മത്താ. 1

1
യേശുക്രിസ്തുവിന്‍റെ വംശാവലി
1അബ്രാഹാമിന്‍റെ പുത്രനായ ദാവീദിന്‍റെ പുത്രനായി ജനിച്ച യേശുക്രിസ്തുവിന്‍റെ വംശാവലി: 2അബ്രാഹാം യിസ്ഹാക്കിന്‍റെ പിതാവായിരുന്നു; യിസ്ഹാക്ക് യാക്കോബിന്‍റെ പിതാവായിരുന്നു; യാക്കോബ് യെഹൂദയുടേയും അവന്‍റെ സഹോദരന്മാരുടെയും പിതാവായിരുന്നു; 3യെഹൂദാ പാരെസിനെയും സാരഹിനേയും താമാറിൽ ജനിപ്പിച്ചു; പാരെസ് ഹെസ്രോന്‍റെ പിതാവായിരുന്നു; ഹെസ്രോൻ ആരാമിൻ്റെ പിതാവായിരുന്നു; 4ആരാം അമ്മീനാദാബിന്‍റെ പിതാവായിരുന്നു; അമ്മീനാദാബ് നഹശോനെ ജനിപ്പിച്ചു; നഹശോൻ ശല്മോനെ ജനിപ്പിച്ചു; 5ശല്മോൻ രാഹാബിൽ ബോവസിനെ ജനിപ്പിച്ചു; ബോവസ് രൂത്തിൽ ഓബേദിനെ ജനിപ്പിച്ചു; ഓബേദ് യിശ്ശായിയുടെ പിതാവായിരുന്നു; 6യിശ്ശായി ദാവീദ്‌രാജാവിന്‍റെ പിതാവായിരുന്നു; ദാവീദ് ഊരീയാവിന്‍റെ ഭാര്യയായിരുന്നവളിൽ ശലോമോനെ ജനിപ്പിച്ചു; 7ശലോമോൻ രെഹബ്യാമിൻ്റെ പിതാവായിരുന്നു; രെഹബ്യാം അഹീയാവിന്‍റെ പിതാവായിരുന്നു; അബീയാവ് ആസായുടെ പിതാവായിരുന്നു; 8ആസാ യെഹോശാഫാത്തിന്‍റെ പിതാവായിരുന്നു; യെഹോശാഫാത്ത് യോരാമിന്‍റെ പിതാവായിരുന്നു; യോരാം ഉസ്സീയാവിന്‍റെ പിതാവായിരുന്നു; 9ഉസ്സീയാവ് യോഥാമിന്‍റെ പിതാവായിരുന്നു; യോഥാം ആഹാസിന്‍റെ പിതാവായിരുന്നു; ആഹാസ് ഹിസ്കീയാവിന്‍റെ പിതാവായിരുന്നു; 10ഹിസ്കീയാവ് മനശ്ശെയുടെ പിതാവായിരുന്നു; മനശ്ശെ ആമോസിന്‍റെ പിതാവായിരുന്നു; ആമോസ് യോശീയാവിന്‍റെ പിതാവായിരുന്നു; 11യോശീയാവ് യെഖൊന്യാവെയും അവന്‍റെ സഹോദരന്മാരെയും ബാബേൽപ്രവാസകാലത്ത് ജനിപ്പിച്ചു.
12ബാബേൽപ്രവാസത്തിനുശേഷം യെഖൊന്യാവ് ശെയല്തീയേലിന്‍റെ പിതാവായിരുന്നു; ശെയല്തീയേൽ സെരുബ്ബാബേലിന്‍റെ പിതാവായിരുന്നു; 13സെരുബ്ബാബേൽ അബീഹൂദിൻ്റെ പിതാവായിരുന്നു; അബീഹൂദ് എല്യാക്കീമിൻ്റെ പിതാവായിരുന്നു; എല്യാക്കീം ആസോരിൻ്റെ പിതാവായിരുന്നു. 14ആസോർ സാദോക്കിന്‍റെ പിതാവായിരുന്നു; സാദോക്ക് ആഖീമിൻ്റെ പിതാവായിരുന്നു; ആഖീം എലീഹൂദിൻ്റെ പിതാവായിരുന്നു; 15എലീഹൂദ് എലീയാസരിൻ്റെ പിതാവായിരുന്നു; എലീയാസർ മത്ഥാൻ്റെ പിതാവായിരുന്നു; മത്ഥാൻ യാക്കോബിന്‍റെ പിതാവായിരുന്നു. 16യാക്കോബ് മറിയയുടെ ഭർത്താവായ യോസേഫിന്‍റെ പിതാവായിരുന്നു. മറിയയിൽ നിന്നു ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു.
17ഇങ്ങനെ തലമുറകൾ ആകെ അബ്രാഹാം മുതൽ ദാവീദ്‌വരെ പതിനാലും ദാവീദുമുതൽ ബാബേൽപ്രവാസത്തോളം പതിനാലും ബാബേൽ പ്രവാസം മുതൽ ക്രിസ്തുവിനോളം പതിനാലും ആകുന്നു.
യേശുക്രിസ്തുവിന്‍റെ ജനനം
18എന്നാൽ യേശുക്രിസ്തുവിന്‍റെ ജനനം ഇപ്രകാരം ആയിരുന്നു. അവന്‍റെ അമ്മയായ മറിയ യോസഫിന് വിവാഹം നിശ്ചയിക്കപ്പെട്ടശേഷം അവർ കൂടി യോജിക്കും മുമ്പെ പരിശുദ്ധാത്മാവിനാൽ ഗർഭംധരിച്ചു എന്നു മനസ്സിലാക്കി. 19അവളുടെ ഭർത്താവായ യോസേഫ് നീതിമാനായിരുന്നതുകൊണ്ടും അവളെ പരസ്യമായി കളങ്കപ്പെടുത്തുവാൻ അവനു മനസ്സില്ലാത്തതു കൊണ്ടും അവളുമായുള്ള വിവഹനിശ്ചയം രഹസ്യമായി അവസാനിപ്പിക്കുവാൻ തീരുമാനിച്ചു. 20ഇങ്ങനെ ചിന്തിച്ചിരിക്കുമ്പോൾ കർത്താവിന്‍റെ ദൂതൻ അവനു സ്വപ്നത്തിൽ പ്രത്യക്ഷനായി: “ദാവീദിന്‍റെ മകനായ യോസഫേ, മറിയയെ ഭാര്യയായി സ്വീകരിക്കുന്ന കാര്യത്തിൽ നീ ഭയപ്പെടേണ്ടാ; അവളിൽ ഉല്പാദിതമായത് പരിശുദ്ധാത്മാവിനാൽ ആകുന്നു. 21അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്‍റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിക്കുവാനായി വന്നിരിക്കുന്നതുകൊണ്ട് നീ അവന്‍റെ പേര് യേശു എന്നു വിളിക്കേണം” എന്നു പറഞ്ഞു.
22“കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും;
അവനു ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള ഇമ്മാനുവേൽ എന്നു പേർ വിളിക്കും”
23കർത്താവ് പ്രവാചകൻമുഖാന്തരം അരുളിച്ചെയ്ത കാര്യങ്ങൾ ഇപ്രകാരം നിവർത്തിയായി.
24യോസേഫ് ഉറക്കം ഉണർന്നു. കർത്താവിന്‍റെ ദൂതൻ കല്പിച്ചതുപോലെ ചെയ്തു, തന്‍റെ ഭാര്യയായി അവളെ സ്വീകരിച്ചു. 25എന്നിരുന്നാലും, മകനെ പ്രസവിക്കുംവരെ അവൻ അവളുമായി ശാരീരികമായി ബന്ധപ്പെട്ടിരുന്നില്ല. മകന് അവൻ യേശു എന്നു പേർ വിളിച്ചു.

المحددات الحالية:

മത്താ. 1: IRVMAL

تمييز النص

شارك

نسخ

None

هل تريد حفظ أبرز أعمالك على جميع أجهزتك؟ قم بالتسجيل أو تسجيل الدخول