മത്താ. 4
4
യേശു മരുഭൂമിയിൽ പരീക്ഷിക്കപ്പെടുന്നു
1അനന്തരം പിശാചിനാൽ പരീക്ഷിക്കപ്പെടുവാൻ യേശുവിനെ ആത്മാവ് മരുഭൂമിയിലേക്ക് നടത്തി. 2അവൻ നാല്പതുപകലും നാല്പതുരാവും ഉപവസിച്ചശേഷം അവനു വിശന്നു. 3അപ്പോൾ പരീക്ഷകൻ അടുത്തുവന്ന് പറഞ്ഞു: “നീ ദൈവപുത്രൻ എങ്കിൽ ഈ കല്ല് അപ്പമായിത്തീരുവാൻ കല്പിക്ക.”
4എന്നാൽ അവൻ ഉത്തരം പറഞ്ഞത്: മനുഷ്യൻ അപ്പംകൊണ്ട് മാത്രമല്ല, ദൈവത്തിന്‍റെ വായിൽനിന്നും വരുന്ന സകല വചനംകൊണ്ടും ജീവിക്കുന്നു എന്നു എഴുതിയിരിക്കുന്നു.
5പിന്നെ പിശാച് അവനെ വിശുദ്ധനഗരത്തിൽ കൊണ്ടുപോയി ദൈവാലയത്തിന്‍റെ ഏറ്റവും ഉയർന്ന ഭാഗത്ത് നിർത്തി അവനോട്: 6“നീ ദൈവപുത്രൻ എങ്കിൽ താഴോട്ടു ചാടുക.”
“നിന്നെക്കുറിച്ച് അവൻ തന്‍റെ ദൂതന്മാരോട് കല്പിക്കും;
അവൻ നിന്‍റെ കാൽ കല്ലിനോട് തട്ടാതവണ്ണം നിന്നെ കയ്യിൽ താങ്ങിക്കൊള്ളും”
എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
7യേശു അവനോട്: നിന്‍റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത് എന്നും കൂടെ എഴുതിയിരിക്കുന്നു എന്നു പറഞ്ഞു.
8പിന്നെ പിശാച് അവനെ ഏറ്റവും ഉയർന്നൊരു മലമുകളിൽ കൂട്ടിക്കൊണ്ടുപോയി ലോകത്തിലുള്ള സകല രാജ്യങ്ങളെയും അവയുടെ മഹത്വത്തെയും കാണിച്ചു: 9‘‘വണങ്ങി എന്നെ നമസ്കരിച്ചാൽ ഇതൊക്കെയും നിനക്കു നൽകാം” എന്നു അവനോട് പറഞ്ഞു.
10യേശു അവനോട് പറഞ്ഞു: സാത്താനേ ഇവിടം വിട്ട് പോക! നിന്‍റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവൂ എന്നു എഴുതിയിരിക്കുന്നുവല്ലോ.
11അപ്പോൾ പിശാച് അവനെ വിട്ടുപോയി; ദൂതന്മാർ അടുത്തുവന്ന് അവനെ ശുശ്രൂഷിച്ചു.
യേശു തന്‍റെ ദൗത്യം ആരംഭിക്കുന്നു
12യോഹന്നാനെ തടവിലാക്കിയിരിക്കുന്നു എന്നു കേട്ടപ്പോൾ യേശു ഗലീലയിലേക്ക് പിൻ വാങ്ങുകയും, 13നസറെത്ത് വിട്ടു സെബൂലൂന്‍റെയും നഫ്താലിയുടെയും അതിരുകളിൽ കടല്ക്കരെയുള്ള കഫർന്നഹൂമിൽ ചെന്നു താമസിക്കുകയും ചെയ്തു;
14“സെബൂലൂൻ ദേശത്തും നഫ്താലിദേശത്തും
കടല്ക്കരയിലും യോർദ്ദാനക്കരെയുള്ള നാടുകളിലും ജനതകളുടെ ഗലീലയിലും
15ഇങ്ങനെ ഇരുട്ടിൽ ഇരുന്നതായ ജനം മഹത്തായൊരു വെളിച്ചം കണ്ടു;
മരണത്തിന്‍റെ ദേശത്തിലും നിഴലിലും ആയിരുന്നവർക്ക് പ്രകാശം ഉദിച്ചു”
16എന്നു യെശയ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തത് നിവൃത്തിയാകുവാൻ കാരണമായി.
17അന്നുമുതൽ യേശു: സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുകയാൽ മാനസാന്തരപ്പെടുവിൻ എന്നു പ്രസംഗിച്ചു തുടങ്ങി.
ആദ്യം തിരഞ്ഞെടുത്ത നാലു ശിഷ്യന്മാർ
18യേശു ഗലീലക്കടല്പുറത്ത് നടക്കുമ്പോൾ പത്രൊസ് എന്നു പേരുള്ള ശിമോൻ അവന്‍റെ സഹോദരനായ അന്ത്രെയാസ്, എന്നിങ്ങനെ മീൻപിടിക്കുന്നവരായ രണ്ടു സഹോദരന്മാർ കടലിൽ വല വീശുന്നതു കണ്ടു. 19യേശു അവരോട് പറഞ്ഞു. എന്‍റെ പിന്നാലെ വരുവിൻ; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും 20ഉടനെ അവർ വല വിട്ടുകളഞ്ഞ് യേശുവിനെ അനുഗമിച്ചു.
21അവിടെനിന്നു മുമ്പോട്ടു പോയപ്പോൾ സെബെദിയുടെ മകൻ യാക്കോബും അവന്‍റെ സഹോദരൻ യോഹന്നാനും എന്ന വേറെ രണ്ടു സഹോദരന്മാർ പടകിൽ ഇരുന്നു അപ്പനായ സെബെദിയുമായി വല നന്നാക്കുന്നതു കണ്ടു അവരെയും വിളിച്ചു. 22അവരും ഉടൻ തന്നെ പടകിനെയും അപ്പനെയും വിട്ടു യേശുവിനെ അനുഗമിച്ചു.
രാജ്യത്തിന്‍റെ സുവിശേഷം പ്രസംഗിക്കുകയും, രോഗികളെ സൗഖ്യമാക്കുകയും ചെയ്യുന്നു
23പിന്നെ യേശു ഗലീലയിൽ ഒക്കെയും ചുറ്റി സഞ്ചരിച്ചുകൊണ്ട് അവരുടെ പള്ളികളിൽ ഉപദേശിക്കുകയും രാജ്യത്തിന്‍റെ സുവിശേഷം പ്രസംഗിക്കുകയും ജനങ്ങളിലുള്ള സകലദീനത്തെയും വ്യാധിയെയും സൗഖ്യമാക്കുകയും ചെയ്തു. 24അവനെ പറ്റിയുള്ള ശ്രുതി സിറിയയിൽ ഒക്കെയും പരന്നു. നാനാവ്യാധികളാലും ബാധകളാലും വലഞ്ഞവർ, ഭൂതഗ്രസ്തർ, അപസ്മാരരോഗികൾ, പക്ഷവാതക്കാർ ഇങ്ങനെ സകലവിധ ദീനക്കാരെയും അവന്‍റെ അടുക്കൽ കൊണ്ടുവന്നു. 25അവൻ അവരെ സൗഖ്യമാക്കി; ഗലീല, ദെക്കപ്പൊലി, യെരൂശലേം, യെഹൂദ്യ, യോർദ്ദാനക്കരെ എന്നീ സ്ഥലങ്ങളിൽ നിന്നു വളരെ പുരുഷാരം അവനെ പിന്തുടർന്നു.
Àwon tá yàn lọ́wọ́lọ́wọ́ báyìí:
മത്താ. 4: IRVMAL
Ìsàmì-sí
Pín
Daako

Ṣé o fẹ́ fi àwọn ohun pàtàkì pamọ́ sórí gbogbo àwọn ẹ̀rọ rẹ? Wọlé pẹ̀lú àkántì tuntun tàbí wọlé pẹ̀lú àkántì tí tẹ́lẹ̀
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.