നെഹെമ്യാവ് 13:1-9

നെഹെമ്യാവ് 13:1-9 MCV

ആ ദിവസം ജനം കേൾക്കെ മോശയുടെ പുസ്തകം ഉറക്കെ വായിച്ചപ്പോൾ, അമ്മോന്യരും മോവാബ്യരും ഒരുനാളും ദൈവസഭയിൽ പ്രവേശിക്കരുത് എന്ന് എഴുതിയിരിക്കുന്നതു കണ്ടു; കാരണം അപ്പവും വെള്ളവുമായി ഇസ്രായേലിനെ എതിരേൽക്കാതെ അവരെ ശപിക്കേണ്ടതിന് ബിലെയാമിനെ വിളിച്ചവരാണ് അവർ. എങ്കിലും നമ്മുടെ ദൈവം ആ ശാപത്തെ അനുഗ്രഹമാക്കിത്തീർത്തു. ഈ ന്യായപ്രമാണം കേട്ട ജനം അന്യവംശജരെ എല്ലാം ഇസ്രായേലിൽനിന്ന് പുറത്താക്കി. അതിനുമുമ്പേ, നമ്മുടെ ദൈവത്തിന്റെ ആലയത്തിലെ സംഭരണശാലകളുടെ ചുമതല എല്യാശീബ് പുരോഹിതനെ ഏൽപ്പിച്ചിരുന്നു. അദ്ദേഹം തോബിയാവിന്റെ ബന്ധുവായിരുന്നതിനാൽ അദ്ദേഹത്തിന് വലിയ ഒരു മുറി നൽകി; ഭോജനയാഗങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, ആലയംവക ഉപകരണങ്ങൾ എന്നിവയും, ലേവ്യർ, സംഗീതജ്ഞർ, വാതിൽക്കാവൽക്കാർ എന്നിവർക്കു നിയമിക്കപ്പെട്ട ധാന്യം, പുതുവീഞ്ഞ്, ഒലിവെണ്ണ എന്നിവയുടെ ദശാംശവും പുരോഹിതന്മാർക്കുള്ള സംഭാവനകളും സൂക്ഷിക്കാനായി മുമ്പ് ഉപയോഗിച്ചിരുന്ന മുറിയായിരുന്നു അത്. ഇതെല്ലാം നടക്കുന്ന സമയത്ത് ഞാൻ ജെറുശലേമിൽ ഉണ്ടായിരുന്നില്ല; കാരണം, ബാബേൽരാജാവായ അർഥഹ്ശഷ്ടാവിന്റെ മുപ്പത്തിരണ്ടാമാണ്ടിൽ ഞാൻ അദ്ദേഹത്തിന്റെ അടുത്തേക്കു മടങ്ങിപ്പോയിരുന്നു. കുറെനാൾ കഴിഞ്ഞിട്ട് ഞാൻ അദ്ദേഹത്തിൽനിന്നും അനുവാദം വാങ്ങി ജെറുശലേമിലേക്കു മടങ്ങിവന്നു. തോബിയാവിന് ദൈവാലയത്തിന്റെ അങ്കണത്തിലുള്ള ഒരു മുറി കൊടുത്ത എല്യാശീബിന്റെ തെറ്റായ നടപടിയെപ്പറ്റി അപ്പോഴാണ് ഞാൻ അറിഞ്ഞത്. ഇതിൽ ഞാൻ വളരെ കോപിച്ച് തോബിയാവിന്റെ വീട്ടുപകരണങ്ങളൊക്കെയും മുറിയിൽനിന്നു പുറത്തേക്കെറിഞ്ഞു. മുറി ശുദ്ധീകരിക്കാൻ ഞാൻ കൽപ്പനകൊടുത്തു; അതിനുശേഷം ദൈവാലയത്തിലെ ഉപകരണങ്ങളും ഭോജനയാഗങ്ങളും സുഗന്ധദ്രവ്യങ്ങളും ഞാൻ അതിൽ തിരികെവെച്ചു.