സദൃശവാക്യങ്ങൾ 1:20-33

സദൃശവാക്യങ്ങൾ 1:20-33 MCV

തെരുവോരങ്ങളിൽനിന്നു ജ്ഞാനം ഉദ്ഘോഷിക്കുന്നു, ചത്വരങ്ങളിൽനിന്ന് അവൾ ശബ്ദമുയർത്തുന്നു; ശബ്ദമുഖരിതമായ തെരുക്കോണിൽനിന്ന് അവൾ ഉറക്കെ വിളിച്ചുപറയുന്നു, നഗരകവാടത്തിൽ അവൾ പ്രഭാഷണം നടത്തുന്നു: “ലളിതമാനസരേ, എത്രനാൾ നിങ്ങൾ നിങ്ങളുടെ മൂഢതയിൽ അഭിരമിക്കും? പരിഹാസികളേ, എത്രനാൾ നിങ്ങൾ നിങ്ങളുടെ പരിഹാസത്തിൽ രസിക്കും? ഭോഷരേ, എത്രനാൾ നിങ്ങൾ പരിജ്ഞാനത്തെ വെറുക്കും? എന്റെ ശാസനകേട്ട് അനുതപിക്കുക. അപ്പോൾ എന്റെ ഹൃദയം ഞാൻ നിങ്ങളുമായി പങ്കുവെക്കും, എന്റെ ഉപദേശങ്ങൾ ഞാൻ നിങ്ങളെ അറിയിക്കും. എന്നാൽ ഞാൻ നിങ്ങളെ വിളിച്ചപ്പോൾ നിങ്ങൾ വന്നില്ല; സഹായവാഗ്ദാനവുമായി ഞാൻ നിങ്ങളെ സമീപിച്ചു; ആരും ഗൗനിച്ചതുമില്ല. എന്റെ ഉപദേശങ്ങളെല്ലാം നിങ്ങൾ നിരാകരിച്ചു; എന്റെ ശാസന സ്വീകരിച്ചതുമില്ല. അതുകൊണ്ടു ഞാൻ നിങ്ങളുടെ ദുരന്തങ്ങളിൽ പുഞ്ചിരിക്കും; അത്യാഹിതങ്ങൾ നിങ്ങളെ തകിടംമറിക്കുമ്പോൾ ഞാൻ പരിഹസിക്കും— അത്യാഹിതങ്ങൾ ഒരു കൊടുങ്കാറ്റുപോലെ നിങ്ങൾക്കുമേൽ ആഞ്ഞടിക്കുമ്പോൾ, ദുരന്തങ്ങൾ ചുഴലിക്കാറ്റുപോലെ നിങ്ങളെ തൂത്തെറിയുമ്പോൾ, ദുരിതവും വ്യഥയും നിങ്ങളെ കീഴടക്കുമ്പോൾത്തന്നെ. “അപ്പോൾ അവർ എന്നോട് കേണപേക്ഷിക്കും, എന്നാൽ ഞാൻ ഉത്തരം അരുളുകയില്ല; അവർ ഉത്കണ്ഠയോടെ എന്നെ അന്വേഷിച്ചുനടക്കും, എങ്കിലും കണ്ടെത്തുകയില്ല, അവർ പരിജ്ഞാനത്തെ വെറുത്തു യഹോവയെ ഭയപ്പെടുന്നത് തെരഞ്ഞെടുത്തതുമില്ല. അവർ എന്റെ ഉപദേശം തിരസ്കരിച്ച് ശാസനയെ പുച്ഛിച്ചു, അതുകൊണ്ട് അവർ തങ്ങളുടെ കർമഫലം അനുഭവിക്കും അവരുടെ ദുരുപായങ്ങളുടെ ഫലംകൊണ്ട് അവർക്കു ശ്വാസംമുട്ടും. ലളിതമാനസരുടെ അപഥസഞ്ചാരം അവരെ മരണത്തിലേക്കു തള്ളിയിടും, ഭോഷരുടെ അലംഭാവം അവരെ നശിപ്പിക്കും; എന്നാൽ എന്റെ വാക്കു കേൾക്കുന്നവർ സുരക്ഷിതരായി ജീവിക്കും അനർഥഭീതികൂടാതെ സ്വസ്ഥരായിരിക്കുകയും ചെയ്യും.”