രൂത്ത് 4:13-22

രൂത്ത് 4:13-22 MCV

ഇങ്ങനെ ബോവസ് രൂത്തിനെ വിവാഹംകഴിച്ചു. അവൾ അവനു ഭാര്യയായി. അദ്ദേഹം അവളെ അറിഞ്ഞപ്പോൾ, യഹോവ കരുണചെയ്തു. അവൾ ഗർഭവതിയായി, ഒരു മകനെ പ്രസവിച്ചു. അപ്പോൾ സ്ത്രീകൾ നവൊമിയോട്: “നിനക്ക് ഇന്നൊരു വീണ്ടെടുപ്പുകാരനെ നൽകിയ യഹോവ വാഴ്ത്തപ്പെടട്ടെ. ഇസ്രായേലിലൊക്കെയും ഈ പൈതൽ പ്രസിദ്ധനാകട്ടെ! അവൻ നിനക്കു പുതിയ ജീവൻ നൽകി, നിന്റെ വാർധക്യത്തിൽ നിന്നെ സംരക്ഷിക്കുകയും ചെയ്യട്ടെ. കാരണം ഏഴു പുത്രന്മാരെക്കാൾ ശ്രേഷ്ഠയും നിന്നെ സ്നേഹിക്കുന്നവളുമായ നിന്റെ മരുമകൾ അവനു ജന്മം നൽകിയിരിക്കുന്നു.” അതിനുശേഷം നവൊമി പൈതലിനെ എടുത്തു, മടിയിൽ കിടത്തി അവനെ ശുശ്രൂഷിച്ചു. അയൽവാസികളായ സ്ത്രീകൾ: “നവൊമിക്ക് ഒരു മകൻ ജനിച്ചു!” എന്നു പറഞ്ഞു. അവർ അവന് ഓബേദ് എന്നു പേരിട്ടു. അവൻ ദാവീദിന്റെ പിതാവായ യിശ്ശായിയുടെ പിതാവ്. ഇതാണ് ഫേരെസിന്റെ വംശാവലി: ഫേരെസ് ഹെസ്രോന്റെ പിതാവ്, ഹെസ്രോൻ രാമിന്റെ പിതാവ്, രാം അമ്മീനാദാബിന്റെ പിതാവ്, അമ്മീനാദാബ് നഹശോന്റെ പിതാവ്, നഹശോൻ സൽമോന്റെ പിതാവ്, സൽമോൻ ബോവസിന്റെ പിതാവ്, ബോവസ് ഓബേദിന്റെ പിതാവ്, ഓബേദ് യിശ്ശായിയുടെ പിതാവ്, യിശ്ശായി ദാവീദിന്റെ പിതാവ്.