നെഹെമ്യാവ് 13:1-9
നെഹെമ്യാവ് 13:1-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അന്നു ജനം കേൾക്കെ മോശെയുടെ പുസ്തകം വായിച്ചതിൽ അമ്മോന്യരും മോവാബ്യരും ദൈവത്തിന്റെ സഭയിൽ ഒരുനാളും പ്രവേശിക്കരുത്; അവർ അപ്പവും വെള്ളവുംകൊണ്ടു യിസ്രായേൽമക്കളെ എതിരേറ്റുവരാതെ അവരെ ശപിക്കേണ്ടതിന് അവർക്കു വിരോധമായി ബിലെയാമിനെ കൂലിക്കു വിളിച്ചു; എങ്കിലും നമ്മുടെ ദൈവം ആ ശാപത്തെ അനുഗ്രഹമാക്കി എന്ന് എഴുതിയിരിക്കുന്നതു കണ്ടു. ആ ന്യായപ്രമാണം കേട്ടപ്പോൾ അവർ സമ്മിശ്രജാതികളെയൊക്കെയും യിസ്രായേലിൽനിന്നു വേർപിരിച്ചു. അതിനു മുമ്പേതന്നെ നമ്മുടെ ദൈവത്തിന്റെ ആലയത്തിലെ അറകൾക്കു മേൽവിചാരകനായി നിയമിക്കപ്പെട്ടിരുന്ന എല്യാശീബ് പുരോഹിതൻ തോബീയാവിന്റെ ബന്ധുവായിരുന്നതിനാൽ അവന് ഒരു വലിയ അറ ഒരുക്കിക്കൊടുത്തിരുന്നു. മുമ്പേ അവിടെ ഭോജനയാഗം, കുന്തുരുക്കം, ഉപകരണങ്ങൾ എന്നിവയും ലേവ്യർക്കും സംഗീതക്കാർക്കും വാതിൽക്കാവല്ക്കാർക്കുംവേണ്ടി നിയമിച്ച ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയുടെ ദശാംശവും പുരോഹിതന്മാർക്കുള്ള ഉദർച്ചാർപ്പണങ്ങളും വച്ചിരുന്നു. ഈ കാലത്തൊക്കെയും ഞാൻ യെരൂശലേമിൽ ഉണ്ടായിരുന്നില്ല; ബാബേൽരാജാവായ അർത്ഥഹ്ശഷ്ടാവിന്റെ മുപ്പത്തിരണ്ടാം ആണ്ടിൽ ഞാൻ രാജാവിന്റെ അടുക്കൽ പോയിരുന്നു; കുറെനാൾ കഴിഞ്ഞിട്ടു ഞാൻ രാജാവിനോട് അനുവാദം വാങ്ങി യെരൂശലേമിലേക്കു വന്നാറെ എല്യാശീബ് തോബീയാവിന് ദൈവാലയത്തിന്റെ പ്രാകാരങ്ങളിൽ ഒരു അറ ഒരുക്കിക്കൊടുത്തതിനാൽ ചെയ്തദോഷം ഞാൻ അറിഞ്ഞു. അത് എനിക്ക് അത്യന്തം വ്യസനമായതുകൊണ്ടു ഞാൻ തോബീയാവിന്റെ വീട്ടുസാമാനമൊക്കെയും അറയിൽനിന്നു പുറത്ത് എറിഞ്ഞുകളഞ്ഞു. പിന്നെ ഞാൻ കല്പിച്ചിട്ട് അവർ ആ അറകളെ ശുദ്ധീകരിച്ചു; ദൈവാലയത്തിലെ ഉപകരണങ്ങളും ഭോജനയാഗവും കുന്തുരുക്കവും ഞാൻ വീണ്ടും അവിടെ വരുത്തി.
നെഹെമ്യാവ് 13:1-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അന്നു ജനം കേൾക്കെ അവർ മോശയുടെ പുസ്‍തകം വായിച്ചു. അതിൽ ഇങ്ങനെ എഴുതിയിരുന്നു: “അമ്മോന്യരും മോവാബ്യരും ഒരിക്കലും ദൈവത്തിന്റെ സഭയിൽ പ്രവേശിക്കരുത്. അവർ അപ്പവും വെള്ളവും കൊണ്ടുവന്ന് ഇസ്രായേലിനെ സ്വീകരിക്കുന്നതിനു പകരം അവരെ ശപിക്കാൻ ബിലെയാമിനെ കൂലിക്കു വിളിച്ചു. എങ്കിലും നമ്മുടെ ദൈവം ആ ശാപത്തെ അനുഗ്രഹമാക്കി മാറ്റി.” ജനം നിയമം വായിച്ചു കേട്ടപ്പോൾ വിജാതീയരെയെല്ലാം ഇസ്രായേലിൽനിന്നു വേർതിരിച്ചു. എന്നാൽ അതിനു മുമ്പു പുരോഹിതനും നമ്മുടെ ദൈവത്തിന്റെ ആലയത്തിലെ മുറികളുടെ ചുമതലക്കാരനായി നിയമിക്കപ്പെട്ടിരുന്ന എല്യാശീബ് തന്റെ ബന്ധുവായ തോബീയായ്‍ക്കുവേണ്ടി ഒരു വലിയ മുറി ഒരുക്കിക്കൊടുത്തിരുന്നു. ധാന്യയാഗം, കുന്തുരുക്കം, പാത്രങ്ങൾ എന്നിവയും ലേവ്യർ, ഗായകർ, വാതിൽകാവല്‌ക്കാർ എന്നിവർക്കുവേണ്ടിയുള്ള ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയുടെ ദശാംശവും പുരോഹിതന്മാർക്കുവേണ്ടിയുള്ള സംഭാവനകളും അവിടെയാണു സൂക്ഷിച്ചിരുന്നത്. ഈ സമയത്ത് ഞാൻ യെരൂശലേമിൽ ഉണ്ടായിരുന്നില്ല. ബാബിലോൺരാജാവായ അർത്ഥക്സേർക്സസ് രാജാവിന്റെ വാഴ്ചയുടെ മുപ്പത്തിരണ്ടാം വർഷം ഞാൻ രാജാവിന്റെ അടുക്കൽ പോയിരുന്നു. കുറച്ചുകാലം കഴിഞ്ഞ് രാജാവിന്റെ അനുവാദത്തോടെ ഞാൻ യെരൂശലേമിൽ മടങ്ങിയെത്തി. അപ്പോഴാണ് എല്യാശീബ് തോബീയായ്‍ക്കുവേണ്ടി ദേവാലയത്തിന്റെ അങ്കണത്തിൽ മുറി ഒരുക്കിക്കൊടുത്ത ഹീനകൃത്യം ഞാൻ അറിഞ്ഞത്. എനിക്ക് വല്ലാത്ത കോപമുണ്ടായി; ആ മുറിയിൽനിന്നു തോബീയായുടെ ഗൃഹോപകരണങ്ങളെല്ലാം ഞാൻ പുറത്ത് എറിഞ്ഞുകളഞ്ഞു. പിന്നീട് എന്റെ ആജ്ഞയനുസരിച്ച് മുറികളെല്ലാം ശുദ്ധമാക്കി; ദേവാലയത്തിന്റെ ഉപകരണങ്ങളും ധാന്യയാഗത്തിനുള്ള ധാന്യങ്ങളും കുന്തുരുക്കവും തിരികെ കൊണ്ടുവന്നു.
നെഹെമ്യാവ് 13:1-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അന്ന് ജനം കേൾക്കെ മോശെയുടെ പുസ്തകം വായിച്ചതിൽ “അമ്മോന്യരും മോവാബ്യരും ദൈവത്തിന്റെ സഭയിൽ ഒരുനാളും പ്രവേശിക്കരുത്; അവർ അപ്പവും വെള്ളവും കൊണ്ട് യിസ്രായേൽ മക്കളെ എതിരേറ്റുവരാതെ അവരെ ശപിക്കേണ്ടതിന് അവർക്ക് വിരോധമായി ബിലെയാമിനെ കൂലിക്ക് വിളിച്ചു. എങ്കിലും നമ്മുടെ ദൈവം ആ ശാപത്തെ അനുഗ്രഹമാക്കി” എന്നു എഴുതിയിരിക്കുന്നത് കണ്ടു. ആ ന്യായപ്രമാണം കേട്ടപ്പോൾ അവർ സമ്മിശ്രജാതികളെ ഒക്കെയും യിസ്രായേലിൽനിന്ന് വേർപിരിച്ചു. അതിന് മുമ്പെ തന്നെ നമ്മുടെ ദൈവത്തിന്റെ ആലയത്തിലെ അറകൾക്ക് മേൽവിചാരകനായി നിയമിക്കപ്പെട്ടിരുന്ന എല്യാശീബ് പുരോഹിതൻ തോബീയാവിന്റെ ബന്ധുവായിരുന്നതിനാൽ അവന് ഒരു വലിയ അറ ഒരുക്കിക്കൊടുത്തിരുന്നു. മുമ്പെ അവിടെ ഭോജനയാഗം, കുന്തുരുക്കം, ഉപകരണങ്ങൾ എന്നിവയും ലേവ്യർക്കും സംഗീതക്കാർക്കും വാതിൽകാവല്ക്കാർക്കും വേണ്ടി നിയമിച്ച ധാന്യം, വീഞ്ഞ്, എണ്ണ, എന്നിവയുടെ ദശാംശവും പുരോഹിതന്മാർക്കുള്ള ഉദർച്ചാർപ്പണങ്ങളും വച്ചിരുന്നു. ഈ കാലത്തൊക്കെയും ഞാൻ യെരൂശലേമിൽ ഉണ്ടായിരുന്നില്ല. ബാബേൽരാജാവായ അർത്ഥഹ്ശഷ്ടാരാജാവിന്റെ മുപ്പത്തിരണ്ടാം ആണ്ടിൽ ഞാൻ രാജാവിന്റെ അടുക്കൽ പോയിരുന്നു; കുറെനാൾ കഴിഞ്ഞിട്ട് ഞാൻ രാജാവിനോട് അനുവാദം വാങ്ങി യെരൂശലേമിലേക്ക് വന്നപ്പോൾ, എല്യാശീബ് തോബീയാവിന് ദൈവാലയത്തിന്റെ പ്രാകാരങ്ങളിൽ ഒരു അറ ഒരുക്കിക്കൊടുത്തതിനാൽ ചെയ്ത ദോഷം ഞാൻ അറിഞ്ഞു. അത് എനിക്ക് അത്യന്തം വ്യസനമായതുകൊണ്ട് ഞാൻ തോബീയാവിന്റെ വീട്ടുസാമാനമൊക്കെയും അറയിൽനിന്ന് പുറത്ത് എറിഞ്ഞുകളഞ്ഞു. പിന്നെ ഞാൻ കല്പിച്ചിട്ട് അവർ ആ അറകൾ ശുദ്ധീകരിച്ചു; ദൈവാലയത്തിലെ ഉപകരണങ്ങളും ഭോജനയാഗവും കുന്തുരുക്കവും ഞാൻ വീണ്ടും അവിടെ വരുത്തി.
നെഹെമ്യാവ് 13:1-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അന്നു ജനം കേൾക്കെ മോശെയുടെ പുസ്തകം വായിച്ചതിൽ അമ്മോന്യരും മോവാബ്യരും ദൈവത്തിന്റെ സഭയിൽ ഒരു നാളും പ്രവേശിക്കരുതു; അവർ അപ്പവും വെള്ളവും കൊണ്ടു യിസ്രായേൽമക്കളെ എതിരേറ്റുവരാതെ അവരെ ശപിക്കേണ്ടതിന്നു അവർക്കു വിരോധമായി ബിലെയാമിനെ കൂലിക്കു വിളിച്ചു; എങ്കിലും നമ്മുടെ ദൈവം ആ ശാപത്തെ അനുഗ്രഹമാക്കി എന്നു എഴുതിയിരിക്കുന്നതു കണ്ടു. ആ ന്യായപ്രമാണം കേട്ടപ്പോൾ അവർ സമ്മിശ്രജാതികളെ ഒക്കെയും യിസ്രായേലിൽനിന്നു വേറുപിരിച്ചു. അതിന്നു മുമ്പെ തന്നേ നമ്മുടെ ദൈവത്തിന്റെ ആലയത്തിലെ അറകൾക്കു മേൽവിചാരകനായി നിയമിക്കപ്പെട്ടിരുന്ന എല്യാശീബ് പുരോഹിതൻ തോബീയാവിന്റെ ബന്ധുവായിരുന്നതിനാൽ അവന്നു ഒരു വലിയ അറ ഒരുക്കിക്കൊടുത്തിരുന്നു. മുമ്പെ അവിടെ ഭോജനയാഗം, കുന്തുരുക്കം, ഉപകരണങ്ങൾ എന്നിവയും ലേവ്യർക്കും സംഗീതക്കാർക്കും വാതിൽകാവല്ക്കാർക്കും വേണ്ടി നിയമിച്ച ധാന്യം, വീഞ്ഞു, എണ്ണ, എന്നിവയുടെ ദശാംശവും പുരോഹിതന്മാർക്കുള്ള ഉദർച്ചാർപ്പണങ്ങളും വെച്ചിരുന്നു. ഈ കാലത്തൊക്കെയും ഞാൻ യെരൂശലേമിൽ ഉണ്ടായിരുന്നില്ല: ബാബേൽരാജാവായ അർത്ഥഹ്ശഷ്ടാവിന്റെ മുപ്പത്തിരണ്ടാം ആണ്ടിൽ ഞാൻ രാജാവിന്റെ അടുക്കൽ പോയിരുന്നു; കുറെനാൾ കഴിഞ്ഞിട്ടു ഞാൻ രാജാവിനോടു അനുവാദം വാങ്ങി യെരൂശലേമിലേക്കു വന്നാറെ എല്യാശീബ് തോബീയാവിന്നു ദൈവാലയത്തിന്റെ പ്രാകാരങ്ങളിൽ ഒരു അറ ഒരുക്കിക്കൊടുത്തതിനാൽ ചെയ്തദോഷം ഞാൻ അറിഞ്ഞു. അതു എനിക്കു അത്യന്തം വ്യസനമായതുകൊണ്ടു ഞാൻ തോബീയാവിന്റെ വീട്ടുസാമാനമൊക്കെയും അറയിൽനിന്നു പുറത്തു എറിഞ്ഞുകളഞ്ഞു. പിന്നെ ഞാൻ കല്പിച്ചിട്ടു അവർ ആ അറകളെ ശുദ്ധീകരിച്ചു; ദൈവാലയത്തിലെ ഉപകരണങ്ങളും ഭോജനയാഗവും കുന്തുരുക്കവും ഞാൻ വീണ്ടും അവിടെ വരുത്തി.
നെഹെമ്യാവ് 13:1-9 സമകാലിക മലയാളവിവർത്തനം (MCV)
ആ ദിവസം ജനം കേൾക്കെ മോശയുടെ പുസ്തകം ഉറക്കെ വായിച്ചപ്പോൾ, അമ്മോന്യരും മോവാബ്യരും ഒരുനാളും ദൈവസഭയിൽ പ്രവേശിക്കരുത് എന്ന് എഴുതിയിരിക്കുന്നതു കണ്ടു; കാരണം അപ്പവും വെള്ളവുമായി ഇസ്രായേലിനെ എതിരേൽക്കാതെ അവരെ ശപിക്കേണ്ടതിന് ബിലെയാമിനെ വിളിച്ചവരാണ് അവർ. എങ്കിലും നമ്മുടെ ദൈവം ആ ശാപത്തെ അനുഗ്രഹമാക്കിത്തീർത്തു. ഈ ന്യായപ്രമാണം കേട്ട ജനം അന്യവംശജരെ എല്ലാം ഇസ്രായേലിൽനിന്ന് പുറത്താക്കി. അതിനുമുമ്പേ, നമ്മുടെ ദൈവത്തിന്റെ ആലയത്തിലെ സംഭരണശാലകളുടെ ചുമതല എല്യാശീബ് പുരോഹിതനെ ഏൽപ്പിച്ചിരുന്നു. അദ്ദേഹം തോബിയാവിന്റെ ബന്ധുവായിരുന്നതിനാൽ അദ്ദേഹത്തിന് വലിയ ഒരു മുറി നൽകി; ഭോജനയാഗങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, ആലയംവക ഉപകരണങ്ങൾ എന്നിവയും, ലേവ്യർ, സംഗീതജ്ഞർ, വാതിൽക്കാവൽക്കാർ എന്നിവർക്കു നിയമിക്കപ്പെട്ട ധാന്യം, പുതുവീഞ്ഞ്, ഒലിവെണ്ണ എന്നിവയുടെ ദശാംശവും പുരോഹിതന്മാർക്കുള്ള സംഭാവനകളും സൂക്ഷിക്കാനായി മുമ്പ് ഉപയോഗിച്ചിരുന്ന മുറിയായിരുന്നു അത്. ഇതെല്ലാം നടക്കുന്ന സമയത്ത് ഞാൻ ജെറുശലേമിൽ ഉണ്ടായിരുന്നില്ല; കാരണം, ബാബേൽരാജാവായ അർഥഹ്ശഷ്ടാവിന്റെ മുപ്പത്തിരണ്ടാമാണ്ടിൽ ഞാൻ അദ്ദേഹത്തിന്റെ അടുത്തേക്കു മടങ്ങിപ്പോയിരുന്നു. കുറെനാൾ കഴിഞ്ഞിട്ട് ഞാൻ അദ്ദേഹത്തിൽനിന്നും അനുവാദം വാങ്ങി ജെറുശലേമിലേക്കു മടങ്ങിവന്നു. തോബിയാവിന് ദൈവാലയത്തിന്റെ അങ്കണത്തിലുള്ള ഒരു മുറി കൊടുത്ത എല്യാശീബിന്റെ തെറ്റായ നടപടിയെപ്പറ്റി അപ്പോഴാണ് ഞാൻ അറിഞ്ഞത്. ഇതിൽ ഞാൻ വളരെ കോപിച്ച് തോബിയാവിന്റെ വീട്ടുപകരണങ്ങളൊക്കെയും മുറിയിൽനിന്നു പുറത്തേക്കെറിഞ്ഞു. മുറി ശുദ്ധീകരിക്കാൻ ഞാൻ കൽപ്പനകൊടുത്തു; അതിനുശേഷം ദൈവാലയത്തിലെ ഉപകരണങ്ങളും ഭോജനയാഗങ്ങളും സുഗന്ധദ്രവ്യങ്ങളും ഞാൻ അതിൽ തിരികെവെച്ചു.