രൂത്ത് 4:13-22

രൂത്ത് 4:13-22 വേദപുസ്തകം

ഇങ്ങനെ ബോവസ് രൂത്തിനെ പരിഗ്രഹിച്ചു; അവൾ അവന്നു ഭാര്യയായി; അവൻ അവളുടെ അടുക്കൽ ചെന്നപ്പോൾ യഹോവ അവൾക്കു ഗർഭം നല്കി; അവൾ ഒരു മകനെ പ്രസവിച്ചു. എന്നാറെ സ്ത്രീകൾ നൊവൊമിയോടു: ഇന്നു നിനക്കു ഒരു വീണ്ടെടുപ്പുകാരനെ നല്കിയിരിക്കകൊണ്ടു യഹോവ വാഴ്ത്തപ്പെട്ടവൻ; അവന്റെ പേർ യിസ്രായേലിൽ വിശ്രുതമായിരിക്കട്ടെ. അവൻ നിനക്കു ആശ്വാസപ്രദനും നിന്റെ വാർദ്ധക്യത്തിങ്കൽ പോഷകനും ആയിരിക്കും. നിന്നെ സ്നേഹിക്കുന്നവളും ഏഴു പുത്രന്മാരെക്കാൾ നിനക്കു ഉത്തമയുമായിരിക്കുന്ന നിന്റെ മരുമകളല്ലോ അവനെ പ്രസവിച്ചതു എന്നു പറഞ്ഞു. നൊവൊമി കുഞ്ഞിനെ എടുത്തു മടിയിൽ കിടത്തി അവന്നു ധാത്രിയായ്തീർന്നു. അവളുടെ അയല്ക്കാരത്തികൾ: നൊവൊമിക്കു ഒരു മകൻ ജനിച്ചു എന്നു പറഞ്ഞു അവന്നു ഓബേദ് എന്നു പേർ വിളിച്ചു; ദാവീദിന്റെ അപ്പനായ യിശ്ശായിയുടെ അപ്പൻ ഇവൻ തന്നേ. ഫേരെസിന്റെ വംശപാരമ്പര്യമാവിതു: ഫേരെസ് ഹെസ്രോനെ ജനിപ്പിച്ചു. ഹെസ്രോൻ രാമിനെ ജനിപ്പിച്ചു. രാം അമ്മീനാദാബിനെ ജനിപ്പിച്ചു. അമ്മീനാദാബ് നഹശോനെ ജനിപ്പിച്ചു; നഹശോൻ സല്മോനെ ജനിപ്പിച്ചു. സല്മോൻ ബോവസിനെ ജനിപ്പിച്ചു; ബോവസ് ഓബേദിനെ ജനിപ്പിച്ചു. ഓബേദ് യിശ്ശായിയെ ജനിപ്പിച്ചു; യിശ്ശായി ദാവീദിനെ ജനിപ്പിച്ചു.

രൂത്ത് 4 വായിക്കുക