വെളിപ്പാട് 2:18-28 - Compare All Versions
വെളിപ്പാട് 2:18-28 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
തുയഥൈരയിലെ സഭയുടെ ദൂതന് എഴുതുക: അഗ്നിജ്വാലയ്ക്ക് ഒത്ത കണ്ണും വെള്ളോട്ടിനു സദൃശമായ കാലും ഉള്ള ദൈവപുത്രൻ അരുളിച്ചെയ്യുന്നത്: ഞാൻ നിന്റെ പ്രവൃത്തിയും നിന്റെ സ്നേഹം, വിശ്വാസം, ശുശ്രൂഷ, സഹിഷ്ണുത എന്നിവയും നിന്റെ ഒടുവിലത്തെ പ്രവൃത്തി ആദ്യത്തേതിലും ഏറെയെന്നും അറിയുന്നു. എങ്കിലും താൻ പ്രവാചകി എന്നു പറഞ്ഞു ദുർന്നടപ്പ് ആചരിപ്പാനും വിഗ്രഹാർപ്പിതം തിന്മാനും എന്റെ ദാസന്മാരെ ഉപദേശിക്കയും തെറ്റിച്ചുകളകയും ചെയ്യുന്ന ഈസേബെൽ എന്ന സ്ത്രീയെ നീ അനുവദിക്കുന്നു എന്നൊരു കുറ്റം നിന്നെക്കുറിച്ചു പറവാൻ ഉണ്ട്. ഞാൻ അവൾക്കു മാനസാന്തരപ്പെടുവാൻ സമയം കൊടുത്തിട്ടും ദുർന്നടപ്പു വിട്ടു മാനസാന്തരപ്പെടുവാൻ അവൾക്ക് മനസ്സില്ല. ഞാൻ അവളെ കിടപ്പിലും അവളുമായി വ്യഭിചരിക്കുന്നവരെ അവളുടെ നടപ്പു വിട്ടു മാനസാന്തരപ്പെടാതിരുന്നാൽ വലിയ കഷ്ടതയിലും ആക്കിക്കളയും. അവളുടെ മക്കളെയും ഞാൻ കൊന്നുകളയും; ഞാൻ ഉൾപ്പൂവുകളെയും ഹൃദയങ്ങളെയും ആരായുന്നവൻ എന്ന് സകല സഭകളും അറിയും; നിങ്ങളുടെ പ്രവൃത്തിക്കു തക്കവണ്ണം ഞാൻ നിങ്ങൾക്ക് ഏവർക്കും പകരം ചെയ്യും. എന്നാൽ ഈ ഉപദേശം കൈക്കൊള്ളാതെയും അവർ പറയുംപോലെ സാത്താന്റെ ആഴങ്ങൾ അറിഞ്ഞിട്ടില്ലാതെയും തുയഥൈരയിലെ ശേഷം പേരോട്: വേറൊരു ഭാരം ഞാൻ നിങ്ങളുടെമേൽ ചുമത്തുന്നില്ല; എങ്കിലും നിങ്ങൾക്കുള്ളത് ഞാൻ വരുംവരെ പിടിച്ചുകൊൾവിൻ എന്ന് ഞാൻ കല്പിക്കുന്നു. ജയിക്കയും ഞാൻ കല്പിച്ച പ്രവൃത്തികളെ അവസാനത്തോളം അനുഷ്ഠിക്കയും ചെയ്യുന്നവന് എന്റെ പിതാവ് എനിക്കു തന്നതുപോലെ ഞാൻ ജാതികളുടെമേൽ അധികാരം കൊടുക്കും. അവൻ ഇരുമ്പുകോൽകൊണ്ട് അവരെ മേയിക്കും; അവർ കുശവന്റെ പാത്രങ്ങൾ പോലെ നുറുങ്ങിപ്പോകും. ഞാൻ അവന് ഉദയനക്ഷത്രവും കൊടുക്കും.
വെളിപ്പാട് 2:18-28 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
തുയത്തൈരയിലെ സഭയുടെ മാലാഖയ്‍ക്ക് എഴുതുക: “അഗ്നിജ്വാലയ്‍ക്കു സമാനമായ കണ്ണുകളും മിന്നിത്തിളങ്ങുന്ന വെള്ളോടിനു തുല്യമായ പാദങ്ങളും ഉള്ള ദൈവസുതൻ അരുൾചെയ്യുന്നു: നിന്റെ പ്രവൃത്തികളും, സ്നേഹവും, വിശ്വാസവും, ശുശ്രൂഷയും, ക്ഷമയോടുകൂടിയ സഹനവും ഞാൻ അറിയുന്നു. നിന്റെ അവസാനത്തെ പ്രവൃത്തികൾ ആദ്യത്തേതിനെക്കാൾ മെച്ചപ്പെട്ടവയാണ്. എങ്കിലും നിനക്കെതിരെ എനിക്ക് ഒരു കാര്യം പറയാനുണ്ട്. താൻ പ്രവാചികയാണെന്നു സ്വയം പറഞ്ഞുകൊണ്ട് എന്റെ ദാസന്മാരെ അനാശാസ്യത്തിനും വിഗ്രഹങ്ങൾക്കു നിവേദിച്ചവ ഭക്ഷിക്കുവാനും ഉപദേശിക്കുകയും പ്രലോഭിപ്പിക്കുകയും ചെയ്യുന്ന ഈസബേൽ എന്ന സ്ത്രീയെ നീ വച്ചുപുലർത്തുന്നു. അനുതപിക്കുവാൻ ഞാൻ അവൾക്ക് അവസരം നല്‌കി. എങ്കിലും തന്റെ ദുർമാർഗത്തിൽനിന്നു പിന്തിരിയുവാൻ അവൾ കൂട്ടാക്കിയില്ല. ഇതാ ഞാൻ അവളെ രോഗശയ്യയിലാക്കും. അവളോടൊത്തു വ്യഭിചാരം ചെയ്യുന്നവർ അവളോടുള്ള വേഴ്ചയെക്കുറിച്ച് അനുതപിക്കുന്നില്ലെങ്കിൽ ഞാൻ അവരെ കൊടിയ ദുരിതത്തിലാക്കും. അവളുടെ മക്കളെ ഞാൻ കൊന്നുകളയും. ഞാൻ മനസ്സും ഹൃദയവും പരിശോധിക്കുന്നവരാണെന്ന് എല്ലാ സഭകളും അറിയും. നിങ്ങൾക്കോരുത്തർക്കും അവരവരുടെ പ്രവൃത്തിക്കു തക്കത് ഞാൻ നല്‌കും. “എന്നാൽ മേല്പറഞ്ഞ ഉപദേശം സ്വീകരിക്കാത്തവരും ‘സാത്താന്റെ ഗഹനമായ കാര്യങ്ങൾ’ എന്നു ചിലർ വിശേഷിപ്പിക്കുന്നവ പഠിക്കാത്തവരുമായ, തുയത്തൈരയിലെ ഇതര ജനത്തോടു ഞാൻ പറയുന്നു: വേറൊരു ഭാരവും ഞാൻ നിങ്ങളുടെമേൽ വയ്‍ക്കുന്നില്ല; ഞാൻ വരുന്നതുവരെ നിങ്ങൾക്കുള്ള വിശ്വാസം മുറുകെപ്പിടിച്ചുകൊള്ളുക. ജയിക്കുകയും അന്ത്യംവരെ എന്റെ പ്രവൃത്തികൾ അനുഷ്ഠിക്കുകയും ചെയ്യുന്നവന് ജനതകളുടെമേൽ ഞാൻ അധികാരം നല്‌കും. ഇരുമ്പു ചെങ്കോൽകൊണ്ട് അവൻ അവരെ ഭരിക്കും. മൺപാത്രംപോലെ അവർ തകർക്കപ്പെടും. എനിക്കു പിതാവിൽനിന്നു ലഭിച്ച അധികാരമാണിത്. ഉദയനക്ഷത്രം ഞാൻ നല്‌കും. “സഭകളോട് ആത്മാവ് അരുൾചെയ്യുന്നത് ചെവിയുള്ളവൻ കേൾക്കട്ടെ.”
വെളിപ്പാട് 2:18-28 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
തുയഥൈരയിലെ സഭയുടെ ദൂതന് എഴുതുക: അഗ്നിജ്വാല പോലെ കണ്ണും തേച്ചുമിനുക്കിയ വെള്ളോട്ടിന് സമമായ കാലും ഉള്ള ദൈവപുത്രൻ അരുളിച്ചെയ്യുന്നത്: ഞാൻ നിന്റെ പ്രവൃത്തിയും നിന്റെ സ്നേഹം, വിശ്വാസം, ശുശ്രൂഷ, സഹനശക്തി എന്നിവയും നിന്‍റെ ഇപ്പോഴുള്ള പ്രവൃത്തി ആദ്യം ചെയ്തതിലും അധികമെന്നും അറിയുന്നു. എങ്കിലും, നിനക്കെതിരെ ചിലത് പറയുവാനുണ്ട്; താൻ പ്രവാചകി എന്നു സ്വയം അവകാശപ്പെടുകയും എന്‍റെ ദാസന്മാരെ ദുർന്നടപ്പിൽ ഏർപ്പെടുവാനും വിഗ്രഹാർപ്പിതം ഭക്ഷിക്കുവാനും തക്കവണ്ണം വശീകരിക്കുകയും ഉപദേശിക്കുകയും ചെയ്യുന്ന ഈസബേൽ എന്ന സ്ത്രീയെ നീ അനുവദിക്കുന്നു. ഞാൻ അവൾക്ക് മാനസാന്തരപ്പെടുവാൻ അവസരം കൊടുത്തിട്ടും അധാർമ്മികത വിട്ടു അവൾ മാനസാന്തരപ്പെട്ടില്ല. ജാഗ്രതയായിരിക്ക! അവൾ മാനസാന്തരപ്പെടാതിരുന്നാൽ ഞാൻ അവളെ രോഗകിടക്കയിലും അവളുമായി വ്യഭിചരിക്കുന്നവരെ വലിയ കഷ്ടതയിലും ആക്കിക്കളയും. ഞാൻ അവളുടെ അനുയായികളെയും കൊന്നുകളയും; ഞാൻ മനസ്സിനേയും ഹൃദയവിചാരങ്ങളെയും ശോധന ചെയ്യുന്നവൻ എന്നു സകലസഭകളും അറിയും; നിങ്ങളുടെ പ്രവർത്തികൾക്കൊത്തവിധം ഞാൻ നിങ്ങൾക്ക് ഓരോരുത്തർക്കും പകരം ചെയ്യും. എന്നാൽ നിങ്ങളോടും, ഈ ഉപദേശം സ്വീകരിക്കാതെയും അവർ പറയുന്നത് പോലെ സാത്താനെക്കുറിച്ച് ആഴമായ കാര്യങ്ങൾ ഗ്രഹിക്കാതെയും ഇരിക്കുന്ന തുയഥൈരയിലെ ശേഷമുള്ളവരോടും മറ്റ് വലിയ ഭാരം ഒന്നുംതന്നെ ഞാൻ ചുമത്തുന്നില്ല. എന്തുതന്നെ ആയാലും ഞാൻ വരുംവരെ നിനക്കുള്ളത് മുറുകെപ്പിടിച്ചുകൊൾവിൻ. ജയിക്കുകയും എന്‍റെ പ്രവൃത്തികളെ അവസാനത്തോളം കാത്തുകൊള്ളുകയും ചെയ്യുന്നവന് എന്‍റെ പിതാവിൽനിന്നും എനിക്ക് ലഭിച്ചതുപോലെ ഞാൻ ജാതികളുടെമേൽ അധികാരം കൊടുക്കും. അവൻ ഇരുമ്പുചെങ്കോൽകൊണ്ട് അവരെ ഭരിക്കും; മൺപാത്രങ്ങൾപോലെ അവരെ ഉടച്ചുകളയും. ഞാൻ അവനു ഉദയനക്ഷത്രവും കൊടുക്കും.
വെളിപ്പാട് 2:18-28 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
തുയഥൈരയിലെ സഭയുടെ ദൂതന്നു എഴുതുക: അഗ്നിജ്വാലെക്കു ഒത്ത കണ്ണും വെള്ളോട്ടിന്നു സദൃശമായ കാലും ഉള്ള ദൈവപുത്രൻ അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ പ്രവൃത്തിയും നിന്റെ സ്നേഹം, വിശ്വാസം, ശുശ്രൂഷ, സഹിഷ്ണത എന്നിവയും നിന്റെ ഒടുവിലത്തെ പ്രവൃത്തി ആദ്യത്തേതിലും ഏറെയെന്നും അറിയുന്നു. എങ്കിലും താൻ പ്രവാചകി എന്നു പറഞ്ഞു ദുർന്നടപ്പു ആചരിപ്പാനും വിഗ്രഹാർപ്പിതം തിന്മാനും എന്റെ ദാസന്മാരെ ഉപദേശിക്കയും തെറ്റിച്ചുകളകയും ചെയ്യുന്ന ഈസബേൽ എന്ന സ്ത്രീയെ നീ അനുവദിക്കുന്നു എന്നൊരു കുറ്റം നിന്നെക്കുറിച്ചു പറവാൻ ഉണ്ടു. ഞാൻ അവൾക്കു മാനസാന്തരപ്പെടുവാൻ സമയം കൊടുത്തിട്ടും ദുർന്നടപ്പുവിട്ടു മാനസാന്തരപ്പെടുവാൻ അവൾക്കു മനസ്സില്ല. ഞാൻ അവളെ കിടപ്പിലും അവളുമായി വ്യഭിചരിക്കുന്നവരെ അവളുടെ നടപ്പു വിട്ടു മാനസാന്തരപ്പെടാതിരുന്നാൽ വലിയ കഷ്ടതയിലും ആക്കിക്കളയും. അവളുടെ മക്കളെയും ഞാൻ കൊന്നുകളയും; ഞാൻ ഉൾപൂവുകളെയും ഹൃദയങ്ങളെയും ആരായുന്നവൻ എന്നു സകലസഭകളും അറിയും; നിങ്ങളുടെ പ്രവൃത്തിക്കു തക്കവണ്ണം ഞാൻ നിങ്ങൾക്കു ഏവർക്കും പകരം ചെയ്യും. എന്നാൽ ഈ ഉപദേശം കൈക്കൊള്ളാതെയും അവർ പറയുംപോലെ സാത്താന്റെ ആഴങ്ങൾ അറിഞ്ഞിട്ടില്ലാതെയും തുയഥൈരയിലെ ശേഷം പേരോടു: വേറൊരു ഭാരം ഞാൻ നിങ്ങളുടെ മേൽ ചുമത്തുന്നില്ല; എങ്കിലും നിങ്ങൾക്കുള്ളതു ഞാൻ വരുംവരെ പിടിച്ചുകൊൾവിൻ എന്നു ഞാൻ കല്പിക്കുന്നു. ജയിക്കയും ഞാൻ കല്പിച്ച പ്രവൃത്തികളെ അവസാനത്തോളം അനുഷ്ഠിക്കയും ചെയ്യുന്നവന്നു എന്റെ പിതാവു എനിക്കു തന്നതുപോലെ ഞാൻ ജാതികളുടെ മേൽ അധികാരം കൊടുക്കും. അവൻ ഇരിമ്പുകോൽകൊണ്ടു അവരെ മേയിക്കും; അവർ കുശവന്റെ പാത്രങ്ങൾപോലെ നുറുങ്ങിപ്പോകും. ഞാൻ അവന്നു ഉദയനക്ഷത്രവും കൊടുക്കും.
വെളിപ്പാട് 2:18-28 MCV (സമകാലിക മലയാളവിവർത്തനം)
“തുയഥൈരയിലുള്ള സഭയുടെ ദൂതന് എഴുതുക: “അഗ്നിജ്വാലപോലെ കണ്ണുകളും വെള്ളോടിനു തുല്യമായ പാദങ്ങളുമുള്ള ദൈവപുത്രൻ അരുളിച്ചെയ്യുന്നു: “നിന്റെ പ്രവൃത്തികളും നിന്റെ സ്നേഹം, വിശ്വാസം, സേവനം, സഹിഷ്ണുത എന്നിവയും നീ ഇപ്പോൾ ചെയ്യുന്ന പ്രവൃത്തി ആദ്യം ചെയ്തതിനെക്കാൾ ശ്രേഷ്ഠമായിരുന്നു എന്നതും ഞാൻ അറിയുന്നു. “എന്നാൽ, നിന്നെക്കുറിച്ച് ഒരു കുറ്റം എനിക്കു പറയാനുണ്ട്. ദുർനടപ്പിൽ ഏർപ്പെടാനും വിഗ്രഹാർപ്പിതം ഭക്ഷിക്കാനും എന്റെ ദാസന്മാരെ ഉപദേശിച്ചു വഴിതെറ്റിക്കുന്ന സ്വയംപ്രഖ്യാപിത പ്രവാചികയായ ഈസബേൽ എന്ന സ്ത്രീയെ നീ അനുവദിക്കുന്നു. അവൾക്കു തന്റെ അസാന്മാർഗികതയിൽനിന്ന് അനുതപിക്കാൻ ഞാൻ സമയം നൽകിയെങ്കിലും അതിൽനിന്ന് മാനസാന്തരപ്പെടാൻ അവൾക്കു മനസ്സില്ല. നോക്കുക, ഞാൻ അവളെ കഷ്ടതയുടെ കിടക്കയിലാക്കും; അവളുമായി വ്യഭിചരിക്കുന്നവർ അവൾ ചെയ്യുന്ന പ്രവൃത്തികളെക്കുറിച്ച് അനുതപിക്കാതെ ഇരുന്നാൽ ഞാൻ അവരെയും വലിയ യാതനയിലാക്കും. അവളുടെ മക്കളെയും ഞാൻ വധിച്ചുകളയും. ഞാൻ ഹൃദയങ്ങളെയും മനസ്സുകളെയും പരിശോധിക്കുന്നവനെന്നും ഓരോരുത്തർക്കും തങ്ങളുടെ പ്രവൃത്തികൾക്ക് അനുസൃതമായി പകരം നൽകുന്നവനെന്നും സകലസഭകളും അറിയും. “എന്നാൽ അവളുടെ ഉപദേശം സ്വീകരിക്കാതെയും സാത്താന്റെ നിഗൂഢരഹസ്യങ്ങൾ എന്ന് അവർ പറയുന്നവ അഭ്യസിക്കാതെയും ഇരിക്കുന്നവരായ തുയഥൈരയിലെ ശേഷമുള്ളവരോടു ഞാൻ കൽപ്പിക്കുന്നത്: ‘ഞാൻ വരുന്നതുവരെയും നിങ്ങൾക്കുള്ളതു മുറുകെപ്പിടിക്കുക; ഇതല്ലാതെ മറ്റൊരു ഭാരവും ഞാൻ നിങ്ങളുടെമേൽ ചുമത്തുന്നില്ല.’ “വിജയിക്കുകയും അന്ത്യംവരെ എന്റെ പ്രവൃത്തികൾ അനുഷ്ഠിക്കുകയുംചെയ്യുന്നവന് എന്റെ പിതാവ് എനിക്കു നൽകിയതുപോലെ ഞാൻ ജനതകളുടെമേൽ അധികാരം കൊടുക്കും. ‘അദ്ദേഹം ഇരുമ്പുകോൽകൊണ്ട് അവരെ ഭരിക്കും; മൺപാത്രങ്ങൾപോലെ അവർ നുറുങ്ങിപ്പോകും.’ എന്റെ പിതാവിൽനിന്ന് എനിക്കു ലഭിച്ചിട്ടുള്ളതുപോലെ ഞാൻ അവന് പ്രഭാതനക്ഷത്രം നൽകും.