മലാ. 3

3
എന്‍റെ ദൂതൻ
1“എനിക്ക് മുമ്പായി വഴി നിരത്തേണ്ടതിനു ഞാൻ എന്‍റെ ദൂതനെ അയയ്ക്കുന്നു. നിങ്ങൾ അന്വേഷിക്കുന്ന കർത്താവും നിങ്ങൾ ഇഷ്ടപ്പെടുന്ന നിയമദൂതനുമായവൻ പെട്ടെന്ന് തന്‍റെ മന്ദിരത്തിലേക്കു വരും; ഇതാ, അവൻ വരുന്നു” എന്ന് സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
2എന്നാൽ അവൻ വരുന്ന ദിവസത്തെ ആർക്ക് സഹിക്കാം? അവൻ പ്രത്യക്ഷനാകുമ്പോൾ ആര്‍ നിലനില്ക്കും#3:2 നിലനില്ക്കും നില്ക്കും എന്ന് മറ്റ് ഭാഷാന്തരത്തിൽ കാണുന്നു. ? അവൻ ഊതിക്കഴിക്കുന്നവന്‍റെ തീപോലെയും അലക്കുന്നവരുടെ കാരംപോലെയും ആയിരിക്കും. 3അവൻ ഊതിക്കഴിക്കുന്നവനെപ്പോലെയും വെള്ളി ശുദ്ധിവരുത്തുന്നവനെപ്പോലെയും ഇരുന്നുകൊണ്ട് ലേവിപുത്രന്മാരെ ശുദ്ധീകരിച്ച് പൊന്നുപോലെയും വെള്ളിപോലെയും നിർമ്മലീകരിക്കും; അങ്ങനെ അവർ നീതിയുടെ വഴിപാട് യഹോവയ്ക്കു അർപ്പിക്കും. 4അന്ന് യെഹൂദയുടെയും യെരൂശലേമിന്‍റെയും വഴിപാട് പുരാതനകാലത്തെന്നപോലെയും പണ്ടത്തെ വർഷങ്ങളിലെന്നപോലെയും യഹോവയ്ക്ക് പ്രസാദകരമായിരിക്കും.
5“ഞാൻ ന്യായവിധിക്കായി നിങ്ങളോട് അടുത്തുവരും; ഞാൻ ക്ഷുദ്രക്കാർക്കും വ്യഭിചാരികൾക്കും കള്ളസ്സത്യം ചെയ്യുന്നവർക്കും കൂലിയുടെ കാര്യത്തിൽ കൂലിക്കാരനെയും വിധവയെയും അനാഥനെയും പീഡിപ്പിക്കുന്നവർക്കും എന്നെ ഭയപ്പെടാതെ പരദേശിയുടെ ന്യായം മറിച്ചുകളയുന്നവർക്കും വിരോധമായി ഒരു ശീഘ്രസാക്ഷിയായിരിക്കും” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
6“യഹോവയായ ഞാൻ മാറാത്തവൻ; അതുകൊണ്ട് യാക്കോബിന്‍റെ പുത്രന്മാരേ, നിങ്ങൾ മുടിഞ്ഞുപേകാതിരിക്കുന്നു. 7“നിങ്ങളുടെ പിതാക്കന്മാരുടെ കാലം മുതൽ നിങ്ങൾ എന്‍റെ ചട്ടങ്ങളെ പ്രമാണിക്കാതെ തെറ്റിനടന്നിരിക്കുന്നു; എന്‍റെ അടുക്കലേക്ക് മടങ്ങിവരുവിൻ; ഞാൻ നിങ്ങളുടെ അടുക്കലേക്കും മടങ്ങിവരും” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
“എന്നാൽ നിങ്ങൾ: ‘ഏതിൽ ഞങ്ങൾ മടങ്ങിവരേണ്ടു?’ എന്നു ചോദിക്കുന്നു.”
8“മനുഷ്യന് ദൈവത്തെ തോല്പ്പിക്കാമോ? എങ്കിലും നിങ്ങൾ എന്നെ തോൽപിക്കുന്നു.
എന്നാൽ നിങ്ങൾ: ‘ഏതിൽ ഞങ്ങൾ നിന്നെ തോൽപിക്കുന്നു’ എന്നു ചോദിക്കുന്നു.”
“ദശാംശത്തിലും വഴിപാടിലും തന്നെ. 9നിങ്ങൾ, ഈ ജനത മുഴുവനും തന്നെ, എന്നെ തോൽപിക്കുന്നതുകൊണ്ടു നിങ്ങൾ ശാപഗ്രസ്തരാകുന്നു. 10എന്‍റെ ആലയത്തിൽ ആഹാരം ഉണ്ടാകേണ്ടതിന് നിങ്ങൾ ദശാംശം മുഴുവനും ഭണ്ഡാരത്തിലേക്കു കൊണ്ടുവരുവിൻ. ഞാൻ നിങ്ങൾക്ക് ആകാശത്തിന്‍റെ കിളിവാതിലുകളെ തുറന്നു, സ്ഥലം പോരാതെവരുവോളം നിങ്ങളുടെമേൽ അനുഗ്രഹം പകരുകയില്ലയോ? എന്നിങ്ങനെ നിങ്ങൾ ഇതിനാൽ എന്നെ പരീക്ഷിക്കുവിൻ” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. 11“ഞാൻ വെട്ടുക്കിളിയെ ശാസിക്കും; അത് നിങ്ങളുടെ നിലത്തിലെ അനുഭവം നശിപ്പിച്ചുകളയുകയില്ല; പറമ്പിലെ മുന്തിരിവള്ളിയുടെ ഫലം പാകമാകാതെ കൊഴിഞ്ഞുപോകയുമില്ല” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. 12“നിങ്ങൾ മനോഹരമായൊരു ദേശം ആയിരിക്കയാൽ സകലജാതികളും നിങ്ങളെ ഭാഗ്യവാന്മാർ എന്നു പറയും” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
ദൈവത്തിന്‍റെ കാരുണ്യവാഗ്ദാനം
13“നിങ്ങളുടെ വാക്കുകൾ എന്‍റെ നേരെ അതികഠിനമായിരിക്കുന്നു” എന്നു യഹോവ അരുളിച്ചെയ്യുന്നു.
“എന്നാൽ നിങ്ങൾ: ‘ഞങ്ങൾ നിന്‍റെ നേരെ എന്ത് സംസാരിക്കുന്നു?’ എന്നു ചോദിക്കുന്നു.
14‘യഹോവയ്ക്കു ശുശ്രൂഷ ചെയ്യുന്നതു വ്യർത്ഥം; ഞങ്ങൾ അവന്‍റെ കാര്യം നോക്കുന്നതിനാലും സൈന്യങ്ങളുടെ യഹോവയുടെ മുമ്പാകെ കറുപ്പുടുത്തു നടന്നതിനാലും എന്ത് പ്രയോജനമുള്ളു? 15ആകയാൽ ഞങ്ങൾ അഹങ്കാരികളെ ഭാഗ്യവാന്മാർ എന്നു പറയുന്നു; ദുഷ്പ്രവൃത്തിക്കാർ അഭിവൃദ്ധി പ്രാപിക്കുന്നു; ദൈവത്തെ പരീക്ഷിക്കുന്നവർ ശിക്ഷ ഒഴിഞ്ഞുപോകുന്നു’ എന്നു നിങ്ങൾ പറയുന്നു.”
16യഹോവാഭക്തന്മാർ അന്ന് തമ്മിൽതമ്മിൽ സംസാരിച്ചു; യഹോവ ശ്രദ്ധവച്ചു കേട്ടു; യഹോവാഭക്തന്മാർക്കും അവന്‍റെ നാമത്തെ സ്മരിക്കുന്നവർക്കും വേണ്ടി അവന്‍റെ സന്നിധിയിൽ ഒരു സ്മരണപുസ്തകം എഴുതിവച്ചിരിക്കുന്നു.
17“ഞാൻ ഉണ്ടാക്കുവാനുള്ള ദിവസത്തിൽ അവർ എനിക്ക് ഒരു നിക്ഷേപം ആയിരിക്കും” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; “ഒരു മനുഷ്യൻ തനിക്കു ശുശ്രൂഷചെയ്യുന്ന മകനെ ആദരിക്കുന്നതുപോലെ ഞാൻ അവരെ ആദരിക്കും. 18അപ്പോൾ നിങ്ങൾ നീതിമാനും ദുഷ്ടനും തമ്മിലും ദൈവത്തെ സേവിക്കുന്നവനും സേവിക്കാത്തവനും തമ്മിലും ഉള്ള വ്യത്യാസം വീണ്ടും കാണും.”

Àwon tá yàn lọ́wọ́lọ́wọ́ báyìí:

മലാ. 3: IRVMAL

Ìsàmì-sí

Pín

Daako

None

Ṣé o fẹ́ fi àwọn ohun pàtàkì pamọ́ sórí gbogbo àwọn ẹ̀rọ rẹ? Wọlé pẹ̀lú àkántì tuntun tàbí wọlé pẹ̀lú àkántì tí tẹ́lẹ̀