സദൃശവാക്യങ്ങൾ 29:10-18

സദൃശവാക്യങ്ങൾ 29:10-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

രക്തപാതകന്മാർ നിഷ്കളങ്കനെ ദ്വേഷിക്കുന്നു; നേരുള്ളവരോ അവന്റെ പ്രാണരക്ഷ അന്വേഷിക്കുന്നു. മൂഢൻ തന്റെ കോപത്തെ മുഴുവനും വെളിപ്പെടുത്തുന്നു; ജ്ഞാനിയോ അതിനെ അടക്കി ശമിപ്പിക്കുന്നു. അധിപതി നുണ കേൾപ്പാൻ തുടങ്ങിയാൽ അവന്റെ ഭൃത്യന്മാരൊക്കെയും ദുഷ്ടന്മാരാകും. ദരിദ്രനും പീഡകനും തമ്മിൽ എതിർപെടുന്നു; ഇരുവരുടെയും കണ്ണ് യഹോവ പ്രകാശിപ്പിക്കുന്നു. അഗതികൾക്കു വിശ്വസ്തതയോടെ ന്യായപാലനം ചെയ്യുന്ന രാജാവിന്റെ സിംഹാസനം എന്നേക്കും സ്ഥിരമായിരിക്കും. വടിയും ശാസനയും ജ്ഞാനത്തെ നല്കുന്നു; തന്നിഷ്ടത്തിനു വിട്ടിരുന്ന ബാലനോ അമ്മയ്ക്കു ലജ്ജ വരുത്തുന്നു. ദുഷ്ടന്മാർ പെരുകുമ്പോൾ അതിക്രമം പെരുകുന്നു; നീതിമാന്മാരോ അവരുടെ വീഴ്ച കാണും. നിന്റെ മകനെ ശിക്ഷിക്ക; അവൻ നിനക്ക് ആശ്വാസമായിത്തീരും; അവൻ നിന്റെ മനസ്സിനു പ്രമോദം വരുത്തും. വെളിപ്പാട് ഇല്ലാത്തേടത്ത് ജനം മര്യാദവിട്ടു നടക്കുന്നു; ന്യായപ്രമാണം കാത്തുകൊള്ളുന്നവനോ ഭാഗ്യവാൻ.

സദൃശവാക്യങ്ങൾ 29:10-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

രക്തദാഹികൾ നിഷ്കളങ്കനെ വെറുക്കുന്നു. നിർദ്ദോഷി അവരുടെ ജീവൻ രക്ഷിക്കുന്നു. മൂഢൻ തന്റെ കോപം മുഴുവൻ വെളിപ്പെടുത്തുന്നു; ജ്ഞാനിയോ ക്ഷമയോടെ അതിനെ അടക്കിവയ്‍ക്കുന്നു. ഭരണാധികാരി വ്യാജത്തിനു ചെവി കൊടുത്താൽ അയാളുടെ സേവകന്മാരെല്ലാം ദുഷ്ടന്മാരായിത്തീരും. ദരിദ്രനും മർദകനും ഒരു കാര്യത്തിൽ യോജിപ്പുണ്ട്; ഇരുവർക്കും കണ്ണിന് കാഴ്ച നല്‌കുന്നതു സർവേശ്വരനാണ്. ദരിദ്രർക്കു സത്യസന്ധതയോടെ നീതി നടത്തിക്കൊടുക്കുന്ന രാജാവിന്റെ സിംഹാസനം സുസ്ഥിരമായിരിക്കും. അടിയും ശാസനയും ജ്ഞാനം പകർത്തുന്നു; തന്നിഷ്ടത്തിന് വിട്ടിരിക്കുന്ന ബാലൻ മാതാവിനു അപമാനം വരുത്തും. ദുഷ്ടന്മാർ അധികാരത്തിൽ വരുമ്പോൾ അതിക്രമം വർധിക്കും; അവരുടെ പതനം നീതിമാന്മാർ കാണും. നിന്റെ മകനു ശിക്ഷണം നല്‌കുക; അവൻ നിനക്ക് ആശ്വാസവും സന്തോഷവും നല്‌കും. ദർശനമില്ലാത്ത ജനം നിയന്ത്രണം വെടിയുന്നു; ധർമശാസനം അനുസരിക്കുന്നവർ അനുഗൃഹീതരാകും.

സദൃശവാക്യങ്ങൾ 29:10-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

രക്തപാതകന്മാർ നിഷ്ക്കളങ്കനെ ദ്വേഷിക്കുന്നു; നേരുള്ളവരോ അവന്‍റെ പ്രാണരക്ഷ അന്വേഷിക്കുന്നു. മൂഢൻ തന്‍റെ കോപം മുഴുവനും വെളിപ്പെടുത്തുന്നു; ജ്ഞാനി അതിനെ അടക്കി ശമിപ്പിക്കുന്നു. അധിപതി നുണ കേൾക്കുവാൻ തുടങ്ങിയാൽ അവന്‍റെ ഭൃത്യന്മാരെല്ലാവരും ദുഷ്ടന്മാരാകും. ദരിദ്രനും പീഡകനും തമ്മിൽ എതിർപെടുന്നു; ഇരുവരുടെയും കണ്ണ് യഹോവ പ്രകാശിപ്പിക്കുന്നു. അഗതികൾക്ക് വിശ്വസ്തതയോടെ ന്യായപാലനം ചെയ്യുന്ന രാജാവിന്‍റെ സിംഹാസനം എന്നേക്കും സ്ഥിരമായിരിക്കും. വടിയും ശാസനയും ജ്ഞാനം നല്കുന്നു; തന്നിഷ്ടത്തിനു വിട്ടിരിക്കുന്ന ബാലൻ അമ്മയ്ക്ക് ലജ്ജ വരുത്തുന്നു. ദുഷ്ടന്മാർ പെരുകുമ്പോൾ അതിക്രമം പെരുകുന്നു; നീതിമാന്മാർ അവരുടെ വീഴ്ച കാണും. നിന്‍റെ മകനെ ശിക്ഷിക്കുക; അവൻ നിനക്കു ആശ്വാസമായിത്തീരും; അവൻ നിന്‍റെ മനസ്സിന് പ്രമോദം വരുത്തും. വെളിപ്പാട് ഇല്ലാത്തിടത്ത് ജനം മര്യാദവിട്ടു നടക്കുന്നു; ന്യായപ്രമാണം കാത്തുകൊള്ളുന്നവനോ ഭാഗ്യവാൻ.

സദൃശവാക്യങ്ങൾ 29:10-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

രക്തപാതകന്മാർ നിഷ്കളങ്കനെ ദ്വേഷിക്കുന്നു; നേരുള്ളവരോ അവന്റെ പ്രാണരക്ഷ അന്വേഷിക്കുന്നു. മൂഢൻ തന്റെ കോപത്തെ മുഴുവനും വെളിപ്പെടുത്തുന്നു; ജ്ഞാനിയോ അതിനെ അടക്കി ശമിപ്പിക്കുന്നു. അധിപതി നുണ കേൾപ്പാൻ തുടങ്ങിയാൽ അവന്റെ ഭൃത്യന്മാരൊക്കെയും ദുഷ്ടന്മാരാകും. ദരിദ്രനും പീഡകനും തമ്മിൽ എതിർപെടുന്നു; ഇരുവരുടെയും കണ്ണു യഹോവ പ്രകാശിപ്പിക്കുന്നു. അഗതികൾക്കു വിശ്വസ്തതയോടെ ന്യായപാലനം ചെയ്യുന്ന രാജാവിന്റെ സിംഹാസനം എന്നേക്കും സ്ഥിരമായിരിക്കും. വടിയും ശാസനയും ജ്ഞാനത്തെ നല്കുന്നു; തന്നിഷ്ടത്തിന്നു വിട്ടിരുന്ന ബാലനോ അമ്മെക്കു ലജ്ജ വരുത്തുന്നു. ദുഷ്ടന്മാർ പെരുകുമ്പോൾ അതിക്രമം പെരുകുന്നു; നീതിമാന്മാരോ അവരുടെ വീഴ്ച കാണും. നിന്റെ മകനെ ശിക്ഷിക്ക; അവൻ നിനക്കു ആശ്വാസമായ്തീരും; അവൻ നിന്റെ മനസ്സിന്നു പ്രമോദംവരുത്തും. വെളിപ്പാടു ഇല്ലാത്തെടത്തു ജനം മര്യാദവിട്ടു നടക്കുന്നു; ന്യായപ്രമാണം കാത്തുകൊള്ളുന്നവനോ ഭാഗ്യവാൻ.

സദൃശവാക്യങ്ങൾ 29:10-18 സമകാലിക മലയാളവിവർത്തനം (MCV)

രക്തദാഹികൾ സത്യസന്ധരെ വെറുക്കുകയും നീതിനിഷ്ഠരുടെ പ്രാണനെടുക്കാൻ പരതുകയുംചെയ്യുന്നു. ഭോഷർ തങ്ങളുടെ കോപംമുഴുവനും പുറത്തേക്കെടുക്കുന്നു, എന്നാൽ ജ്ഞാനി അതു ശാന്തതയോടെ നിയന്ത്രിക്കുന്നു. ഒരു ഭരണാധികാരി വ്യാജംകേൾക്കാൻ തുനിഞ്ഞാൻ അദ്ദേഹത്തിന്റെ എല്ലാ ഉദ്യോഗസ്ഥരും നീചവൃത്തിക്കാരാകും. ദരിദ്രർക്കും പീഡകർക്കും പൊതുവായി ഇതൊന്നുമാത്രം: യഹോവ ഇരുകൂട്ടരുടെയും കണ്ണുകൾക്കു കാഴ്ചനൽകുന്നു. രാജാവ് അഗതികൾക്കു നീതിയോടെ ന്യായപാലനംചെയ്താൽ, അവിടത്തെ സിംഹാസനം എന്നേക്കും സുസ്ഥിരമായിരിക്കും. വടിയും കർക്കശമായ താക്കീതും ജ്ഞാനംനൽകുന്നു, ശിക്ഷണംലഭിക്കാതെ ജീവിക്കുന്ന സന്തതി തന്റെ മാതാവിന് അപമാനംവരുത്തുന്നു. ദുഷ്ടർ വർധിക്കുമ്പോൾ, പാപവും വർധിക്കുന്നു, എന്നാൽ നീതിനിഷ്ഠർ അവരുടെ തകർച്ച കാണും. നിങ്ങളുടെ കുഞ്ഞുങ്ങളെ ശിക്ഷണത്തിൽ വളർത്തുക, അവർ നിങ്ങൾക്കു സ്വസ്ഥതനൽകും; നിങ്ങൾ ആഗ്രഹിക്കുന്ന ആനന്ദംനൽകും. ദൈവിക നിർദേശങ്ങൾ ഇല്ലാത്തിടത്ത്, ജനം നിയന്ത്രണരഹിതരായി ജീവിക്കുന്നു; എന്നാൽ ന്യായപ്രമാണം പാലിക്കുന്നവർ അനുഗൃഹീതർ.