സങ്കീർത്തനങ്ങൾ 135:13-21
സങ്കീർത്തനങ്ങൾ 135:13-21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവേ, നിന്റെ നാമം ശാശ്വതമായും യഹോവേ, നിന്റെ ജ്ഞാപകം തലമുറതലമുറയായും ഇരിക്കുന്നു. യഹോവ തന്റെ ജനത്തിനു ന്യായപാലനം ചെയ്യും; അവൻ തന്റെ ദാസന്മാരോടു സഹതപിക്കും. ജാതികളുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും മനുഷ്യരുടെ കൈവേലയും ആകുന്നു. അവയ്ക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല; കണ്ണുണ്ടെങ്കിലും കാണുന്നില്ല; അവയ്ക്കു ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല; അവയുടെ വായിൽ ശ്വാസവുമില്ല. അവയെ ഉണ്ടാക്കുന്നവർ അവയെപ്പോലെയാകുന്നു; അവയിൽ ആശ്രയിക്കുന്ന ഏവനും അങ്ങനെ തന്നെ. യിസ്രായേൽഗൃഹമേ, യഹോവയെ വാഴ്ത്തുക; അഹരോന്റെഗൃഹമേ, യഹോവയെ വാഴ്ത്തുക. ലേവിഗൃഹമേ, യഹോവയെ വാഴ്ത്തുക; യഹോവാഭക്തന്മാരേ, യഹോവയെ വാഴ്ത്തുവിൻ. യെരൂശലേമിൽ അധിവസിക്കുന്ന യഹോവ സീയോനിൽനിന്നു വാഴ്ത്തപ്പെടുമാറാകട്ടെ. യഹോവയെ സ്തുതിപ്പിൻ.
സങ്കീർത്തനങ്ങൾ 135:13-21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരാ, അവിടുത്തെ നാമം ശാശ്വതമാണ്. അവിടുത്തെ കീർത്തി എല്ലാ തലമുറകളിലും നിലനില്‌ക്കുന്നു. സർവേശ്വരൻ സ്വജനത്തിനു നീതി നടത്തിക്കൊടുക്കും, അവിടുന്നു തന്റെ ദാസരോട് അനുകമ്പയുള്ളവനാകുന്നു. അന്യജനതകളുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയുംകൊണ്ടു നിർമ്മിച്ചവയാണ്. അവ മനുഷ്യരുടെ കരവേല മാത്രം. അവയ്‍ക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല, കണ്ണുണ്ടെങ്കിലും കാണുന്നില്ല. ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല, അവയുടെ വായിൽ പ്രാണനുമില്ല. അവയെ നിർമ്മിക്കുന്നവർ അവയെപ്പോലെയാകുന്നു. അവയിൽ ആശ്രയിക്കുന്നവരും അങ്ങനെതന്നെ. ഇസ്രായേൽഗൃഹമേ, സർവേശ്വരനെ വാഴ്ത്തുവിൻ! അഹരോൻഗൃഹമേ, സർവേശ്വരനെ വാഴ്ത്തുവിൻ. ലേവിഗൃഹമേ, സർവേശ്വരനെ വാഴ്ത്തുക. അവിടുത്തെ ഭക്തന്മാരേ, സർവേശ്വരനെ വാഴ്ത്തുവിൻ. യെരൂശലേമിൽ വസിക്കുന്ന സർവേശ്വരൻ, സീയോനിൽ വാഴ്ത്തപ്പെടട്ടെ, സർവേശ്വരനെ സ്തുതിക്കുവിൻ.
സങ്കീർത്തനങ്ങൾ 135:13-21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവേ, അങ്ങേയുടെ നാമം ശാശ്വതമായും യഹോവേ, അങ്ങേയുടെ ജ്ഞാപകം തലമുറതലമുറയായും ഇരിക്കുന്നു. യഹോവ തന്‍റെ ജനത്തിന് ന്യായപാലനം ചെയ്യും; കർത്താവ് തന്‍റെ ദാസന്മാരോട് സഹതപിക്കും. ജനതകളുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും മനുഷ്യരുടെ കൈവേലയും ആകുന്നു. അവയ്ക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല; കണ്ണുണ്ടെങ്കിലും കാണുന്നില്ല; അവയ്ക്കു ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല; അവയുടെ വായിൽ ശ്വാസവുമില്ല. അവ ഉണ്ടാക്കുന്നവർ അവയെപ്പോലെയാകുന്നു; അവയിൽ ആശ്രയിക്കുന്ന ഏതൊരുവനും അങ്ങനെ തന്നെ. യിസ്രായേൽഗൃഹമേ, യഹോവയെ വാഴ്ത്തുക; അഹരോൻഗൃഹമേ, യഹോവയെ വാഴ്ത്തുക. ലേവിഗൃഹമേ, യഹോവയെ വാഴ്ത്തുക; യഹോവാഭക്തന്മാരേ, യഹോവയെ വാഴ്ത്തുക. യെരൂശലേമിൽ അധിവസിക്കുന്ന യഹോവ സീയോനിൽനിന്നു വാഴ്ത്തപ്പെടുമാറാകട്ടെ.
സങ്കീർത്തനങ്ങൾ 135:13-21 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവേ, നിന്റെ നാമം ശാശ്വതമായും യഹോവേ, നിന്റെ ജ്ഞാപകം തലമുറതലമുറയായും ഇരിക്കുന്നു. യഹോവ തന്റെ ജനത്തിന്നു ന്യായപാലനം ചെയ്യും; അവൻ തന്റെ ദാസന്മാരോടു സഹതപിക്കും. ജാതികളുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും മനുഷ്യരുടെ കൈവേലയും ആകുന്നു. അവെക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല; കണ്ണുണ്ടെങ്കിലും കാണുന്നില്ല; അവെക്കു ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല; അവയുടെ വായിൽ ശ്വാസവുമില്ല. അവയെ ഉണ്ടാക്കുന്നവർ അവയെപ്പോലെയാകുന്നു; അവയിൽ ആശ്രയിക്കുന്ന ഏവനും അങ്ങനെ തന്നേ. യിസ്രായേൽഗൃഹമേ, യഹോവയെ വാഴ്ത്തുക; അഹരോന്റെ ഗൃഹമേ, യഹോവയെ വാഴ്ത്തുക. ലേവിഗൃഹമേ, യഹോവയെ വാഴ്ത്തുക; യഹോവാഭക്തന്മാരേ, യഹോവയെ വാഴ്ത്തുവിൻ. യെരൂശലേമിൽ അധിവസിക്കുന്ന യഹോവ സിയോനിൽനിന്നു വാഴ്ത്തപ്പെടുമാറാകട്ടെ. യഹോവയെ സ്തുതിപ്പിൻ.
സങ്കീർത്തനങ്ങൾ 135:13-21 സമകാലിക മലയാളവിവർത്തനം (MCV)
യഹോവേ, അവിടത്തെ നാമം, യഹോവേ, അവിടത്തെ കീർത്തി, എല്ലാ തലമുറകളിലും എന്നേക്കും നിലനിൽക്കുന്നു. കാരണം യഹോവ തന്റെ ജനത്തെ കുറ്റവിമുക്തരാക്കുന്നു അവിടത്തെ സേവകരുടെമേൽ അനുകമ്പകാട്ടുകയുംചെയ്യുന്നു. ജനതകളുടെ വിഗ്രഹങ്ങൾ വെള്ളിയും സ്വർണവുമാണ്, മനുഷ്യകരങ്ങളാൽ നിർമിതവുമാണ്. അവയ്ക്കു വായുണ്ട്, എന്നാൽ സംസാരിക്കാൻ കഴിയുന്നില്ല, കണ്ണുണ്ട്, എന്നാൽ കാണാൻ കഴിയുന്നില്ല. അവയ്ക്ക് കാതുണ്ട്, എന്നാൽ കേൾക്കാൻ കഴിയുന്നില്ല, അവയുടെ വായിൽ ശ്വാസവുമില്ല. അവയെ നിർമിക്കുന്നവർ അവയെപ്പോലെയാകുന്നു, അവയിൽ ആശ്രയിക്കുന്ന എല്ലാവരും അങ്ങനെതന്നെ. ഇസ്രായേൽഗൃഹമേ, യഹോവയെ വാഴ്ത്തുക; അഹരോൻഗൃഹമേ, യഹോവയെ വാഴ്ത്തുക; ലേവിഗൃഹമേ, യഹോവയെ വാഴ്ത്തുക; യഹോവയെ ഭയപ്പെടുന്നവരേ, യഹോവയെ വാഴ്ത്തുക. സീയോനിൽനിന്നുള്ള യഹോവ വാഴ്ത്തപ്പെടട്ടെ, കാരണം അവിടന്ന് ജെറുശലേമിൽ അധിവസിക്കുന്നു.