മലാ. 2

2
പുരോഹിതന്മാര്‍ക്കുള്ള മുന്നറിയിപ്പ്
1“ഇപ്പോഴോ പുരോഹിതന്മാരേ, ഈ കല്പന നിങ്ങളോട് ആകുന്നു. 2നിങ്ങൾ കേട്ടനുസരിക്കുകയും എന്‍റെ നാമത്തിന് മഹത്ത്വം കൊടുക്കുവാൻ തക്കവിധം മനസ്സുവയ്ക്കുകയും ചെയ്യാതിരുന്നാൽ ഞാൻ നിങ്ങളുടെമേൽ ശാപം അയച്ച് നിങ്ങൾക്കുള്ള അനുഗ്രഹങ്ങളെയും ശപിക്കും” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. “അതേ, നിങ്ങൾ മനസ്സു വെക്കായ്കകൊണ്ടു ഞാൻ അവയെ ശപിച്ചുമിരിക്കുന്നു. 3ഞാൻ നിങ്ങൾക്കുള്ള സന്തതിയെ ശാസിക്കുകയും ചാണകം, നിങ്ങളുടെ ഉത്സവങ്ങളിലെ ചാണകം തന്നെ, നിങ്ങളുടെ മുഖത്തു വിതറുകയും അവർ നിങ്ങളെ അതിനോടുകൂടി കൊണ്ടുപോകുകയും ചെയ്യും. 4ലേവിയോടുള്ള#2:4 ലേവിയോടുള്ള ലേവിയുടെ പിന്‍ഗാമികള്‍ അവര്‍ പുരോഹിതന്മാരും ആയിരുന്നു എന്‍റെ നിയമം നിലനിൽക്കുവാൻ തക്കവിധം ഞാൻ ഈ കല്പന നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നു നിങ്ങൾ അറിയും” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
5“അവനോടുള്ള എന്‍റെ നിയമം ജീവനും സമാധാനവുമായിരുന്നു; അവൻ ഭയപ്പെടേണ്ടതിനു ഞാൻ അവന് അവയെ കൊടുത്തു; അവൻ എന്നെ ഭയപ്പെട്ട് എന്‍റെ നാമംനിമിത്തം വിറയ്ക്കുകയും ചെയ്തു. 6നേരുള്ള ഉപദേശം അവന്‍റെ വായിൽ ഉണ്ടായിരുന്നു; നീതികേട് അവന്‍റെ അധരങ്ങളിൽ കണ്ടതുമില്ല; സമാധാനമായും പരമാർത്ഥമായും അവൻ എന്നോടുകൂടി നടന്ന് പലരെയും അകൃത്യം വിട്ടുതിരിയുമാറാക്കി;
7പുരോഹിതൻ സൈന്യങ്ങളുടെ യഹോവയുടെ ദൂതനാകയാൽ അവന്‍റെ അധരങ്ങൾ പരിജ്ഞാനം സൂക്ഷിച്ചുവെക്കേണ്ടതും ജനം ഉപദേശം അവനോട് ചോദിച്ചു പഠിക്കേണ്ടതും അല്ലയോ. 8നിങ്ങളോ വഴി വിട്ടുമാറി പലരെയും ഉപദേശത്താൽ ഇടറുമാറാക്കി ലേവിയുടെ നിയമം നശിപ്പിച്ചിരിക്കുന്നു” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. 9“അങ്ങനെ നിങ്ങൾ എന്‍റെ വഴികളെ പ്രമാണിക്കാതെ ന്യായപാലനത്തിൽ പക്ഷഭേദം കാണിച്ചതുകൊണ്ട് ഞാനും നിങ്ങളെ സകലജനത്തിനും നിന്ദിതരും നീചരുമാക്കിയിരിക്കുന്നു.”
ജനത്തിന്‍റെ അവിശ്വസ്തത
10നമുക്കെല്ലാവർക്കും ഒരു പിതാവല്ലയോ ഉള്ളത്; ഒരു ദൈവം തന്നെയല്ലയോ നമ്മെ സൃഷ്ടിച്ചത്; നമ്മുടെ പിതാക്കന്മാരുടെ നിയമത്തെ അശുദ്ധമാക്കേണ്ടതിനു നാം അന്യോന്യം ദ്രോഹം ചെയ്യുന്നതെന്തിന്?
11യെഹൂദാ ദ്രോഹം ചെയ്തു; യിസ്രായേലിലും യെരൂശലേമിലും മ്ലേച്ഛത സംഭവിച്ചിരിക്കുന്നു; യഹോവയ്ക്ക് ഇഷ്ടമായുള്ള അവന്‍റെ വിശുദ്ധമന്ദിരത്തെ യെഹൂദാ അശുദ്ധമാക്കി ഒരു അന്യദേവന്‍റെ മകളെ വിവാഹം കഴിച്ചിരിക്കുന്നു. 12ബോധവാനായിരുന്നിട്ടും ഇങ്ങനെ ചെയ്യുന്ന മനുഷ്യനെ, സൈന്യങ്ങളുടെ യഹോവയ്ക്കു വഴിപാട് അർപ്പിക്കുന്നവനെ തന്നെ യഹോവ യാക്കോബിന്‍റെ കൂടാരങ്ങളിൽനിന്നു ഛേദിച്ചുകളയും.
13രണ്ടാമത് നിങ്ങൾ ഇങ്ങനെ ചെയ്യുന്നു: യഹോവ ഇനി വഴിപാട് കടാക്ഷിക്കുകയോ നിങ്ങളുടെ കൈയിൽനിന്ന് പ്രസാദമുള്ളതു കൈക്കൊള്ളുകയോ ചെയ്യാത്തവിധം നിങ്ങൾ അവന്‍റെ യാഗപീഠത്തെ കണ്ണുനീർകൊണ്ടും കരച്ചിൽകൊണ്ടും ഞരക്കംകൊണ്ടും മൂടിക്കളയുന്നു. 14എന്നാൽ നിങ്ങൾ: “അത് എന്തുകൊണ്ട്” എന്നു ചോദിക്കുന്നു. യഹോവ നിനക്കും നീ അവിശ്വസ്തത കാണിച്ചിരിക്കുന്ന നിന്‍റെ യൗവനത്തിലെ ഭാര്യക്കും മദ്ധ്യത്തിൽ സാക്ഷിയായിരുന്നതുകൊണ്ടുതന്നെ; അവൾ നിന്‍റെ കൂട്ടാളിയും നിന്‍റെ ഉഭയസമ്മതത്തിന്‍റെ പത്നിയുമല്ലോ#2:14 ഉഭയസമ്മതത്തിന്‍റെ പത്നിയുമല്ലോ ധർമ്മപത്നിയുമല്ലോ എന്നും ആകാം. .
15ലേശംപോലും സുബോധം ശേഷിച്ചിരുന്ന ഒരുത്തൻ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല. എന്നാൽ ആ ഒരുത്തൻ എന്ത് ചെയ്തു? ദൈവം വാഗ്ദാനം ചെയ്ത സന്തതിയെ അവൻ അന്വേഷിച്ചു. നിങ്ങളുടെ ഉള്ളിൽ സൂക്ഷിച്ചുകൊള്ളുവിൻ. ഏകശരീരവും ഏകാത്മാവുമായിട്ടല്ലയോ ദൈവം നിങ്ങളെ സൃഷ്ടിച്ചത്. ദൈവഭക്തരായ സന്തതികളെ അല്ലാതെ എന്താണ് ദൈവം ആഗ്രഹിക്കുന്നത്? അതുകൊണ്ട് യൗവനത്തിലെ ഭാര്യയോട് അവിശ്വസ്തത കാണിക്കാതിരിക്കാൻ ശ്രദ്ധിക്കുവിൻ. 16“ഞാൻ ഉപേക്ഷണം വെറുക്കുന്നു” എന്നു യിസ്രായേലിന്‍റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു: “അത് ചെയ്യുന്നവൻ തന്‍റെ വസ്ത്രം സാഹസംകൊണ്ടു മൂടുന്നു” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. ആകയാൽ നിങ്ങൾ അവിശ്വസ്തത കാണിക്കാതിരിക്കേണ്ടതിനു നിങ്ങളുടെ ഉള്ളിൽ സൂക്ഷിച്ചുകൊള്ളുവിൻ.
17നിങ്ങൾ നിങ്ങളുടെ വാക്കുകളാൽ യഹോവയെ മുഷിപ്പിക്കുന്നു.
എന്നാൽ നിങ്ങൾ: “ഏതിനാൽ ഞങ്ങൾ അവനെ മുഷിപ്പിക്കുന്നു” എന്നു ചോദിക്കുന്നു.
“ദോഷം പ്രവർത്തിക്കുന്ന ഏവനും യഹോവയ്ക്ക് ഇഷ്ടമുള്ളവൻ ആകുന്നു; അങ്ങനെയുള്ളവരിൽ അവൻ പ്രസാദിക്കുന്നു,” അല്ലെങ്കിൽ “ന്യായവിധിയുടെ ദൈവം എവിടെ?” എന്നിങ്ങിനെ നിങ്ങൾ പറയുന്നതിനാൽ തന്നെ.

Àwon tá yàn lọ́wọ́lọ́wọ́ báyìí:

മലാ. 2: IRVMAL

Ìsàmì-sí

Pín

Daako

None

Ṣé o fẹ́ fi àwọn ohun pàtàkì pamọ́ sórí gbogbo àwọn ẹ̀rọ rẹ? Wọlé pẹ̀lú àkántì tuntun tàbí wọlé pẹ̀lú àkántì tí tẹ́lẹ̀