അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 54 ദിവസം

പെരുമയും പ്രശംസയും പ്രശസ്തിയും ആഗ്രഹിക്കുന്ന അനേകരെ നമുക്ക് ആത്മിക ശുശ്രൂഷകളില്‍ കാണുവാന്‍ കഴിയും. അത്യുന്നതനായ ദൈവം നല്‍കാത്ത സ്ഥാനമാനങ്ങള്‍ ബുദ്ധികൊണ്ടും, പണംകൊണ്ടും സ്വാധീനംകൊണ്ടും നേടിയെടുക്കുന്നതോടൊപ്പം ദൈവം തിരഞ്ഞെടുക്കുകയും മാനിക്കുകയും ചെയ്യുന്നവരെ വെറുക്കുകയും അസൂയയോടെ വീക്ഷിക്കുകയും ചെയ്യുന്നവരും ധാരാളമാണ്. മല്ലനായ ഗൊല്യാത്തിനെ കൊന്ന ഒരു ഇടയച്ചെറുക്കനായ ദാവീദിനെ വാദ്യഘോഷങ്ങളോടെ യിസ്രായേല്‍ രാജാവിന്റെ സാന്നിദ്ധ്യത്തില്‍ രാജാവിനെക്കാള്‍ പതിന്മടങ്ങ് ജനം പ്രകീര്‍ത്തിച്ചു. രണ്ടു പേരും ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട്, ഒരേ പ്രവാചകനാല്‍ അഭിഷേകം ചെയ്യപ്പെട്ടവരായിരുന്നു. പക്ഷേ ഒരേ സാഹചര്യത്തെ അഭിമുഖീകരിച്ചപ്പോള്‍ അവരിലുളവായ പ്രതികരണമാണ് അജഗജാന്തരമായ പ്രശംസയുടെ പൂക്കൂടകള്‍ അവരില്‍ ചൊരിയപ്പെടുവാന്‍ ഇടയാക്കിയത്. യഹോവയാം ദൈവത്തെ നിന്ദിച്ചുകൊണ്ടുള്ള ഫെലിസ്ത്യമല്ലനായ ഗൊല്യാത്തിന്റെ വെല്ലുവിളി നാല്പതു ദിനരാത്രങ്ങള്‍ ഏലാതാഴ്‌വരയില്‍ മുഴങ്ങിക്കേട്ടിട്ടും യിസ്രായേല്‍രാജാവും യഹോവയുടെ അഭിഷിക്തനുമായ ശൗലിന് പ്രതികരിക്കുവാന്‍ കഴിഞ്ഞില്ല. എന്നാല്‍ ദൈവത്തെ നിന്ദിച്ചുകൊണ്ടുള്ള ആ വെല്ലുവിളി ദാവീദ് ഒരിക്കല്‍ മാത്രമേ കേട്ടുള്ളു. അപ്പോള്‍ത്തന്നെ ദൈവത്തിന്റെ അമിതബലത്തില്‍ വിശ്വാസമര്‍പ്പിച്ച് ഗൊല്യാത്തിനെ നേരിടുവാന്‍ ഇറങ്ങിത്തിരിച്ച ദാവീദിനെ വിജയകിരീടമണിയിക്കുവാന്‍ ദൈവത്തിന് ഒരു കല്ലു മാത്രം മതിയായിരുന്നു. 

                       ദൈവത്തിന്റെ പൈതലേ! ഒന്നുമില്ലായ്മയില്‍നിന്ന് ഉണ്മയിലേക്കു കൊണ്ടുവന്ന ദൈവത്തിനുവേണ്ടി തീക്ഷ്ണതയോടെ പ്രവര്‍ത്തിക്കുവാനുള്ള സാഹചര്യങ്ങളും സന്ദര്‍ഭങ്ങളും വരുമ്പോള്‍ ശൗലിനെപ്പോലെ ഭവിഷ്യത്തുകളെ ഭയപ്പെട്ട് പിന്മാറിപ്പോകുന്ന അവസ്ഥയല്ലേ നിന്റെ ജീവിതത്തിലുള്ളത്? ഒഴിഞ്ഞുമാറാതെ, ദൈവത്തെയും ദൈവജനത്തെയും ദൈവവേലയെയും നിന്ദിക്കുന്ന മല്ലന്മാരുടെ വെല്ലുവിളികളെ നേരിടുവാന്‍ ഇനിയുമെങ്കിലും നിനക്കു കഴിയുമോ? നിന്റെ കൈയിലുള്ളത് കേവലം കവിണ മാത്രമായിരിക്കാം. എന്നാല്‍ ആ കവിണയില്‍ക്കൂടി പ്രവര്‍ത്തിച്ച് നിന്റെ ശത്രുവിനെ തകര്‍ത്ത് പ്രശംസയുടെയും പ്രശസ്തിയുടെയും പൂക്കൂടകള്‍ നിനക്കു നല്‍കുവാന്‍ ദൈവത്തിനു കഴിയുമെന്ന് നീ മനസ്സിലാക്കുമോ? 

തന്‍ ജനത്തിന്‍ പീഡനം കാണുന്നെന്റെ ദൈവം 

നിഗളിയിന്‍ നെറുകയെ തകര്‍ക്കുന്നതിവേഗം 

വൈരിയിന്‍ ബലത്തെ നിലംപരിചാക്കിയ

ദൈവത്തിന്റെ ജയക്കൊടി ഉയര്‍ത്തുന്നു ഞാന്‍.             കൊടി ഉയര്‍ത്തുന്നു...

തിരുവെഴുത്ത്

ദിവസം 53ദിവസം 55

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com