അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 21 ദിവസം

ദൈവസന്നിധിയിലേക്കു കടന്നുവന്ന് ദൈവഹിതമനുസരിച്ച് ജീവിക്കുവാന്‍ തീരുമാനിക്കുന്ന സഹോദരങ്ങള്‍ക്ക് ഈ ലോകജീവിതത്തില്‍ മുമ്പോട്ടു പോകുവാന്‍ ദൈവകൃപ ആവശ്യമുണ്ട്. അവര്‍ ദൈവത്തിന്റെ മന്ദിരങ്ങളായിത്തീരുമ്പോള്‍ അവരില്‍ ദൈവത്തിന്റെ പരിശുദ്ധാത്മാവ് വസിക്കുകയും ദൈവകൃപയാല്‍ അവര്‍ നയിക്കപ്പെടുകയും ചെയ്യുന്നു. ദൈവത്തെ അറിഞ്ഞു ജീവിക്കുന്നതിലുപരി ദൈവത്തിനുവേണ്ടി പ്രവര്‍ത്തിക്കുവാനുള്ള അന്തര്‍ദാഹം ഉളവാകുമ്പോള്‍ തന്റെ വേല ചെയ്യുവാന്‍ ആവശ്യമായ കൃപാവരങ്ങള്‍ ദൈവം നല്‍കുന്നു. എന്നാല്‍ ദൈവം നല്‍കുന്ന കൃപകളും കൃപാവരങ്ങളും തന്റെ വേലയ്ക്കായിട്ടാണ് എന്നുള്ള വസ്തുത നാം പലപ്പോഴും മറന്നുപോകുന്നു. ഒരു കനല്‍ക്കട്ടയെ സ്പര്‍ശിക്കുവാന്‍ നമുക്കു കഴിയുകയില്ല, എന്നാല്‍ മതിയായ കാറ്റില്ലാതെ അത് അവഗണിക്കപ്പെടുകയാണെങ്കില്‍ അല്പം കഴിയുമ്പോള്‍ ചാരത്തിന്റെ നേരിയ പടലം അതിനെ ആവരണം ചെയ്യുകയും തുടര്‍ന്നു ചാരപടലത്തിന്റെ ഘനം വര്‍ദ്ധിച്ച് തീയെ കെടുത്തിക്കൊണ്ട് അത് വെറും കരിക്കട്ടയായിത്തീരുകയും ചെയ്യും. അതുകൊണ്ടാണ് തന്റെ ആത്മീയമകനായ തിമൊഥെയൊസിന് ലഭിച്ചിരിക്കുന്ന കൃപാവരങ്ങളാകുന്ന കനലുകളെ വീശി തീജ്വാലയാക്കണമെന്ന് പൗലൊസ് അവനെ ഉദ്‌ബോധിപ്പിക്കുന്നത്. നമുക്കു ലഭിച്ചിരിക്കുന്ന കൃപാവരങ്ങള്‍ തീജ്വാലകളായി, ഇരുളിലായിരിക്കുന്ന അനേകര്‍ക്ക് യേശുക്രിസ്തുവിനെ കാണുവാന്‍ മുഖാന്തരങ്ങളാകുന്നത്, നമ്മുടെ തീക്ഷ്ണമായ പ്രവര്‍ത്തനങ്ങളാകുന്ന കാറ്റ് അതിന്മേല്‍ വീശുമ്പോഴാണ്. 

                         സഹോദരാ! സഹോദരീ! ഉപവാസ പ്രാര്‍ത്ഥനകളില്‍ നിങ്ങള്‍ പ്രാപിച്ച ദൈവത്തിന്റെ കൃപകളും കൃപാവരങ്ങളും ഇന്ന് ഏതവസ്ഥയിലാണ്? അവയെ തീജ്വാലകളാക്കി അനേകര്‍ക്ക് വെളിച്ചം പകരുവാന്‍ നിനക്കു കഴിയുന്നുണ്ടോ? അവ കനലുകളായി ഇന്നും തുടരുന്നുവോ? അതോ നിര്‍ജ്ജീവമായ ആത്മീയ ജീവിതത്തിലെ കരിക്കട്ടകളായി അവ നഷ്ടപ്പെട്ടിരിക്കുന്നുവോ? ശാന്തമായി സ്വയം പരിശോധന നടത്തി ദൈവസന്നിധിയില്‍ ഒരു മറുപടി നല്‍കുവാന്‍ നിനക്കു കഴിയുമോ? ദൈവത്തിനുവേണ്ടി പ്രവര്‍ത്തിക്കുവാനുള്ള അന്തര്‍ദാഹമില്ലാതെ വരുമ്പോള്‍ നമുക്ക് ലഭിച്ചിരിക്കുന്ന കൃപാവരങ്ങളെ ജ്വലിപ്പിക്കുവാന്‍ കഴിയുകയില്ലെന്ന് നീ മനസ്സിലാക്കുമോ? 

കൃപയിന്നുറവിടമേ കരുണാവാരിധിയേ

കൃപാസനത്തിന്‍ വാതില്‍ തുറന്നു നിന്‍ 

കൃപകള്‍ ചൊരിയണമേ നിന്‍ 

കൃപകള്‍ ചൊരിയണമേ

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com