സെഖര്യാവ് 3

3
1അനന്തരം അവൻ എനിക്കു മഹാപുരോഹിതനായ യോശുവ, യഹോവയുടെ ദൂതന്റെ മുമ്പിൽ നില്ക്കുന്നതും സാത്താൻ അവനെ കുറ്റം ചുമത്തുവാൻ അവന്റെ വലത്തുഭാഗത്തു നില്ക്കുന്നതും കാണിച്ചുതന്നു. 2യഹോവ സാത്താനോട്: സാത്താനേ, യഹോവ നിന്നെ ഭർത്സിക്കുന്നു; യെരൂശലേമിനെ തിരഞ്ഞെടുത്തിരിക്കുന്ന യഹോവ തന്നെ നിന്നെ ഭർത്സിക്കുന്നു; ഇവൻ തീയിൽനിന്നു വലിച്ചെടുക്കപ്പെട്ട കൊള്ളിയല്ലയോ എന്നു കല്പിച്ചു. 3എന്നാൽ യോശുവ മുഷിഞ്ഞ വസ്ത്രം ധരിച്ചു ദൂതന്റെ മുമ്പിൽ നില്ക്കയായിരുന്നു. 4അവൻ തന്റെ മുമ്പിൽ നില്ക്കുന്നവരോട്: മുഷിഞ്ഞ വസ്ത്രം അവങ്കൽനിന്നു നീക്കിക്കളവിൻ എന്നു കല്പിച്ചു; പിന്നെ അവനോട്: ഞാൻ നിന്റെ അകൃത്യം നിന്നിൽനിന്നു പോക്കിയിരിക്കുന്നു; നിന്നെ ഉത്സവവസ്ത്രം ധരിപ്പിക്കും എന്ന് അരുളിച്ചെയ്തു. 5അവന്റെ തലയിൽ വെടിപ്പുള്ളോരു മുടി വയ്ക്കട്ടെ എന്ന് അവൻ കല്പിച്ചു; അങ്ങനെ അവർ അവന്റെ തലയിൽ വെടിപ്പുള്ളോരു മുടി വച്ചു. അവനെ വസ്ത്രം ധരിപ്പിച്ചു; യഹോവയുടെ ദൂതനോ അടുക്കെ നില്ക്കയായിരുന്നു. 6യഹോവയുടെ ദൂതൻ യോശുവയോടു സാക്ഷീകരിച്ചതെന്തെന്നാൽ: 7സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ എന്റെ വഴികളിൽ നടക്കയും എന്റെ കാര്യം നോക്കുകയും ചെയ്താൽ നീ എന്റെ ആലയത്തെ പരിപാലിക്കയും എന്റെ പ്രാകാരങ്ങളെ സൂക്ഷിക്കയും ഞാൻ നിനക്ക് ഈ നില്ക്കുന്നവരുടെ ഇടയിൽ ആഗമനം അനുവദിക്കയും ചെയ്യും. 8മഹാപുരോഹിതനായ യോശുവേ, നീയും നിന്റെ മുമ്പിൽ ഇരിക്കുന്ന നിന്റെ കൂട്ടുകാരും കേട്ടുകൊൾവിൻ! അവർ അദ്ഭുതലക്ഷണപുരുഷന്മാരല്ലോ; ഞാൻ എന്റെ ദാസനായ മുള എന്നവനെ വരുത്തും. 9ഞാൻ യോശുവയുടെ മുമ്പിൽ വച്ചിരിക്കുന്ന കല്ലുണ്ടല്ലോ; ഒരേ കല്ലിന്മേൽ ഏഴു കണ്ണും ഉണ്ട്; ഞാൻ അതിന്റെ കൊത്തുപണി കൊത്തും; ഒരു ദിവസത്തിൽ ഞാൻ ദേശത്തിന്റെ അകൃത്യം പോക്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്. 10അന്നാളിൽ നിങ്ങൾ ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനെ മുന്തിരിവള്ളിയുടെ കീഴിലേക്കും അത്തിവൃക്ഷത്തിൻ കീഴിലേക്കും ക്ഷണിക്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.

Označeno

Deli

Kopiraj

None

Želiš, da so tvoji poudarki shranjeni v vseh tvojih napravah? Registriraj se ali se prijavi