സംഖ്യാപുസ്തകം 27:1-8

സംഖ്യാപുസ്തകം 27:1-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അനന്തരം യോസേഫിന്റെ മകനായ മനശ്ശെയുടെ കുടുംബങ്ങളിൽ മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ മകനായ ഹേഫെരിന്റെ മകനായ സെലോഫഹാദിന്റെ പുത്രിമാർ അടുത്തുവന്നു. അവന്റെ പുത്രിമാർ മഹ്ലാ, നോവാ, ഹൊഗ്ലാ, മിൽക്കാ, തിർസ്സാ എന്നിവരായിരുന്നു. അവർ സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ മോശെയുടെയും എലെയാസാർ പുരോഹിതന്റെയും പ്രഭുക്കന്മാരുടെയും സർവസഭയുടെയും മുമ്പാകെ നിന്നു പറഞ്ഞത് എന്തെന്നാൽ: ഞങ്ങളുടെ അപ്പൻ മരുഭൂമിയിൽവച്ചു മരിച്ചുപോയി; എന്നാൽ അവൻ യഹോവയ്ക്കു വിരോധമായി കോരഹിനോടു കൂടിയവരുടെ കൂട്ടത്തിൽ ചേർന്നിരുന്നില്ല; അവൻ സ്വന്തപാപത്താൽ അത്രേ മരിച്ചത്; അവനു പുത്രന്മാർ ഉണ്ടായിരുന്നതുമില്ല. ഞങ്ങളുടെ അപ്പനു മകൻ ഇല്ലായ്കകൊണ്ട് അവന്റെ പേർ കുടുംബത്തിൽനിന്ന് ഇല്ലാതെയാകുന്നത് എന്ത്? അപ്പന്റെ സഹോദരന്മാരുടെ ഇടയിൽ ഞങ്ങൾക്ക് ഒരു അവകാശം തരേണം. മോശെ അവരുടെ കാര്യം യഹോവയുടെ മുമ്പാകെ വച്ചു. യഹോവ മോശെയോട് അരുളിച്ചെയ്തത്: സെലോഫഹാദിന്റെ പുത്രിമാർ പറയുന്നതു ശരിതന്നെ; അവരുടെ അപ്പന്റെ സഹോദരന്മാരുടെ ഇടയിൽ അവർക്ക് ഒരു അവകാശം കൊടുക്കേണം; അവരുടെ അപ്പന്റെ അവകാശം അവർക്കു കൊടുക്കേണം. നീ യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: ഒരുത്തൻ മകനില്ലാതെ മരിച്ചാൽ അവന്റെ അവകാശം അവന്റെ മകൾക്കു കൊടുക്കേണം.

സംഖ്യാപുസ്തകം 27:1-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

യോസേഫിന്റെ പുത്രനായ മനശ്ശെയുടെ പുത്രൻ മാഖീർ, മാഖീരിന്റെ പുത്രൻ ഗിലെയാദ്, ഗിലെയാദിന്റെ പുത്രൻ ഹേഫെർ, ഹേഫെറിന്റെ പുത്രൻ സെലോഫഹാദ്. മഹ്ലാ, നോവാ, ഹൊഗ്ളാ, മിൽക്കാ, തിർസ്സാ എന്നിവർ സെലോഫഹാദിന്റെ പുത്രിമാരായിരുന്നു. അവർ തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്‌ക്കൽ മോശയുടെയും എലെയാസാർ പുരോഹിതന്റെയും ഇസ്രായേൽസമൂഹത്തിലെ നേതാക്കന്മാരുടെയും മുമ്പിൽ നിന്നുകൊണ്ടു പറഞ്ഞു: “ഞങ്ങളുടെ പിതാവു മരുഭൂമിയിൽവച്ചു മരിച്ചുപോയി; സർവേശ്വരനെതിരായി കോരഹിന്റെകൂടെ ചേർന്നവരുടെ കൂട്ടത്തിൽ ഞങ്ങളുടെ പിതാവ് ഉണ്ടായിരുന്നില്ല. എന്നാൽ സ്വന്തം പാപം നിമിത്തമാണ് അദ്ദേഹം മരിച്ചത്. അദ്ദേഹത്തിനു പുത്രന്മാരില്ലായിരുന്നു. പുത്രന്മാരില്ലാത്തതുകൊണ്ടു ഞങ്ങളുടെ പിതാവിന്റെ പേര് ഇസ്രായേലിൽനിന്നു നീക്കിക്കളയുന്നത് എന്തുകൊണ്ട്? പിതൃസഹോദരന്മാരുടെ ഇടയിൽ ഞങ്ങൾക്കും അവകാശം തരിക.” അവരുടെ ആവശ്യം മോശ സർവേശ്വരന്റെ മുമ്പാകെ കൊണ്ടുവന്നു. അവിടുന്നു മോശയോട് അരുളിച്ചെയ്തു: “സെലോഫഹാദിന്റെ പുത്രിമാർ പറയുന്നതു ശരിയാണ്; അവരുടെ പിതൃസഹോദരന്മാരുടെ ഇടയിൽ അവർക്കും അവകാശം കൊടുക്കുക; തങ്ങളുടെ പിതാവിന്റെ അവകാശം അവർക്കുതന്നെ ലഭിക്കട്ടെ.” ഇസ്രായേൽജനത്തോടു പറയുക: “ഒരുവൻ പുത്രനില്ലാതെ മരിച്ചാൽ അവന്റെ അവകാശം അവന്റെ പുത്രിക്കു നല്‌കണം.

സംഖ്യാപുസ്തകം 27:1-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അനന്തരം യോസേഫിന്‍റെ മകനായ മനശ്ശെയുടെ കുടുംബങ്ങളിൽ മനശ്ശെയുടെ മകനായ മാഖീരിന്‍റെ മകനായ ഗിലെയാദിന്‍റെ മകനായ ഹേഫെരിന്‍റെ മകനായ സെലോഫെഹാദിൻ്റെ പുത്രിമാർ അടുത്തുവന്നു. അവന്‍റെ പുത്രിമാർ മഹ്ലാ, നോവ, ഹൊഗ്ലാ, മിൽക്കാ, തിർസ്സാ എന്നിവരായിരുന്നു. അവർ സമാഗമനകൂടാരത്തിന്‍റെ വാതില്ക്കൽ മോശെയുടെയും എലെയാസാർ പുരോഹിതൻ്റെയും പ്രഭുക്കന്മാരുടെയും സർവ്വസഭയുടെയും മുമ്പാകെ നിന്ന് പറഞ്ഞത്: “ഞങ്ങളുടെ അപ്പൻ മരുഭൂമിയിൽവച്ച് മരിച്ചുപോയി; എന്നാൽ അദ്ദേഹം യഹോവയ്ക്ക് വിരോധമായി കോരഹിനോട് കൂടിയവരുടെ കൂട്ടത്തിൽ ചേർന്നിരുന്നില്ല; അദ്ദേഹം സ്വന്തപാപത്താൽ അത്രേ മരിച്ചത്; അപ്പന് പുത്രന്മാർ ഉണ്ടായിരുന്നില്ല. ഞങ്ങളുടെ അപ്പന് പുത്രന്മാർ ഇല്ലാതിരുന്നതുകൊണ്ട് അപ്പന്‍റെ പേർ കുടുംബത്തിൽനിന്ന് ഇല്ലാതെയാകുന്നത് എന്തിന്? അപ്പന്‍റെ സഹോദരന്മാരുടെ ഇടയിൽ ഞങ്ങൾക്ക് ഒരു അവകാശം തരേണം.” മോശെ അവരുടെ കാര്യം യഹോവയുടെ മുമ്പാകെ കൊണ്ടുവന്നു. യഹോവ മോശെയോട് അരുളിച്ചെയ്തത്: “സെലോഫെഹാദിൻ്റെ പുത്രിമാർ പറയുന്നത് ശരിതന്നെ; അവരുടെ അപ്പന്‍റെ സഹോദരന്മാരുടെ ഇടയിൽ അവർക്ക് ഒരു അവകാശം കൊടുക്കേണം; അവരുടെ അപ്പന്‍റെ അവകാശം അവർക്ക് കൊടുക്കേണം. നീ യിസ്രായേൽ മക്കളോട് പറയേണ്ടത് എന്തെന്നാൽ: ‘ഒരുത്തൻ മകനില്ലാതെ മരിച്ചാൽ അവന്‍റെ അവകാശം അവന്‍റെ മകൾക്ക് കൊടുക്കേണം.

സംഖ്യാപുസ്തകം 27:1-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അനന്തരം യോസേഫിന്റെ മകനായ മനശ്ശെയുടെ കുടുംബങ്ങളിൽ മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ മകനായ ഹേഫെരിന്റെ മകനായ സെലോഫഹാദിന്റെ പുത്രിമാർ അടുത്തുവന്നു. അവന്റെ പുത്രിമാർ മഹ്ലാ, നോവ, ഹോഗ്ല, മിൽക്കാ, തിർസാ എന്നിവരായിരുന്നു. അവർ സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ മോശെയുടെയും എലെയാസാർപുരോഹിതന്റെയും പ്രഭുക്കന്മാരുടെയും സർവ്വസഭയുടെയും മുമ്പാകെ നിന്നു പറഞ്ഞതു എന്തെന്നാൽ: ഞങ്ങളുടെ അപ്പൻ മരുഭൂമിയിൽവെച്ചു മരിച്ചുപോയി; എന്നാൽ അവൻ യഹോവെക്കു വിരോധമായി കോരഹിനോടു കൂടിയവരുടെ കൂട്ടത്തിൽ ചേർന്നിരുന്നില്ല; അവൻ സ്വന്തപാപത്താൽ അത്രേ മരിച്ചതു; അവന്നു പുത്രന്മാർ ഉണ്ടായിരുന്നതുമില്ല. ഞങ്ങളുടെ അപ്പന്നു മകൻ ഇല്ലായ്കകൊണ്ടു അവന്റെ പേർ കുടുംബത്തിൽനിന്നു ഇല്ലാതെയാകുന്നതു എന്തു? അപ്പന്റെ സഹോദരന്മാരുടെ ഇടയിൽ ഞങ്ങൾക്കു ഒരു അവകാശം തരേണം. മോശെ അവരുടെ കാര്യം യഹോവയുടെ മുമ്പാകെ വെച്ചു. യഹോവ മോശെയോടു അരുളിച്ചെയ്തതു: സെലോഫഹാദിന്റെ പുത്രിമാർ പറയുന്നതു ശരിതന്നേ; അവരുടെ അപ്പന്റെ സഹോദരന്മാരുടെ ഇടയിൽ അവർക്കു ഒരു അവകാശം കൊടുക്കേണം; അവരുടെ അപ്പന്റെ അവകാശം അവർക്കു കൊടുക്കേണം. നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: ഒരുത്തൻ മകനില്ലാതെ മരിച്ചാൽ അവന്റെ അവകാശം അവന്റെ മകൾക്കു കൊടുക്കേണം.

സംഖ്യാപുസ്തകം 27:1-8 സമകാലിക മലയാളവിവർത്തനം (MCV)

യോസേഫിന്റെ മകനായ മനശ്ശെയുടെ കുടുംബങ്ങളിൽ മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ മകനായ ഹേഫെരിന്റെ മകനായ സെലോഫഹാദിന്റെ പുത്രിമാർ, മഹ്ലാ, നോവാ, ഹൊഗ്ലാ, മിൽക്കാ, തിർസാ എന്നിവർ ആയിരുന്നു. അവർ സമാഗമകൂടാരത്തിന്റെ കവാടത്തിൽ വന്ന്, മോശ, പുരോഹിതനായ എലെയാസാർ, പ്രഭുക്കന്മാർ എന്നിവരുടെയും സർവസഭയുടെയും മുമ്പാകെ നിന്ന് പറഞ്ഞു: “ഞങ്ങളുടെ പിതാവ് മരുഭൂമിയിൽവെച്ച് മരിച്ചു. യഹോവയ്ക്കെതിരേ മത്സരിച്ച കോരഹിന്റെ അനുയായികളുടെ കൂട്ടത്തിൽ അദ്ദേഹം ഉണ്ടായിരുന്നില്ല. അദ്ദേഹം സ്വന്തപാപത്തിലാണ് മരിച്ചത്. അദ്ദേഹത്തിനു പുത്രന്മാർ ഉണ്ടായിരുന്നില്ല. ഞങ്ങളുടെ പിതാവിനു പുത്രന്മാർ ഇല്ലാതിരുന്നതിനാൽ അദ്ദേഹത്തിന്റെ പേര് തന്റെ കുടുംബത്തിൽനിന്നും നീക്കപ്പെടുന്നതെന്തിന്? ഞങ്ങൾക്ക് ഞങ്ങളുടെ പിതാവിന്റെ ബന്ധുക്കളുടെ ഇടയിൽ ഒരവകാശം തരണം.” അങ്ങനെ മോശ അവരുടെ കാര്യം യഹോവയുടെമുമ്പാകെ കൊണ്ടുവന്നു. യഹോവ മോശയോട് അരുളിച്ചെയ്തു: “സെലോഫഹാദിന്റെ പുത്രിമാർ പറയുന്ന കാര്യം ശരിയാണ്. നീ നിശ്ചയമായും അവർക്ക് അവരുടെ പിതാവിന്റെ ബന്ധുക്കളുടെ ഇടയിൽ ഒരവകാശം നൽകണം. അവരുടെ പിതാവിന്റെ ഓഹരി അവർക്കു നൽകണം. “ഇസ്രായേല്യരോടു പറയുക: ‘ഒരു മനുഷ്യൻ മരിക്കുകയും തനിക്കു പുത്രന്മാരില്ലാതിരിക്കുകയും ചെയ്താൽ അയാളുടെ ഓഹരി പുത്രിമാർക്കു കൊടുക്കണം.