നെഹെമ്യാവ് 6:10-14

നെഹെമ്യാവ് 6:10-14 MCV

ഞാൻ ഒരു ദിവസം മെഹേതബേലിന്റെ മകനായ ദെലായാവിന്റെ മകൻ ശെമയ്യാവിന്റെ വീട്ടിൽച്ചെന്നു; അദ്ദേഹം തന്റെ വീടിനുള്ളിൽ കതകടച്ച് ഇരിക്കുകയായിരുന്നു. അദ്ദേഹം എന്നോട്, “നമുക്കു ദൈവാലയത്തിനുള്ളിൽവെച്ച് കാണാം, അങ്ങയെ കൊല്ലേണ്ടതിന് അവർ വരുന്നതിനാൽ മന്ദിരത്തിനുള്ളിൽ കടന്ന് നമുക്കു കതകടച്ചിരിക്കാം. ഈ രാത്രിതന്നെ അവർ അങ്ങയെ വധിക്കുന്നതിനായി വരുന്നതാണ്,” എന്നു പറഞ്ഞു. എന്നാൽ ഞാൻ പറഞ്ഞു, “എന്നെപ്പോലെയുള്ള ഒരാൾ ഓടിപ്പോകണമോ? തന്റെ ജീവരക്ഷയ്ക്കായി ആലയത്തിലേക്കു പോകാൻ എന്നെപ്പോലെ ഒരുത്തനു കഴിയുമോ? ഞാൻ പോകുകയില്ല” എന്നു പറഞ്ഞു. അദ്ദേഹത്തെ ദൈവം അയച്ചതല്ലെന്നും തോബിയാവും സൻബല്ലത്തും അദ്ദേഹത്തെ വിലയ്ക്കു വാങ്ങിയതിനാലാണ് അദ്ദേഹം എനിക്കെതിരേ പ്രവചിച്ചതെന്നും എനിക്കു മനസ്സിലായി. ഞാൻ ഭയപ്പെട്ട് ഇങ്ങനെ പ്രവർത്തിച്ച് ഒരു പാപം ചെയ്യേണ്ടതിനും എന്റെനേരേ അപവാദംപരത്തി എനിക്കു മാനഹാനി വരുത്തേണ്ടതിനും അവർ അദ്ദേഹത്തെ വിലയ്ക്കു വാങ്ങിയതായിരുന്നു. എന്റെ ദൈവമേ, അവർ ചെയ്തതുനിമിത്തം തോബിയാവിനെയും സൻബല്ലത്തിനെയും കൂടാതെ എന്നെ ഭയപ്പെടുത്താൻ ശ്രമിച്ച നോവദ്യാ എന്ന പ്രവാചികയെയും മറ്റു പ്രവാചകരെയും ഓർക്കണമേ!