സദൃശവാക്യങ്ങൾ 1:20-33

സദൃശവാക്യങ്ങൾ 1:20-33 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ജ്ഞാനമായവൾ വീഥിയിൽ ഘോഷിക്കുന്നു; വിശാലസ്ഥലത്ത് സ്വരം കേൾപ്പിക്കുന്നു. അവൾ ആരവമുള്ള തെരുക്കളുടെ തലയ്ക്കൽനിന്നു വിളിക്കുന്നു; നഗരദ്വാരങ്ങളിലും നഗരത്തിനകത്തും പ്രസ്താവിക്കുന്നത്: ബുദ്ധിഹീനരേ, നിങ്ങൾ ബുദ്ധിഹീനതയിൽ രസിക്കയും പരിഹാസികളേ, നിങ്ങൾ പരിഹാസത്തിൽ സന്തോഷിക്കയും ഭോഷന്മാരേ, നിങ്ങൾ പരിജ്ഞാനത്തെ വെറുക്കയും ചെയ്യുന്നത് എത്രത്തോളം? എന്റെ ശാസനയ്ക്കു തിരിഞ്ഞുകൊൾവിൻ; ഞാൻ എന്റെ മനസ്സ് നിങ്ങൾക്കു പൊഴിച്ചുതരും; എന്റെ വചനങ്ങൾ നിങ്ങളെ അറിയിക്കും. ഞാൻ വിളിച്ചിട്ട് നിങ്ങൾ ശ്രദ്ധിക്കാതെയും ഞാൻ കൈ നീട്ടിയിട്ട് ആരും കൂട്ടാക്കാതെയും നിങ്ങൾ എന്റെ ആലോചനയൊക്കെയും ത്യജിച്ചുകളകയും എന്റെ ശാസനയെ ഒട്ടും അനുസരിക്കാതിരിക്കയും ചെയ്തതുകൊണ്ട് ഞാനും നിങ്ങളുടെ അനർഥദിവസത്തിൽ ചിരിക്കും; നിങ്ങൾ ഭയപ്പെടുന്നത് നിങ്ങൾക്കു ഭവിക്കുമ്പോൾ പരിഹസിക്കും. നിങ്ങൾ ഭയപ്പെടുന്നത് നിങ്ങൾക്കു കൊടുങ്കാറ്റുപോലെയും നിങ്ങളുടെ ആപത്ത് ചുഴലിക്കാറ്റു പോലെയും വരുമ്പോൾ, കഷ്ടവും സങ്കടവും നിങ്ങൾക്കു വരുമ്പോൾ തന്നെ. അപ്പോൾ അവർ എന്നെ വിളിക്കും; ഞാൻ ഉത്തരം പറകയില്ല. എന്നെ ജാഗ്രതയോടെ അന്വേഷിക്കും; കണ്ടെത്തുകയുമില്ല. അവർ പരിജ്ഞാനത്തെ വെറുത്തല്ലോ; യഹോവാഭക്തിയെ തിരഞ്ഞെടുത്തതുമില്ല. അവർ എന്റെ ആലോചന അനുസരിക്കാതെ എന്റെ ശാസനയൊക്കെയും നിരസിച്ചുകളഞ്ഞതുകൊണ്ട് അവർ സ്വന്തവഴിയുടെ ഫലം അനുഭവിക്കയും തങ്ങളുടെ ആലോചനകളാൽ തൃപ്തി പ്രാപിക്കയും ചെയ്യും. ബുദ്ധിഹീനരുടെ പിൻമാറ്റം അവരെ കൊല്ലും; ഭോഷന്മാരുടെ നിശ്ചിന്ത അവരെ നശിപ്പിക്കും. എന്റെ വാക്ക് കേൾക്കുന്നവനോ നിർഭയം വസിക്കയും ദോഷഭയം കൂടാതെ സ്വൈരമായിരിക്കയും ചെയ്യും.

സദൃശവാക്യങ്ങൾ 1:20-33 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ജ്ഞാനം തെരുവീഥിയിൽനിന്ന് ഉച്ചത്തിൽ ഘോഷിക്കുന്നു; ചന്തസ്ഥലങ്ങളിൽ അവൾ തന്റെ ശബ്ദം കേൾപ്പിക്കുന്നു; മതിലുകളുടെ മുകളിൽ നിന്നുകൊണ്ട് അവൾ ഉദ്ഘോഷിക്കുന്നു. നഗരകവാടങ്ങളിൽനിന്ന് അവൾ പ്രസ്താവിക്കുന്നു. അവിവേകികളേ, എത്രകാലം നിങ്ങൾ അവിവേകം വച്ചു പുലർത്തും? പരിഹാസികൾ എത്രകാലം തങ്ങളുടെ പരിഹാസത്തിൽ രസിക്കും? ഭോഷന്മാരേ, എത്രകാലം നിങ്ങൾ ജ്ഞാനത്തെ വെറുക്കും? എന്റെ ശാസനം ശ്രദ്ധിക്കുക; ഇതാ, ഞാൻ എന്റെ ചിന്തകൾ നിങ്ങൾക്കു പകർന്നുതരുന്നു; എന്റെ വചനങ്ങൾ നിങ്ങൾക്കു ഞാൻ വെളിവാക്കിത്തരുന്നു. ഞാൻ വിളിച്ചിട്ടു നിങ്ങൾ ശ്രദ്ധിച്ചില്ലല്ലോ? ഞാൻ കൈ നീട്ടിയെങ്കിലും ആരും കൂട്ടാക്കിയില്ലല്ലോ? എന്റെ സകല ആലോചനകളും നിങ്ങൾ അവഗണിച്ചു; എന്റെ ശാസനകളെ നിരാകരിച്ചു. അതുകൊണ്ട് നിങ്ങളുടെ അനർഥത്തിൽ ഞാൻ ആഹ്ലാദിക്കും; നിങ്ങൾ സംഭീതരാകുമ്പോൾ ഞാൻ നിങ്ങളെ പരിഹസിക്കും; നിങ്ങളെ കൊടുംഭീതി കൊടുങ്കാറ്റുപോലെയും അനർഥം ചുഴലിക്കാറ്റുപോലെയും ആഞ്ഞടിച്ച് നിങ്ങൾക്ക് കഷ്ടതയും കഠിനവേദനയും ഉണ്ടാകുമ്പോൾ ഞാൻ നിങ്ങളെ പരിഹസിക്കും. അപ്പോൾ നിങ്ങൾ എന്നെ വിളിക്കും; ഞാൻ ഉത്തരം നല്‌കുകയില്ല. നിങ്ങൾ ജാഗ്രതയോടെ എന്നെ അന്വേഷിക്കും; കണ്ടെത്തുകയുമില്ല. നിങ്ങൾ ജ്ഞാനത്തെ വെറുത്തു; ദൈവഭക്തി തള്ളിക്കളഞ്ഞു. നിങ്ങൾ എന്റെ ഉപദേശം വകവച്ചില്ല എന്റെ ശാസന നിരസിച്ചു, സ്വന്തം പ്രവൃത്തികളുടെ ഫലം നിങ്ങൾ അനുഭവിക്കും. നിങ്ങളുടെ ഉപായങ്ങളിൽ നിങ്ങൾക്ക് മടുപ്പുതോന്നും. എന്നെ ഉപേക്ഷിച്ചതുമൂലം അവിവേകികൾ കൊല്ലപ്പെടും. ഭോഷന്മാരുടെ അലംഭാവം അവരെ നശിപ്പിക്കും. എന്നാൽ എന്റെ വാക്കു ശ്രദ്ധിക്കുന്നവൻ സുരക്ഷിതനായി വസിക്കും. അനർഥഭയം കൂടാതെ അവൻ സ്വൈരമായിരിക്കും.

സദൃശവാക്യങ്ങൾ 1:20-33 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ജ്ഞാനം വീഥിയിൽ ഘോഷിക്കുന്നു; അവൾ വിശാലസ്ഥലത്ത് സ്വരം കേൾപ്പിക്കുന്നു. അവൾ ആരവമുള്ള തെരുക്കളുടെ തലയ്ക്കൽനിന്ന് വിളിക്കുന്നു; നഗരകവാടങ്ങളിലും നഗരത്തിനകത്തും പ്രസ്താവിക്കുന്നത്: “ബുദ്ധിഹീനരേ, നിങ്ങൾ ബുദ്ധീഹിനതയിൽ രസിക്കുകയും പരിഹാസികളേ, നിങ്ങൾ പരിഹാസത്തിൽ സന്തോഷിക്കുകയും ഭോഷന്മാരേ, നിങ്ങൾ പരിജ്ഞാനത്തെ വെറുക്കുകയും ചെയ്യുന്നത് എത്രത്തോളം? എന്‍റെ ശാസനയ്ക്ക് തിരിഞ്ഞുകൊള്ളുവിൻ; ഞാൻ എന്‍റെ മനസ്സ് നിങ്ങൾക്ക് പകർന്നുതരും; എന്‍റെ വചനങ്ങൾ നിങ്ങളെ അറിയിക്കും. ”ഞാൻ വിളിച്ചിട്ട് നിങ്ങൾ ശ്രദ്ധിക്കാതെയും ഞാൻ കൈ നീട്ടിയിട്ട് ആരും കൂട്ടാക്കാതെയും നിങ്ങൾ എന്‍റെ ആലോചന എല്ലാം ത്യജിച്ചുകളയുകയും എന്‍റെ ശാസനയെ ഒട്ടും അനുസരിക്കാതിരിക്കുകയും ചെയ്തതുകൊണ്ട് ഞാനും നിങ്ങളുടെ അനർത്ഥദിവസത്തിൽ ചിരിക്കും; നിങ്ങൾ ഭയപ്പെടുന്നത് നിങ്ങൾക്ക് ഭവിക്കുമ്പോൾ പരിഹസിക്കും. നിങ്ങൾ ഭയപ്പെടുന്നത് നിങ്ങൾക്ക് കൊടുങ്കാറ്റുപോലെയും നിങ്ങളുടെ ആപത്ത് ചുഴലിക്കാറ്റുപോലെയും വരുമ്പോൾ, കഷ്ടവും സങ്കടവും നിങ്ങൾക്ക് വരുമ്പോൾ തന്നെ. ”അപ്പോൾ അവർ എന്നെ വിളിക്കും; ഞാൻ ഉത്തരം പറയുകയില്ല. എന്നെ ജാഗ്രതയോടെ അന്വേഷിക്കും; കണ്ടെത്തുകയുമില്ല. അവർ പരിജ്ഞാനത്തെ വെറുത്തുവല്ലോ; യഹോവാഭക്തിയെ തിരഞ്ഞെടുത്തതുമില്ല. അവർ എന്‍റെ ആലോചന അനുസരിക്കാതെ എന്‍റെ ശാസന എല്ലാം നിരസിച്ച് കളഞ്ഞതുകൊണ്ട് അവർ സ്വന്തവഴിയുടെ ഫലം അനുഭവിക്കുകയും അവരുടെ ആലോചനകളാൽ തൃപ്തി പ്രാപിക്കുകയും ചെയ്യും. ബുദ്ധിഹീനരുടെ പിന്മാറ്റം അവരെ കൊല്ലും; ഭോഷന്മാരുടെ അലസത അവരെ നശിപ്പിക്കും. എന്‍റെ വാക്ക് കേൾക്കുന്നവനോ നിർഭയം വസിക്കുകയും ദോഷഭയം കൂടാതെ സ്വൈരമായിരിക്കുകയും ചെയ്യും.”

സദൃശവാക്യങ്ങൾ 1:20-33 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ജ്ഞാനമായവൾ വീഥിയിൽ ഘോഷിക്കുന്നു; വിശാലസ്ഥലത്തു സ്വരം കേൾപ്പിക്കുന്നു. അവൾ ആരവമുള്ള തെരുക്കളുടെ തലെക്കൽനിന്നു വിളിക്കുന്നു; നഗരദ്വാരങ്ങളിലും നഗരത്തിന്നകത്തും പ്രസ്താവിക്കുന്നതു: ബുദ്ധിഹീനരേ, നിങ്ങൾ ബുദ്ധീഹിനതയിൽ രസിക്കയും പരിഹാസികളേ, നിങ്ങൾ പരിഹാസത്തിൽ സന്തോഷിക്കയും ഭോഷന്മാരേ, നിങ്ങൾ പരിജ്ഞാനത്തെ വെറുക്കയും ചെയ്യുന്നതു എത്രത്തോളം? എന്റെ ശാസനെക്കു തിരിഞ്ഞുകൊൾവിൻ; ഞാൻ എന്റെ മനസ്സു നിങ്ങൾക്കു പൊഴിച്ചു തരും; എന്റെ വചനങ്ങൾ നിങ്ങളെ അറിയിക്കും. ഞാൻ വിളിച്ചിട്ടു നിങ്ങൾ ശ്രദ്ധിക്കാതെയും ഞാൻ കൈ നീട്ടീട്ടു ആരും കൂട്ടാക്കാതെയും നിങ്ങൾ എന്റെ ആലോചന ഒക്കെയും ത്യജിച്ചുകളകയും എന്റെ ശാസനയെ ഒട്ടും അനുസരിക്കാതിരിക്കയും ചെയ്തതുകൊണ്ടു ഞാനും നിങ്ങളുടെ അനർത്ഥദിവസത്തിൽ ചിരിക്കും; നിങ്ങൾ ഭയപ്പെടുന്നതു നിങ്ങൾക്കു ഭവിക്കുമ്പോൾ പരിഹസിക്കും. നിങ്ങൾ ഭയപ്പെടുന്നതു നിങ്ങൾക്കു കൊടുങ്കാറ്റുപോലെയും നിങ്ങളുടെ ആപത്തു ചുഴലിക്കാറ്റുപോലെയും വരുമ്പോൾ, കഷ്ടവും സങ്കടവും നിങ്ങൾക്കു വരുമ്പോൾ തന്നേ. അപ്പോൾ അവർ എന്നെ വിളിക്കും; ഞാൻ ഉത്തരം പറകയില്ല. എന്നെ ജാഗ്രതയോടെ അന്വേഷിക്കും; കണ്ടെത്തുകയുമില്ല. അവർ പരിജ്ഞാനത്തെ വെറുത്തല്ലോ; യഹോവാഭക്തിയെ തിരഞ്ഞെടുത്തതുമില്ല. അവർ എന്റെ ആലോചന അനുസരിക്കാതെ എന്റെ ശാസന ഒക്കെയും നിരസിച്ചു കളഞ്ഞതുകൊണ്ടു അവർ സ്വന്തവഴിയുടെ ഫലം അനുഭവിക്കയും തങ്ങളുടെ ആലോചനകളാൽ തൃപ്തി പ്രാപിക്കയും ചെയ്യും. ബുദ്ധിഹീനരുടെ പിന്മാറ്റം അവരെ കൊല്ലും; ഭോഷന്മാരുടെ നിശ്ചിന്ത അവരെ നശിപ്പിക്കും. എന്റെ വാക്കു കേൾക്കുന്നവനോ നിർഭയം വസിക്കയും ദോഷഭയം കൂടാതെ സ്വൈരമായിരിക്കയും ചെയ്യും.

സദൃശവാക്യങ്ങൾ 1:20-33 സമകാലിക മലയാളവിവർത്തനം (MCV)

തെരുവോരങ്ങളിൽനിന്നു ജ്ഞാനം ഉദ്ഘോഷിക്കുന്നു, ചത്വരങ്ങളിൽനിന്ന് അവൾ ശബ്ദമുയർത്തുന്നു; ശബ്ദമുഖരിതമായ തെരുക്കോണിൽനിന്ന് അവൾ ഉറക്കെ വിളിച്ചുപറയുന്നു, നഗരകവാടത്തിൽ അവൾ പ്രഭാഷണം നടത്തുന്നു: “ലളിതമാനസരേ, എത്രനാൾ നിങ്ങൾ നിങ്ങളുടെ മൂഢതയിൽ അഭിരമിക്കും? പരിഹാസികളേ, എത്രനാൾ നിങ്ങൾ നിങ്ങളുടെ പരിഹാസത്തിൽ രസിക്കും? ഭോഷരേ, എത്രനാൾ നിങ്ങൾ പരിജ്ഞാനത്തെ വെറുക്കും? എന്റെ ശാസനകേട്ട് അനുതപിക്കുക. അപ്പോൾ എന്റെ ഹൃദയം ഞാൻ നിങ്ങളുമായി പങ്കുവെക്കും, എന്റെ ഉപദേശങ്ങൾ ഞാൻ നിങ്ങളെ അറിയിക്കും. എന്നാൽ ഞാൻ നിങ്ങളെ വിളിച്ചപ്പോൾ നിങ്ങൾ വന്നില്ല; സഹായവാഗ്ദാനവുമായി ഞാൻ നിങ്ങളെ സമീപിച്ചു; ആരും ഗൗനിച്ചതുമില്ല. എന്റെ ഉപദേശങ്ങളെല്ലാം നിങ്ങൾ നിരാകരിച്ചു; എന്റെ ശാസന സ്വീകരിച്ചതുമില്ല. അതുകൊണ്ടു ഞാൻ നിങ്ങളുടെ ദുരന്തങ്ങളിൽ പുഞ്ചിരിക്കും; അത്യാഹിതങ്ങൾ നിങ്ങളെ തകിടംമറിക്കുമ്പോൾ ഞാൻ പരിഹസിക്കും— അത്യാഹിതങ്ങൾ ഒരു കൊടുങ്കാറ്റുപോലെ നിങ്ങൾക്കുമേൽ ആഞ്ഞടിക്കുമ്പോൾ, ദുരന്തങ്ങൾ ചുഴലിക്കാറ്റുപോലെ നിങ്ങളെ തൂത്തെറിയുമ്പോൾ, ദുരിതവും വ്യഥയും നിങ്ങളെ കീഴടക്കുമ്പോൾത്തന്നെ. “അപ്പോൾ അവർ എന്നോട് കേണപേക്ഷിക്കും, എന്നാൽ ഞാൻ ഉത്തരം അരുളുകയില്ല; അവർ ഉത്കണ്ഠയോടെ എന്നെ അന്വേഷിച്ചുനടക്കും, എങ്കിലും കണ്ടെത്തുകയില്ല, അവർ പരിജ്ഞാനത്തെ വെറുത്തു യഹോവയെ ഭയപ്പെടുന്നത് തെരഞ്ഞെടുത്തതുമില്ല. അവർ എന്റെ ഉപദേശം തിരസ്കരിച്ച് ശാസനയെ പുച്ഛിച്ചു, അതുകൊണ്ട് അവർ തങ്ങളുടെ കർമഫലം അനുഭവിക്കും അവരുടെ ദുരുപായങ്ങളുടെ ഫലംകൊണ്ട് അവർക്കു ശ്വാസംമുട്ടും. ലളിതമാനസരുടെ അപഥസഞ്ചാരം അവരെ മരണത്തിലേക്കു തള്ളിയിടും, ഭോഷരുടെ അലംഭാവം അവരെ നശിപ്പിക്കും; എന്നാൽ എന്റെ വാക്കു കേൾക്കുന്നവർ സുരക്ഷിതരായി ജീവിക്കും അനർഥഭീതികൂടാതെ സ്വസ്ഥരായിരിക്കുകയും ചെയ്യും.”