അപ്പൊ. പ്രവൃത്തികൾ 16
16
1അവൻ ദെർബ്ബെയിലും ലുസ്ത്രയിലും ചെന്നു. അവിടെ വിശ്വാസമുള്ളോരു യെഹൂദസ്ത്രീയുടെ മകനായി തിമൊഥെയൊസ് എന്നു പേരുള്ള ഒരു ശിഷ്യൻ ഉണ്ടായിരുന്നു; അവന്റെ അപ്പൻ യവനനായിരുന്നു. 2അവൻ ലുസ്ത്രയിലും ഇക്കോന്യയിലുമുള്ള സഹോദരന്മാരാൽ നല്ല സാക്ഷ്യം കൊണ്ടവൻ ആയിരുന്നു. 3അവൻ തന്നോടുകൂടെ പോരേണം എന്നു പൗലൊസ് ഇച്ഛിച്ചു; അവന്റെ അപ്പൻ യവനൻ എന്നു അവിടങ്ങളിലുള്ള യഹൂദന്മാർ എല്ലാവരും അറിഞ്ഞിരുന്നതിനാൽ അവരെ വിചാരിച്ചു അവനെ പരിച്ഛേദന കഴിപ്പിച്ചു. 4അവർ പട്ടണം തോറും ചെന്നു യെരൂശലേമിലെ അപ്പൊസ്തലന്മാരും മൂപ്പന്മാരും വിധിച്ച നിർണ്ണയങ്ങൾ പ്രമാണിക്കേണ്ടതിന്നു അവർക്കു ഏല്പിച്ചുകൊടുത്തു. 5അങ്ങനെ സഭകൾ വിശ്വാസത്തിൽ ഉറെക്കയും എണ്ണത്തിൽ ദിവസേന പെരുകുകയും ചെയ്തു.
6അവർ ആസ്യയിൽ വചനം പ്രസംഗിക്കരുതെന്നു പരിശുദ്ധാത്മാവു വിലക്കുകയാൽ ഫ്രുഗ്യയിലും ഗലാത്യദേശത്തിലും കൂടി സഞ്ചരിച്ചു, 7മുസ്യയിൽ എത്തി ബിഥുന്യെക്കു പോകുവാൻ ശ്രമിച്ചു; യേശുവിന്റെ ആത്മാവോ അവരെ സമ്മതിച്ചില്ല. 8അവർ മുസ്യ കടന്നു ത്രോവാസിൽ എത്തി. 9അവിടെവെച്ചു പൗലൊസ് രാത്രിയിൽ മക്കെദോന്യക്കാരനായൊരു പുരുഷൻ അരികെ നിന്നു: നീ മക്കെദോന്യെക്കു കടന്നുവന്നു ഞങ്ങളെ സഹായിക്ക എന്നു തന്നോടു അപേക്ഷിക്കുന്നതായി ഒരു ദർശനം കണ്ടു. 10ഈ ദർശനം കണ്ടിട്ടു അവരോടു സുവിശേഷം അറിയിപ്പാൻ ദൈവം ഞങ്ങളെ വിളിച്ചിരിക്കുന്നു എന്നു നിശ്ചയിച്ചു, ഞങ്ങൾ ഉടനെ മക്കെദോന്യെക്കു പുറപ്പെടുവാൻ ശ്രമിച്ചു.
11അങ്ങനെ ഞങ്ങൾ ത്രോവാസിൽനിന്നു കപ്പൽ നീക്കി നേരെ സമൊത്രാക്കെയിലേക്കും പിറ്റെന്നാൾ നവപൊലിക്കും അവിടെ നിന്നു ഫിലിപ്പിയിലേക്കും ചെന്നു. 12ഇതു മക്കെദോന്യയുടെ ആ ഭാഗത്തെ ഒരു പ്രധാന പട്ടണവും റോമക്കാർ കുടിയേറിപ്പാർത്തതും ആകുന്നു; ആ പട്ടണത്തിൽ ഞങ്ങൾ ചില ദിവസം പാർത്തു. 13ശബ്ബത്തുനാളിൽ ഞങ്ങൾ ഗോപുരത്തിന്നു പുറത്തേക്കു പോയി അവിടെ പ്രാർത്ഥനാസ്ഥലം ഉണ്ടായിരിക്കും എന്നു ഞങ്ങൾ വിചാരിച്ചു പുഴവക്കത്തു ഇരുന്നു, അവിടെ കൂടിവന്ന സ്ത്രീകളോടു സംസാരിച്ചു. 14തുയത്തൈരാപട്ടണക്കാരത്തിയും രക്താംബരം വില്ക്കുന്നവളുമായി ലുദിയ എന്നു പേരുള്ള ദൈവ ഭക്തയായോരു സ്ത്രീ കേട്ടുകൊണ്ടിരുന്നു. പൗലൊസ് സംസാരിച്ചതു ശ്രദ്ധിക്കേണ്ടതിന്നു കർത്താവു അവളുടെ ഹൃദയം തുറന്നു 15അവളും കുടുംബവും സ്നാനം ഏറ്റ ശേഷം: നിങ്ങൾ എന്നെ കർത്താവിൽ വിശ്വസ്ത എന്നു എണ്ണിയിരിക്കുന്നുവെങ്കിൽ എന്റെ വീട്ടിൽ വന്നു പാർപ്പിൻ എന്നു അപേക്ഷിച്ചു ഞങ്ങളെ നിർബ്ബന്ധിച്ചു.
16ഞങ്ങൾ പ്രാർത്ഥനാസ്ഥലത്തേക്കു ചെല്ലുമ്പോൾ വെളിച്ചപ്പാടത്തിയായി ലക്ഷണം പറഞ്ഞു യജമാനന്മാർക്കു വളരെ ലാഭം വരുത്തുന്ന ഒരു ബാല്യക്കാരത്തി ഞങ്ങളെ എതിരേറ്റു. 17അവൾ പൗലൊസിന്റെയും ഞങ്ങളുടെയും പിന്നാലെ വന്നു: ഈ മനുഷ്യർ അത്യുന്നതനായ ദൈവത്തിന്റെ ദാസന്മാർ, രക്ഷാമാർഗ്ഗം നിങ്ങളോടു അറിയിക്കുന്നവർ എന്നു വിളിച്ചുപറഞ്ഞു. 18ഇങ്ങനെ അവൾ പലനാൾ ചെയ്തുവന്നു. പൗലൊസ് മുഷിഞ്ഞു തിരിഞ്ഞു നോക്കി അവളിലുള്ള ഭൂതത്തോടു: അവളെ വിട്ടുപോകുവാൻ ഞാൻ യേശുക്രിസ്തുവിന്റെ നാമത്തിൽ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു. ആ നാഴികയിൽ തന്നേ അതു അവളെ വിട്ടുപോയി.
19അവളുടെ യജമാനന്മാർ തങ്ങളുടെ ലാഭത്തിന്റെ ആശ പോയ്പോയതു കണ്ടിട്ടു പൗലൊസിനെയും ശീലാസിനെയും പിടിച്ചു, ചന്തസ്ഥലത്തു പ്രമാണികളുടെ അടുക്കലേക്കു വലിച്ചു കൊണ്ടുപോയി 20അധിപതികളുടെ മുമ്പിൽ നിർത്തി; യെഹൂദന്മാരായ ഈ മനുഷ്യർ നമ്മുടെ പട്ടണത്തെ കലക്കി, 21റോമാക്കാരായ നമുക്കു അംഗീകരിപ്പാനും അനുസരിപ്പാനും ന്യായമല്ലാത്ത ആചാരങ്ങളെ പ്രസംഗിക്കുന്നു എന്നു പറഞ്ഞു. 22പുരുഷാരവും അവരുടെ നേരെ ഇളകി; അധിപതികൾ അവരുടെ വസ്ത്രം പറിച്ചുരിഞ്ഞു കോൽകൊണ്ടു അവരെ അടിപ്പാൻ കല്പിച്ചു. 23അവരെ വളരെ അടിപ്പിച്ചശേഷം തടവിൽ ആക്കി കാരാഗൃഹപ്രമാണിയോടു അവരെ സൂക്ഷ്മത്തോടെ കാപ്പാൻ കല്പിച്ചു. 24അവൻ ഇങ്ങനെയുള്ള കല്പന കിട്ടുകയാൽ അവരെ അകത്തെ തടവിൽ ആക്കി അവരുടെ കാൽ ആമത്തിൽ ഇട്ടു പൂട്ടി. 25അർദ്ധരാത്രിക്കു പൗലൊസും ശീലാസും പ്രാർത്ഥിച്ചു ദൈവത്തെ പാടി സ്തുതിച്ചു; തടവുകാർ ശ്രദ്ധിച്ചുകൊണ്ടിരുന്നു. 26പെട്ടെന്നു വലിയോരു ഭൂകമ്പം ഉണ്ടായി, കാരാഗൃഹത്തിന്റെ അടിസ്ഥാനം കുലുങ്ങി വാതിൽ ഒക്കെയും തുറന്നുപോയി, എല്ലാവരുടെയും ചങ്ങല അഴിഞ്ഞുവീണു. 27കരാഗൃഹപ്രമാണി ഉറക്കുണർന്നു കാരാഗൃഹത്തിന്റെ വാതിലുകൾ ഉറന്നിരിക്കുന്നതു കണ്ടിട്ടു ചങ്ങലക്കാർ ഓടിപ്പോയ്ക്കളഞ്ഞു എന്നു ഊഹിച്ചു വാളൂരി തന്നെത്താൻ കൊല്ലുവാൻ ഭാവിച്ചു. 28അപ്പോൾ പൗലൊസ്: നിനക്കു ഒരു ദോഷവും ചെയ്യരുതു; ഞങ്ങൾ എല്ലാവരും ഇവിടെ ഉണ്ടല്ലോ എന്നു ഉറക്കെ വിളിച്ചു പറഞ്ഞു. 29അവൻ വെളിച്ചം ചോദിച്ചു അകത്തേക്കു ചാടി വിറെച്ചുകൊണ്ടു പൗലൊസിന്റെയും ശീലാസിന്റെയും മുമ്പിൽ വീണു. 30അവരെ പുറത്തു കൊണ്ടുവന്നു: യജമാനന്മാരേ, രക്ഷ പ്രാപിപ്പാൻ ഞാൻ എന്തു ചെയ്യേണം എന്നു ചോദിച്ചു. 31കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും എന്നു അവർ പറഞ്ഞു. 32പിന്നെ അവർ കർത്താവിന്റെ വചനം അവനോടും അവന്റെ വീട്ടിലുള്ള എല്ലാവരോടും പ്രസംഗിച്ചു. 33അവൻ രാത്രിയിൽ, ആ നാഴികയിൽ തന്നേ, അവരെ കൂട്ടികൊണ്ടുപോയി അവരുടെ മുറിവുകളെ കഴുകി; താനും തനിക്കുള്ളവരെല്ലാവരും താമസിയാതെ സ്നാനം ഏറ്റു. 34പിന്നെ അവരെ വീട്ടിൽ കൈക്കൊണ്ടു അവർക്കു ഭക്ഷണം കൊടുത്തു, ദൈവത്തിൽ വിശ്വസിച്ചതിൽ വീടടക്കം ആനന്ദിച്ചു.
35നേരം പുലർന്നപ്പോൾ അധിപതികൾ കോല്ക്കാരെ അയച്ചു: ആ മനുഷ്യരെ വിട്ടയക്കേണം എന്നു പറയിച്ചു. 36കാരാഗൃഹപ്രമാണി ഈ വാക്കു പൗലൊസിനോടു അറിയിച്ചു: നിങ്ങളെ വിട്ടയപ്പാൻ അധിപതികൾ ആളയച്ചിരിക്കുന്നു; ആകയാൽ സമാധാനത്തോടെ പോകുവിൻ എന്നു പറഞ്ഞു. 37പൗലൊസ് അവരോടു: റോമപൗരന്മാരായ ഞങ്ങളെ അവർ വിസ്താരം കൂടാതെ പരസ്യമായി അടിപ്പിച്ചു തടവിലാക്കിയല്ലോ; ഇപ്പോൾ രഹസ്യമായി ഞങ്ങളെ പുറത്താക്കുന്നുവോ? അങ്ങനെ അല്ല; അവർ തന്നേ വന്നു ഞങ്ങളെ പുറത്തു കൊണ്ടുപോകട്ടെ എന്നു പറഞ്ഞു. 38കോല്ക്കാർ ആ വാക്കു അധിപതികളോടു ബോധിപ്പിച്ചാറെ അവർ റോമ പൗരന്മാർ എന്നു കേട്ടു അവർ ഭയപ്പെട്ടു ചെന്നു അവരോടു നല്ല വാക്കു പറഞ്ഞു. 39അവരെ പുറത്തു കൊണ്ടുവന്നു പട്ടണം വിട്ടുപോകേണം എന്നു അപേക്ഷിച്ചു. 40അവർ തടവു വിട്ടു ലുദിയയുടെ വീട്ടിൽ ചെന്നു സഹോദരന്മാരെ കണ്ടു ആശ്വസിപ്പിച്ചശേഷം പുറപ്പെട്ടു പോയി.
Currently Selected:
അപ്പൊ. പ്രവൃത്തികൾ 16: വേദപുസ്തകം
ማድመቅ
ያጋሩ
ኮፒ

ያደመቋቸው ምንባቦች በሁሉም መሣሪያዎችዎ ላይ እንዲቀመጡ ይፈልጋሉ? ይመዝገቡ ወይም ይግቡ
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit http://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.