THUFINGTE 1:20-33

THUFINGTE 1:20-33 MALCLBSI

ജ്ഞാനം തെരുവീഥിയിൽനിന്ന് ഉച്ചത്തിൽ ഘോഷിക്കുന്നു; ചന്തസ്ഥലങ്ങളിൽ അവൾ തന്റെ ശബ്ദം കേൾപ്പിക്കുന്നു; മതിലുകളുടെ മുകളിൽ നിന്നുകൊണ്ട് അവൾ ഉദ്ഘോഷിക്കുന്നു. നഗരകവാടങ്ങളിൽനിന്ന് അവൾ പ്രസ്താവിക്കുന്നു. അവിവേകികളേ, എത്രകാലം നിങ്ങൾ അവിവേകം വച്ചു പുലർത്തും? പരിഹാസികൾ എത്രകാലം തങ്ങളുടെ പരിഹാസത്തിൽ രസിക്കും? ഭോഷന്മാരേ, എത്രകാലം നിങ്ങൾ ജ്ഞാനത്തെ വെറുക്കും? എന്റെ ശാസനം ശ്രദ്ധിക്കുക; ഇതാ, ഞാൻ എന്റെ ചിന്തകൾ നിങ്ങൾക്കു പകർന്നുതരുന്നു; എന്റെ വചനങ്ങൾ നിങ്ങൾക്കു ഞാൻ വെളിവാക്കിത്തരുന്നു. ഞാൻ വിളിച്ചിട്ടു നിങ്ങൾ ശ്രദ്ധിച്ചില്ലല്ലോ? ഞാൻ കൈ നീട്ടിയെങ്കിലും ആരും കൂട്ടാക്കിയില്ലല്ലോ? എന്റെ സകല ആലോചനകളും നിങ്ങൾ അവഗണിച്ചു; എന്റെ ശാസനകളെ നിരാകരിച്ചു. അതുകൊണ്ട് നിങ്ങളുടെ അനർഥത്തിൽ ഞാൻ ആഹ്ലാദിക്കും; നിങ്ങൾ സംഭീതരാകുമ്പോൾ ഞാൻ നിങ്ങളെ പരിഹസിക്കും; നിങ്ങളെ കൊടുംഭീതി കൊടുങ്കാറ്റുപോലെയും അനർഥം ചുഴലിക്കാറ്റുപോലെയും ആഞ്ഞടിച്ച് നിങ്ങൾക്ക് കഷ്ടതയും കഠിനവേദനയും ഉണ്ടാകുമ്പോൾ ഞാൻ നിങ്ങളെ പരിഹസിക്കും. അപ്പോൾ നിങ്ങൾ എന്നെ വിളിക്കും; ഞാൻ ഉത്തരം നല്‌കുകയില്ല. നിങ്ങൾ ജാഗ്രതയോടെ എന്നെ അന്വേഷിക്കും; കണ്ടെത്തുകയുമില്ല. നിങ്ങൾ ജ്ഞാനത്തെ വെറുത്തു; ദൈവഭക്തി തള്ളിക്കളഞ്ഞു. നിങ്ങൾ എന്റെ ഉപദേശം വകവച്ചില്ല എന്റെ ശാസന നിരസിച്ചു, സ്വന്തം പ്രവൃത്തികളുടെ ഫലം നിങ്ങൾ അനുഭവിക്കും. നിങ്ങളുടെ ഉപായങ്ങളിൽ നിങ്ങൾക്ക് മടുപ്പുതോന്നും. എന്നെ ഉപേക്ഷിച്ചതുമൂലം അവിവേകികൾ കൊല്ലപ്പെടും. ഭോഷന്മാരുടെ അലംഭാവം അവരെ നശിപ്പിക്കും. എന്നാൽ എന്റെ വാക്കു ശ്രദ്ധിക്കുന്നവൻ സുരക്ഷിതനായി വസിക്കും. അനർഥഭയം കൂടാതെ അവൻ സ്വൈരമായിരിക്കും.

THUFINGTE 1 വായിക്കുക