മത്താ. 18
18
സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും വലിയവൻ
1ആ സമയത്തുതന്നെ ശിഷ്യന്മാർ യേശുവിന്‍റെ അടുക്കൽ വന്നു. “സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും മഹാനായവൻ ആർ?“ എന്നു ചോദിച്ചു.
2അവൻ ഒരു ശിശുവിനെ അടുക്കെ വിളിച്ചു അവരുടെ നടുവിൽ നിർത്തി: 3നിങ്ങൾ മാനസാന്തരപ്പെട്ടു ശിശുക്കളെപ്പോലെ ആയിത്തീരുന്നില്ല എങ്കിൽ സ്വർഗ്ഗരാജ്യത്തിൽ ഒരുവിധത്തിലും കടക്കുകയില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു. 4ആകയാൽ ഈ ശിശുവിനെപ്പോലെ തന്നെത്താൻ താഴ്ത്തുന്നവൻ സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും വലിയവൻ ആകും. 5ഇങ്ങനെയുള്ള ശിശുവിനെ എന്‍റെ നാമത്തിൽ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു.
ഇടർച്ച വരുത്തുന്നവന്
6 എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുവനെ ആരെങ്കിലും പാപത്തിലേക്ക് നടത്തിയാലോ അവന്‍റെ കഴുത്തിൽ വലിയൊരു തിരികല്ല് കെട്ടി അവനെ സമുദ്രത്തിന്‍റെ ആഴത്തിൽ താഴ്ത്തിക്കളയുന്നത് അവനു നല്ലത്. 7കാരണം; ഇടർച്ച ഹേതുവായി ലോകത്തിനു അയ്യോ കഷ്ടം! അങ്ങനെയുള്ള സമയങ്ങൾ വരേണ്ടത് തന്നെ; എങ്കിലും ഇടർച്ച വരുത്തുന്ന മനുഷ്യന് അയ്യോ കഷ്ടം. 8നിന്‍റെ കയ്യോ കാലോ നിനക്കു ഇടർച്ച ആയാൽ അതിനെ വെട്ടി എറിഞ്ഞുകളക; രണ്ടു കയ്യും രണ്ടു കാലും ഉള്ളവനായി നിത്യാഗ്നിയിൽ വീഴുന്നതിനേക്കാൾ അംഗഹീനനായിട്ടോ മുടന്തനായിട്ടോ ജീവനിൽ കടക്കുന്നതു നിനക്കു നല്ലത്. 9നിന്‍റെ കണ്ണ് നിനക്കു ഇടർച്ച ആയാൽ അതിനെ പിഴുതെടുത്തു എറിഞ്ഞുകളക; രണ്ടു കണ്ണുള്ളവനായി അഗ്നിനരകത്തിൽ വീഴുന്നതിനേക്കാൾ ഒറ്റക്കണ്ണനായി ജീവനിൽ കടക്കുന്നതു നിനക്കു നന്ന്.
ഈ ചെറിയവരിൽ ഒരുവൻപോലും നശിക്കരുത്
10 ഈ ചെറിയവരിൽ ഒരുവനേപ്പോലും തുച്ഛീകരിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊള്ളുവിൻ. 11സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്‍റെ പിതാവിന്‍റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു. 12നിങ്ങൾക്ക് എന്ത് തോന്നുന്നു? ഒരു മനുഷ്യന് നൂറു ആട് ഉണ്ട് എന്നിരിക്കട്ടെ; അവയിൽ ഒന്ന് വഴിതെറ്റി അലഞ്ഞു പോയാൽ തൊണ്ണൂറ്റൊമ്പതിനെയും വിട്ടിട്ട് തെററിപ്പോയതിനെ മലകളിൽ ചെന്നു തിരയുകയില്ലയോ? 13അതിനെ കണ്ടുകിട്ടിയാൽ തെറ്റിപ്പോകാത്ത തൊണ്ണൂറ്റൊമ്പതിലും അധികം അതിനെക്കുറിച്ച് സന്തോഷിക്കും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു. 14അങ്ങനെ തന്നെ ഈ ചെറിയവരിൽ ഒരുവൻ നശിച്ചുപോകുന്നത് സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന് ഇഷ്ടമല്ല.
സഹോദരൻ നിന്നോട് പിഴച്ചാൽ
15 നിന്‍റെ സഹോദരൻ നിന്നോട് പാപം ചെയ്താൽ നീ ചെന്നു നീയും അവനും മാത്രം ഉള്ളപ്പോൾ കുറ്റം അവനു ബോധ്യം വരുത്തുക; അവൻ നിന്‍റെ വാക്ക് കേട്ടാൽ നീ സഹോദരനെ നേടി. 16കേൾക്കാഞ്ഞാലോ രണ്ടു മൂന്നു സാക്ഷികളുടെ വാമൊഴിയാൽ സകല കാര്യവും ഉറപ്പാകേണ്ടതിന് ഒന്ന് രണ്ടുപേരെ കൂട്ടിക്കൊണ്ട് ചെല്ലുക. 17അവരെ കൂട്ടാക്കാഞ്ഞാൽ സഭയോട് അറിയിക്ക; സഭയേയും കൂട്ടാക്കാഞ്ഞാൽ അവൻ നിനക്കു പുറജാതിക്കാരനും ചുങ്കക്കാരനും എന്നപോലെ ഇരിക്കട്ടെ. 18നിങ്ങൾ ഭൂമിയിൽ കെട്ടുന്നതെല്ലാം സ്വർഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങൾ ഭൂമിയിൽ അഴിക്കുന്നതെല്ലാം സ്വർഗ്ഗത്തിലും അഴിഞ്ഞിരിക്കും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു. 19ഭൂമിയിൽവെച്ചു നിങ്ങളിൽ രണ്ടുപേർ ഒരുമനപ്പെട്ട് യാചിക്കുന്ന ഏത് കാര്യമാണെങ്കിലും അത് സ്വർഗ്ഗസ്ഥനായ എന്‍റെ പിതാവിങ്കൽ നിന്നു അവർക്ക് ലഭിക്കും; 20രണ്ടോ മൂന്നോ പേർ എന്‍റെ നാമത്തിൽ കൂടിവരുന്നിടത്തൊക്കെയും ഞാൻ അവരുടെ നടുവിൽ ഉണ്ട് എന്നും ഞാൻ നിങ്ങളോടു പറയുന്നു.
ക്ഷമ എത്ര തവണ
21അപ്പോൾ പത്രൊസ് അവന്‍റെ അടുക്കൽ വന്നു: “കർത്താവേ, സഹോദരൻ എത്രവട്ടം എനിക്കെതിരായി പാപം ചെയ്താൽ ഞാൻ ക്ഷമിക്കേണം? ഏഴുവട്ടം മതിയോ“ എന്നു ചോദിച്ചു.
22യേശു അവനോട്: ഏഴുവട്ടമല്ല, ഏഴു എഴുപത് വട്ടം എന്നു ഞാൻ നിന്നോട് പറയുന്നു എന്നു പറഞ്ഞു. 23സ്വർഗ്ഗരാജ്യം തന്‍റെ ദാസന്മാരുമായി കണക്ക് തീർപ്പാൻ ഭാവിക്കുന്ന ഒരു രാജാവിനോടു സദൃശം. 24അവൻ കണക്ക് നോക്കിത്തുടങ്ങിയപ്പോൾ പതിനായിരം താലന്തു #18:24 താലന്തുഒരു താലന്തു 15 വർഷത്തെ വേതനത്തിന് തുല്യമാണ് കടമ്പെട്ട ഒരുവനെ അവന്‍റെ അടുക്കൽ കൊണ്ടുവന്നു. 25അവനു വീട്ടുവാൻ വകയില്ലാത്തതിനാൽ അവന്‍റെ യജമാനൻ അവനെയും ഭാര്യയെയും മക്കളെയും അവനുള്ളതൊക്കെയും വിറ്റ് കടം തീർപ്പാൻ കല്പിച്ചു. 26അതുകൊണ്ട് ആ ദാസൻ വീണു അവനെ നമസ്കരിച്ചു: യജമാനനേ എന്നോട് ക്ഷമ തോന്നേണമേ; ഞാൻ സകലവും തന്നു തീർക്കാം എന്നു പറഞ്ഞു. 27അപ്പോൾ ആ ദാസന്‍റെ യജമാനൻ മനസ്സലിഞ്ഞ് അവനെ വിട്ടയച്ചു കടവും ഇളച്ചുകൊടുത്തു. 28ആ ദാസൻ പോകുമ്പോൾ തനിക്കു നൂറു വെള്ളിക്കാശ് #18:28 നൂറു വെള്ളിക്കാശ് 20 യുഎസ് ഡോളർ അതായത് 1300 രൂപ (ഏകദേശ കണക്ക്) കടമ്പെട്ട ഒരു കൂട്ടുദാസനെ കണ്ടു തൊണ്ടയ്ക്ക് പിടിച്ച് ഞെക്കി: നിന്‍റെ കടം തീർക്കുക എന്നു പറഞ്ഞു. 29അവന്‍റെ കൂട്ടുദാസൻ: നിലത്തുവീണു എന്നോട് ക്ഷമ തോന്നേണമേ; ഞാൻ തന്നു തീർക്കാം എന്നു അവനോട് അപേക്ഷിച്ചു. 30എന്നാൽ അവൻ മനസ്സില്ലാതെ ഉടനെ ചെന്നു കടം വീട്ടുവോളം അവനെ തടവിൽ ആക്കിച്ചു. 31ഈ സംഭവിച്ചത് അവന്‍റെ കൂട്ടുദാസന്മാർ കണ്ടിട്ട് വളരെ ദുഃഖിച്ചു, ചെന്നു സംഭവിച്ചത് ഒക്കെയും യജമാനനെ ബോധിപ്പിച്ചു. 32യജമാനൻ അവനെ വിളിച്ചു: ദുഷ്ടദാസനേ, നീ എന്നോട് അപേക്ഷിക്കുകയാൽ ഞാൻ ആ കടം ഒക്കെയും ഇളച്ചുതന്നുവല്ലോ. 33എനിക്ക് നിന്നോട് കരുണ തോന്നിയതുപോലെ നിനക്കും കൂട്ടുദാസനോട് കരുണ തോന്നേണ്ടതല്ലയോ എന്നു പറഞ്ഞു 34അങ്ങനെ യജമാനൻ കോപിച്ചു, അവൻ കടമൊക്കെയും തീർക്കുവോളം അവനെ ദണ്ഡിപ്പിക്കുന്നവരുടെ കയ്യിൽ ഏല്പിച്ചു 35നിങ്ങൾ ഓരോരുത്തൻ സഹോദരനോട് ഹൃദയപൂർവ്വം ക്ഷമിക്കാഞ്ഞാൽ സ്വർഗ്ഗസ്ഥനായ എന്‍റെ പിതാവ് അങ്ങനെ തന്നെ നിങ്ങളോടും ചെയ്യും.
Àwon tá yàn lọ́wọ́lọ́wọ́ báyìí:
മത്താ. 18: IRVMAL
Ìsàmì-sí
Pín
Daako

Ṣé o fẹ́ fi àwọn ohun pàtàkì pamọ́ sórí gbogbo àwọn ẹ̀rọ rẹ? Wọlé pẹ̀lú àkántì tuntun tàbí wọlé pẹ̀lú àkántì tí tẹ́lẹ̀
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.