ഉല്പത്തി 44
44
1അനന്തരം അവൻ തന്റെ ഗൃഹവിചാരകനോടു: നീ ഇവരുടെ ചാക്കിൽ പിടിപ്പതു ധാന്യം നിറച്ചു, ഓരോരുത്തന്റെ ദ്രവ്യം അവനവന്റെ ചാക്കിന്റെ വായ്ക്കൽ വെക്കുക. 2ഇളയവന്റെ ചാക്കിന്റെ വായ്ക്കൽ വെള്ളികൊണ്ടുള്ള എന്റെ പാനപാത്രവും അവന്റെ ധാന്യവിലയും വെക്കുക എന്നു കല്പിച്ചു; യോസേഫ് കല്പിച്ചതുപോലെ അവൻ ചെയ്തു. 3നേരം വെളുത്തപ്പോൾ അവരുടെ കഴുതകളുമായി അവരെ യാത്ര അയച്ചു. 4അവർ പട്ടണത്തിൽനിന്നു പുറപ്പെട്ടു ദൂരത്താകുംമുമ്പെ, യോസേഫ് തന്റെ ഗൃഹവിചാരകനോടു: എഴുന്നേറ്റു ആ പുരുഷന്മാരുടെ പിന്നാലെ ഓടിച്ചെല്ലുക; ഒപ്പം എത്തുമ്പോൾ അവരോടു: നിങ്ങൾ നന്മെക്കു പകരം തിന്മ ചെയ്തതു എന്തു? 5അതിലല്ലയോ എന്റെ യജമാനൻ കുടിക്കുന്നതു? അതിനാലല്ലയോ ലക്ഷണം നോക്കുന്നതു? നിങ്ങൾ ഈ ചെയ്തതു ഒട്ടും നന്നല്ല എന്നു പറക എന്നു കല്പിച്ചു. 6അവൻ അവരുടെ അടുക്കൽ എത്തിയപ്പോൾ ഈ വാക്കുകൾ അവരോടു പറഞ്ഞു. 7അവർ അവനോടു പറഞ്ഞതു: യജമാനൻ ഇങ്ങനെ പറയുന്നതു എന്തു? ഈ വക കാര്യം അടിയങ്ങൾ ഒരുനാളും ചെയ്കയില്ല. 8ഞങ്ങളുടെ ചാക്കിന്റെ വായ്ക്കൽ കണ്ട ദ്രവ്യം ഞങ്ങൾ കനാൻദേശത്തുനിന്നു നിന്റെ അടുക്കൽ വീണ്ടും കൊണ്ടുവന്നുവല്ലോ; പിന്നെ ഞങ്ങൾ നിന്റെ യജമാനന്റെ വീട്ടിൽനിന്നു വെള്ളിയും പൊന്നും മോഷ്ടിക്കുമോ? 9അടിയങ്ങളിൽ ആരുടെ പക്കൽ എങ്കിലും അതു കണ്ടാൽ അവൻ മരിക്കട്ടെ; ഞങ്ങളും യജമാനന്നു അടിമകളായിക്കൊള്ളാം. 10അതിന്നു അവൻ: നിങ്ങൾ പറഞ്ഞതുപോലെ ആകട്ടെ; അതു ആരുടെ പക്കൽ കാണുന്നുവോ അവൻ എനിക്കു അടിമയാകും; നിങ്ങളോ കുറ്റമില്ലാത്തവരായിരിക്കും. 11അവർ ബദ്ധപ്പെട്ടു ചാക്കു നിലത്തു ഇറക്കി: ഓരോരുത്തൻ താന്താന്റെ ചാക്കു അഴിച്ചു. 12അവൻ മൂത്തവന്റെ ചാക്കുതുടങ്ങി ഇളയവന്റേതുവരെ ശോധന കഴിച്ചു. ബെന്യാമീന്റെ ചാക്കിൽ പാനപാത്രം കണ്ടുപിടിച്ചു. 13അപ്പോൾ അവർ വസ്ത്രം കീറി, ചുമടു കഴുതപ്പുറത്തു കയറ്റി പട്ടണത്തിലേക്കു മടങ്ങിച്ചെന്നു. 14യെഹൂദയും അവന്റെ സഹോദരന്മാരും യോസേഫിന്റെ വീട്ടിൽ ചെന്നു; അവൻ അതുവരെയും അവിടെത്തന്നേ ആയിരുന്നു; അവർ അവന്റെ മുമ്പാകെ സാഷ്ടാംഗം വീണു. 15യോസേഫ് അവരോടു: നിങ്ങൾ ഈ ചെയ്ത പ്രവൃത്തി എന്തു? എന്നെപ്പോലെയുള്ള ഒരുത്തന്നു ലക്ഷണവിദ്യ അറിയാമെന്നു നിങ്ങൾ അറിഞ്ഞിട്ടില്ലയോ എന്നു ചോദിച്ചു. 16അതിന്നു യെഹൂദാ: യജമാനനോടു ഞങ്ങൾ എന്തു പറയേണ്ടു? എന്തു ബോധിപ്പിക്കേണ്ടു? എങ്ങനെ ഞങ്ങളെത്തന്നേ നീതീകരിക്കേണ്ടു? ദൈവം അടിയങ്ങളുടെ അകൃത്യം കണ്ടെത്തി; ഇതാ ഞങ്ങൾ യജമാനന്നു അടിമകൾ; ഞങ്ങളും ആരുടെ കയ്യിൽ പാത്രം കണ്ടുവോ അവനും തന്നേ എന്നു പറഞ്ഞു. 17അതിന്നു അവൻ അങ്ങനെ ഞാൻ ഒരുനാളും ചെയ്കയില്ല; ആരുടെ പക്കൽ പാത്രം കണ്ടുവോ അവൻ തന്നേ എനിക്കു അടിമയായിരിക്കും; നിങ്ങളോ സമാധാനത്തോടെ നിങ്ങളുടെ അപ്പന്റെ അടുക്കൽ പോയ്ക്കൊൾവിൻ എന്നു പറഞ്ഞു.
18അപ്പോൾ യെഹൂദാ അടുത്തുചെന്നു പറഞ്ഞതു: യജമാനനേ, അടിയൻ യജമാനനോടു ഒന്നു ബോധിപ്പിച്ചുകൊള്ളട്ടേ; അടിയന്റെ നേരെ കോപം ജ്വലിക്കരുതേ; 19യജമാനൻ ഫറവോനെപ്പോലെയല്ലോ; നിങ്ങൾക്കു അപ്പനോ സഹോദരനോ ഉണ്ടോ എന്നു യജമാനൻ അടിയങ്ങളോടു ചോദിച്ചു. 20അതിന്നു ഞങ്ങൾ യജമാനനോടു: ഞങ്ങൾക്കു വൃദ്ധനായോരു അപ്പനും അവന്നു വാർദ്ധക്യത്തിൽ ജനിച്ച ഒരു മകനും ഉണ്ടു; അവന്റെ ജ്യേഷ്ഠൻ മരിച്ചുപോയി; അവന്റെ അമ്മ പ്രസവിച്ചിട്ടു അവൻ ഒരുത്തനെ ശേഷിപ്പുള്ളു; അവൻ അപ്പന്റെ ഇഷ്ടനാകുന്നു എന്നു പറഞ്ഞു. 21അപ്പോൾ യജമാനൻ അടിങ്ങളോടു: എനിക്കു കാണേണ്ടതിന്നു അവനെ എന്റെ അടുക്കൽ കൂട്ടിക്കൊണ്ടുവരുവിൻ എന്നു കല്പിച്ചുവല്ലോ. 22ഞങ്ങൾ യജമാനനോടു: ബാലന്നു അപ്പനെ പിരിഞ്ഞുകൂടാ; പിരിഞ്ഞാൽ അപ്പൻ മരിച്ചുപോകും എന്നു പറഞ്ഞു. 23അതിന്നു യജമാനൻ അടിയങ്ങളോടു നിങ്ങളുടെ ഇളയസഹോദരൻ നിങ്ങളോടുകൂടെ വരാതിരുന്നാൽ നിങ്ങൾ എന്റെ മുഖം ഇനി കാണുകയില്ല എന്നു കല്പിച്ചു. 24അവിടത്തെ അടിയാനായ അപ്പന്റെ അടുക്കൽ ഞങ്ങൾ ചെന്നു യജമാനന്റെ വാക്കുകളെ അറിയിച്ചു. 25അനന്തരം ഞങ്ങളുടെ അപ്പൻ നിങ്ങൾ ഇനിയും പോയി കുറെ ധാന്യം നമുക്കു കൊള്ളുവിൻ എന്നു പറഞ്ഞു. 26അതിന്നു ഞങ്ങൾ: ഞങ്ങൾ പൊയ്ക്കൂടാ; അനുജൻ കൂടെ ഉണ്ടെങ്കിൽ ഞങ്ങൾ പോകാം; അനുജൻ ഇല്ലാതെ ഞങ്ങൾക്കു അദ്ദേഹത്തിന്റെ മുഖം കാണ്മാൻ പാടില്ല എന്നു പറഞ്ഞു. 27അപ്പോൾ അവിടത്തെ അടിയാനായ അപ്പൻ ഞങ്ങളോടു പറഞ്ഞതു: എന്റെ ഭാര്യ എനിക്കു രണ്ടു പുത്രന്മാരെ പ്രസവിച്ചു എന്നു നിങ്ങൾക്കു അറിയാമല്ലോ. 28അവരിൽ ഒരുത്തൻ എന്റെ അടുക്കൽനിന്നു പോയി; അവനെ പറിച്ചു കീറിപ്പോയി നിശ്ചയം എന്നു ഞാൻ ഉറെച്ചു; ഇതുവരെ ഞാൻ അവനെ കണ്ടിട്ടുമില്ല. 29നിങ്ങൾ ഇവനെയും കൊണ്ടുപോയിട്ടു അവന്നു വല്ല ആപത്തും വന്നാൽ നിങ്ങൾ എന്റെ നരയെ ദുഃഖത്തോടെ പാതാളത്തിൽ ഇറങ്ങുമാറാക്കും. 30അതുകൊണ്ടു ഇപ്പോൾ ബാലൻ കൂടെയില്ലാതെ ഞാൻ അവിടത്തെ അടിയാനായ അപ്പന്റെ അടുക്കൽ ചെല്ലുമ്പോൾ, അവന്റെ പ്രാണൻ ഇവന്റെ പ്രാണനോടു പറ്റിയിരിക്കകൊണ്ടു, 31ബാലൻ ഇല്ലെന്നു കണ്ടാൽ അവൻ മരിച്ചുപോകും; അങ്ങനെ അടിയങ്ങൾ അവിടെത്തെ അടിയാനായ അപ്പന്റെ നരയെ ദുഃഖത്തോടെ പാതാളത്തിൽ ഇറങ്ങുമാറാക്കും. 32അടിയൻ അപ്പനോടു: അവനെ നിന്റെ അടുക്കൽ കൊണ്ടുവരാതിരുന്നാൽ ഞാൻ എന്നും അപ്പന്നു കുറ്റക്കാരനായിക്കൊളാമെന്നു പറഞ്ഞു, അപ്പനോടു ബാലന്നുവേണ്ടി ഉത്തരവാദിയായിരിക്കുന്നു. 33ആകയാൽ ബാലന്നു പകരം അടിയൻ യജമാനന്നു അടിമയായിരിപ്പാനും ബാലൻ സഹോദരന്മാരോടുകൂടെ പൊയ്ക്കൊൾവാനും അനുവദിക്കേണമേ. 34ബാലൻ കൂടെ ഇല്ലാതെ ഞാൻ എങ്ങനെ അപ്പന്റെ അടുക്കൽ പോകും? അപ്പന്നു ഭവിക്കുന്ന ദോഷം ഞാൻ കാണേണ്ടിവരുമല്ലോ.
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit http://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.