രൂത്ത് 4:13-22
രൂത്ത് 4:13-22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇങ്ങനെ ബോവസ് രൂത്തിനെ പരിഗ്രഹിച്ചു; അവൾ അവനു ഭാര്യയായി; അവൻ അവളുടെ അടുക്കൽ ചെന്നപ്പോൾ യഹോവ അവൾക്കു ഗർഭം നല്കി; അവൾ ഒരു മകനെ പ്രസവിച്ചു. എന്നാറെ സ്ത്രീകൾ നൊവൊമിയോട്: ഇന്നു നിനക്ക് ഒരു വീണ്ടെടുപ്പുകാരനെ നല്കിയിരിക്കകൊണ്ട് യഹോവ വാഴ്ത്തപ്പെട്ടവൻ; അവന്റെ പേർ യിസ്രായേലിൽ വിശ്രുതമായിരിക്കട്ടെ. അവൻ നിനക്ക് ആശ്വാസപ്രദനും നിന്റെ വാർധക്യത്തിൽ പോഷകനും ആയിരിക്കും. നിന്നെ സ്നേഹിക്കുന്നവളും ഏഴു പുത്രന്മാരെക്കാൾ നിനക്ക് ഉത്തമയുമായിരിക്കുന്ന നിന്റെ മരുമകളല്ലോ അവനെ പ്രസവിച്ചത് എന്നു പറഞ്ഞു. നൊവൊമി കുഞ്ഞിനെ എടുത്തു മടിയിൽ കിടത്തി അവനു ധാത്രിയായിത്തീർന്നു. അവളുടെ അയൽക്കാരത്തികൾ: നൊവൊമിക്ക് ഒരു മകൻ ജനിച്ചു എന്നു പറഞ്ഞ് അവന് ഓബേദ് എന്നു പേർ വിളിച്ചു; ദാവീദിന്റെ അപ്പനായ യിശ്ശായിയുടെ അപ്പൻ ഇവൻതന്നെ. ഫേരെസിന്റെ വംശപാരമ്പര്യമാവിത്: ഫേരെസ് ഹെസ്രോനെ ജനിപ്പിച്ചു. ഹെസ്രോൻ രാമിനെ ജനിപ്പിച്ചു. രാം അമ്മീനാദാബിനെ ജനിപ്പിച്ചു. അമ്മീനാദാബ് നഹശോനെ ജനിപ്പിച്ചു; നഹശോൻ സൽമോനെ ജനിപ്പിച്ചു. സൽമോൻ ബോവസിനെ ജനിപ്പിച്ചു; ബോവസ് ഓബേദിനെ ജനിപ്പിച്ചു. ഓബേദ് യിശ്ശായിയെ ജനിപ്പിച്ചു; യിശ്ശായി ദാവീദിനെ ജനിപ്പിച്ചു.
രൂത്ത് 4:13-22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അങ്ങനെ ബോവസ് രൂത്തിനെ ഭാര്യയായി സ്വീകരിച്ചു. സർവേശ്വരൻ അവളെ അനുഗ്രഹിച്ചു; അവൾക്ക് ഒരു മകൻ ജനിച്ചു; അപ്പോൾ സ്‍ത്രീകൾ നവോമിയോടു പറഞ്ഞു: “കുടുംബം നിലനിർത്താൻ ഒരു കുഞ്ഞിനെ നിങ്ങൾക്കു തന്ന സർവേശ്വരൻ വാഴ്ത്തപ്പെടട്ടെ! ഈ കുഞ്ഞ് ഇസ്രായേലിൽ പ്രസിദ്ധനായിത്തീരട്ടെ! നിന്റെ മരുമകൾ നിന്നെ സ്നേഹിക്കുന്നു. ഏഴു പുത്രന്മാരെക്കാൾ അധികമായി നിന്നെ കരുതുന്നവൾ ആണല്ലോ അവനെ പ്രസവിച്ചിരിക്കുന്നത്. അവൻ നിനക്ക് പുതുജീവൻ നല്‌കി; വാർധക്യത്തിൽ അവൻ നിന്നെ പരിപാലിക്കും.” ഉടനെ നവോമി ശിശുവിനെ എടുത്തു മാറോടണച്ചു; അയൽക്കാരികൾ: “നവോമിക്ക് ഒരു മകൻ പിറന്നു” എന്നു പറഞ്ഞു. അവർ കുഞ്ഞിന് ‘ഓബേദ്’ എന്നു പേരിട്ടു; ഓബേദാണ് ദാവീദിന്റെ പിതാവായ യിശ്ശായിയുടെ പിതാവ്. ഫേരെസ് മുതൽ ദാവീദുവരെയുള്ള വംശാവലി ഇതാണ്. ഫേരെസ്, ഹെസ്രോൻ, രാം, അമ്മീനാദാബ്, നഹശോൻ, സല്മോൻ, ബോവസ്, ഓബേദ്, യിശ്ശായി, ദാവീദ്.
രൂത്ത് 4:13-22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഇങ്ങനെ ബോവസ് രൂത്തിനെ ഭാര്യയായി സ്വീകരിച്ചു; അവൻ അവളുടെ അടുക്കൽ ചെന്നപ്പോൾ യഹോവ അവൾക്കു ഗർഭം നല്കി; അവൾ ഒരു മകനെ പ്രസവിച്ചു. അതിന് സ്ത്രീകൾ നൊവൊമിയോട്: “ഇന്ന് നിന്നെ ഉപേക്ഷിക്കാതെ നിനക്ക് ഒരു വീണ്ടെടുപ്പുകാരനെ നൽകിയ യഹോവ വാഴ്ത്തപ്പെട്ടവൻ; അവന്റെ പേർ യിസ്രായേലിൽ പ്രസിദ്ധമാകട്ടെ. അവൻ നിനക്ക് ആശ്വാസപ്രദനും നിന്‍റെ വാർദ്ധക്യത്തിൽ നിന്നെ പോഷിപ്പിക്കുന്നവനും ആകട്ടെ. നിന്നെ സ്നേഹിക്കുന്നവളും ഏഴു പുത്രന്മാരെക്കാൾ നിനക്ക് നല്ലവളുമായ നിന്‍റെ മരുമകളല്ലോ അവനെ പ്രസവിച്ചത്” എന്നു പറഞ്ഞു. അങ്ങനെ നൊവൊമി കുഞ്ഞിനെ എടുത്ത് മടിയിൽ കിടത്തി അവന് ശുശ്രൂഷകയായിത്തീർന്നു. അവളുടെ അയല്ക്കാരത്തികൾ: “നൊവൊമിക്കു ഒരു മകൻ ജനിച്ചു” എന്നു പറഞ്ഞു അവന് ഓബേദ് എന്നു പേർവിളിച്ചു. ദാവീദിന്‍റെ അപ്പനായ യിശ്ശായിയുടെ അപ്പൻ ഇവൻ തന്നെ. ഫേരെസിന്‍റെ വംശപാരമ്പര്യം ഇപ്രകാരമാണ്: ഫേരെസ് ഹെസ്രോനെ ജനിപ്പിച്ചു. ഹെസ്രോൻ രാമിനെ ജനിപ്പിച്ചു. രാം അമ്മീനാദാബിനെ ജനിപ്പിച്ചു. അമ്മീനാദാബ് നഹശോനെ ജനിപ്പിച്ചു; നഹശോൻ സല്മോനെ ജനിപ്പിച്ചു. സല്മോൻ ബോവസിനെ ജനിപ്പിച്ചു; ബോവസ് ഓബേദിനെ ജനിപ്പിച്ചു. ഓബേദ് യിശ്ശായിയെ ജനിപ്പിച്ചു; യിശ്ശായി ദാവീദിനെ ജനിപ്പിച്ചു.
രൂത്ത് 4:13-22 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഇങ്ങനെ ബോവസ് രൂത്തിനെ പരിഗ്രഹിച്ചു; അവൾ അവന്നു ഭാര്യയായി; അവൻ അവളുടെ അടുക്കൽ ചെന്നപ്പോൾ യഹോവ അവൾക്കു ഗർഭം നല്കി; അവൾ ഒരു മകനെ പ്രസവിച്ചു. എന്നാറെ സ്ത്രീകൾ നൊവൊമിയോടു: ഇന്നു നിനക്കു ഒരു വീണ്ടെടുപ്പുകാരനെ നല്കിയിരിക്കകൊണ്ടു യഹോവ വാഴ്ത്തപ്പെട്ടവൻ; അവന്റെ പേർ യിസ്രായേലിൽ വിശ്രുതമായിരിക്കട്ടെ. അവൻ നിനക്കു ആശ്വാസപ്രദനും നിന്റെ വാർദ്ധക്യത്തിങ്കൽ പോഷകനും ആയിരിക്കും. നിന്നെ സ്നേഹിക്കുന്നവളും ഏഴു പുത്രന്മാരെക്കാൾ നിനക്കു ഉത്തമയുമായിരിക്കുന്ന നിന്റെ മരുമകളല്ലോ അവനെ പ്രസവിച്ചതു എന്നു പറഞ്ഞു. നൊവൊമി കുഞ്ഞിനെ എടുത്തു മടിയിൽ കിടത്തി അവന്നു ധാത്രിയായ്തീർന്നു. അവളുടെ അയല്ക്കാരത്തികൾ: നൊവൊമിക്കു ഒരു മകൻ ജനിച്ചു എന്നു പറഞ്ഞു അവന്നു ഓബേദ് എന്നു പേർ വിളിച്ചു; ദാവീദിന്റെ അപ്പനായ യിശ്ശായിയുടെ അപ്പൻ ഇവൻ തന്നേ. ഫേരെസിന്റെ വംശപാരമ്പര്യമാവിതു: ഫേരെസ് ഹെസ്രോനെ ജനിപ്പിച്ചു. ഹെസ്രോൻ രാമിനെ ജനിപ്പിച്ചു. രാം അമ്മീനാദാബിനെ ജനിപ്പിച്ചു. അമ്മീനാദാബ് നഹശോനെ ജനിപ്പിച്ചു; നഹശോൻ സല്മോനെ ജനിപ്പിച്ചു. സല്മോൻ ബോവസിനെ ജനിപ്പിച്ചു; ബോവസ് ഓബേദിനെ ജനിപ്പിച്ചു. ഓബേദ് യിശ്ശായിയെ ജനിപ്പിച്ചു; യിശ്ശായി ദാവീദിനെ ജനിപ്പിച്ചു.
രൂത്ത് 4:13-22 സമകാലിക മലയാളവിവർത്തനം (MCV)
ഇങ്ങനെ ബോവസ് രൂത്തിനെ വിവാഹംകഴിച്ചു. അവൾ അവനു ഭാര്യയായി. അദ്ദേഹം അവളെ അറിഞ്ഞപ്പോൾ, യഹോവ കരുണചെയ്തു. അവൾ ഗർഭവതിയായി, ഒരു മകനെ പ്രസവിച്ചു. അപ്പോൾ സ്ത്രീകൾ നവൊമിയോട്: “നിനക്ക് ഇന്നൊരു വീണ്ടെടുപ്പുകാരനെ നൽകിയ യഹോവ വാഴ്ത്തപ്പെടട്ടെ. ഇസ്രായേലിലൊക്കെയും ഈ പൈതൽ പ്രസിദ്ധനാകട്ടെ! അവൻ നിനക്കു പുതിയ ജീവൻ നൽകി, നിന്റെ വാർധക്യത്തിൽ നിന്നെ സംരക്ഷിക്കുകയും ചെയ്യട്ടെ. കാരണം ഏഴു പുത്രന്മാരെക്കാൾ ശ്രേഷ്ഠയും നിന്നെ സ്നേഹിക്കുന്നവളുമായ നിന്റെ മരുമകൾ അവനു ജന്മം നൽകിയിരിക്കുന്നു.” അതിനുശേഷം നവൊമി പൈതലിനെ എടുത്തു, മടിയിൽ കിടത്തി അവനെ ശുശ്രൂഷിച്ചു. അയൽവാസികളായ സ്ത്രീകൾ: “നവൊമിക്ക് ഒരു മകൻ ജനിച്ചു!” എന്നു പറഞ്ഞു. അവർ അവന് ഓബേദ് എന്നു പേരിട്ടു. അവൻ ദാവീദിന്റെ പിതാവായ യിശ്ശായിയുടെ പിതാവ്. ഇതാണ് ഫേരെസിന്റെ വംശാവലി: ഫേരെസ് ഹെസ്രോന്റെ പിതാവ്, ഹെസ്രോൻ രാമിന്റെ പിതാവ്, രാം അമ്മീനാദാബിന്റെ പിതാവ്, അമ്മീനാദാബ് നഹശോന്റെ പിതാവ്, നഹശോൻ സൽമോന്റെ പിതാവ്, സൽമോൻ ബോവസിന്റെ പിതാവ്, ബോവസ് ഓബേദിന്റെ പിതാവ്, ഓബേദ് യിശ്ശായിയുടെ പിതാവ്, യിശ്ശായി ദാവീദിന്റെ പിതാവ്.