സംഖ്യ. 27:1-8

സംഖ്യ. 27:1-8 IRVMAL

അനന്തരം യോസേഫിന്‍റെ മകനായ മനശ്ശെയുടെ കുടുംബങ്ങളിൽ മനശ്ശെയുടെ മകനായ മാഖീരിന്‍റെ മകനായ ഗിലെയാദിന്‍റെ മകനായ ഹേഫെരിന്‍റെ മകനായ സെലോഫെഹാദിൻ്റെ പുത്രിമാർ അടുത്തുവന്നു. അവന്‍റെ പുത്രിമാർ മഹ്ലാ, നോവ, ഹൊഗ്ലാ, മിൽക്കാ, തിർസ്സാ എന്നിവരായിരുന്നു. അവർ സമാഗമനകൂടാരത്തിന്‍റെ വാതില്ക്കൽ മോശെയുടെയും എലെയാസാർ പുരോഹിതൻ്റെയും പ്രഭുക്കന്മാരുടെയും സർവ്വസഭയുടെയും മുമ്പാകെ നിന്ന് പറഞ്ഞത്: “ഞങ്ങളുടെ അപ്പൻ മരുഭൂമിയിൽവച്ച് മരിച്ചുപോയി; എന്നാൽ അദ്ദേഹം യഹോവയ്ക്ക് വിരോധമായി കോരഹിനോട് കൂടിയവരുടെ കൂട്ടത്തിൽ ചേർന്നിരുന്നില്ല; അദ്ദേഹം സ്വന്തപാപത്താൽ അത്രേ മരിച്ചത്; അപ്പന് പുത്രന്മാർ ഉണ്ടായിരുന്നില്ല. ഞങ്ങളുടെ അപ്പന് പുത്രന്മാർ ഇല്ലാതിരുന്നതുകൊണ്ട് അപ്പന്‍റെ പേർ കുടുംബത്തിൽനിന്ന് ഇല്ലാതെയാകുന്നത് എന്തിന്? അപ്പന്‍റെ സഹോദരന്മാരുടെ ഇടയിൽ ഞങ്ങൾക്ക് ഒരു അവകാശം തരേണം.” മോശെ അവരുടെ കാര്യം യഹോവയുടെ മുമ്പാകെ കൊണ്ടുവന്നു. യഹോവ മോശെയോട് അരുളിച്ചെയ്തത്: “സെലോഫെഹാദിൻ്റെ പുത്രിമാർ പറയുന്നത് ശരിതന്നെ; അവരുടെ അപ്പന്‍റെ സഹോദരന്മാരുടെ ഇടയിൽ അവർക്ക് ഒരു അവകാശം കൊടുക്കേണം; അവരുടെ അപ്പന്‍റെ അവകാശം അവർക്ക് കൊടുക്കേണം. നീ യിസ്രായേൽ മക്കളോട് പറയേണ്ടത് എന്തെന്നാൽ: ‘ഒരുത്തൻ മകനില്ലാതെ മരിച്ചാൽ അവന്‍റെ അവകാശം അവന്‍റെ മകൾക്ക് കൊടുക്കേണം.