സദൃശവാക്യങ്ങൾ 30:18-33 - Compare All Versions

സദൃശവാക്യങ്ങൾ 30:18-33 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

എനിക്ക് അതിവിസ്മയമായി തോന്നുന്നതു മൂന്നുണ്ട്; എനിക്ക് അറിഞ്ഞുകൂടാത്തതു നാലുണ്ട്: ആകാശത്ത് കഴുകന്റെ വഴിയും പാറമേൽ സർപ്പത്തിന്റെ വഴിയും സമുദ്രമധ്യേ കപ്പലിന്റെ വഴിയും കന്യകയോടുകൂടെ പുരുഷന്റെ വഴിയും തന്നെ. വ്യഭിചാരിണിയുടെ വഴിയും അങ്ങനെ തന്നെ. അവൾ തിന്നു വായ് തുടച്ചിട്ടു ഞാൻ ഒരു ദോഷവും ചെയ്തിട്ടില്ലെന്നു പറയുന്നു. മൂന്നിന്റെ നിമിത്തം ഭൂമി വിറയ്ക്കുന്നു; നാലിന്റെ നിമിത്തം അതിനു സഹിച്ചുകൂടാ: ദാസൻ രാജാവായാൽ അവന്റെ നിമിത്തവും ഭോഷൻ തിന്നു തൃപ്തനായാൽ അവന്റെ നിമിത്തവും വിലക്ഷണയ്ക്കു വിവാഹം കഴിഞ്ഞാൽ അവളുടെ നിമിത്തവും ദാസി യജമാനത്തിയുടെ സ്ഥാനം പ്രാപിച്ചാൽ അവളുടെ നിമിത്തവും തന്നെ. ഭൂമിയിൽ എത്രയും ചെറിയവയെങ്കിലും അത്യന്തം ജ്ഞാനമുള്ളവയായിട്ട് നാലുണ്ട്: ഉറുമ്പ് ബലഹീനജാതി എങ്കിലും അതു വേനൽക്കാലത്ത് ആഹാരം സമ്പാദിച്ചുവയ്ക്കുന്നു. കുഴിമുയൽ ശക്തിയില്ലാത്ത ജാതി എങ്കിലും അതു പാറയിൽ പാർപ്പിടം ഉണ്ടാക്കുന്നു. വെട്ടുക്കിളിക്കു രാജാവില്ല എങ്കിലും അതൊക്കെയും അണിയണിയായി പുറപ്പെടുന്നു. പല്ലിയെ കൈകൊണ്ടു പിടിക്കാം എങ്കിലും അതു രാജാക്കന്മാരുടെ അരമനകളിൽ പാർക്കുന്നു. ചന്തമായി നടകൊള്ളുന്നതു മൂന്നുണ്ട്; ചന്തമായി നടക്കുന്നതു നാലുണ്ട്: മൃഗങ്ങളിൽവച്ചു ശക്തിയേറിയതും ഒന്നിനും വഴിമാറാത്തതുമായ സിംഹവും നായാട്ടുനായും കോലാട്ടുകൊറ്റനും സൈന്യസമേതനായ രാജാവും തന്നെ. നീ നിഗളിച്ചു ഭോഷത്തം പ്രവർത്തിക്കയോ ദോഷം നിരൂപിക്കയോ ചെയ്തുപോയെങ്കിൽ കൈകൊണ്ടു വായ് പൊത്തിക്കൊൾക. പാൽ കടഞ്ഞാൽ വെണ്ണയുണ്ടാകും; മൂക്കു ഞെക്കിയാൽ ചോര വരും; കോപം ഇളക്കിയാൽ വഴക്കുണ്ടാകും.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 30 MALOVBSI

സദൃശവാക്യങ്ങൾ 30:18-33 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

മൂന്നു കാര്യങ്ങൾ എനിക്ക് വളരെ അദ്ഭുതകരമായി തോന്നുന്നു, എനിക്ക് അറിഞ്ഞുകൂടാത്ത നാലാമതൊന്നു കൂടിയുണ്ട്, ആകാശത്തു കഴുകന്റെ പാത, പാറയിലൂടെയുള്ള പാമ്പിന്റെ വഴി, സമുദ്രത്തിൽ കപ്പലിന്റെ ചാൽ, കന്യകയോടുള്ള പുരുഷന്റെ പെരുമാറ്റം. വ്യഭിചാരിണിയുടെ രീതിയും അങ്ങനെതന്നെ. അവൾ വിശപ്പടക്കി മുഖം തുടച്ചുകൊണ്ടു പറയുന്നു. ഞാൻ ഒരു ദോഷവും ചെയ്തിട്ടില്ല. മൂന്നു കാര്യങ്ങൾകൊണ്ടു ഭൂമി വിറയ്‍ക്കുന്നു; നാലാമതൊന്നു കൂടി അതിനു ദുസ്സഹമാണ്. രാജാവായി തീരുന്ന അടിമ; വയറു നിറയെ ഭക്ഷിച്ച ഭോഷൻ; യജമാനത്തിയുടെ സ്ഥാനം നേടിയ ദാസി; വിദ്വേഷമുള്ളവൾക്ക് ഭർത്താവിനെ ലഭിക്കുക. നാലു ജീവികൾ ഏറ്റവും ചെറുതെങ്കിലും അസാധാരണ ബുദ്ധി പ്രകടിപ്പിക്കുന്നു. ഉറുമ്പ് ദുർബല ജീവിയാണെങ്കിലും വേനൽക്കാലത്ത് ആഹാരം കരുതി വയ്‍ക്കുന്നു. കുഴിമുയലുകൾ കെല്പില്ലാത്ത ജീവികളെങ്കിലും പാറയിൽ പാർപ്പിടം ഉണ്ടാക്കുന്നു. വെട്ടുക്കിളിക്കു രാജാവില്ലെങ്കിലും അവ അണിയണിയായി നീങ്ങുന്നു. പല്ലിയെ നിങ്ങൾക്കു കൈയിലൊതുക്കാം എങ്കിലും രാജകൊട്ടാരങ്ങളിലും അവയെ കാണാൻ കഴിയുന്നു. പ്രൗഢിയോടെ നീങ്ങുന്ന മൂന്നെണ്ണം ഉണ്ട്; നടത്തത്തിൽ പ്രൗഢിയുള്ള നാലാമതൊന്നു കൂടിയുണ്ട്; മൃഗങ്ങളിൽ വച്ച് അതിശക്തനും യാതൊന്നിനെയും കൂസാത്തവനുമായ സിംഹം, നിവർന്നു തല ഉയർത്തി നടക്കുന്ന പൂവൻകോഴി, ആൺകോലാട്, പ്രജകളോടൊത്ത് എഴുന്നള്ളുന്ന രാജാവ്. നീ ആത്മപ്രശംസ ചെയ്തുകൊണ്ടു ഭോഷനായി വർത്തിക്കുകയോ, ദുരാലോചനയിൽ ഏർപ്പെടുകയോ ചെയ്യുന്നെങ്കിൽ നിശബ്ദനായിരിക്കുക. പാൽ കടഞ്ഞാൽ വെണ്ണ കിട്ടും; മൂക്കിനിടിച്ചാൽ ചോര വരും; കോപം ഇളക്കിവിട്ടാൽ കലഹം ഉണ്ടാകും.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 30 MALCLBSI

സദൃശവാക്യങ്ങൾ 30:18-33 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

എനിക്ക് അതിവിസ്മയമായി തോന്നുന്നത് മൂന്നുണ്ട്; എനിക്ക് അറിഞ്ഞുകൂടാത്തത് നാലുണ്ട്: ആകാശത്ത് കഴുകന്‍റെ വഴിയും പാറമേൽ സർപ്പത്തിന്‍റെ വഴിയും സമുദ്രമദ്ധ്യത്തിൽ കപ്പലിന്‍റെ വഴിയും കന്യകയോടുകൂടി പുരുഷന്‍റെ വഴിയും തന്നെ. വ്യഭിചാരിണിയുടെ വഴിയും അങ്ങനെ തന്നെ: അവൾ തിന്നു വായ് തുടച്ചിട്ട്, ‘ഞാൻ ഒരു ദോഷവും ചെയ്തിട്ടില്ല’ എന്നു പറയുന്നു. മൂന്നിന്‍റെ നിമിത്തം ഭൂമി വിറയ്ക്കുന്നു; നാലിന്‍റെ നിമിത്തം അതിന് സഹിച്ചുകൂടാ: ദാസൻ രാജാവായാൽ അവന്‍റെ നിമിത്തവും ഭോഷൻ തിന്ന് തൃപ്തനായാൽ അവന്‍റെ നിമിത്തവും വെറുക്കപ്പെട്ട സ്ത്രീയ്ക്കു വിവാഹം കഴിഞ്ഞാൽ അവളുടെ നിമിത്തവും ദാസി യജമാനത്തിയുടെ സ്ഥാനം പ്രാപിച്ചാൽ അവളുടെ നിമിത്തവും തന്നെ. ഭൂമിയിൽ എത്രയും ചെറിയവയെങ്കിലും അത്യന്തം ജ്ഞാനമുള്ളതു നാലുണ്ട്: ഉറുമ്പ് ബലഹീനജാതി എങ്കിലും അത് വേനല്ക്കാലത്ത് ആഹാരം സമ്പാദിച്ചു വയ്ക്കുന്നു. കുഴിമുയൽ ശക്തിയില്ലാത്ത ജാതി എങ്കിലും അത് പാറയിൽ പാർപ്പിടം ഉണ്ടാക്കുന്നു. വെട്ടുക്കിളിക്ക് രാജാവില്ല എങ്കിലും അതൊക്കെയും അണിയണിയായി പുറപ്പെടുന്നു. പല്ലിയെ കൈകൊണ്ട് പിടിക്കാം എങ്കിലും അവ രാജാക്കന്മാരുടെ അരമനകളിൽ പാർക്കുന്നു. ചന്തമായി നടകൊള്ളുന്നത് മൂന്നുണ്ട്; ചന്തമായി നടക്കുന്നത് നാലുണ്ട്: മൃഗങ്ങളിൽ ശക്തിയേറിയതും ഒന്നിനും വഴിമാറാത്തതുമായ സിംഹവും ഗര്‍വ്വോട് നടക്കുന്ന പൂവന്‍കോഴിയും കോലാട്ടുകൊറ്റനും സൈന്യസമേതനായ രാജാവും തന്നെ. നീ നിഗളിച്ച് ഭോഷത്തം പ്രവർത്തിക്കുകയോ ദോഷം നിരൂപിക്കുകയോ ചെയ്തുപോയെങ്കിൽ കൈകൊണ്ട് വായ് പൊത്തിക്കൊള്ളുക. പാല് കടഞ്ഞാൽ വെണ്ണയുണ്ടാകും; മൂക്കു ഞെക്കിയാൽ ചോര വരും; കോപം ഇളക്കിയാൽ വഴക്കുണ്ടാകും.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 30 IRVMAL

സദൃശവാക്യങ്ങൾ 30:18-33 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

എനിക്കു അതിവിസ്മയമായി തോന്നുന്നതു മൂന്നുണ്ടു; എനിക്കു അറിഞ്ഞുകൂടാത്തതു നാലുണ്ടു: ആകാശത്തു കഴുകന്റെ വഴിയും പാറമേൽ സർപ്പത്തിന്റെ വഴിയും സമുദ്രമദ്ധ്യേ കപ്പലിന്റെ വഴിയും കന്യകയോടുകൂടെ പുരുഷന്റെ വഴിയും തന്നേ. വ്യഭിചാരിണിയുടെ വഴിയും അങ്ങനെ തന്നേ: അവൾ തിന്നു വായ് തുടെച്ചിട്ടു ഞാൻ ഒരു ദോഷവും ചെയ്തിട്ടില്ലെന്നു പറയുന്നു. മൂന്നിന്റെ നിമിത്തം ഭൂമി വിറെക്കുന്നു; നാലിന്റെ നിമിത്തം അതിന്നു സഹിച്ചു കൂടാ: ദാസൻ രാജാവായാൽ അവന്റെ നിമിത്തവും ഭോഷൻ തിന്നു തൃപ്തനായാൽ അവന്റെ നിമിത്തവും വിലക്ഷണെക്കു വിവാഹം കഴിഞ്ഞാൽ അവളുടെ നിമിത്തവും ദാസി യജമാനത്തിയുടെ സ്ഥാനം പ്രാപിച്ചാൽ അവളുടെ നിമിത്തവും തന്നേ. ഭൂമിയിൽ എത്രയും ചെറിയവയെങ്കിലും അത്യന്തം ജ്ഞാനമുള്ളവയായിട്ടു നാലുണ്ടു: ഉറുമ്പു ബലഹീനജാതി എങ്കിലും അതു വേനല്ക്കാലത്തു ആഹാരം സമ്പാദിച്ചു വെക്കുന്നു. കുഴിമുയൽ ശക്തിയില്ലാത്ത ജാതി എങ്കിലും അതു പാറയിൽ പാർപ്പിടം ഉണ്ടാക്കുന്നു. വെട്ടുക്കിളിക്കു രാജാവില്ല എങ്കിലും അതൊക്കെയും അണിയണിയായി പുറപ്പെടുന്നു. പല്ലിയെ കൈകൊണ്ടു പിടിക്കാം എങ്കിലും അതു രാജാക്കന്മാരുടെ അരമനകളിൽ പാർക്കുന്നു. ചന്തമായി നടകൊള്ളുന്നതു മൂന്നുണ്ടു; ചന്തമായി നടക്കുന്നതു നാലുണ്ടു: മൃഗങ്ങളിൽവെച്ചു ശക്തിയേറിയതും ഒന്നിന്നും വഴിമാറാത്തതുമായ സിംഹവും നായാട്ടുനായും കോലാട്ടുകൊറ്റനും സൈന്യസമേതനായ രാജാവും തന്നേ. നീ നിഗളിച്ചു ഭോഷത്വം പ്രവർത്തിക്കയോ ദോഷം നിരൂപിക്കയോ ചെയ്തുപോയെങ്കിൽ കൈകൊണ്ടു വായ് പൊത്തിക്കൊൾക. പാൽ കടഞ്ഞാൽ വെണ്ണയുണ്ടാകും; മൂക്കു ഞെക്കിയാൽ ചോര വരും; കോപം ഇളക്കിയാൽ വഴക്കുണ്ടാകും.

സദൃശവാക്യങ്ങൾ 30:18-33 MCV (സമകാലിക മലയാളവിവർത്തനം)

“എന്നെ അത്യധികം വിസ്മയിപ്പിക്കുന്ന മൂന്നു കാര്യങ്ങളുണ്ട്, എനിക്കു മനസ്സിലാകാത്ത നാലുകാര്യങ്ങളുണ്ട്: ആകാശത്ത് കഴുകന്റെ വഴി, പാറയിൽക്കൂടെയുള്ള സർപ്പത്തിന്റെ വഴി, ആഴക്കടലിലൂടെയുള്ള കപ്പലിന്റെ സഞ്ചാരപഥം, ഒരു പുരുഷൻ ഒരു യുവതിയോട് അടുക്കുന്നവിധം എന്നിവതന്നെ. “ഒരു വ്യഭിചാരിണിയുടെ വഴി ഇപ്രകാരമാണ്: അവൾ തിന്നുകയും വായ് കഴുകുകയും ചെയ്തിട്ട്, ‘ഞാൻ ഒരുതെറ്റും ചെയ്തിട്ടില്ല’ എന്നു പറയുന്നു. “മൂന്നു കാര്യങ്ങളാൽ ഭൂമി വിറയ്ക്കുന്നു, അതിനു സഹിച്ചുകൂടാത്ത നാലുകാര്യങ്ങളുണ്ട്: സേവകരിലൊരാൾ രാജാവാകുക, സമൃദ്ധമായി ഭക്ഷണം ലഭിക്കുന്ന ഭോഷർ, നികൃഷ്ടയായ സ്ത്രീ വിവാഹിതയാകുന്നത്, യജമാനത്തിയെ സ്ഥാനഭ്രഷ്ടയാക്കുന്ന ദാസി എന്നിവതന്നെ. “ഭൂമിയിലുള്ള നാലു കാര്യങ്ങൾ ചെറുതാണ്, എന്നിട്ടും അവയ്ക്ക് അസാമാന്യ ബുദ്ധിയുണ്ട്: ശക്തിയൊട്ടും ഇല്ലാത്ത ജീവികളാണ് ഉറുമ്പുകൾ, എന്നിരുന്നാലും അവ വേനൽക്കാലത്ത് തങ്ങൾക്കുള്ള ആഹാരം സംഭരിക്കുന്നു; അശക്തരായ ജീവികളാണ് കുഴിമുയൽ, എന്നാലും കിഴുക്കാംതൂക്കായ പാറയിൽ അവ മാളമൊരുക്കുന്നു; വെട്ടുക്കിളികൾക്കു രാജാവില്ല, എന്നിട്ടും അവ അണിയണിയായി മുന്നേറുന്നു; ഒരു പല്ലിയെ കൈകൊണ്ടു പിടിക്കാം, എങ്കിലും അവ രാജകൊട്ടാരങ്ങളിൽ കാണപ്പെടുന്നു. “നടപ്പിൽ പ്രൗഢിയുള്ള മൂന്നു കൂട്ടരുണ്ട്, നാലു കൂട്ടർ ഗാംഭീര്യത്തോടെ മുന്നേറുന്നു: യാതൊന്നിൽനിന്നും പിന്നാക്കംപോകാത്തവനായ വന്യമൃഗങ്ങളിൽ ശക്തനായ സിംഹം, അഹന്തയോടെ നടക്കുന്ന പൂങ്കോഴി, കോലാട്ടുകൊറ്റൻ, സൈന്യശക്തിയിൽ സുരക്ഷിതനായ രാജാവ് എന്നിവർതന്നെ. “നിങ്ങൾ സ്വയം പുകഴ്ത്തി മടയത്തരം കാട്ടുകയോ ദുരാലോചന പദ്ധതിയിടുകയോ ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങളുടെ വായ് പൊത്തിക്കൊൾക! പാൽ കടഞ്ഞാൽ വെണ്ണയുണ്ടാകുന്നു, മൂക്ക് പിടിച്ചുതിരിച്ചാൽ ചോരയൊഴുകുന്നു, അതുപോലെ കോപം ഇളക്കിയാൽ സംഘട്ടനം ഉണ്ടാകുന്നു.”

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 30 MCV