മീഖാ 4

4
1അന്ത്യകാലത്തു യഹോവയുടെ ആലയം ഉള്ള പർവ്വതം പർവ്വതങ്ങളുടെ ശിഖരത്തിൽ സ്ഥാപിതവും കുന്നുകൾക്കുമീതെ ഉന്നതവുമായിരിക്കും; ജാതികൾ അതിലേക്കു ഒഴുകിച്ചെല്ലും. 2അനേകവംശങ്ങളും ചെന്നു: വരുവിൻ, നമുക്കു യഹോവയുടെ പർവ്വതത്തിലേക്കും യാക്കോബിൻ ദൈവത്തിന്റെ ആലയത്തിലേക്കും കയറിച്ചെല്ലാം; അവൻ നമുക്കു തന്റെ വഴികളെ ഉപദേശിച്ചുതരികയും നാം അവന്റെ പാതകളിൽ നടക്കയും ചെയ്യും എന്നു പറയും. സീയോനിൽനിന്നു ഉപദേശവും യെരൂശലേമിൽനിന്നു യഹോവയുടെ വചനവും പുറപ്പെടും. 3#യെശയ്യാവു 2:4; യോവേൽ 3:10അവൻ അനേകജാതികളുടെ ഇടയിൽ ന്യായംവിധിക്കയും ബഹുവംശങ്ങൾക്കു ദൂരത്തോളം വിധി കല്പിക്കയും ചെയ്യും; അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും; ജാതി ജാതിക്കുനേരെ വാൾ ഓങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയുമില്ല. 4#സെഖര്യാവു 3:10അവർ ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിന്റെ കീഴിലും പാർക്കും; ആരും അവരെ ഭയപ്പെടുത്തുകയില്ല; സൈന്യങ്ങളുടെ യഹോവയുടെ വായ് അതു അരുളിച്ചെയ്തിരിക്കുന്നു. 5സകലജാതികളും താന്താങ്ങളുടെ ദേവന്മാരുടെ നാമത്തിൽ നടക്കുന്നുവല്ലോ; നാമും നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ എന്നും എന്നെന്നേക്കും നടക്കും. 6അന്നാളിൽ മുടന്തിനടക്കുന്നതിനെ ഞാൻ ചേർത്തുകൊള്ളുകയും ചിതറിപ്പോയതിനെയും ഞാൻ ക്ലേശിപ്പിച്ചതിനെയും ശേഖരിക്കയും 7മുടന്തിനടക്കുന്നതിനെ ശേഷിപ്പിക്കയും അകന്നുപോയതിനെ മഹാജാതിയാക്കുകയും യഹോവ സീയോൻപർവ്വതത്തിൽ ഇന്നുമുതൽ എന്നെന്നേക്കും അവർക്കു രാജാവായിരിക്കയും ചെയ്യും എന്നു യഹോവയുടെ അരുളപ്പാടു. 8നീയോ, ഏദെർ ഗോപുരമേ, സീയോൻപുത്രിയുടെ ഗിരിയേ, നിനക്കു വരും: പൂർവ്വാധിപത്യം, യെരൂശലേംപുത്രിയുടെ രാജത്വം തന്നെ, നിനക്കു വരും. 9നീ ഇപ്പോൾ ഇത്ര ഉറക്കെ, നിലവിളിക്കുന്നതു എന്തിന്നു? നിന്റെ അകത്തു രാജാവില്ലയോ? നിന്റെ മന്ത്രി നശിച്ചുപോയോ? ഈറ്റുനോവു കിട്ടിയവളെപ്പോലെ നിനക്കു വേദനപിടിപ്പാൻ എന്തു? 10സീയോൻപുത്രിയേ, ഈറ്റുനോവു കിട്ടിയവളെപ്പോലെ വേദനപ്പെട്ടു പ്രസവിക്ക; ഇപ്പോൾ നീ നഗരം വിട്ടു വയലിൽ പാർത്തു ബാബേലിലേക്കു പോകേണ്ടിവരും; അവിടെവെച്ചു നീ വിടുവിക്കപ്പെടും; അവിടെവെച്ചു യഹോവ നിന്നെ ശത്രുക്കളുടെ കയ്യിൽനിന്നു ഉദ്ധരിക്കും. 11ഞങ്ങളുടെ കണ്ണു സീയോനെ കണ്ടു രസിക്കേണ്ടതിന്നു അവൾ മലിനയായിത്തീരട്ടെ എന്നു പറയുന്ന അനേകജാതികൾ ഇപ്പോൾ നിനക്കു വിരോധമായി കൂടിയിരിക്കുന്നു. 12എന്നാൽ അവർ യഹോവയുടെ വിചാരങ്ങൾ അറിയുന്നില്ല; അവന്റെ ആലോചന ഗ്രഹിക്കുന്നതുമില്ല; കറ്റകളെപ്പോലെ അവൻ അവരെ കളത്തിൽ കൂട്ടുമല്ലോ. 13സീയോൻ പുത്രിയേ, എഴുന്നേറ്റു മെതിക്കുക; ഞാൻ നിന്റെ കൊമ്പിനെ ഇരിമ്പും നിന്റെ കുളമ്പുകളെ താമ്രവും ആക്കും; നീ അനേകജാതികളെ തകർത്തുകളകയും അവരുടെ ലാഭം യഹോവെക്കും അവരുടെ സമ്പത്തു സർവ്വഭൂമിയുടെയും കർത്താവിന്നും നിവേദിക്കയും ചെയ്യും.

高亮显示

分享

复制

None

想要在所有设备上保存你的高亮显示吗? 注册或登录