സംഖ്യ 27:1-8

സംഖ്യ 27:1-8 MCV

യോസേഫിന്റെ മകനായ മനശ്ശെയുടെ കുടുംബങ്ങളിൽ മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ മകനായ ഹേഫെരിന്റെ മകനായ സെലോഫഹാദിന്റെ പുത്രിമാർ, മഹ്ലാ, നോവാ, ഹൊഗ്ലാ, മിൽക്കാ, തിർസാ എന്നിവർ ആയിരുന്നു. അവർ സമാഗമകൂടാരത്തിന്റെ കവാടത്തിൽ വന്ന്, മോശ, പുരോഹിതനായ എലെയാസാർ, പ്രഭുക്കന്മാർ എന്നിവരുടെയും സർവസഭയുടെയും മുമ്പാകെ നിന്ന് പറഞ്ഞു: “ഞങ്ങളുടെ പിതാവ് മരുഭൂമിയിൽവെച്ച് മരിച്ചു. യഹോവയ്ക്കെതിരേ മത്സരിച്ച കോരഹിന്റെ അനുയായികളുടെ കൂട്ടത്തിൽ അദ്ദേഹം ഉണ്ടായിരുന്നില്ല. അദ്ദേഹം സ്വന്തപാപത്തിലാണ് മരിച്ചത്. അദ്ദേഹത്തിനു പുത്രന്മാർ ഉണ്ടായിരുന്നില്ല. ഞങ്ങളുടെ പിതാവിനു പുത്രന്മാർ ഇല്ലാതിരുന്നതിനാൽ അദ്ദേഹത്തിന്റെ പേര് തന്റെ കുടുംബത്തിൽനിന്നും നീക്കപ്പെടുന്നതെന്തിന്? ഞങ്ങൾക്ക് ഞങ്ങളുടെ പിതാവിന്റെ ബന്ധുക്കളുടെ ഇടയിൽ ഒരവകാശം തരണം.” അങ്ങനെ മോശ അവരുടെ കാര്യം യഹോവയുടെമുമ്പാകെ കൊണ്ടുവന്നു. യഹോവ മോശയോട് അരുളിച്ചെയ്തു: “സെലോഫഹാദിന്റെ പുത്രിമാർ പറയുന്ന കാര്യം ശരിയാണ്. നീ നിശ്ചയമായും അവർക്ക് അവരുടെ പിതാവിന്റെ ബന്ധുക്കളുടെ ഇടയിൽ ഒരവകാശം നൽകണം. അവരുടെ പിതാവിന്റെ ഓഹരി അവർക്കു നൽകണം. “ഇസ്രായേല്യരോടു പറയുക: ‘ഒരു മനുഷ്യൻ മരിക്കുകയും തനിക്കു പുത്രന്മാരില്ലാതിരിക്കുകയും ചെയ്താൽ അയാളുടെ ഓഹരി പുത്രിമാർക്കു കൊടുക്കണം.