അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

ഒന്നുമില്ലായ്മയുടെയും ബലഹീനതകളുടെയും താഴ്‌വാരങ്ങളില്‍ കരുണാസമ്പന്നനായ ദൈവത്തെ മുറുകെ പിടിച്ച് അനേകര്‍ സമാധാനത്തിന്റെയും സമ്പന്നതയുടെയും ഉന്നതങ്ങളിലെത്താറുണ്ട്. എന്നാല്‍ ആ ഉത്തുംഗശൃംഗങ്ങളില്‍ വീണ്ടും പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോള്‍ തങ്ങളെ താഴ്‌വാരങ്ങളില്‍നിന്നു കോരിയെടുത്ത് കൈ പിടിച്ചു നടത്തിയ ദൈവത്തെ മറന്ന്, ലോകത്തിന്റെ പോംവഴികള്‍ തേടി തങ്ങള്‍ക്കു ലഭിച്ചിരുന്ന അനുഗ്രഹങ്ങള്‍ നശിപ്പിക്കുകയും ചെയ്യാറുണ്ട്. യെഹൂദാരാജാവായിരുന്ന ആസായുടെ പതനം ഇതിനുദാഹരണമാണ്. ആസാ യെഹൂദായുടെ രാജ്യഭാരം കൈയേറ്റപ്പോള്‍ അവന്‍ അന്യദേവന്മാരുടെ ബലിപീഠങ്ങളെയും പൂജാഗിരികളെയും തകര്‍ത്ത് അശേരാപ്രതിഷ്ഠകള്‍ വെട്ടിക്കളഞ്ഞു. തന്റെ പ്രിയ മാതാവ് മയഖാ, അശേരയ്ക്കു മ്ലേച്ഛവിഗ്രഹം ഉണ്ടാക്കിയതുകൊണ്ട് ആസാ അവളെ രാജ്ഞിസ്ഥാനത്തുനിന്നു നീക്കി, ആ വിഗ്രഹം കിദ്രോന്‍തോട്ടില്‍വച്ച് ചുട്ടുകളഞ്ഞു. കൂശ് രാജാവായ സേരഹ് പത്തു ലക്ഷം പടയാളികളും മുന്നൂറ് തേരുകളുമുള്ള മഹാസൈന്യവുമായി യെഹൂദായെ വളഞ്ഞപ്പോള്‍, ആസായുടെ പ്രാര്‍ത്ഥനയില്‍ കൂശിന്റെ പത്തു ലക്ഷം പേരുള്ള സൈന്യത്തെ ദൈവം തകര്‍ത്ത് ആസായ്ക്ക് ജയവും മാനവും നല്‍കി. എന്നാല്‍ അവന്റെ വാഴ്ചയുടെ മുപ്പത്തിയാറാം ആണ്ടില്‍ യിസ്രായേല്‍രാജാവായ ബയെശാ യെഹൂദായ്‌ക്കെതിരേ വന്ന് ഉപരോധം ഏര്‍പ്പെടുത്തിയപ്പോള്‍, ആസാ അവന്റെ വാഴ്ചയുടെ മുപ്പത്തിയഞ്ച് സംവത്സരങ്ങള്‍ അവനോടുകൂടെയിരുന്ന് അവനെ അനുഗ്രഹിച്ച ദൈവത്തെ മറന്ന്, അരാംരാജാവായ ബെന്‍ഹദദിന്റെ സഹായം തേടി. അതവന്റെ പതനത്തിന്റെ ആരംഭമായിരുന്നു. അതികഠിനമായ രോഗം ബാധിച്ച് ശയ്യാവലംബിയായ ആസാ ദൈവത്തോട് അപേക്ഷിക്കുവാന്‍ കൂട്ടാക്കിയില്ല. അവന്റെ അന്ത്യം ദാരുണമായിരുന്നു.
സഹോദരങ്ങളേ! ദൈവം നിങ്ങള്‍ക്കു തരുന്ന അനുഗ്രഹങ്ങളുടെ കൊടുമുടിയില്‍വച്ച് പ്രയാസങ്ങളും പ്രതിസന്ധികളും നേരിടുമ്പോള്‍, കഴിഞ്ഞ കാലങ്ങളില്‍ വഴിനടത്തിയ ദൈവത്തെ മറന്ന്, ആസായെപ്പോലെ ലോകത്തിന്റെ പ്രഭുക്കന്മാരില്‍ ആശ്രയിച്ചാണോ മുമ്പോട്ടു പോകുന്നത്? ദൈവം തന്നിരിക്കുന്ന അനുഗ്രഹങ്ങള്‍ മറന്നാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ ഭയങ്കരമായിരിക്കുമെന്ന് ഓര്‍ക്കുമോ?
സങ്കേതമാം ദൈവം എന്റെ ദൈവം
രക്ഷകനായ ദൈവം
സര്‍വ്വ രക്ഷിതാവായ ദൈവം
എന്റെ രാജാവായ ദൈവം അത്യുന്നതനായ ദൈവം
എന്റെ ദൈവം സര്‍വ്വവ്യാപിയായ ദൈവം. യഹോവാ ദൈവം...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com