മത്താ. 16

16
കാലലക്ഷണങ്ങളെ വിവേചിക്കുവിൻ
1പരീശന്മാരും സദൂക്യരും അടുക്കൽ വന്നു: “ആകാശത്തുനിന്നു ഒരു അടയാളം ഞങ്ങൾക്ക് കാണിച്ചു തരേണമെന്ന്“ അവനെ പരീക്ഷിച്ച് ചോദിച്ചു.
2അവരോട് അവൻ ഉത്തരം പറഞ്ഞത്:സന്ധ്യാസമയത്ത് ആകാശം ചുവന്നുകണ്ടാൽ നല്ല തെളിവായ കാലാവസ്ഥ എന്നും 3രാവിലെ ആകാശം ചുവന്ന് മേഘാവൃതമായി കണ്ടാൽ ഇന്ന് മഴക്കോൾ ഉണ്ടാകും എന്നും നിങ്ങൾ വ്യാഖ്യാനിക്കുന്നു. ആകാശത്തിന്‍റെ ഭാവങ്ങളെ വ്യാഖ്യാനിപ്പാൻ നിങ്ങൾ അറിയുന്നു; എന്നാൽ കാലലക്ഷണങ്ങളെ വ്യാഖാനിപ്പാൻ നിങ്ങൾക്ക് കഴിയുന്നില്ല 4ദുഷ്ടതയും വ്യഭിചാരവുമുള്ള തലമുറ അടയാളം അന്വേഷിക്കുന്നു; എന്നാൽ യോനയുടെ അടയാളമല്ലാതെ അതിന് അടയാളം ലഭിക്കുകയില്ല; പിന്നെ അവൻ അവരെ വിട്ടുപോയി.
പരീശന്മാരുടെയും സദൂക്യരുടെയും ഉപദേശങ്ങൾ
5ശിഷ്യന്മാർ തടാകത്തിന്‍റെ മറുവശത്ത് എത്തിയപ്പോൾ അവർ അപ്പം എടുക്കുന്ന കാര്യം മറന്നുപോയിരുന്നു. 6യേശു അവരോട്: പരീശന്മാരുടെയും സദൂക്യരുടെയും പുളിച്ച മാവു കരുതിയും സൂക്ഷിച്ചും കൊൾവിൻ എന്നു പറഞ്ഞു.
7അപ്പം കൊണ്ടുപോരായ്കയാൽ ആയിരിക്കും എന്നു അവർ തമ്മിൽതമ്മിൽ പറഞ്ഞു.
8യേശു അത് അറിഞ്ഞിട്ട് പറഞ്ഞത്: അല്പവിശ്വാസികളേ, അപ്പം കൊണ്ടുവരായ്കയാൽ ആയിരിക്കും എന്നു തമ്മിൽതമ്മിൽ പറയുന്നത് എന്ത്? 9ഇപ്പോഴും നിങ്ങൾതിരിച്ചറിയുന്നില്ലയോ? അയ്യായിരംപേർക്ക് അഞ്ചു അപ്പം കൊടുത്തിട്ട് എത്ര കൊട്ട എടുത്തു എന്നും 10നാലായിരംപേർക്ക് ഏഴു അപ്പം കൊടുത്തിട്ട് എത്ര കൊട്ട എടുത്തു എന്നും ഓർക്കുന്നില്ലയോ? 11അപ്പത്തെക്കുറിച്ചല്ല എന്നു തിരിച്ചറിയാത്തത് എന്ത്? പരീശന്മാരുടെയും സദൂക്യരുടെയും പുളിച്ച മാവു സൂക്ഷിച്ചുകൊള്ളേണം എന്നത്രേ പറഞ്ഞത് 12അങ്ങനെ അപ്പത്തിന്‍റെ പുളിച്ച മാവല്ല, പരീശന്മാരുടെയും സദൂക്യരുടെയും ഉപദേശമത്രേ സൂക്ഷിച്ചുകൊള്ളുവാൻ അവൻ പറഞ്ഞത് എന്നു അവർ ഗ്രഹിച്ചു.
മനുഷ്യപുത്രനെ ആർ എന്നു പറയുന്നു
13യേശു ഫിലിപ്പിന്‍റെ കൈസര്യയുടെ പ്രദേശത്ത് എത്തിയശേഷം തന്‍റെ ശിഷ്യന്മാരോട്: ജനങ്ങൾ മനുഷ്യപുത്രൻ ആർ ആകുന്നു എന്നു പറയുന്നുവെന്ന് ചോദിച്ചു.
14“ചിലർ യോഹന്നാൻ സ്നാപകൻ എന്നും മറ്റുചിലർ ഏലിയാവെന്നും വേറെ ചിലർ യിരെമ്യാവോ പ്രവാചകന്മാരിൽ ഒരുവനോ എന്നും പറയുന്നു“ എന്നു അവർ പറഞ്ഞു.
15എന്നാൽ ഞാൻ ആർ ആകുന്നു എന്നു നിങ്ങൾ പറയുന്നു? എന്ന് യേശു ചോദിച്ചു.
16അതിനുത്തരമായി ശിമോൻ പത്രൊസ്: “നീ ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ ക്രിസ്തു“ എന്നു പറഞ്ഞു.
17യേശു അവനോട്: ബർയോനാ ശിമോനെ, നീ ഭാഗ്യവാൻ; ജഡരക്തങ്ങൾ അല്ല, സ്വർഗ്ഗസ്ഥനായ എന്‍റെ പിതാവത്രെ നിനക്കു ഇതു വെളിപ്പെടുത്തിയത്.
18 നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്‍റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നും ഞാൻ നിന്നോട് പറയുന്നു. 19സ്വർഗ്ഗരാജ്യത്തിൻ്റെ താക്കോൽ ഞാൻ നിനക്കു തരും; നീ ഭൂമിയിൽ കെട്ടുന്നത് ഒക്കെയും സ്വർഗ്ഗത്തിൽ കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയിൽ അഴിക്കുന്നതൊക്കെയും സ്വർഗ്ഗത്തിൽ അഴിയപ്പെട്ടിരിക്കും എന്നു ഉത്തരം പറഞ്ഞു. 20പിന്നെ താൻ ക്രിസ്തു ആകുന്നു എന്നു ആരോടും പറയാതിരിപ്പാൻ യേശു ശിഷ്യന്മാരോട് കല്പിച്ചു.
യേശു, തന്‍റെ പീഢാനുഭവങ്ങൾ ശിഷ്യന്മാരോട് പ്രസ്താവിക്കുന്നു
21അന്നുമുതൽ യേശു, താൻ യെരൂശലേമിൽ പോകണമെന്നും, മൂപ്പന്മാർ, മഹാപുരോഹിതന്മാർ, ശാസ്ത്രിമാർ എന്നിവരാൽ പലതും സഹിച്ചു കൊല്ലപ്പെടുകയും മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കുകയും വേണം എന്നു ശിഷ്യന്മാരോട് പ്രസ്താവിച്ചു തുടങ്ങി. 22അപ്പോൾ പത്രൊസ് അവനെ വേറിട്ടു കൊണ്ടുപോയി: “കർത്താവേ, അത് നിന്നിൽനിന്നു മാറിപ്പോകട്ടെ; നിനക്കു അങ്ങനെ ഒരിക്കലും സംഭവിക്കരുതേ“ എന്നു ശാസിച്ചു.
23അവനോ തിരിഞ്ഞു പത്രൊസിനോട്; എന്നെവിട്ടു മാറിപ്പോകൂ, സാത്താനെ; നീ എനിക്ക് ഇടർച്ചയാകുന്നു; നീ ദൈവത്തിന്‍റെ കാര്യങ്ങളല്ല, മനുഷ്യരുടെ കാര്യങ്ങളത്രേ കരുതുന്നത് എന്നു പറഞ്ഞു.
തന്‍റെ ക്രൂശ് എടുത്തു എന്നെ അനുഗമിക്കട്ടെ
24പിന്നെ യേശു തന്‍റെ ശിഷ്യന്മാരോട് പറഞ്ഞത്: ഒരുവൻ എന്നെ അനുഗമിക്കുവാൻ ഇച്ഛിച്ചാൽ തന്നെത്താൻ ത്യജിച്ച്, തന്‍റെ ക്രൂശ് എടുത്തു എന്നെ അനുഗമിക്കട്ടെ. 25ആരെങ്കിലും തന്‍റെ ജീവനെ രക്ഷിക്കാൻ ഇച്ഛിച്ചാൽ അതിനെ നഷ്ടമാക്കും; എന്‍റെ നിമിത്തം ആരെങ്കിലും തന്‍റെ ജീവനെ നഷ്ടമാക്കിയാൽ അതിനെ കണ്ടെത്തും. 26ഒരു മനുഷ്യൻ തന്‍റെ ജീവനെ നഷ്ടപ്പെടുത്തിയിട്ട് സർവ്വലോകവും നേടിയത് കൊണ്ടു അവനു എന്ത് പ്രയോജനം? അല്ല, തന്‍റെ ജീവന് പകരമായി ഒരു മനുഷ്യൻ എന്ത് കൊടുക്കുവാൻ കഴിയും? 27മനുഷ്യപുത്രൻ തന്‍റെ പിതാവിന്‍റെ മഹത്വത്തിൽ തന്‍റെ ദൂതന്മാരുമായി വരും; അപ്പോൾ അവൻ ഓരോരുത്തനും അവനവന്‍റെ പ്രവൃത്തിക്കു തക്കവണ്ണം പകരം നല്കും. 28മനുഷ്യപുത്രൻ തന്‍റെ രാജ്യത്തിൽ വരുന്നത് കാണുവോളം മരണം ആസ്വദിക്കാത്തവർ ചിലർ ഈ നില്ക്കുന്നവരിൽ ഉണ്ട് എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.

Àwon tá yàn lọ́wọ́lọ́wọ́ báyìí:

മത്താ. 16: IRVMAL

Ìsàmì-sí

Pín

Daako

None

Ṣé o fẹ́ fi àwọn ohun pàtàkì pamọ́ sórí gbogbo àwọn ẹ̀rọ rẹ? Wọlé pẹ̀lú àkántì tuntun tàbí wọlé pẹ̀lú àkántì tí tẹ́lẹ̀

Àwọn fídíò fún മത്താ. 16