ഉൽപത്തി 22

22
1അതിന്റെശേഷം ദൈവം അബ്രാഹാമിനെ പരീക്ഷിച്ചത് എങ്ങനെയെന്നാൽ: അബ്രാഹാമേ, എന്നു വിളിച്ചതിന്: ഞാനിതാ എന്ന് അവൻ പറഞ്ഞു. 2അപ്പോൾ അവൻ: നിന്റെ മകനെ, നീ സ്നേഹിക്കുന്ന നിന്റെ ഏകജാതനായ യിസ്ഹാക്കിനെതന്നെ, കൂട്ടിക്കൊണ്ടു മോറിയാദേശത്തു ചെന്ന്, അവിടെ ഞാൻ നിന്നോട് കല്പിക്കുന്ന ഒരു മലയിൽ അവനെ ഹോമയാഗം കഴിക്ക എന്ന് അരുളിച്ചെയ്തു. 3അബ്രാഹാം അതികാലത്ത് എഴുന്നേറ്റു കഴുതയ്ക്കു കോപ്പിട്ടു കെട്ടി ബാല്യക്കാരിൽ രണ്ടു പേരെയും തന്റെ മകൻ യിസ്ഹാക്കിനെയും കൂട്ടി ഹോമയാഗത്തിനു വിറകു കീറി എടുത്തുംകൊണ്ട് പുറപ്പെട്ടു, ദൈവം തന്നോടു കല്പിച്ച സ്ഥലത്തേക്കു പോയി. 4മൂന്നാം ദിവസം അബ്രാഹാം നോക്കി ദൂരത്തുനിന്ന് ആ സ്ഥലം കണ്ടു. 5അബ്രാഹാം ബാല്യക്കാരോട്: നിങ്ങൾ കഴുതയുമായി ഇവിടെ ഇരിപ്പിൻ; ഞാനും ബാലനും അവിടത്തോളം ചെന്ന് ആരാധന കഴിച്ച് മടങ്ങിവരാം എന്നു പറഞ്ഞു. 6അബ്രാഹാം ഹോമയാഗത്തിനുള്ള വിറക് എടുത്തു തന്റെ മകനായ യിസ്ഹാക്കിന്റെ ചുമലിൽ വച്ചു; തീയും കത്തിയും താൻ എടുത്തു; ഇരുവരും ഒന്നിച്ചു നടന്നു. 7അപ്പോൾ യിസ്ഹാക് തന്റെ അപ്പനായ അബ്രാഹാമിനോട്: അപ്പാ, എന്നു പറഞ്ഞതിന് അവൻ: എന്താകുന്നു മകനെ എന്നു പറഞ്ഞു. തീയും വിറകും ഉണ്ട്; എന്നാൽ ഹോമയാഗത്തിന് ആട്ടിൻകുട്ടി എവിടെ എന്ന് അവൻ ചോദിച്ചു. 8ദൈവം തനിക്കു ഹോമയാഗത്തിന് ഒരു ആട്ടിൻകുട്ടിയെ നോക്കിക്കൊള്ളും, മകനെ, എന്ന് അബ്രാഹാം പറഞ്ഞു. അങ്ങനെ അവർ ഇരുവരും ഒന്നിച്ചു നടന്നു. 9ദൈവം കല്പിച്ചിരുന്ന സ്ഥലത്ത് അവർ എത്തി; അബ്രാഹാം ഒരു യാഗപീഠം പണിതു, വിറക് അടുക്കി, തന്റെ മകൻ യിസ്ഹാക്കിനെ കെട്ടി യാഗപീഠത്തിന്മേൽ വിറകിന്മീതെ കിടത്തി. 10പിന്നെ അബ്രാഹാം കൈ നീട്ടി തന്റെ മകനെ അറുക്കേണ്ടതിനു കത്തി എടുത്തു. 11ഉടനെ യഹോവയുടെ ദൂതൻ ആകാശത്തുനിന്ന്: അബ്രാഹാമേ, അബ്രാഹാമേ, എന്നു വിളിച്ചു; ഞാൻ ഇതാ, എന്ന് അവൻ പറഞ്ഞു. 12ബാലന്റെമേൽ കൈവയ്ക്കരുത്; അവനോട് ഒന്നും ചെയ്യരുത്; നിന്റെ ഏകജാതനായ മകനെ തരുവാൻ നീ മടിക്കായ്കകൊണ്ട് നീ ദൈവത്തെ ഭയപ്പെടുന്നു എന്നു ഞാൻ ഇപ്പോൾ അറിയുന്നു എന്ന് അവൻ അരുളിച്ചെയ്തു. 13അബ്രാഹാം തല പൊക്കി നോക്കിയപ്പോൾ പിമ്പുറത്ത് ഒരു ആട്ടുകൊറ്റൻ കൊമ്പ് കാട്ടിൽ പിടിപെട്ടു കിടക്കുന്നതു കണ്ടു; അബ്രാഹാം ചെന്ന് ആട്ടുകൊറ്റനെ പിടിച്ചു തന്റെ മകനു പകരം ഹോമയാഗം കഴിച്ചു. 14അബ്രാഹാം ആ സ്ഥലത്തിനു യഹോവ-യിരേ എന്നു പേരിട്ടു. യഹോവയുടെ പർവതത്തിൽ അവൻ പ്രത്യക്ഷനാകും എന്ന് ഇന്നുവരെയും പറഞ്ഞുവരുന്നു. 15യഹോവയുടെ ദൂതൻ രണ്ടാമതും ആകാശത്തുനിന്ന് അബ്രാഹാമിനോടു വിളിച്ച് അരുളിച്ചെയ്തത്: 16നീ ഈ കാര്യം ചെയ്തു, നിന്റെ ഏകജാതനായ മകനെ തരുവാൻ മടിക്കായ്കകൊണ്ട് 17ഞാൻ നിന്നെ ഐശ്വര്യമായി അനുഗ്രഹിക്കും; നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽക്കരയിലെ മണൽപോലെയും അത്യന്തം വർധിപ്പിക്കും; നിന്റെ സന്തതി ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കും. 18നീ എന്റെ വാക്ക് അനുസരിച്ചതുകൊണ്ടു നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകല ജാതികളും അനുഗ്രഹിക്കപ്പെടും എന്നു ഞാൻ എന്നെക്കൊണ്ടുതന്നെ സത്യം ചെയ്തിരിക്കുന്നു എന്ന് യഹോവ അരുളിച്ചെയ്യുന്നു. 19പിന്നെ അബ്രാഹാം ബാല്യക്കാരുടെ അടുക്കൽ മടങ്ങിവന്നു; അവർ ഒന്നിച്ചു പുറപ്പെട്ടു ബേർ-ശേബയിലേക്കു പോന്നു; അബ്രാഹാം ബേർ-ശേബയിൽ പാർത്തു.
20അനന്തരം മിൽക്കായും നിന്റെ സഹോദരനായ നാഹോരിനു മക്കളെ പ്രസവിച്ചിരിക്കുന്നു എന്ന് അബ്രാഹാമിനു വർത്തമാനം കിട്ടി. 21അവർ ആരെന്നാൽ: ആദ്യജാതൻ ഊസ്, അവന്റെ അനുജൻ ബൂസ്, 22അരാമിന്റെ പിതാവായ കെമൂവേൽ, കേശെദ്, ഹസോ, പിൽദാശ്, ഇദലാഫ്, ബെഥൂവേൽ. 23ബെഥൂവേൽ റിബെക്കായെ ജനിപ്പിച്ചു. ഈ എട്ടു പേരെ മിൽക്കാ അബ്രാഹാമിന്റെ സഹോദരനായ നാഹോരിനു പ്രസവിച്ചു. 24അവന്റെ വെപ്പാട്ടി രെയൂമാ എന്നവളും തേബഹ്, ഗഹാം, തഹശ്, മാഖാ എന്നിവരെ പ്രസവിച്ചു.

高亮显示

分享

复制

None

想要在所有设备上保存你的高亮显示吗? 注册或登录