അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

മനുഷ്യ ജീവിതത്തിലെ ഏറ്റവും പരിപാവനവും സുദൃഢവുമായ ബന്ധമാണ് ഒരമ്മയും തന്റെ കുഞ്ഞും തമ്മിലുള്ളത്. ഒമ്പതുമാസം ഉദരത്തില്‍ ചുമന്ന് നൊന്തു പ്രസവിച്ച, തന്റെ രക്തത്തിനു രക്തവും മാംസത്തിനു മാംസവുമായ കുഞ്ഞിനെ മറക്കുവാനും വേര്‍പിരിയുവാനും ഒരമ്മയ്ക്ക് വളരെ ബുദ്ധിമുട്ടാണ്. ലോകത്തില്‍ പെറ്റമ്മമാര്‍ മറന്നുകളയുന്ന സാഹചര്യങ്ങളില്‍പ്പോലും കര്‍ത്താവ് തന്റെ കുഞ്ഞുങ്ങളെ മറക്കുകയില്ലെന്ന് പ്രവാചകനില്‍ക്കൂടി വാഗ്ദത്തം ചെയ്യുന്നു. എന്നാല്‍ ദൈവത്തിന്റെ പിന്നാലെ ഇറങ്ങിത്തിരിച്ച നമ്മെ കഠിനമായ പരിശോധനകളില്‍ക്കൂടി കടത്തിവിടുമ്പോള്‍ പെറ്റമ്മ മറന്നാലും ഞാന്‍ നിന്നെ മറക്കുകയില്ലെന്നുള്ള ദൈവത്തിന്റെ വാഗ്ദത്തത്തിന്റെ പരമാര്‍ത്ഥതയില്‍ നമുക്കു സംശയം തോന്നിയേക്കാം. യാതനകളുടെയും വേദനകളുടെയും താഴ്‌വരകളിലൂടെ, പ്രാര്‍ത്ഥനകള്‍ക്ക് മറുപടി ലഭിക്കാത്ത അവസ്ഥയില്‍ തനിയെ മുമ്പോട്ടു പോകുവാന്‍ കഴിയാതെ കുഴയുമ്പോള്‍ പെറ്റമ്മയെക്കാള്‍ ഉപരി നമ്മെ സ്‌നേഹിക്കുന്നുവെന്നു പറഞ്ഞ ദൈവം എവിടെയെന്ന് നാം ചോദിച്ചേക്കാം. ദൈവം പെറ്റമ്മയെക്കാള്‍ ഉപരി നമ്മെ സ്‌നേഹിക്കുന്നതുകൊണ്ടാണ് കഷ്ടതകളുടെ തീച്ചൂളകളില്‍ നമ്മെ ഉരുക്കുന്നതെന്ന് മനസ്സിലാക്കുവാന്‍ അനേകര്‍ക്ക് കഴിയാറില്ല. സുഖവും സമൃദ്ധിയും സമ്പന്നതയും മാത്രമാണ് ദൈവത്തിന് നമ്മോടുള്ള സ്‌നേഹത്തിന്റെ പ്രതീകമെന്നാണ് പലരും ധരിച്ചിരിക്കുന്നത്. നമ്മിലുള്ള അശുദ്ധതകള്‍ ഉന്മൂലനം ചെയ്യുവാനാണ് വെള്ളി ശുദ്ധീകരിക്കുന്നതുപോലെ നമ്മെയും കഷ്ടതയുടെ ചൂളകളിലേക്കു വലിച്ചെറിയുന്നത്. തീച്ചൂളയില്‍ ഉരുക്കപ്പെടുന്ന വെള്ളിയില്‍, ഉരുക്കുന്ന വ്യക്തിയുടെ പ്രതിബിംബം കാണുന്നതുവരെയും ചൂളയുടെ തീ വര്‍ദ്ധിപ്പിച്ചുകൊണ്ടേയിരിക്കും. പാപസ്വഭാവങ്ങളില്‍നിന്നു നമ്മെ വിശുദ്ധീകരിച്ചെടുത്ത് തന്റെ പ്രതിബിംബം നമ്മിലൂടെ ലോകത്തിനു കാണുവാനായി നമ്മിലെ അശുദ്ധതകള്‍ സമ്പൂര്‍ണ്ണമായി ഉരുകിയൊലിച്ചില്ലാതാകുന്നതുവരെ അവന്‍ വീണ്ടും വീണ്ടും നിര്‍ദ്ദയമായി ഉരുക്കിക്കൊണ്ടിരിക്കും.
ദൈവത്തിന്റെ പൈതലേ! കഷ്ടതകളുടെ തീച്ചൂളകളില്‍ ഉരുക്കപ്പെടുന്ന അവസ്ഥയിലാണോ നീ ഇന്നു കടന്നുപോകുന്നത്? ആഭരണവും അലങ്കാരവും ആക്കിത്തീര്‍ക്കുവാന്‍ വെള്ളിയെ വീണ്ടും വീണ്ടും ഉരുക്കി സമ്പൂര്‍ണ്ണമായി വിശുദ്ധീകരിക്കുന്നതുപോലെ നിന്നെയും തന്റെ ആഭരണവും അലങ്കാരവുമാക്കിത്തീര്‍ക്കുവാന്‍ ദൈവം ആഗ്രഹിക്കുന്നു. തിരുഹിതത്തിനൊത്തവണ്ണം നിന്റെ ജീവിതത്തെ വിശുദ്ധീകരിക്കുക! പെറ്റമ്മയെക്കാളുപരിയായി യേശു നിന്നെ സ്‌നേഹിക്കുന്നുവെന്ന് നീ ഓര്‍ക്കുക!
പരീക്ഷകള്‍ നേരിടുമ്പോള്‍ തിന്മയെന്നു തോന്നിടും
പരീക്ഷകള്‍ ജയിച്ചിടുമ്പോള്‍ നന്മകള്‍ തെളിഞ്ഞിടും. നന്മ മാത്രം...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com