ആമോസ് 8

8
1യഹോവായ കർത്താവ് എനിക്ക് ഒരു കുട്ട പഴുത്ത പഴം കാണിച്ചുതന്നു. 2ആമോസേ, നീ എന്തു കാണുന്നു എന്ന് അവൻ ചോദിച്ചതിന്: ഒരു കുട്ട പഴുത്ത പഴം എന്നു ഞാൻ പറഞ്ഞു. യഹോവ എന്നോട് അരുളിച്ചെയ്തത്: എന്റെ ജനമായ യിസ്രായേലിനു പഴുപ്പു വന്നിരിക്കുന്നു; ഞാൻ ഇനി അവരെ ശിക്ഷിക്കാതെ വിടുകയില്ല. 3അന്നാളിൽ മന്ദിരത്തിലെ ഗീതങ്ങൾ മുറവിളിയാകും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്. ശവം അനവധി! എല്ലാടത്തും അവയെ എറിഞ്ഞുകളയും; മിണ്ടരുത്. 4ഞങ്ങൾ ഏഫായെ കുറച്ച് ശേക്കെലിനെ വലുതാക്കി കള്ളത്തുലാസുകൊണ്ടു വഞ്ചന പ്രവർത്തിച്ച് എളിയവരെ പണത്തിനും ദരിദ്രന്മാരെ ഒരു കൂട്ടു ചെരുപ്പിനും മേടിക്കേണ്ടതിനും കോതമ്പിന്റെ പതിർ വില്ക്കേണ്ടതിനും 5ധാന്യവ്യാപാരം ചെയ്‍വാൻ തക്കവണ്ണം അമാവാസിയും കോതമ്പുപീടിക തുറന്നുവയ്പാൻ തക്കവണ്ണം ശബ്ബത്തും എപ്പോൾ കഴിഞ്ഞുപോകും എന്നു പറഞ്ഞു, 6ദരിദ്രന്മാരെ വിഴുങ്ങുവാനും ദേശത്തിലെ സാധുക്കളെ ഇല്ലാതാക്കുവാനും പോകുന്നവരേ, ഇതു കേൾപ്പിൻ. 7ഞാൻ അവരുടെ പ്രവൃത്തികളിൽ യാതൊന്നും ഒരുനാളും മറക്കയില്ല എന്നു യഹോവ യാക്കോബിന്റെ മഹിമയെച്ചൊല്ലി സത്യം ചെയ്തിരിക്കുന്നു. 8അതുനിമിത്തം ഭൂമി നടുങ്ങുകയും അതിൽ പാർക്കുന്ന ഏവനും ഭ്രമിച്ചുപോകയും ചെയ്കയില്ലയോ? അതു മുഴുവനും നീലനദിപോലെ പൊങ്ങും; മിസ്രയീമിലെ നദിപോലെ പൊങ്ങുകയും താഴുകയും ചെയ്യും. 9അന്നാളിൽ ഞാൻ ഉച്ചയ്ക്ക് സൂര്യനെ അസ്തമിപ്പിക്കയും പട്ടാപ്പകൽ ഭൂമിയെ ഇരുട്ടാക്കുകയും ചെയ്യും. 10ഞാൻ നിങ്ങളുടെ ഉത്സവങ്ങളെ ദുഃഖമായും നിങ്ങളുടെ ഗീതങ്ങളെ വിലാപമായും മാറ്റും; ഞാൻ ഏത് അരയിലും രട്ടും ഏതു തലയിലും കഷണ്ടിയും വരുത്തും; ഞാൻ അതിനെ ഒരു ഏകജാതനെക്കുറിച്ചുള്ള വിലാപംപോലെയും അതിന്റെ അവസാനത്തെ കയ്പുള്ള ദിവസംപോലെയും ആക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്. 11അപ്പത്തിനായുള്ള വിശപ്പല്ല, വെള്ളത്തിനായുള്ള ദാഹവുമല്ല, യഹോവയുടെ വചനങ്ങളെ കേൾക്കേണ്ടതിനുള്ള വിശപ്പു തന്നെ ഞാൻ ദേശത്തേക്ക് അയയ്ക്കുന്ന നാളുകൾ വരുന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്. 12അന്ന് അവർ സമുദ്രംമുതൽ സമുദ്രംവരെയും വടക്കുമുതൽ കിഴക്കുവരെയും ഉഴന്നു ചെന്നു യഹോവയുടെ വചനം അന്വേഷിച്ച് അലഞ്ഞുനടക്കും; കണ്ടുകിട്ടുകയില്ലതാനും. 13അന്നാളിൽ സൗന്ദര്യമുള്ള കന്യകമാരും യൗവനക്കാരും ദാഹംകൊണ്ടു ബോധംകെട്ടു വീഴും. 14ദാനേ, നിന്റെ ദൈവത്താണ, ബേർ-ശേബാമാർഗത്താണ എന്നു പറഞ്ഞുംകൊണ്ടു ശമര്യയുടെ അകൃത്യത്തെച്ചൊല്ലി സത്യം ചെയ്യുന്നവർ വീഴും; ഇനി എഴുന്നേല്ക്കയുമില്ല.

Označeno

Deli

Kopiraj

None

Želiš, da so tvoji poudarki shranjeni v vseh tvojih napravah? Registriraj se ali se prijavi