വെളി. 2:18-28
വെളി. 2:18-28 IRVMAL
തുയഥൈരയിലെ സഭയുടെ ദൂതന് എഴുതുക: അഗ്നിജ്വാല പോലെ കണ്ണും തേച്ചുമിനുക്കിയ വെള്ളോട്ടിന് സമമായ കാലും ഉള്ള ദൈവപുത്രൻ അരുളിച്ചെയ്യുന്നത്: ഞാൻ നിന്‍റെ പ്രവൃത്തിയും നിന്‍റെ സ്നേഹം, വിശ്വാസം, ശുശ്രൂഷ, സഹനശക്തി എന്നിവയും നിന്‍റെ ഇപ്പോഴുള്ള പ്രവൃത്തി ആദ്യം ചെയ്തതിലും അധികമെന്നും അറിയുന്നു. എങ്കിലും, നിനക്കെതിരെ ചിലത് പറയുവാനുണ്ട്; താൻ പ്രവാചകി എന്നു സ്വയം അവകാശപ്പെടുകയും എന്‍റെ ദാസന്മാരെ ദുർന്നടപ്പിൽ ഏർപ്പെടുവാനും വിഗ്രഹാർപ്പിതം ഭക്ഷിക്കുവാനും തക്കവണ്ണം വശീകരിക്കുകയും ഉപദേശിക്കുകയും ചെയ്യുന്ന ഈസബേൽ എന്ന സ്ത്രീയെ നീ അനുവദിക്കുന്നു. ഞാൻ അവൾക്ക് മാനസാന്തരപ്പെടുവാൻ അവസരം കൊടുത്തിട്ടും അധാർമ്മികത വിട്ടു അവൾ മാനസാന്തരപ്പെട്ടില്ല. ജാഗ്രതയായിരിക്ക! അവൾ മാനസാന്തരപ്പെടാതിരുന്നാൽ ഞാൻ അവളെ രോഗകിടക്കയിലും അവളുമായി വ്യഭിചരിക്കുന്നവരെ വലിയ കഷ്ടതയിലും ആക്കിക്കളയും. ഞാൻ അവളുടെ അനുയായികളെയും കൊന്നുകളയും; ഞാൻ മനസ്സിനേയും ഹൃദയവിചാരങ്ങളെയും ശോധന ചെയ്യുന്നവൻ എന്നു സകലസഭകളും അറിയും; നിങ്ങളുടെ പ്രവർത്തികൾക്കൊത്തവിധം ഞാൻ നിങ്ങൾക്ക് ഓരോരുത്തർക്കും പകരം ചെയ്യും. എന്നാൽ നിങ്ങളോടും, ഈ ഉപദേശം സ്വീകരിക്കാതെയും അവർ പറയുന്നത് പോലെ സാത്താനെക്കുറിച്ച് ആഴമായ കാര്യങ്ങൾ ഗ്രഹിക്കാതെയും ഇരിക്കുന്ന തുയഥൈരയിലെ ശേഷമുള്ളവരോടും മറ്റ് വലിയ ഭാരം ഒന്നുംതന്നെ ഞാൻ ചുമത്തുന്നില്ല. എന്തുതന്നെ ആയാലും ഞാൻ വരുംവരെ നിനക്കുള്ളത് മുറുകെപ്പിടിച്ചുകൊൾവിൻ. ജയിക്കുകയും എന്‍റെ പ്രവൃത്തികളെ അവസാനത്തോളം കാത്തുകൊള്ളുകയും ചെയ്യുന്നവന് എന്‍റെ പിതാവിൽനിന്നും എനിക്ക് ലഭിച്ചതുപോലെ ഞാൻ ജാതികളുടെമേൽ അധികാരം കൊടുക്കും. അവൻ ഇരുമ്പുചെങ്കോൽകൊണ്ട് അവരെ ഭരിക്കും; മൺപാത്രങ്ങൾപോലെ അവരെ ഉടച്ചുകളയും. ഞാൻ അവനു ഉദയനക്ഷത്രവും കൊടുക്കും.


