നഹൂം 1

1
1 # യെശയ്യാവു 10:5-34; 14:24-27; സെഫന്യാവു 2:13-15 നീനെവേയെക്കുറിച്ചുള്ള പ്രവാചകം; എൽക്കോശ്യനായ നഹൂമിന്റെ ദർശനപുസ്തകം. 2ദൈവം തീക്ഷ്ണതയുള്ളവനും യഹോവ പ്രതികാരം ചെയ്യുന്നവനും ആകുന്നു; യഹോവ പ്രതികാരം ചെയ്യുന്നവനും ക്രോധപൂർണ്ണനുമാകുന്നു; യഹോവ തന്റെ വൈരികളോടു പ്രതികാരം ചെയ്കയും തന്റെ ശത്രുക്കൾക്കായി കോപം സംഗ്രഹിക്കയും ചെയ്യുന്നു. 3യഹോവ ദീർഘക്ഷമയും മഹാശക്തിയുമുള്ളവൻ; അവൻ ഒരിക്കലും ശിക്ഷിക്കാതെ വിടുകയില്ല; യഹോവയുടെ വഴി ചുഴലിക്കാറ്റിലും കൊടുങ്കാറ്റിലും ഉണ്ടു; മേഘം അവന്റെ കാൽക്കീഴിലെ പൊടിയാകുന്നു. 4അവൻ സമുദ്രത്തെ ഭർത്സിച്ചു വറ്റിക്കയും സകലനദികളെയും വരട്ടിക്കളകയും ചെയ്യുന്നു; ബാശാനും കർമ്മേലും വരളുന്നു; ലെബാനോന്റെ പുഷ്പം വാടിപ്പോകുന്നു. 5അവന്റെ മുമ്പിൽ പർവ്വതങ്ങൾ കുലുങ്ങുന്നു; കുന്നുകൾ ഉരുകിപ്പോകുന്നു; അവന്റെ സന്നിധിയിൽ ഭൂമി ഞെട്ടിപ്പോകുന്നു; മഹീതലവും അതിലെ സകലനിവാസികളും തന്നേ. 6അവന്റെ ക്രോധത്തിൻ മുമ്പിൽ ആർ നില്ക്കും? അവന്റെ ഉഗ്രകോപത്തിങ്കൽ ആർ നിവിർന്നുനില്ക്കും? അവന്റെ ക്രോധം തീപോലെ ചൊരിയുന്നു; പാറകൾ അവനാൽ പിളർന്നുപോകുന്നു. 7യഹോവ നല്ലവനും കഷ്ടദിവസത്തിൽ ശരണവും ആകുന്നു; തങ്കൽ ആശ്രയിക്കുന്നവരെ അവൻ അറിയുന്നു. 8എന്നാൽ കവിഞ്ഞൊഴുകുന്നോരു പ്രവാഹംകൊണ്ടു അവൻ അതിന്റെ സ്ഥലത്തിന്നു മുടിവു വരുത്തും; തന്റെ ശത്രുക്കളെ അവൻ അന്ധകാരത്തിൽ പിന്തുടരുന്നു. 9നിങ്ങൾ യഹോവെക്കു വിരോധമായി നിരൂപിക്കുന്നതെന്തു? അവൻ മുടിവു വരുത്തും; കഷ്ടത രണ്ടുപ്രാവശ്യം പൊങ്ങിവരികയില്ല. 10അവർ കൂടിപ്പിണഞ്ഞിരിക്കുന്ന മുള്ളുപോലെ ആയാലും തങ്ങളുടെ മദ്യപാനത്തിൽ മദ്യപിച്ചിരുന്നാലും അവർ മുഴുവനും ഉണങ്ങിയ താളടിപോലെ തീക്കു ഇരയായിത്തീരും. 11യഹോവെക്കു വിരോധമായി ദോഷം നിരൂപിക്കയും നിസ്സാരത്വം ആലോചിക്കയും ചെയ്യുന്നവൻ നിന്നിൽനിന്നു പുറപ്പെട്ടിരിക്കുന്നു. 12യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവർ പൂർണ്ണശക്തന്മാരും അവ്വണ്ണം തന്നേ അനേകരും ആയിരുന്നാലും അവർ അങ്ങനെ തന്നേ ഛേദിക്കപ്പെടുകയും അവൻ കഴിഞ്ഞുപോകയും ചെയ്യും. ഞാൻ നിന്നെ താഴ്ത്തി എങ്കിലും ഇനി നിന്നെ താഴ്ത്തുകയില്ല. 13ഇപ്പോഴോ ഞാൻ അവന്റെ നുകം നിന്റെമേൽനിന്നു ഒടിച്ചുകളയും നിന്റെ ബന്ധനങ്ങൾ അറുത്തുകളകയും ചെയ്യും. 14എന്നാൽ യഹോവ നിന്നെക്കുറിച്ചു: നിന്റെ പേരുള്ള സന്തതി ഇനി ഒട്ടും ഉണ്ടാകയില്ല; കൊത്തിയുണ്ടാക്കിയ വിഗ്രഹത്തെയും വാർത്തുണ്ടാക്കിയ ബിംബത്തെയും നിന്റെ ദേവന്മാരുടെ ക്ഷേത്രത്തിൽ നിന്നു ഞാൻ ഛേദിച്ചുകളയും; നീ നിസ്സാരനായിരിക്കയാൽ ഞാൻ നിന്റെ ശവക്കുഴി കുഴിക്കും എന്നു കല്പിച്ചിരിക്കുന്നു. 15#യെശയ്യാവു 52:7ഇതാ, പർവ്വതങ്ങളിന്മേൽ സുവാർത്താദൂതനായി സമാധാനം ഘോഷിക്കുന്നവന്റെ കാൽ; യെഹൂദയേ, നിന്റെ ഉത്സവങ്ങളെ ആചരിക്ക; നിന്റെ നേർച്ചകളെ കഴിക്ക; നിസ്സാരൻ ഇനി നിന്നിൽകൂടി കടക്കയില്ല; അവൻ അശേഷം ഛേദിക്കപ്പെട്ടിരിക്കുന്നു.

高亮显示

分享

复制

None

想要在所有设备上保存你的高亮显示吗? 注册或登录