NEHEMIA 13:1-9

NEHEMIA 13:1-9 MALCLBSI

അന്നു ജനം കേൾക്കെ അവർ മോശയുടെ പുസ്‍തകം വായിച്ചു. അതിൽ ഇങ്ങനെ എഴുതിയിരുന്നു: “അമ്മോന്യരും മോവാബ്യരും ഒരിക്കലും ദൈവത്തിന്റെ സഭയിൽ പ്രവേശിക്കരുത്. അവർ അപ്പവും വെള്ളവും കൊണ്ടുവന്ന് ഇസ്രായേലിനെ സ്വീകരിക്കുന്നതിനു പകരം അവരെ ശപിക്കാൻ ബിലെയാമിനെ കൂലിക്കു വിളിച്ചു. എങ്കിലും നമ്മുടെ ദൈവം ആ ശാപത്തെ അനുഗ്രഹമാക്കി മാറ്റി.” ജനം നിയമം വായിച്ചു കേട്ടപ്പോൾ വിജാതീയരെയെല്ലാം ഇസ്രായേലിൽനിന്നു വേർതിരിച്ചു. എന്നാൽ അതിനു മുമ്പു പുരോഹിതനും നമ്മുടെ ദൈവത്തിന്റെ ആലയത്തിലെ മുറികളുടെ ചുമതലക്കാരനായി നിയമിക്കപ്പെട്ടിരുന്ന എല്യാശീബ് തന്റെ ബന്ധുവായ തോബീയായ്‍ക്കുവേണ്ടി ഒരു വലിയ മുറി ഒരുക്കിക്കൊടുത്തിരുന്നു. ധാന്യയാഗം, കുന്തുരുക്കം, പാത്രങ്ങൾ എന്നിവയും ലേവ്യർ, ഗായകർ, വാതിൽകാവല്‌ക്കാർ എന്നിവർക്കുവേണ്ടിയുള്ള ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയുടെ ദശാംശവും പുരോഹിതന്മാർക്കുവേണ്ടിയുള്ള സംഭാവനകളും അവിടെയാണു സൂക്ഷിച്ചിരുന്നത്. ഈ സമയത്ത് ഞാൻ യെരൂശലേമിൽ ഉണ്ടായിരുന്നില്ല. ബാബിലോൺരാജാവായ അർത്ഥക്സേർക്സസ് രാജാവിന്റെ വാഴ്ചയുടെ മുപ്പത്തിരണ്ടാം വർഷം ഞാൻ രാജാവിന്റെ അടുക്കൽ പോയിരുന്നു. കുറച്ചുകാലം കഴിഞ്ഞ് രാജാവിന്റെ അനുവാദത്തോടെ ഞാൻ യെരൂശലേമിൽ മടങ്ങിയെത്തി. അപ്പോഴാണ് എല്യാശീബ് തോബീയായ്‍ക്കുവേണ്ടി ദേവാലയത്തിന്റെ അങ്കണത്തിൽ മുറി ഒരുക്കിക്കൊടുത്ത ഹീനകൃത്യം ഞാൻ അറിഞ്ഞത്. എനിക്ക് വല്ലാത്ത കോപമുണ്ടായി; ആ മുറിയിൽനിന്നു തോബീയായുടെ ഗൃഹോപകരണങ്ങളെല്ലാം ഞാൻ പുറത്ത് എറിഞ്ഞുകളഞ്ഞു. പിന്നീട് എന്റെ ആജ്ഞയനുസരിച്ച് മുറികളെല്ലാം ശുദ്ധമാക്കി; ദേവാലയത്തിന്റെ ഉപകരണങ്ങളും ധാന്യയാഗത്തിനുള്ള ധാന്യങ്ങളും കുന്തുരുക്കവും തിരികെ കൊണ്ടുവന്നു.

NEHEMIA 13 വായിക്കുക