നെഹെമ്യാവ് 6:10-14
നെഹെമ്യാവ് 6:10-14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പിന്നെ ഞാൻ മെഹേതബേലിന്റെ മകനായ ദെലായാവിന്റെ മകൻ ശെമയ്യാവിന്റെ വീട്ടിൽ ചെന്നു; അവൻ കതകടച്ച് അകത്തിരിക്കയായിരുന്നു; നാം ഒരുമിച്ച് ദൈവാലയത്തിൽ മന്ദിരത്തിനകത്തു കടന്നു വാതിൽ അടയ്ക്കുക; നിന്നെ കൊല്ലുവാൻ വരുന്നുണ്ട്; നിന്നെ കൊല്ലുവാൻ അവർ രാത്രിയിൽ വരും എന്നു പറഞ്ഞു. അതിനു ഞാൻ: എന്നെപ്പോലെയുള്ള ഒരാൾ ഓടിപ്പോകുമോ? എന്നെപ്പോലെയുള്ള ഒരുത്തൻ ജീവരക്ഷയ്ക്കായി മന്ദിരത്തിലേക്കു പോകുമോ? ഞാൻ പോകയില്ല എന്നു പറഞ്ഞു. ദൈവം അവനെ അയച്ചിട്ടില്ല; തോബീയാവും സൻബല്ലത്തും അവന് കൂലി കൊടുത്തിരുന്നതുകൊണ്ട് അവൻ എനിക്കു വിരോധമായി ആ പ്രവചനം പറഞ്ഞതേയുള്ളൂ എന്ന് എനിക്കു മനസ്സിലായി. ഞാൻ ഭയപ്പെട്ട് അങ്ങനെ പ്രവർത്തിച്ചു പാപം ചെയ്യേണ്ടതിനും എന്നെ ദുഷിക്കത്തക്കവണ്ണം അപവാദത്തിനു കാരണം കിട്ടേണ്ടതിനും അവർ അവനു കൂലികൊടുത്തിരുന്നു. എന്റെ ദൈവമേ, തോബീയാവും സൻബല്ലത്തും ചെയ്ത ഈ പ്രവൃത്തികൾക്കു തക്കവണ്ണം അവരെയും നോവദ്യാ എന്ന പ്രവാചകിയെയും എന്നെ ഭയപ്പെടുത്തുവാൻ നോക്കിയ മറ്റു പ്രവാചകന്മാരെയും ഓർക്കേണമേ.
നെഹെമ്യാവ് 6:10-14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പിന്നീട് ഞാൻ മെഹേതബേലിന്റെ പൗത്രനും ദെലായായുടെ പുത്രനുമായ ശെമയ്യായുടെ വീട്ടിൽ ചെന്നു. അയാൾ വീട്ടിനുള്ളിൽതന്നെ കഴിയുകയായിരുന്നു. അയാൾ എന്നോടു പറഞ്ഞു: “നമുക്കു ദേവാലയത്തിനുള്ളിൽ കടന്നു വാതിൽ അടച്ചിരിക്കാം. അവർ നിങ്ങളെ കൊല്ലാൻ വരുന്നുണ്ട്. അവർ അങ്ങയെ കൊല്ലാൻ രാത്രിയിൽ വരും”. ഞാൻ പറഞ്ഞു: “എന്നെപ്പോലെ ഒരാൾ പേടിച്ച് ഓടുകയോ? എന്നെപ്പോലെ ഒരാൾ ജീവരക്ഷയ്‍ക്കു ദേവാലയത്തിൽ പോയി ഒളിക്കുകയോ? ഞാൻ പോകയില്ല.” ദൈവത്തിന്റെ അരുളപ്പാടല്ല അവൻ അറിയിച്ചതെന്നും തോബീയായും സൻബല്ലത്തും പണം കൊടുത്ത് അവനെക്കൊണ്ട് എനിക്കെതിരെ പ്രവചിപ്പിക്കുകയാണ് ചെയ്തതെന്നും എനിക്കു മനസ്സിലായി. ഭയപ്പെട്ട് ഇപ്രകാരം പ്രവർത്തിച്ച് ഞാൻ പാപം ചെയ്യുന്നതിനും ദുഷ്കീർത്തിവരുത്തി എന്നെ അപഹസിക്കുന്നതിനും വേണ്ടിയായിരുന്നു അവർ അയാളെ കൂലിക്ക് എടുത്തത്. എന്റെ ദൈവമേ, തോബീയായ്‍ക്കും സൻബല്ലത്തിനും നോവദ്യാ എന്ന പ്രവാചികയ്‍ക്കും എന്നെ ഭയപ്പെടുത്താൻ ശ്രമിച്ച മറ്റു പ്രവാചകർക്കും അവരുടെ പ്രവൃത്തികൾക്കു തക്ക പ്രതിഫലം നല്‌കണമേ.
നെഹെമ്യാവ് 6:10-14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പിന്നെ ഞാൻ മെഹേതബേലിന്റെ മകനായ ദെലായാവിന്റെ മകൻ ശെമയ്യാവിന്റെ വീട്ടിൽ ചെന്നു. അവൻ കതകടച്ച് അകത്തിരിക്കയായിരുന്നു. “നിന്നെ കൊല്ലുവാൻ അവർ രാത്രിയിൽ വരുന്നതിനാൽ, നാം ഒരുമിച്ച് ദൈവാലയത്തിൽ മന്ദിരത്തിനകത്ത് കടന്ന് വാതിൽ അടയ്ക്കുക; നിന്നെ കൊല്ലുവാൻ അവർ രാത്രിയിൽ വരും” എന്നു പറഞ്ഞു. അതിന് ഞാൻ: “എന്നെപ്പോലെയുള്ള ഒരാൾ ഓടിപ്പോകുമോ? തന്‍റെ ജീവരക്ഷെക്കായി മന്ദിരത്തിലേക്ക് ഓടിപ്പോകുമോ? ഞാൻ പോകയില്ല” എന്നു പറഞ്ഞു. ദൈവം അവനെ അയച്ചിട്ടില്ലെന്നും തോബീയാവും സൻബല്ലത്തും അവന് കൂലി കൊടുത്തിരുന്നതിനാലാണ് അവൻ എനിക്ക് വിരോധമായി പ്രവചിച്ചത് എന്നും എനിക്ക് മനസ്സിലായി. ഞാൻ ഭയപ്പെട്ട് അങ്ങനെ പ്രവർത്തിച്ച് പാപം ചെയ്യേണ്ടതിനും എന്നെ ദുഷിക്കത്തക്കവണ്ണം അപവാദത്തിന് കാരണം കിട്ടേണ്ടതിനും അവർ അവന് കൂലികൊടുത്തിരുന്നു. “എന്റെ ദൈവമേ, തോബീയാവും സൻബല്ലത്തും ചെയ്ത ഈ പ്രവൃത്തികൾക്ക് തക്കവണ്ണം അവരേയും നോവദ്യാ എന്ന പ്രവാചകിയെയും എന്നെ ഭയപ്പെടുത്തുവാൻ നോക്കിയ മറ്റ് പ്രവാചകന്മാരെയും ഓർക്കേണമേ.”
നെഹെമ്യാവ് 6:10-14 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
പിന്നെ ഞാൻ മെഹേതബേലിന്റെ മകനായ ദെലായാവിന്റെ മകൻ ശെമയ്യാവിന്റെ വീട്ടിൽ ചെന്നു; അവൻ കതകടെച്ചു അകത്തിരിക്കയായിരുന്നു; നാം ഒരുമിച്ചു ദൈവാലയത്തിൽ മന്ദിരത്തിന്നകത്തു കടന്നു വാതിൽ അടെക്കുക; നിന്നെ കൊല്ലുവാൻ വരുന്നുണ്ടു; നിന്നെ കൊല്ലുവാൻ അവർ രാത്രിയിൽ വരും എന്നു പറഞ്ഞു. അതിന്നു ഞാൻ: എന്നെപ്പോലെയുള്ള ഒരാൾ ഓടിപ്പോകുമോ? എന്നെപ്പോലെയുള്ള ഒരുത്തൻ ജീവരക്ഷെക്കായി മന്ദിരത്തിലേക്കു പോകുമോ? ഞാൻ പോകയില്ല എന്നു പറഞ്ഞു. ദൈവം അവനെ അയച്ചിട്ടില്ല; തോബീയാവും സൻബല്ലത്തും അവന്നു കൂലി കൊടുത്തിരുന്നതുകൊണ്ടു അവൻ എനിക്കു വിരോധമായി ആ പ്രവചനം പറഞ്ഞതേയുള്ളു എന്നു എനിക്കു മനസ്സിലായി. ഞാൻ ഭയപ്പെട്ടു അങ്ങനെ പ്രവർത്തിച്ചു പാപം ചെയ്യേണ്ടതിന്നും എന്നെ ദുഷിക്കത്തക്കവണ്ണം അപവാദത്തിന്നു കാരണം കിട്ടേണ്ടതിന്നും അവർ അവന്നു കൂലികൊടുത്തിരുന്നു. എന്റെ ദൈവമേ, തോബീയാവും സൻബല്ലത്തും ചെയ്ത ഈ പ്രവൃത്തികൾക്കു തക്കവണ്ണം അവരേയും നോവദ്യാ എന്ന പ്രവാചകിയെയും എന്നെ ഭയപ്പെടുത്തുവാൻ നോക്കിയ മറ്റു പ്രവാചകന്മാരെയും ഓർക്കേണമേ.
നെഹെമ്യാവ് 6:10-14 സമകാലിക മലയാളവിവർത്തനം (MCV)
ഞാൻ ഒരു ദിവസം മെഹേതബേലിന്റെ മകനായ ദെലായാവിന്റെ മകൻ ശെമയ്യാവിന്റെ വീട്ടിൽച്ചെന്നു; അദ്ദേഹം തന്റെ വീടിനുള്ളിൽ കതകടച്ച് ഇരിക്കുകയായിരുന്നു. അദ്ദേഹം എന്നോട്, “നമുക്കു ദൈവാലയത്തിനുള്ളിൽവെച്ച് കാണാം, അങ്ങയെ കൊല്ലേണ്ടതിന് അവർ വരുന്നതിനാൽ മന്ദിരത്തിനുള്ളിൽ കടന്ന് നമുക്കു കതകടച്ചിരിക്കാം. ഈ രാത്രിതന്നെ അവർ അങ്ങയെ വധിക്കുന്നതിനായി വരുന്നതാണ്,” എന്നു പറഞ്ഞു. എന്നാൽ ഞാൻ പറഞ്ഞു, “എന്നെപ്പോലെയുള്ള ഒരാൾ ഓടിപ്പോകണമോ? തന്റെ ജീവരക്ഷയ്ക്കായി ആലയത്തിലേക്കു പോകാൻ എന്നെപ്പോലെ ഒരുത്തനു കഴിയുമോ? ഞാൻ പോകുകയില്ല” എന്നു പറഞ്ഞു. അദ്ദേഹത്തെ ദൈവം അയച്ചതല്ലെന്നും തോബിയാവും സൻബല്ലത്തും അദ്ദേഹത്തെ വിലയ്ക്കു വാങ്ങിയതിനാലാണ് അദ്ദേഹം എനിക്കെതിരേ പ്രവചിച്ചതെന്നും എനിക്കു മനസ്സിലായി. ഞാൻ ഭയപ്പെട്ട് ഇങ്ങനെ പ്രവർത്തിച്ച് ഒരു പാപം ചെയ്യേണ്ടതിനും എന്റെനേരേ അപവാദംപരത്തി എനിക്കു മാനഹാനി വരുത്തേണ്ടതിനും അവർ അദ്ദേഹത്തെ വിലയ്ക്കു വാങ്ങിയതായിരുന്നു. എന്റെ ദൈവമേ, അവർ ചെയ്തതുനിമിത്തം തോബിയാവിനെയും സൻബല്ലത്തിനെയും കൂടാതെ എന്നെ ഭയപ്പെടുത്താൻ ശ്രമിച്ച നോവദ്യാ എന്ന പ്രവാചികയെയും മറ്റു പ്രവാചകരെയും ഓർക്കണമേ!