അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

കര്‍ത്താവ്, തന്നെ കേള്‍ക്കുവാന്‍ കൂടിയ വലിയ പുരുഷാരത്തോട്, വചന കേള്‍വി ശ്രോതാക്കളിലുണ്ടാക്കുന്ന പ്രതികരണത്തെക്കുറിച്ച് വിതയ്ക്കപ്പെടുന്ന വിത്തിന്റെ ഉപമയിലൂടെ ഉദ്‌ബോധിപ്പിക്കുന്നു. ഒരുക്കപ്പെട്ട നിലത്ത് വിതയ്ക്കപ്പെടുന്ന വിത്തിനെ വഴിയാത്രക്കാര്‍ ചവിട്ടി മെതിക്കുകയോ, പറവജാതി കൊത്തിക്കൊണ്ടുപോകുകയോ ചെയ്തില്ല. വേരിറങ്ങുവാന്‍ കഴിയുന്ന നിലമാകുന്നതുകൊണ്ട് കിളിര്‍ത്തുവരുന്ന വിത്ത് കരിഞ്ഞുപോകുവാനും ഇടയായില്ല. എന്നാല്‍ വിതയ്ക്കുമ്പോള്‍ മുള്ളുകള്‍ക്കിടയില്‍ വീണ വിത്തുകളുടെ അവസ്ഥ വിഭിന്നമാണ്. അവയോടൊപ്പം മുളച്ച മുള്ള് വിതച്ച വിത്തിനെക്കാള്‍ വേഗത്തില്‍ വളര്‍ന്ന് അവയെ ഞെരുക്കിക്കളയുന്നു. മുള്ളിന്റെ വിത്തുകള്‍ക്ക് വളരുവാന്‍ അനുയോജ്യമായ സാഹചര്യം ലഭിച്ചതുകൊണ്ടാണ് അവ വേഗത്തില്‍ വളര്‍ന്നത്. ദൈവവചനമാകുന്ന വിത്തുകളെ ഞെരുക്കിക്കളയുന്ന മുള്ളിന്റെ വിത്തുകള്‍ എന്താണെന്ന് കര്‍ത്താവ് വ്യക്തമാക്കുന്നു. ''മറ്റു ചിലര്‍ മുള്ളുകള്‍ക്കിടയില്‍ വിതച്ച വിത്തുപോലെ വചനം കേള്‍ക്കുന്നു. എന്നാല്‍ ലൗകിക ചിന്താകുലങ്ങളും ധനത്തിന്റെ ആകര്‍ഷണവും ഇതരമോഹങ്ങളും അകത്തു കടന്ന്, വചനത്തെ ഞെരുക്കി നിഷ്ഫലമാക്കിത്തീര്‍ക്കുന്നു'' (മര്‍ക്കൊസ് 4 : 18, 19). ആവേശത്തോടെ വചനം കേള്‍ക്കുമെങ്കിലും ഹൃദയാന്തര്‍ഭാഗത്ത് ഒളിഞ്ഞു കിടക്കുന്ന ഭൗതിക മോഹങ്ങളാകുന്ന മുള്ളുകള്‍ കിളിര്‍ത്ത്, വളര്‍ന്ന് കര്‍ത്താവിന്റെ വചനത്തിലൂടെ തളിര്‍ക്കുന്ന ആത്മീയ അന്തര്‍ദാഹത്തെ ഞെരിച്ചുകളയുമെന്ന് കര്‍ത്താവ് ചൂണ്ടിക്കാണിക്കുന്നു. ധനത്തിനോടും ലൗകിക പ്രതാപങ്ങളോടും ഉള്ള അത്യാര്‍ത്തി ഉപേക്ഷിക്കാതെ ദൈവത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരും പൂര്‍ണ്ണഫലം പുറപ്പെടുവിക്കുന്നവരല്ലെന്ന് കര്‍ത്താവ് ഉദ്‌ബോധിപ്പിക്കുന്നു (ലൂക്കൊസ് 8 : 14).
സഹോദരാ! സഹോദരീ! കര്‍ത്താവിനുവേണ്ടി പ്രവര്‍ത്തിക്കുന്നു എന്നഭിമാനിക്കുന്ന നിനക്ക്, കര്‍ത്താവിനുവേണ്ടി എന്തു ഫലങ്ങളാണ് പുറപ്പെടുവിക്കുവാന്‍ കഴിഞ്ഞിട്ടുള്ളത്? അവന്‍ ആഗ്രഹിക്കുന്ന നല്ല ഫലങ്ങള്‍ നിനക്കു പുറപ്പെടുവിക്കുവാന്‍ കഴിയുന്നില്ലെങ്കില്‍ നിന്റെ ഹൃദയത്തിന്റെ അഗാധതയില്‍ ഇന്നും ഭൗതികമോഹങ്ങള്‍ കുടികൊള്ളുന്നുവെന്ന് നീ മനസ്സിലാക്കുമോ? അവ തിരുവചനം കേള്‍ക്കുമ്പോള്‍ നീ എടുക്കുന്ന തീരുമാനങ്ങളെ പ്രാവര്‍ത്തികമാക്കുവാന്‍ സമ്മതിക്കാതെ ഞെരിച്ചുകളയുന്നുവെന്ന് നീ അറിയുമോ?
നിന്‍ വചനമെന്നാനന്ദമേ
നിന്‍ വചനമെന്നാശ്വാസമേ
നിത്യ ജീവന്നുറവിടമാം
ദൈവ വചനമെന്നാലംബമേ
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com