സദൃ. 29:10-18

സദൃ. 29:10-18 IRVMAL

രക്തപാതകന്മാർ നിഷ്ക്കളങ്കനെ ദ്വേഷിക്കുന്നു; നേരുള്ളവരോ അവന്‍റെ പ്രാണരക്ഷ അന്വേഷിക്കുന്നു. മൂഢൻ തന്‍റെ കോപം മുഴുവനും വെളിപ്പെടുത്തുന്നു; ജ്ഞാനി അതിനെ അടക്കി ശമിപ്പിക്കുന്നു. അധിപതി നുണ കേൾക്കുവാൻ തുടങ്ങിയാൽ അവന്‍റെ ഭൃത്യന്മാരെല്ലാവരും ദുഷ്ടന്മാരാകും. ദരിദ്രനും പീഡകനും തമ്മിൽ എതിർപെടുന്നു; ഇരുവരുടെയും കണ്ണ് യഹോവ പ്രകാശിപ്പിക്കുന്നു. അഗതികൾക്ക് വിശ്വസ്തതയോടെ ന്യായപാലനം ചെയ്യുന്ന രാജാവിന്‍റെ സിംഹാസനം എന്നേക്കും സ്ഥിരമായിരിക്കും. വടിയും ശാസനയും ജ്ഞാനം നല്കുന്നു; തന്നിഷ്ടത്തിനു വിട്ടിരിക്കുന്ന ബാലൻ അമ്മയ്ക്ക് ലജ്ജ വരുത്തുന്നു. ദുഷ്ടന്മാർ പെരുകുമ്പോൾ അതിക്രമം പെരുകുന്നു; നീതിമാന്മാർ അവരുടെ വീഴ്ച കാണും. നിന്‍റെ മകനെ ശിക്ഷിക്കുക; അവൻ നിനക്കു ആശ്വാസമായിത്തീരും; അവൻ നിന്‍റെ മനസ്സിന് പ്രമോദം വരുത്തും. വെളിപ്പാട് ഇല്ലാത്തിടത്ത് ജനം മര്യാദവിട്ടു നടക്കുന്നു; ന്യായപ്രമാണം കാത്തുകൊള്ളുന്നവനോ ഭാഗ്യവാൻ.