു കൃപതോന്നുമോ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. 10നിങ്ങൾ എന്റെ യാഗപീഠത്തിന്മേൽ വെറുതേ തീ കത്തിക്കാതിരിക്കേണ്ടതിനു നിങ്ങളിൽ ആരെങ്കിലും വാതിൽ അടച്ചുകളഞ്ഞാൽ കൊള്ളായിരുന്നു; എനിക്ക് നിങ്ങളിൽ പ്രസാദമില്ല എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; നിങ്ങളുടെ കൈയിൽനിന്ന് ഞാൻ വഴിപാടു കൈക്കൊൾകയുമില്ല. 11സൂര്യന്റെ ഉദയംമുതൽ അസ്തമയംവരെ എന്റെ നാമം ജാതികളുടെ ഇടയിൽ വലുതാകുന്നു; എല്ലാടത്തും എന്റെ നാമത്തിന് ധൂപവും നിർമ്മലമായ വഴിപാടും അർപ്പിച്ചുവരുന്നു; എന്റെ നാമം ജാതികളുടെ ഇടയിൽ വലുതാകുന്നുവല്ലോ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. 12നിങ്ങളോ: യഹോവയുടെ മേശ മലിനമായിരിക്കുന്നു; അവന്റെ ഭോജനമായ അതിന്റെ അനുഭവം നിന്ദ്യം ആകുന്നു എന്നു പറയുന്നതിനാൽ നിങ്ങൾ എന്റെ നാമത്തെ അശുദ്ധമാക്കുന്നു. 13എന്തൊരു പ്രയാസം എന്നു പറഞ്ഞു നിങ്ങൾ അതിനോടു ചീറുന്നു; എന്നാൽ കടിച്ചുകീറിപ്പോയതിനെയും മുടന്തും ദീനവുമുള്ളതിനെയും നിങ്ങൾ കൊണ്ടുവന്ന് അങ്ങനെ കാഴ്ചവയ്ക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; അതിനെ ഞാൻ നിങ്ങളുടെ കൈയിൽനിന്ന് അംഗീകരിക്കുമോ എന്നു യഹോവ അരുളിച്ചെയ്യുന്നു. 14എന്നാൽ തന്റെ ആട്ടിൻകൂട്ടത്തിൽ ഒരു ആൺ ഉണ്ടായിരിക്കെ, കർത്താവിന് നേർന്നിട്ട് ഊനമുള്ളൊരു തള്ളയെ യാഗംകഴിക്കുന്ന വഞ്ചകൻ ശപിക്കപ്പെട്ടവൻ. ഞാൻ മഹാരാജാവല്ലോ; എന്റെ നാമം ജാതികളുടെ ഇടയിൽ ഭയങ്കരമായിരിക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

Цяпер абрана:

മലാഖി 1: MALOVBSI

Пазнака

Падзяліцца

Капіяваць

None

Хочаце, каб вашыя адзнакі былі захаваны на ўсіх вашых прыладах? Зарэгіструйцеся або ўвайдзіце