അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 47 ദിവസം

അസ്ഥികൂടങ്ങളുടെ അവസ്ഥ ഭയാനകമാണ്. വിശ്വസുന്ദരിമാരുടെയോ, രാജാക്കന്മാരുടെയോ, നേതാക്കന്മാരുടെയോ ആയിരുന്നാല്‍പ്പോലും അസ്ഥികൂടങ്ങള്‍ അറപ്പും വെറുപ്പും ഭയവും ഉളവാക്കുന്നതുകൊണ്ട് ജീവനുള്ളവരുടെ ദേശത്ത് അവയ്ക്കു സ്ഥാനമില്ല. അസ്ഥികള്‍ കിടക്കുന്ന കല്ലറകള്‍ക്കുള്ളിലും അസ്ഥിക്കുഴികളിലുമെല്ലാം സദാ കൂരിരുട്ടാണ്, ദുര്‍ഗ്ഗന്ധമാണ്, നിറയെ പുഴുക്കളാണ്. അന്യദൈവങ്ങളെ ആരാധിച്ച് മ്ലേച്ഛതകളില്‍ ജീവിച്ചതിനാല്‍ ദൈവത്താല്‍ ക്രൂരമായി ശിക്ഷിക്കപ്പെട്ട യിസ്രായേല്‍മക്കളുടെ അവസ്ഥ അസ്ഥിപഞ്ജരങ്ങളാല്‍ നിറഞ്ഞിരുന്ന താഴ്‌വരയ്ക്കു സമാനമാണെന്ന് യഹോവയാം ദൈവം തന്റെ പ്രവാചകനു കാണിച്ചുകൊടുത്തു. എല്ലാവരാലും പുറന്തള്ളപ്പെട്ട് മനുഷ്യജീവിതത്തിന്റെ ആകൃതിയും പ്രകൃതിയും നഷ്ടപ്പെട്ട്, ജീര്‍ണ്ണിച്ച്, അന്ധകാരത്തിന്റെ നികൃഷ്ടമായ താഴ്‌വരയിലാണ് അവര്‍ കിടന്നിരുന്നത്. തങ്ങളുടെ നിന്ദ്യമായ അവസ്ഥയില്‍കിടന്ന് സ്വര്‍ഗ്ഗത്തിലേക്കു നോക്കി ദൈവത്തോട് അവര്‍ നിലവിളിച്ചപ്പോള്‍ അവര്‍ക്ക് മാംസം വച്ചുപിടിപ്പിച്ച്, ത്വക്കുകൊണ്ടു പൊതിഞ്ഞ് അവര്‍ ജീവിക്കേണ്ടതിന് അവരുടെമേല്‍ ഊതുവാന്‍ നാലു കാറ്റിനോടും പ്രവചിക്കുവാന്‍ യഹോവ തന്റെ പ്രവാചകനോട് ആജ്ഞാപിച്ചു. അവര്‍ മാംസം വച്ച് ജീവനുള്ളവരായി മടങ്ങിവന്നപ്പോള്‍ ദൈവം അവരെ സാമാന്യജനമാക്കിത്തീര്‍ക്കുകയല്ല, പ്രത്യുത അവരുടെ ശത്രുക്കളെ ജയിക്കുവാന്‍ തക്ക ശക്തിയും ബലവുമുള്ള ഒരു മഹാസൈന്യമാക്കിത്തീര്‍ക്കുകയാണു ചെയ്തത്. 

                   സഹോദരാ! സഹോദരീ! ദൈവം തന്നിരിക്കുന്ന സൗന്ദര്യവും, മനോഹരമായ പാര്‍പ്പിടവും, സാമ്പത്തിക ഔന്നത്യവുമായി ദൈവത്തെ മറന്നാണ് നീ ഓടുന്നതെങ്കില്‍, അതു നിന്നെ ഒരു അസ്ഥിപഞ്ജരത്തിന്റെ അവസ്ഥയിലെത്തിക്കുമെന്ന് നീ ഓര്‍ക്കുമോ? എല്ലാവരും വെറുക്കുന്ന, സമൂഹത്തില്‍നിന്നു തള്ളപ്പെട്ട അസ്ഥികൂടമായി നീ തീര്‍ന്നിട്ടുണ്ടോ? കഴിഞ്ഞകാല ജീവിതത്തെക്കുറിച്ച് അനുതപിച്ച് ഉപവാസത്തോടും പ്രാര്‍ത്ഥനയോടും സ്‌നേഹസമ്പന്നനായ ദൈവത്തിന്റെ സന്നിധിയിലേക്ക് കണ്ണുകളുയര്‍ത്തുമ്പോള്‍ നിനക്ക് സമൃദ്ധിയായ ജീവന്‍ ഉണ്ടാകേണ്ടതിന് അവന്‍ തന്റെ പരിശുദ്ധാത്മാവിനാല്‍ നിറച്ച് നിന്നെ ബലവും ശക്തിയുമുള്ള പുതിയ സൃഷ്ടിയാക്കിത്തീര്‍ക്കുമെന്ന് നീ മനസ്സിലാക്കുമോ? 

പാപത്തെ വെടിഞ്ഞിടാം സ്‌നേഹത്തില്‍ വസിച്ചിടാം 

പുതിയ സൃഷ്ടിയായി നാം യേശുവില്‍ സമര്‍പ്പിക്കാം 

സ്തുതികളാല്‍ പുകഴ്ത്തിടാം ഹാലേലൂയ്യാ പാടിടാം 

യേശുരാജരാജന് സ്‌തോത്രയാഗമര്‍പ്പിക്കാം

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com