സങ്കീർത്തനങ്ങൾ 135:13-21

സങ്കീർത്തനങ്ങൾ 135:13-21 MCV

യഹോവേ, അവിടത്തെ നാമം, യഹോവേ, അവിടത്തെ കീർത്തി, എല്ലാ തലമുറകളിലും എന്നേക്കും നിലനിൽക്കുന്നു. കാരണം യഹോവ തന്റെ ജനത്തെ കുറ്റവിമുക്തരാക്കുന്നു അവിടത്തെ സേവകരുടെമേൽ അനുകമ്പകാട്ടുകയുംചെയ്യുന്നു. ജനതകളുടെ വിഗ്രഹങ്ങൾ വെള്ളിയും സ്വർണവുമാണ്, മനുഷ്യകരങ്ങളാൽ നിർമിതവുമാണ്. അവയ്ക്കു വായുണ്ട്, എന്നാൽ സംസാരിക്കാൻ കഴിയുന്നില്ല, കണ്ണുണ്ട്, എന്നാൽ കാണാൻ കഴിയുന്നില്ല. അവയ്ക്ക് കാതുണ്ട്, എന്നാൽ കേൾക്കാൻ കഴിയുന്നില്ല, അവയുടെ വായിൽ ശ്വാസവുമില്ല. അവയെ നിർമിക്കുന്നവർ അവയെപ്പോലെയാകുന്നു, അവയിൽ ആശ്രയിക്കുന്ന എല്ലാവരും അങ്ങനെതന്നെ. ഇസ്രായേൽഗൃഹമേ, യഹോവയെ വാഴ്ത്തുക; അഹരോൻഗൃഹമേ, യഹോവയെ വാഴ്ത്തുക; ലേവിഗൃഹമേ, യഹോവയെ വാഴ്ത്തുക; യഹോവയെ ഭയപ്പെടുന്നവരേ, യഹോവയെ വാഴ്ത്തുക. സീയോനിൽനിന്നുള്ള യഹോവ വാഴ്ത്തപ്പെടട്ടെ, കാരണം അവിടന്ന് ജെറുശലേമിൽ അധിവസിക്കുന്നു.