THUFINGTE 30:18-33
THUFINGTE 30:18-33 MALCLBSI
മൂന്നു കാര്യങ്ങൾ എനിക്ക് വളരെ അദ്ഭുതകരമായി തോന്നുന്നു, എനിക്ക് അറിഞ്ഞുകൂടാത്ത നാലാമതൊന്നു കൂടിയുണ്ട്, ആകാശത്തു കഴുകന്റെ പാത, പാറയിലൂടെയുള്ള പാമ്പിന്റെ വഴി, സമുദ്രത്തിൽ കപ്പലിന്റെ ചാൽ, കന്യകയോടുള്ള പുരുഷന്റെ പെരുമാറ്റം. വ്യഭിചാരിണിയുടെ രീതിയും അങ്ങനെതന്നെ. അവൾ വിശപ്പടക്കി മുഖം തുടച്ചുകൊണ്ടു പറയുന്നു. ഞാൻ ഒരു ദോഷവും ചെയ്തിട്ടില്ല. മൂന്നു കാര്യങ്ങൾകൊണ്ടു ഭൂമി വിറയ്‍ക്കുന്നു; നാലാമതൊന്നു കൂടി അതിനു ദുസ്സഹമാണ്. രാജാവായി തീരുന്ന അടിമ; വയറു നിറയെ ഭക്ഷിച്ച ഭോഷൻ; യജമാനത്തിയുടെ സ്ഥാനം നേടിയ ദാസി; വിദ്വേഷമുള്ളവൾക്ക് ഭർത്താവിനെ ലഭിക്കുക. നാലു ജീവികൾ ഏറ്റവും ചെറുതെങ്കിലും അസാധാരണ ബുദ്ധി പ്രകടിപ്പിക്കുന്നു. ഉറുമ്പ് ദുർബല ജീവിയാണെങ്കിലും വേനൽക്കാലത്ത് ആഹാരം കരുതി വയ്‍ക്കുന്നു. കുഴിമുയലുകൾ കെല്പില്ലാത്ത ജീവികളെങ്കിലും പാറയിൽ പാർപ്പിടം ഉണ്ടാക്കുന്നു. വെട്ടുക്കിളിക്കു രാജാവില്ലെങ്കിലും അവ അണിയണിയായി നീങ്ങുന്നു. പല്ലിയെ നിങ്ങൾക്കു കൈയിലൊതുക്കാം എങ്കിലും രാജകൊട്ടാരങ്ങളിലും അവയെ കാണാൻ കഴിയുന്നു. പ്രൗഢിയോടെ നീങ്ങുന്ന മൂന്നെണ്ണം ഉണ്ട്; നടത്തത്തിൽ പ്രൗഢിയുള്ള നാലാമതൊന്നു കൂടിയുണ്ട്; മൃഗങ്ങളിൽ വച്ച് അതിശക്തനും യാതൊന്നിനെയും കൂസാത്തവനുമായ സിംഹം, നിവർന്നു തല ഉയർത്തി നടക്കുന്ന പൂവൻകോഴി, ആൺകോലാട്, പ്രജകളോടൊത്ത് എഴുന്നള്ളുന്ന രാജാവ്. നീ ആത്മപ്രശംസ ചെയ്തുകൊണ്ടു ഭോഷനായി വർത്തിക്കുകയോ, ദുരാലോചനയിൽ ഏർപ്പെടുകയോ ചെയ്യുന്നെങ്കിൽ നിശബ്ദനായിരിക്കുക. പാൽ കടഞ്ഞാൽ വെണ്ണ കിട്ടും; മൂക്കിനിടിച്ചാൽ ചോര വരും; കോപം ഇളക്കിവിട്ടാൽ കലഹം ഉണ്ടാകും.

