സങ്കീർത്തനങ്ങൾ 135:1-12
സങ്കീർത്തനങ്ങൾ 135:1-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവയെ സ്തുതിപ്പിൻ; യഹോവയുടെ നാമത്തെ സ്തുതിപ്പിൻ; യഹോവയുടെ ദാസന്മാരേ, അവനെ സ്തുതിപ്പിൻ. യഹോവയുടെ ആലയത്തിലും നമ്മുടെ ദൈവത്തിന്റെ ആലയത്തിൻ പ്രാകാരങ്ങളിലും നില്ക്കുന്നവരേ, യഹോവയെ സ്തുതിപ്പിൻ; യഹോവ നല്ലവൻ അല്ലോ; അവന്റെ നാമത്തിനു കീർത്തനം ചെയ്വിൻ; അതു മനോഹരമല്ലോ. യഹോവ യാക്കോബിനെ തനിക്കായിട്ടും യിസ്രായേലിനെ തന്റെ നിക്ഷേപമായിട്ടും തിരഞ്ഞെടുത്തിരിക്കുന്നു. യഹോവ വലിയവൻ എന്നും നമ്മുടെ കർത്താവു സകല ദേവന്മാരിലും ശ്രേഷ്ഠൻ എന്നും ഞാൻ അറിയുന്നു. ആകാശത്തിലും ഭൂമിയിലും സമുദ്രങ്ങളിലും എല്ലാ ആഴങ്ങളിലും യഹോവ തനിക്കിഷ്ടമുള്ളതൊക്കെയും ചെയ്യുന്നു. അവൻ ഭൂമിയുടെ അറ്റത്തുനിന്നു നീരാവി പൊങ്ങുമാറാക്കുന്നു; അവൻ മഴയ്ക്കായി മിന്നലുകളെ ഉണ്ടാക്കുന്നു; തന്റെ ഭണ്ഡാരങ്ങളിൽനിന്നു കാറ്റു പുറപ്പെടുവിക്കുന്നു. അവൻ മിസ്രയീമിലെ കടിഞ്ഞൂലുകളെ, മനുഷ്യരെയും മൃഗങ്ങളെയും ഒരുപോലെ സംഹരിച്ചു. മിസ്രയീമേ, നിന്റെ മധ്യേ അവൻ ഫറവോന്റെമേലും അവന്റെ സകല ഭൃത്യന്മാരുടെമേലും അടയാളങ്ങളും അദ്ഭുതങ്ങളും അയച്ചു. അവൻ വലിയ ജാതികളെ സംഹരിച്ചു; ബലമുള്ള രാജാക്കന്മാരെ നിഗ്രഹിച്ചു. അമോര്യരുടെ രാജാവായ സീഹോനെയും ബാശാൻരാജാവായ ഓഗിനെയും സകല കനാന്യരാജ്യങ്ങളെയുംതന്നെ. അവരുടെ ദേശത്തെ അവൻ അവകാശമായിട്ട്, തന്റെ ജനമായ യിസ്രായേലിന് അവകാശമായിട്ടു കൊടുത്തു.
സങ്കീർത്തനങ്ങൾ 135:1-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരനെ സ്തുതിക്കുവിൻ, അവിടുത്തെ ആലയത്തിലും നമ്മുടെ ദൈവത്തിന്റെ ആലയാങ്കണത്തിലും ശുശ്രൂഷ ചെയ്യുന്ന സർവേശ്വരന്റെ ദാസന്മാരേ, അവിടുത്തെ സ്തുതിക്കുവിൻ. സർവേശ്വരനെ സ്തുതിക്കുവിൻ; അവിടുന്നു നല്ലവനല്ലോ. അവിടുത്തെ നാമം പ്രകീർത്തിക്കുവിൻ, അവിടുന്ന് കാരുണ്യവാനല്ലോ. അവിടുന്നു യാക്കോബിന്റെ സന്തതികളെ തനിക്കായും, ഇസ്രായേൽജനത്തെ തന്റെ പ്രത്യേക അവകാശമായും തിരഞ്ഞെടുത്തിരിക്കുന്നു. അവിടുന്നു വലിയവനെന്നും നമ്മുടെ സർവേശ്വരൻ സർവ ദേവന്മാരിലും മഹോന്നതനെന്നും ഞാൻ അറിയുന്നു. ആകാശത്തിലും ഭൂമിയിലും സമുദ്രങ്ങളിലും അഗാധങ്ങളിലും അവിടുന്നു തനിക്കിഷ്ടമുള്ളതു ചെയ്യുന്നു. ഭൂമിയുടെ അതിർത്തികളിൽനിന്ന് അവിടുന്നു മേഘങ്ങളെ ഉയർത്തുന്നു; മഴയ്‍ക്കായി അവിടുന്നു മിന്നൽപ്പിണരുകളെ അയയ്‍ക്കുന്നു അവിടുത്തെ ശ്രീഭണ്ഡാരത്തിൽനിന്നു കാറ്റുകളെ പുറത്തുവിടുന്നു. ഈജിപ്തിലെ കടിഞ്ഞൂലുകളെ അവിടുന്നു സംഹരിച്ചു; മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂലുകളെ തന്നെ. അവിടുന്ന് ഈജിപ്തിന്റെ മധ്യത്തിൽ ഫറവോയ്‍ക്കും അവന്റെ ഭൃത്യന്മാർക്കും എതിരെ, അദ്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചു. അവിടുന്ന്, അനേകം ജനതകളെ തകർത്തു, പ്രബലരായ രാജാക്കന്മാരെ സംഹരിച്ചു. അമോര്യരുടെ രാജാവായ സീഹോനെയും ബാശാൻരാജാവായ ഓഗിനെയും കനാനിലെ സകല രാജാക്കന്മാരെയും തന്നെ. അവിടുന്നു അവരുടെ ദേശങ്ങൾ തന്റെ ജനമായ ഇസ്രായേലിന് അവകാശമായി നല്‌കി.
സങ്കീർത്തനങ്ങൾ 135:1-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവയെ സ്തുതിക്കുവിൻ; യഹോവയുടെ നാമത്തെ സ്തുതിക്കുവിൻ; യഹോവയുടെ ദാസന്മാരേ, കർത്താവിനെ സ്തുതിക്കുവിൻ. യഹോവയുടെ ആലയത്തിലും നമ്മുടെ ദൈവത്തിന്‍റെ ആലയത്തിന്‍റെ പ്രാകാരങ്ങളിലും നില്ക്കുന്നവരേ, യഹോവയെ സ്തുതിക്കുവിൻ; യഹോവ നല്ലവൻ അല്ലയോ; കർത്താവിന്‍റെ നാമത്തിന് കീർത്തനം ചെയ്യുവിൻ; അത് മനോഹരമല്ലയോ. യഹോവ യാക്കോബിനെ തനിക്കായും യിസ്രായേലിനെ തന്‍റെ നിക്ഷേപമായും തിരഞ്ഞെടുത്തിരിക്കുന്നു. യഹോവ വലിയവൻ എന്നും നമ്മുടെ കർത്താവ് സകലദേവന്മാരിലും ശ്രേഷ്ഠൻ എന്നും ഞാൻ അറിയുന്നു. ആകാശത്തിലും ഭൂമിയിലും സമുദ്രങ്ങളുടെ ആഴങ്ങളിലും യഹോവ തനിക്കിഷ്ടമുള്ളതെല്ലാം ചെയ്യുന്നു. ദൈവം ഭൂമിയുടെ അറ്റത്തുനിന്ന് നീരാവി പൊങ്ങുമാറാക്കുന്നു; അവിടുന്ന് മഴയ്ക്കായി മിന്നലുകൾ ഉണ്ടാക്കുന്നു; തന്‍റെ ഭണ്ഡാരങ്ങളിൽനിന്ന് കാറ്റ് പുറപ്പെടുവിക്കുന്നു. അവിടുന്ന് മിസ്രയീമിൽ, മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂലുകളെ ഒരുപോലെ സംഹരിച്ചു. മിസ്രയീം ദേശമേ, നിന്‍റെ മദ്ധ്യത്തിൽ ദൈവം ഫറവോന്‍റെമേലും അവന്‍റെ സകലഭൃത്യന്മാരുടെ മേലും അടയാളങ്ങളും അത്ഭുതങ്ങളും അയച്ചു. ദൈവം വലിയ ജനതകളെ സംഹരിച്ചു; ബലമുള്ള രാജാക്കന്മാരെ നിഗ്രഹിച്ചു. അമോര്യരുടെ രാജാവായ സീഹോനെയും ബാശാൻരാജാവായ ഓഗിനെയും സകല കനാന്യരാജ്യങ്ങളെയും തന്നെ. അവരുടെ ദേശത്തെ തനിക്കു അവകാശമായി, തന്‍റെ ജനമായ യിസ്രായേലിനു അവകാശമായി കൊടുത്തു.
സങ്കീർത്തനങ്ങൾ 135:1-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവയെ സ്തുതിപ്പിൻ; യഹോവയുടെ നാമത്തെ സ്തുതിപ്പിൻ; യഹോവയുടെ ദാസന്മാരേ, അവനെ സ്തുതിപ്പിൻ. യഹോവയുടെ ആലയത്തിലും നമ്മുടെ ദൈവത്തിന്റെ ആലയത്തിൻ പ്രാകാരങ്ങളിലും നില്ക്കുന്നവരേ, യഹോവയെ സ്തുതിപ്പിൻ; യഹോവ നല്ലവൻ അല്ലോ; അവന്റെ നാമത്തിന്നു കീർത്തനം ചെയ്വിൻ; അതു മനോഹരമല്ലോ. യഹോവ യാക്കോബിനെ തനിക്കായിട്ടും യിസ്രായേലിനെ തന്റെ നിക്ഷേപമായിട്ടും തിരഞ്ഞെടുത്തിരിക്കുന്നു. യഹോവ വലിയവൻ എന്നും നമ്മുടെ കർത്താവു സകലദേവന്മാരിലും ശ്രേഷ്ഠൻ എന്നും ഞാൻ അറിയുന്നു. ആകാശത്തിലും ഭൂമിയിലും സമുദ്രങ്ങളിലും എല്ലാ ആഴങ്ങളിലും യഹോവ തനിക്കിഷ്ടമുള്ളതൊക്കെയും ചെയ്യുന്നു. അവൻ ഭൂമിയുടെ അറ്റത്തുനിന്നു നീരാവി പൊങ്ങുമാറാക്കുന്നു; അവൻ മഴെക്കായി മിന്നലുകളെ ഉണ്ടാക്കുന്നു; തന്റെ ഭണ്ഡാരങ്ങളിൽ നിന്നു കാറ്റു പുറപ്പെടുവിക്കുന്നു. അവൻ മിസ്രയീമിലെ കടിഞ്ഞൂലുകളെ മനുഷ്യരെയും മൃഗങ്ങളെയും ഒരുപോലെ സംഹരിച്ചു. മിസ്രയീമേ, നിന്റെ മദ്ധ്യേ അവൻ ഫറവോന്റെമേലും അവന്റെ സകലഭൃത്യന്മാരുടെമേലും അടയാളങ്ങളും അത്ഭുതങ്ങളും അയച്ചു. അവൻ വലിയ ജാതികളെ സംഹരിച്ചു; ബലമുള്ള രാജാക്കന്മാരെ നിഗ്രഹിച്ചു. അമോര്യരുടെ രാജാവായ സീഹോനെയും ബാശാൻരാജാവായ ഓഗിനെയും സകല കനാന്യരാജ്യങ്ങളെയും തന്നേ. അവരുടെ ദേശത്തെ അവൻ അവകാശമായിട്ടു, തന്റെ ജനമായ യിസ്രായേലിന്നു അവകാശമായിട്ടു കൊടുത്തു.
സങ്കീർത്തനങ്ങൾ 135:1-12 സമകാലിക മലയാളവിവർത്തനം (MCV)
യഹോവയെ വാഴ്ത്തുക. യഹോവയുടെ നാമത്തെ വാഴ്ത്തുക; യഹോവയുടെ ശുശ്രൂഷകരേ, അവിടത്തെ വാഴ്ത്തുക, യഹോവയുടെ ആലയത്തിൽ— നമ്മുടെ ദൈവത്തിന്റെ ആലയാങ്കണത്തിൽ—ശുശ്രൂഷിക്കുന്നവരേ, യഹോവയെ വാഴ്ത്തുക, കാരണം യഹോവ നല്ലവൻ ആകുന്നു; തിരുനാമത്തിന് സ്തുതിഗീതം ആലപിക്കുക, അതു മനോഹരമല്ലോ. യഹോവ യാക്കോബിനെ തനിക്കു സ്വന്തമായും ഇസ്രായേലിനെ തനിക്കു വിലപ്പെട്ട നിക്ഷേപമായും തെരഞ്ഞെടുത്തിരിക്കുന്നു. യഹോവ ഉന്നതൻ ആകുന്നു എന്നും നമ്മുടെ കർത്താവ് സകലദേവന്മാരിലും ഔന്നത്യമുള്ളവനെന്നും ഞാൻ അറിയുന്നു. ആകാശത്തിലും ഭൂമിയിലും സമുദ്രങ്ങളിലും അതിന്റെ എല്ലാ ആഴങ്ങളിലും യഹോവ തനിക്ക് ഇഷ്ടമുള്ളതൊക്കെയും ചെയ്യുന്നു. അവിടന്ന് ഭൂമിയുടെ അതിർത്തികളിൽനിന്ന് മേഘങ്ങൾ ഉയരുമാറാക്കുന്നു; മഴയോടൊപ്പം അവിടന്ന് മിന്നലിനെ അയയ്ക്കുന്നു അവിടത്തെ കലവറകളിൽനിന്ന് കാറ്റിനെ സ്വതന്ത്രമാക്കുന്നു. അവിടന്ന് ഈജിപ്റ്റിലെ ആദ്യജാതന്മാരെ ഉന്മൂലനംചെയ്തു, മനുഷ്യരുടെയും മൃഗങ്ങളുടെയും ആദ്യജാതന്മാരെത്തന്നെ. ഈജിപ്റ്റുദേശമേ, അവിടന്ന് തന്റെ ചിഹ്നങ്ങളും അത്ഭുതങ്ങളും നിങ്ങളുടെ മധ്യത്തിൽ അയച്ചില്ലയോ, ഫറവോന്റെയും അദ്ദേഹത്തിന്റെ സേവകവൃന്ദത്തിനും എതിരേതന്നെ. അവിടന്ന് അനേകം രാഷ്ട്രങ്ങളെ തകർക്കുകയും ശക്തരായ രാജാക്കന്മാരെ സംഹരിക്കുകയും ചെയ്തു— അമോര്യരുടെ രാജാവായ സീഹോനെയും ബാശാൻരാജാവായ ഓഗിനെയും കനാനിലെ എല്ലാ രാജാക്കന്മാരെയുംതന്നെ— അവിടന്ന് അവരുടെ രാജ്യം അവകാശമായി നൽകി, തന്റെ ജനമായ ഇസ്രായേലിന് ഒരു പൈതൃകാവകാശമായിത്തന്നെ.