ലേവ്യാപുസ്തകം 13:1-46

ലേവ്യാപുസ്തകം 13:1-46 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത് എന്തെന്നാൽ: ഒരു മനുഷ്യന്റെ ത്വക്കിന്മേൽ തിണർപ്പോ ചുണങ്ങോ വെളുത്ത പുള്ളിയോ ഇങ്ങനെ കുഷ്ഠത്തിന്റെ വടു കണ്ടാൽ അവനെ പുരോഹിതനായ അഹരോന്റെ അടുക്കലോ പുരോഹിതന്മാരായ അവന്റെ പുത്രന്മാരിൽ ഒരുത്തന്റെ അടുക്കലോ കൊണ്ടുവരേണം. പുരോഹിതൻ ത്വക്കിന്മേൽ ഉള്ള വടു നോക്കേണം; വടുവിനകത്തുള്ള രോമം വെളുത്തതും വടു ത്വക്കിനെക്കാൾ കുഴിഞ്ഞതും ആയി കണ്ടാൽ അതു കുഷ്ഠലക്ഷണം; പുരോഹിതൻ അവനെ നോക്കി അശുദ്ധനെന്നു വിധിക്കേണം. അവന്റെ ത്വക്കിന്മേൽ പുള്ളി വെളുത്തതും ത്വക്കിനെക്കാളും കുഴിഞ്ഞിരിക്കാത്തതും അതിനകത്തുള്ള രോമം വെളുത്തിരിക്കാത്തതും ആയി കണ്ടാൽ പുരോഹിതൻ ആ ലക്ഷണമുള്ളവനെ ഏഴു ദിവസത്തേക്ക് അകത്താക്കി അടയ്ക്കേണം. ഏഴാം ദിവസം പുരോഹിതൻ അവനെ നോക്കേണം; വടു ത്വക്കിന്മേൽ പരക്കാതെ, കണ്ട സ്ഥിതിയിൽ നില്ക്കുന്നു എങ്കിൽ പുരോഹിതൻ രണ്ടാം പ്രാവശ്യം അവനെ ഏഴു ദിവസത്തേക്ക് അകത്താക്കി അടയ്ക്കേണം. ഏഴാം ദിവസം പുരോഹിതൻ അവനെ വീണ്ടും നോക്കേണം; വടു മങ്ങിയതായും ത്വക്കിന്മേൽ പരക്കാതെയും കണ്ടാൽ പുരോഹിതൻ അവനെ ശുദ്ധിയുള്ളവൻ എന്നു വിധിക്കേണം; അതു ചുണങ്ങത്രേ. അവൻ വസ്ത്രം അലക്കി ശുദ്ധിയുള്ളവനായിരിക്കേണം. അവൻ ശുദ്ധീകരണത്തിനായി തന്നെത്താൻ പുരോഹിതനെ കാണിച്ചശേഷം ചുണങ്ങ് ത്വക്കിന്മേൽ അധികമായി പരന്നാൽ അവൻ പിന്നെയും തന്നെത്താൻ പുരോഹിതനെ കാണിക്കേണം. ചുണങ്ങു ത്വക്കിന്മേൽ പരക്കുന്നു എന്നു പുരോഹിതൻ കണ്ടാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു കുഷ്ഠം തന്നെ. കുഷ്ഠത്തിന്റെ ലക്ഷണം ഒരു മനുഷ്യനിൽ ഉണ്ടായാൽ അവനെ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരേണം. പുരോഹിതൻ അവനെ നോക്കേണം: ത്വക്കിന്മേൽ വെളുത്ത തിണർപ്പുണ്ടായിരിക്കയും അതിലെ രോമം വെളുത്തിരിക്കയും തിണർപ്പിൽ പച്ചമാംസത്തിന്റെ ലക്ഷണം ഉണ്ടായിരിക്കയും ചെയ്താൽ അത് അവന്റെ ത്വക്കിൽ പഴകിയ കുഷ്ഠം ആകുന്നു; പുരോഹിതൻ അവനെ അശുദ്ധൻ എന്നു വിധിക്കേണം; അവൻ അശുദ്ധനാകകൊണ്ട് അവനെ അകത്താക്കി അടയ്ക്കരുത്. കുഷ്ഠം ത്വക്കിൽ അധികമായി പരന്നു രോഗിയുടെ തലതൊട്ടു കാൽവരെ പുരോഹിതൻ കാണുന്നേടത്തൊക്കെയും വടു ത്വക്കിൽ ആസകലം മൂടിയിരിക്കുന്നു എങ്കിൽ പുരോഹിതൻ നോക്കേണം; കുഷ്ഠം അവന്റെ ദേഹത്തെ മുഴുവനും മൂടിയിരുന്നാൽ അവൻ വടുവുള്ളവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം; ആസകലം വെള്ളയായിത്തീർന്ന്; അവൻ ശുദ്ധിയുള്ളവൻ ആകുന്നു. എന്നാൽ പച്ചമാംസം അവനിൽ കണ്ടാൽ അവൻ അശുദ്ധൻ. പുരോഹിതൻ പച്ചമാംസം നോക്കി അവനെ അശുദ്ധനെന്നു വിധിക്കേണം. പച്ചമാംസം അശുദ്ധം; അതു കുഷ്ഠംതന്നെ. എന്നാൽ പച്ചമാംസം മാറി വെള്ളയായിത്തീർന്നാൽ അവൻ പുരോഹിതന്റെ അടുക്കൽ വരേണം. പുരോഹിതൻ അവനെ നോക്കേണം; വടു വെള്ളയായിത്തീർന്നു എങ്കിൽ പുരോഹിതൻ വടുവുള്ളവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം; അവൻ ശുദ്ധിയുള്ളവൻതന്നെ. ദേഹത്തിന്റെ ത്വക്കിൽ പരുവുണ്ടായിരുന്നിട്ട് സൗഖ്യമായശേഷം പരുവിന്റെ സ്ഥലത്തു വെളുത്ത തിണർപ്പോ ചുവപ്പോടുകൂടിയ വെളുത്ത പുള്ളിയോ ഉണ്ടായാൽ അതു പുരോഹിതനെ കാണിക്കേണം. പുരോഹിതൻ അതു നോക്കേണം; അതു ത്വക്കിനെക്കാൾ കുഴിഞ്ഞതും അതിലെ രോമം വെളുത്തതുമായി കണ്ടാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു പരുവിൽനിന്ന് ഉണ്ടായ കുഷ്ഠരോഗം. എന്നാൽ പുരോഹിതൻ അതു നോക്കി അതിൽ വെളുത്ത രോമം ഇല്ലാതെയും അതു ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കാതെയും നിറം മങ്ങിയും കണ്ടാൽ പുരോഹിതൻ അവനെ ഏഴു ദിവസത്തേക്ക് അകത്താക്കി അടയ്ക്കേണം. അതു ത്വക്കിന്മേൽ അധികം പരന്നാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു കുഷ്ഠലക്ഷണം തന്നെ. എന്നാൽ വെളുത്ത പുള്ളി പരക്കാതെ, കണ്ട നിലയിൽത്തന്നെ നിന്നുവെങ്കിൽ അതു പരുവിന്റെ വടു അത്രേ. പുരോഹിതൻ അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം. അല്ലെങ്കിൽ ദേഹത്തിന്റെ ത്വക്കിൽ തീപ്പൊള്ളൽ ഉണ്ടായി പൊള്ളലിന്റെ വടു ചുവപ്പോടു കൂടി വെളുത്തോ വെളുത്തു തന്നെയോ ഇരിക്കുന്ന പുള്ളിയായിത്തീർന്നാൽ പുരോഹിതൻ അതു നോക്കേണം; പുള്ളിയിലെ രോമം വെള്ളയായിത്തീർന്നു ത്വക്കിനെക്കാൾ കുഴിഞ്ഞുകണ്ടാൽ പൊള്ളലിൽ ഉണ്ടായ കുഷ്ഠം; ആകയാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു കുഷ്ഠലക്ഷണം തന്നെ. എന്നാൽ പുരോഹിതൻ അതു നോക്കിയിട്ട് പുള്ളിയിൽ വെളുത്ത രോമം ഇല്ലാതെയും അതു ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കാതെയും നിറം മങ്ങിയും കണ്ടാൽ പുരോഹിതൻ അവനെ ഏഴു ദിവസത്തേക്ക് അകത്താക്കി അടയ്ക്കേണം. ഏഴാം ദിവസം പുരോഹിതൻ അവനെ നോക്കേണം: അതു ത്വക്കിന്മേൽ പരന്നിരുന്നാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു കുഷ്ഠലക്ഷണം തന്നെ. എന്നാൽ പുള്ളി ത്വക്കിന്മേൽ പരക്കാതെ, കണ്ട നിലയിൽതന്നെ നില്ക്കയും നിറം മങ്ങിയിരിക്കയും ചെയ്താൽ അതു തീപ്പൊള്ളലിന്റെ തിണർപ്പ് ആകുന്നു; പുരോഹിതൻ അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം; അതു തീപ്പൊള്ളലിന്റെ തിണർപ്പത്രേ. ഒരു പുരുഷനെങ്കിലും ഒരു സ്ത്രീക്കെങ്കിലും തലയിലോ താടിയിലോ ഒരു വടു ഉണ്ടായാൽ പുരോഹിതൻ വടു നോക്കേണം: അതു ത്വക്കിനെക്കാൾ കുഴിഞ്ഞും അതിൽ പൊൻനിറമായ നേർമയുള്ള രോമം ഉള്ളതായും കണ്ടാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു പുറ്റാകുന്നു; തലയിലോ താടിയിലോ ഉള്ള കുഷ്ഠംതന്നെ. പുരോഹിതൻ പുറ്റിന്റെ വടുവിനെ നോക്കുമ്പോൾ അതു ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കാതെയും അതിൽ കറുത്ത രോമം ഇല്ലാതെയും കണ്ടാൽ പുരോഹിതൻ പുറ്റുവടുവുള്ളവനെ ഏഴു ദിവസത്തേക്ക് അകത്താക്കി അടയ്ക്കേണം. ഏഴാം ദിവസം പുരോഹിതൻ വടുവിനെ നോക്കേണം; പുറ്റു പരക്കാതെയും അതിൽ പൊൻനിറമുള്ള രോമം ഇല്ലാതെയും പുറ്റിന്റെ കാഴ്ച ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കാതെയും ഇരുന്നാൽ അവൻ ക്ഷൗരം ചെയ്യിക്കേണം; എന്നാൽ പുറ്റിൽ ക്ഷൗരം ചെയ്യരുത്; പുരോഹിതൻ പുറ്റുള്ളവനെ പിന്നെയും ഏഴു ദിവസത്തേക്ക് അകത്താക്കി അടയ്ക്കേണം. ഏഴാം ദിവസം പുരോഹിതൻ പുറ്റു നോക്കേണം; പുറ്റു ത്വക്കിന്മേൽ പരക്കാതെയും കാഴ്ചയ്ക്കു ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കാതെയും ഇരുന്നാൽ പുരോഹിതൻ അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം; അവൻ വസ്ത്രം അലക്കി ശുദ്ധിയുള്ളവനായിരിക്കേണം. എന്നാൽ അവന്റെ ശുദ്ധീകരണത്തിനുശേഷം പുറ്റു ത്വക്കിന്മേൽ പരന്നാൽ പുരോഹിതൻ അവനെ നോക്കേണം; പുറ്റു ത്വക്കിന്മേൽ പരന്നിരുന്നാൽ പുരോഹിതൻ പൊൻനിറമുള്ള രോമം അന്വേഷിക്കേണ്ടാ; അവൻ അശുദ്ധൻതന്നെ. എന്നാൽ പുറ്റു കണ്ട നിലയിൽതന്നെ നില്ക്കുന്നതായും അതിൽ കറുത്ത രോമം മുളച്ചതായും കണ്ടാൽ പുറ്റു സൗഖ്യമായി; അവൻ ശുദ്ധിയുള്ളവൻ; പുരോഹിതൻ അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം. ഒരു പുരുഷനോ സ്ത്രീക്കോ ദേഹത്തിന്റെ ത്വക്കിൽ വെളുത്ത പുള്ളി ഉണ്ടായാൽ പുരോഹിതൻ നോക്കേണം; ദേഹത്തിന്റെ ത്വക്കിൽ മങ്ങിയ വെള്ളപ്പുള്ളി ഉണ്ടായാൽ അതു ത്വക്കിൽ ഉണ്ടാകുന്ന ചുണങ്ങ്; അവൻ ശുദ്ധിയുള്ളവൻ. തലമുടി കൊഴിഞ്ഞവനോ കഷണ്ടിക്കാരനത്രേ; അവൻ ശുദ്ധിയുള്ളവൻ. തലയിൽ മുൻവശത്തെ രോമം കൊഴിഞ്ഞവൻ മുൻകഷണ്ടിക്കാരൻ; അവൻ ശുദ്ധിയുള്ളവൻ. പിൻകഷണ്ടിയിലോ മുൻകഷണ്ടിയിലോ ചുവപ്പോടുകൂടിയ വെള്ളപ്പുള്ളി ഉണ്ടായാൽ അത് അവന്റെ പിൻകഷണ്ടിയിലോ മുൻകഷണ്ടിയിലോ ഉദ്ഭവിക്കുന്ന കുഷ്ഠം. പുരോഹിതൻ അതു നോക്കേണം; അവന്റെ പിൻകഷണ്ടിയിലോ മുൻകഷണ്ടിയിലോ ത്വക്കിൽ കുഷ്ഠത്തിന്റെ കാഴ്ചപോലെ വടുവിന്റെ തിണർപ്പ് ചുവപ്പോടു കൂടി വെളുത്തതായിരുന്നാൽ അവൻ കുഷ്ഠരോഗി; അവൻ അശുദ്ധൻതന്നെ, പുരോഹിതൻ അവനെ അശുദ്ധൻ എന്നു തീർത്തു വിധിക്കേണം; അവനു തലയിൽ കുഷ്ഠരോഗം ഉണ്ട്. വടുവുള്ള കുഷ്ഠരോഗിയുടെ വസ്ത്രം കീറിക്കളയേണം: അവന്റെ തല മൂടാതിരിക്കേണം; അവൻ അധരം മൂടിക്കൊണ്ടിരിക്കയും അശുദ്ധൻ, അശുദ്ധൻ എന്നു വിളിച്ചുപറകയും വേണം. അവനു രോഗമുള്ള നാളൊക്കെയും അവൻ അശുദ്ധൻ ആയിരിക്കേണം; അവൻ അശുദ്ധൻതന്നെ; അവൻ തനിച്ചു പാർക്കേണം; അവന്റെ പാർപ്പ് പാളയത്തിനു പുറത്തായിരിക്കേണം.

ലേവ്യാപുസ്തകം 13:1-46 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരൻ മോശയോടും അഹരോനോടും അരുളിച്ചെയ്തു: “നിങ്ങൾ ആരുടെയെങ്കിലും ശരീരത്തിൽ കുഷ്ഠരോഗ ലക്ഷണം പോലെയുള്ള വീക്കമോ, തടിപ്പോ, വെളുത്ത പുള്ളിയോ കണ്ടാൽ അവനെ പുരോഹിതനായ അഹരോന്റെയോ അയാളുടെ പുത്രന്മാരായ പുരോഹിതന്മാരിൽ ആരുടെയെങ്കിലുമോ അടുക്കൽ കൊണ്ടുവരണം. പുരോഹിതൻ രോഗലക്ഷണം കണ്ട ഭാഗം പരിശോധിക്കണം. അവിടെയുള്ള രോമം വെളുത്തും ചുറ്റുമുള്ള ഭാഗത്തെക്കാൾ അവിടം കുഴിഞ്ഞും കണ്ടാൽ രോഗം കുഷ്ഠമാണ്. പരിശോധനയ്‍ക്കുശേഷം പുരോഹിതൻ അയാളെ അശുദ്ധനായി പ്രഖ്യാപിക്കണം. ആ ഭാഗം വെളുത്തതെങ്കിലും പാട് കുഴിയാതെയും രോമം വെളുക്കാതെയും കണ്ടാൽ പുരോഹിതൻ അയാളെ ഏഴു ദിവസത്തേക്കു മാറ്റി പാർപ്പിക്കണം. ഏഴാം ദിവസം പുരോഹിതൻ അയാളെ വീണ്ടും പരിശോധിക്കണം. രോഗം ത്വക്കിൽ വ്യാപിക്കാതെ പൂർവസ്ഥിതിയിൽ നില്‌ക്കുന്നു എന്നു ബോധ്യമായാൽ ഏഴു ദിവസത്തേക്കുകൂടി അയാളെ മാറ്റി പാർപ്പിക്കണം. എന്നാൽ ഏഴാം ദിവസം അയാളെ വീണ്ടും പരിശോധിക്കുമ്പോൾ പാണ്ട് ത്വക്കിൽ വ്യാപിക്കാതെ മങ്ങിയിരിക്കുന്നതായി കണ്ടാൽ അയാൾ ശുദ്ധിയുള്ളവനെന്നു പുരോഹിതൻ പ്രഖ്യാപിക്കണം. അത് ഒരു തടിപ്പു മാത്രമാണ്. അയാൾ വസ്ത്രം അലക്കി ശുദ്ധി പ്രാപിക്കണം. പരിശോധനയിൽ ശുദ്ധിയുള്ളവനെന്നു കണ്ടശേഷം തടിപ്പ് ത്വക്കിൽ വ്യാപിച്ചാൽ അയാൾ വീണ്ടും പുരോഹിതനെ സമീപിക്കണം. പരിശോധനയിൽ തടിപ്പ് ത്വക്കിൽ വ്യാപിച്ചിരിക്കുന്നതായി കണ്ടാൽ പുരോഹിതൻ അയാളെ അശുദ്ധനായി പ്രഖ്യാപിക്കണം. അതു കുഷ്ഠംതന്നെ. കുഷ്ഠം ബാധിച്ചവനെ പുരോഹിതന്റെ അടുക്കൽ കൊണ്ടുചെല്ലണം. പുരോഹിതൻ അവനെ പരിശോധിക്കണം. ത്വക്കിൽ വെളുത്ത തടിപ്പു കാണുകയും അവിടത്തെ രോമം വെളുത്തിരിക്കുകയും പച്ചമാംസം എഴുന്നിരിക്കുകയും ചെയ്താൽ, അതു പഴകിയ കുഷ്ഠമാണ്. പുരോഹിതൻ അവനെ അശുദ്ധനായി പ്രഖ്യാപിക്കണം. അശുദ്ധനെന്നു തീർച്ചയായതിനാൽ അവനെ നിരീക്ഷണത്തിനായി മാറ്റി പാർപ്പിക്കേണ്ടതില്ല. ത്വക്ക്‍രോഗം പടർന്ന് അടിമുടി വ്യാപിച്ചതായി കണ്ടാൽ പുരോഹിതൻ അവനെ വീണ്ടും പരിശോധിക്കണം. രോഗം ശരീരമാസകലം വ്യാപിച്ചിട്ടുണ്ടെങ്കിൽ അവൻ ശുദ്ധിയുള്ളവനെന്നു പ്രഖ്യാപിക്കണം. അവന്റെ ത്വക്കു മുഴുവൻ വെളുപ്പു വ്യാപിച്ചിരിക്കുന്നതിനാൽ അവൻ ശുദ്ധിയുള്ളവനാണ്. എന്നാൽ അവന്റെ തടിപ്പിൽ പച്ചമാംസം എഴുന്നു കണ്ടാൽ പുരോഹിതൻ അവനെ അശുദ്ധനായി പ്രഖ്യാപിക്കണം. പുരോഹിതൻ അവന്റെ തടിപ്പിലെ എഴുന്ന മാംസം പരിശോധിച്ച് അവനെ അശുദ്ധനായി പ്രഖ്യാപിക്കണം. എഴുന്ന മാംസം അശുദ്ധമാണ്. അതു കുഷ്ഠരോഗംതന്നെ. എന്നാൽ വ്രണം കരിഞ്ഞു വെള്ളനിറമായിത്തീർന്നാൽ അവൻ പുരോഹിതന്റെ അടുക്കൽ ചെല്ലണം. പരിശോധനയിൽ എഴുന്ന മാംസം കരിഞ്ഞു വെളുപ്പ് മാത്രമായിത്തീർന്നു എന്നു പുരോഹിതൻ കണ്ടാൽ അവനെ ശുദ്ധിയുള്ളവനെന്നു പ്രഖ്യാപിക്കണം. അവൻ ശുദ്ധിയുള്ളവൻതന്നെ. ത്വക്കിൽ ഉണ്ടായിരുന്ന പരു കരിഞ്ഞ സ്ഥാനത്ത് വെളുത്തതോ, ചുവപ്പുകലർന്ന വെള്ളയോ ആയ പാട് ഉണ്ടായാൽ അതു പുരോഹിതനെ കാണിക്കണം. പുരോഹിതൻ അതു പരിശോധിക്കുമ്പോൾ പാട് ത്വക്കിനെക്കാൾ കുഴിഞ്ഞും അവിടത്തെ രോമം വെളുത്തും കണ്ടാൽ അയാളെ അശുദ്ധനായി പ്രഖ്യാപിക്കണം. അതു പരുവിൽനിന്ന് ഉണ്ടായ കുഷ്ഠമാണ്. എന്നാൽ രോമം വെളുക്കുകയോ പാട് ത്വക്കിനെക്കാൾ കുഴിയുകയോ ചെയ്യാതെ നിറം മങ്ങിക്കണ്ടാൽ പുരോഹിതൻ അവനെ ഏഴു ദിവസത്തേക്കു മാറ്റി പാർപ്പിക്കണം. പാട് വ്യാപിക്കുന്നതായി കണ്ടാൽ പുരോഹിതൻ അവനെ അശുദ്ധനായി പ്രഖ്യാപിക്കണം. അവൻ കുഷ്ഠരോഗബാധിതനാണ്. എന്നാൽ അതു വ്യാപിക്കാതെയിരുന്നാൽ വ്രണം കരിഞ്ഞ പാടുമാത്രമാണ്. അവൻ ശുദ്ധിയുള്ളവനെന്നു പുരോഹിതൻ പ്രഖ്യാപിക്കണം. ശരീരത്തിൽ പൊള്ളൽ ഏറ്റിട്ട് ആ ഭാഗത്തെ മാംസം വെള്ളനിറമോ, ചുവപ്പുകലർന്ന വെള്ളനിറമോ ആയാൽ പുരോഹിതൻ അവനെ പരിശോധിക്കണം. അവിടത്തെ രോമം വെളുത്തും അവിടം ത്വക്കിനെക്കാൾ കുഴിഞ്ഞും കണ്ടാൽ അതു പൊള്ളലിൽനിന്നുണ്ടായ കുഷ്ഠമാണ്. പുരോഹിതൻ അവനെ അശുദ്ധനായി പ്രഖ്യാപിക്കണം. അതു കുഷ്ഠരോഗമാണ്. പുരോഹിതന്റെ പരിശോധനയിൽ തടിപ്പിലെ രോമത്തിന്റെ നിറം വെളുത്തും തടിപ്പ് ചുറ്റുമുള്ള ത്വക്കിനെക്കാൾ കുഴിവുള്ളതാകാതെയും നിറം മങ്ങിയും ഇരുന്നാൽ അവനെ ഏഴു ദിവസത്തേക്കു മാറ്റി പാർപ്പിക്കണം. ഏഴാം ദിവസം പുരോഹിതൻ പരിശോധിക്കുമ്പോൾ തടിപ്പ് ത്വക്കിൽ വ്യാപിച്ചിരിക്കുന്നതായി കണ്ടാൽ അവനെ അശുദ്ധനായി പ്രഖ്യാപിക്കണം. അതു കുഷ്ഠരോഗമാകുന്നു. എന്നാൽ പാണ്ട് വ്യാപിക്കാതെ പൂർവസ്ഥിതിയിലും നിറം മങ്ങിയും കാണപ്പെട്ടാൽ അതു പൊള്ളലിൽനിന്നുണ്ടായ തടിപ്പാണ്. പുരോഹിതൻ അവനെ ശുദ്ധനെന്നു പ്രഖ്യാപിക്കണം. പുരുഷന്റെയോ സ്‍ത്രീയുടെയോ തലയിലോ താടിയിലോ വ്രണം കണ്ടാൽ പുരോഹിതൻ അതു പരിശോധിക്കണം. അതു കുഴിഞ്ഞും അവിടത്തെ രോമം നേർത്ത് മഞ്ഞയായും കണ്ടാൽ പുരോഹിതൻ അവനെ അശുദ്ധനായി പ്രഖ്യാപിക്കണം. അത് ചിരങ്ങ് അഥവാ തലയിലോ, താടിയിലോ ഉണ്ടാകുന്ന കുഷ്ഠമാകുന്നു. പുരോഹിതന്റെ പരിശോധനയിൽ അവിടം കുഴിയാതെയും അതിന്മേൽ കറുത്ത രോമം ഇല്ലാതെയും ഇരുന്നാൽ അവനെ ഏഴു ദിവസത്തേക്കു മാറ്റി പാർപ്പിക്കണം. ഏഴാം ദിവസം പുരോഹിതൻ പരിശോധിക്കുമ്പോൾ അതു വ്യാപിക്കാതെയും മഞ്ഞരോമം ഇല്ലാതെയും ത്വക്കിനെക്കാൾ കുഴിയാതെയും കണ്ടാൽ ചിരങ്ങുള്ള ഭാഗമൊഴിച്ച് അവൻ ക്ഷൗരം ചെയ്യണം. പിന്നീടു പുരോഹിതൻ അവനെ വീണ്ടും ഏഴു ദിവസത്തേക്കു മാറ്റി പാർപ്പിക്കണം. ഏഴാം ദിവസം പുരോഹിതൻ അതു പരിശോധിക്കുമ്പോൾ ചിരങ്ങ് ത്വക്കിൽ വ്യാപിക്കാതെയും, അവിടം മറ്റു ഭാഗത്തെക്കാൾ കുഴിയാതെയും കണ്ടാൽ അവൻ ശുദ്ധിയുള്ളവനെന്നു പ്രഖ്യാപിക്കണം. അവൻ വസ്ത്രം അലക്കി ശുദ്ധി വരുത്തണം. ശുദ്ധിയുള്ളവനെന്നു പ്രഖ്യാപിക്കപ്പെട്ടശേഷം ചിരങ്ങ് ത്വക്കിൽ വ്യാപിക്കുകയാണെങ്കിൽ പുരോഹിതൻ അവനെ പരിശോധിക്കണം. ചിരങ്ങ് വ്യാപിക്കുന്നതു കണ്ടാൽ അതിൽ മഞ്ഞരോമം ഉണ്ടോ എന്നു നോക്കേണ്ടതില്ല. അവൻ അശുദ്ധൻ തന്നെ. എന്നാൽ ചിരങ്ങിന്റെ വളർച്ച നിലച്ച് അതിൽ കറുത്ത രോമം വളർന്നു തുടങ്ങിയാൽ അതു കരിഞ്ഞതായി കരുതി അവൻ ശുദ്ധിയുള്ളവനെന്നു പുരോഹിതൻ പ്രഖ്യാപിക്കണം. പുരുഷന്റെയോ സ്‍ത്രീയുടെയോ ശരീരത്തിൽ എവിടെയെങ്കിലും വെളുത്ത പാണ്ടു കണ്ടാൽ പുരോഹിതൻ അതു പരിശോധിക്കണം. മങ്ങിയ വെള്ളപ്പാണ്ടാണെങ്കിൽ തൊലിപ്പുറമേ ഉണ്ടാകുന്ന ചുണങ്ങായതുകൊണ്ട് അയാൾക്ക് അശുദ്ധിയില്ല. തലമുടി കൊഴിഞ്ഞ് കഷണ്ടി വരുന്നതുകൊണ്ട് ഒരുവൻ അശുദ്ധനായിത്തീരുന്നില്ല. തലയുടെ മുൻഭാഗത്ത് മുടി കൊഴിയുന്നതു കഷണ്ടിയാണ്. അതിന് അശുദ്ധിയില്ല. എന്നാൽ കഷണ്ടിയിൽ ചുവപ്പു കലർന്ന വെള്ളപ്പാണ്ടുണ്ടായാൽ അതു കഷണ്ടിയിൽ ഉണ്ടാകുന്ന കുഷ്ഠമാണ്. പുരോഹിതൻ അവനെ പരിശോധിക്കണം. ശരീരത്തിലെ കുഷ്ഠരോഗലക്ഷണങ്ങൾപോലെ ചുവപ്പു കലർന്ന വെള്ളപ്പാണ്ട് കഷണ്ടിയിൽ കണ്ടാൽ അവൻ കുഷ്ഠരോഗിയാണ്; അശുദ്ധനുമാണ്. പുരോഹിതൻ അവനെ അശുദ്ധനായി പ്രഖ്യാപിക്കണം. കുഷ്ഠരോഗി കീറിയ വസ്ത്രം ധരിച്ച് മുടി ചീകാതെ മേൽച്ചുണ്ടു മറച്ചു പിടിച്ചുകൊണ്ട്, ‘അശുദ്ധൻ, അശുദ്ധൻ’ എന്നു വിളിച്ചുപറയണം. രോഗമുള്ള കാലമെല്ലാം അവൻ അശുദ്ധനാണ്. അതുകൊണ്ട് അവൻ പാളയത്തിനു പുറത്തു തനിച്ചു പാർക്കണം.

ലേവ്യാപുസ്തകം 13:1-46 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത് എന്തെന്നാൽ: “ഒരു മനുഷ്യന്‍റെ ത്വക്കിന്മേൽ തിണർപ്പോ ചുണങ്ങോ വെളുത്ത പുള്ളിയോ ഇങ്ങനെ കുഷ്ഠത്തിൻ്റെ വടു കണ്ടാൽ അവനെ പുരോഹിതനായ അഹരോന്‍റെ അടുക്കലോ പുരോഹിതന്മാരായ അവന്‍റെ പുത്രന്മാരിൽ ഒരുവന്‍റെ അടുക്കലോ കൊണ്ടുവരേണം. പുരോഹിതൻ ത്വക്കിന്മേൽ ഉള്ള വടു പരിശോധിക്കേണം; വടുവിനകത്തുള്ള രോമം വെളുത്തതും വടു ത്വക്കിനെക്കാൾ കുഴിഞ്ഞതും ആയി കണ്ടാൽ അത് കുഷ്ഠലക്ഷണം; പുരോഹിതൻ അവനെ പരിശോധിച്ച് അശുദ്ധനെന്നു വിധിക്കേണം. “അവന്‍റെ ത്വക്കിന്മേൽ ഉള്ള പുള്ളി വെളുത്തതും ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കാത്തതും അതിനകത്തുള്ള രോമം വെളുത്തിരിക്കാത്തതും ആയി കണ്ടാൽ പുരോഹിതൻ ആ ലക്ഷണമുള്ളവനെ ഏഴു ദിവസത്തേക്ക് അകത്താക്കി അടയ്ക്കേണം. ഏഴാം ദിവസം പുരോഹിതൻ അവനെ പരിശോധിക്കേണം. വടു ത്വക്കിന്മേൽ പരക്കാതെ, കണ്ട സ്ഥിതിയിൽ നില്ക്കുന്നു എങ്കിൽ പുരോഹിതൻ രണ്ടാം പ്രാവശ്യം അവനെ ഏഴു ദിവസത്തേക്ക് അകത്താക്കി അടയ്ക്കേണം. ഏഴാം ദിവസം പുരോഹിതൻ അവനെ വീണ്ടും പരിശോധിക്കേണം; വടു മങ്ങിയതായും ത്വക്കിന്മേൽ പരക്കാതെയും കണ്ടാൽ പുരോഹിതൻ അവനെ ശുദ്ധിയുള്ളവൻ എന്നു വിധിക്കേണം; അത് ചുണങ്ങത്രേ. അവൻ വസ്ത്രം അലക്കി ശുദ്ധിയുള്ളവനായിരിക്കണം. അവൻ ശുദ്ധീകരണത്തിനായി തന്നെത്താൻ പുരോഹിതനെ കാണിച്ചശേഷം ചുണങ്ങ് ത്വക്കിന്മേൽ അധികമായി പരന്നാൽ അവൻ പിന്നെയും സ്വയം പുരോഹിതനെ കാണിക്കേണം. ചുണങ്ങു ത്വക്കിന്മേൽ പരക്കുന്നു എന്നു പുരോഹിതൻ കണ്ടാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കേണം; അത് കുഷ്ഠം തന്നെ. “കുഷ്ഠത്തിൻ്റെ ലക്ഷണം ഒരു മനുഷ്യനിൽ ഉണ്ടായാൽ അവനെ പുരോഹിതന്‍റെ അടുക്കൽ കൊണ്ടുവരേണം. പുരോഹിതൻ അവനെ പരിശോധിക്കേണം; ത്വക്കിന്മേൽ വെളുത്ത തിണർപ്പുണ്ടായിരിക്കുകയും അതിലെ രോമം വെളുത്തിരിക്കുകയും തിണർപ്പിൽ പച്ചമാംസത്തിൻ്റെ ലക്ഷണം ഉണ്ടായിരിക്കുകയും ചെയ്താൽ അത് അവന്‍റെ ത്വക്കിൽ പഴകിയ കുഷ്ഠം ആകുന്നു; പുരോഹിതൻ അവനെ അശുദ്ധൻ എന്നു വിധിക്കേണം; അവൻ അശുദ്ധനായതുകൊണ്ട് അവനെ അകത്താക്കി അടക്കരുത്. കുഷ്ഠം ത്വക്കിൽ അധികമായി പരന്നു രോഗിയുടെ തലതൊട്ടു കാൽവരെ പുരോഹിതൻ കാണുന്നേടത്തൊക്കെയും വടു ത്വക്കിൽ ആസകലം മൂടിയിരിക്കുന്നു എങ്കിൽ പുരോഹിതൻ പരിശോധിക്കേണം; കുഷ്ഠം അവന്‍റെ ദേഹത്തെ മുഴുവനും മൂടിയിരുന്നാൽ പുരോഹിതൻ വടുവുള്ളവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം; ആസകലം വെള്ളയായി തീർന്നു; അവൻ ശുദ്ധിയുള്ളവൻ ആകുന്നു. എന്നാൽ പച്ചമാംസം അവനിൽ കണ്ടാൽ അവൻ അശുദ്ധൻ. പുരോഹിതൻ പച്ചമാംസം പരിശോധിച്ച് അവനെ അശുദ്ധനെന്നു വിധിക്കേണം. പച്ചമാംസം അശുദ്ധം; അത് കുഷ്ഠം തന്നെ. എന്നാൽ പച്ചമാംസം മാറി വീണ്ടും വെള്ളയായി തീർന്നാൽ അവൻ പുരോഹിതന്‍റെ അടുക്കൽ വരേണം. പുരോഹിതൻ അവനെ പരിശോധിക്കേണം; വടു വെള്ളയായി തീർന്നു എങ്കിൽ പുരോഹിതൻ വടുവുള്ളവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം; അവൻ ശുദ്ധിയുള്ളവൻ തന്നെ. “ദേഹത്തിൻ്റെ ത്വക്കിൽ പരുവുണ്ടായിരുന്നിട്ട് സൗഖ്യമായശേഷം പരുവിൻ്റെ സ്ഥലത്തു വെളുത്ത തിണർപ്പോ ചുവപ്പോടുകൂടിയ വെളുത്ത പുള്ളിയോ ഉണ്ടായാൽ അത് പുരോഹിതനെ കാണിക്കേണം. പുരോഹിതൻ അത് നോക്കണം; അത് ത്വക്കിനെക്കാൾ കുഴിഞ്ഞതും അതിലെ രോമം വെളുത്തതുമായി കണ്ടാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കേണം; അത് പരുവിൽനിന്നുണ്ടായ കുഷ്ഠരോഗം. എന്നാൽ പുരോഹിതൻ അത് പരിശോധിച്ച് അതിൽ വെളുത്തരോമം ഇല്ലാതെയും അത് ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കാതെയും നിറം മങ്ങിയും കണ്ടാൽ പുരോഹിതൻ അവനെ ഏഴു ദിവസത്തേക്ക് അകത്താക്കി അടയ്ക്കേണം. അത് ത്വക്കിന്മേൽ അധികം പരന്നാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കേണം; അത് കുഷ്ഠലക്ഷണം തന്നെ. എന്നാൽ വെളുത്ത പുള്ളി പരക്കാതെ, കണ്ട നിലയിൽത്തന്നെ നിന്നു എങ്കിൽ അത് പരുവിൻ്റെ വടു അത്രേ. പുരോഹിതൻ അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം. “അല്ലെങ്കിൽ ദേഹത്തിൻ്റെ ത്വക്കിൽ തീപ്പൊള്ളൽ ഉണ്ടായി പൊള്ളലിൻ്റെ വടു ചുവപ്പോടുകൂടി വെളുത്തോ വെളുത്തു തന്നെയോ ഇരിക്കുന്ന പുള്ളിയായിത്തീർന്നാൽ പുരോഹിതൻ അത് പരിശോധിക്കേണം; പുള്ളിയിലെ രോമം വെള്ളയായി തീർന്നു ത്വക്കിനെക്കാൾ കുഴിഞ്ഞുകണ്ടാൽ പൊള്ളലിൽ ഉണ്ടായ കുഷ്ഠം; ആകയാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കേണം; അത് കുഷ്ഠലക്ഷണം തന്നെ. എന്നാൽ പുരോഹിതൻ അത് പരിശോധിച്ചിട്ട് പുള്ളിയിൽ വെളുത്തരോമം ഇല്ലാതെയും അത് ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കാതെയും നിറം മങ്ങിയും കണ്ടാൽ പുരോഹിതൻ അവനെ ഏഴു ദിവസത്തേക്ക് അകത്താക്കി അടയ്ക്കേണം. ഏഴാം ദിവസം പുരോഹിതൻ അവനെ പരിശോധിക്കേണം: അത് ത്വക്കിന്മേൽ പരന്നിരുന്നാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കേണം; അത് കുഷ്ഠലക്ഷണം തന്നെ. എന്നാൽ പുള്ളി ത്വക്കിന്മേൽ പരക്കാതെ, കണ്ട നിലയിൽ തന്നെ നില്‍ക്കുകയും നിറം മങ്ങിയിരിക്കുകയും ചെയ്താൽ അത് തീപ്പൊള്ളലിൻ്റെ തിണർപ്പ് ആകുന്നു; പുരോഹിതൻ അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം; അത് തീപ്പൊള്ളലിൻ്റെ തിണർപ്പാകുന്നു. “ഒരു പുരുഷനെങ്കിലും ഒരു സ്ത്രീക്കെങ്കിലും തലയിലോ താടിയിലോ ഒരു വടു ഉണ്ടായാൽ പുരോഹിതൻ വടു പരിശോധിക്കേണം. അത് ത്വക്കിനെക്കാൾ കുഴിഞ്ഞും അതിൽ പൊൻനിറമായ നേർമ്മയുള്ള രോമം ഉള്ളതായും കണ്ടാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കേണം; അത് പുറ്റാകുന്നു; തലയിലോ താടിയിലോ ഉള്ള കുഷ്ഠം തന്നെ. പുരോഹിതൻ പുറ്റിൻ്റെ വടുവ് പരിശോധിക്കുമ്പോൾ അത് ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കാതെയും അതിൽ കറുത്ത രോമം ഇല്ലാതെയും കണ്ടാൽ പുരോഹിതൻ പുറ്റുവടുവുള്ളവനെ ഏഴു ദിവസത്തേക്ക് അകത്താക്കി അടയ്ക്കേണം. ഏഴാം ദിവസം പുരോഹിതൻ വടുവ് പരിശോധിക്കേണം; പുറ്റു പരക്കാതെയും അതിൽ പൊൻനിറമുള്ള രോമം ഇല്ലാതെയും പുറ്റ് ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കാതെയും ഇരുന്നാൽ അവൻ ക്ഷൗരം ചെയ്യിക്കേണം; എന്നാൽ പുറ്റിൽ ക്ഷൗരം ചെയ്യരുത്; പുരോഹിതൻ പുറ്റുള്ളവനെ പിന്നെയും ഏഴു ദിവസത്തേക്ക് അകത്താക്കി അടയ്ക്കേണം. ഏഴാം ദിവസം പുരോഹിതൻ പുറ്റു പരിശോധിക്കേണം; പുറ്റു ത്വക്കിന്മേൽ പരക്കാതെയും കാഴ്ചക്ക് ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കാതെയും ഇരുന്നാൽ പുരോഹിതൻ അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം; അവൻ വസ്ത്രം അലക്കി ശുദ്ധിയുള്ളവനായിരിക്കണം. എന്നാൽ അവന്‍റെ ശുദ്ധീകരണത്തിന്റെ ശേഷം പുറ്റു ത്വക്കിന്മേൽ പരന്നാൽ പുരോഹിതൻ അവനെ പരിശോധിക്കേണം; പുറ്റു ത്വക്കിന്മേൽ വ്യാപിച്ചാൽ പുരോഹിതൻ പൊൻനിറമുള്ള രോമം അന്വേഷിക്കേണ്ടാ; അവൻ അശുദ്ധൻ തന്നെ. എന്നാൽ പുറ്റു കണ്ട നിലയിൽ തന്നെ നില്‍ക്കുന്നതായും അതിൽ കറുത്ത രോമം മുളച്ചതായും കണ്ടാൽ പുറ്റു സൗഖ്യമായി; അവൻ ശുദ്ധിയുള്ളവൻ; പുരോഹിതൻ അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം. “ഒരു പുരുഷനോ സ്ത്രീക്കോ ദേഹത്തിൻ്റെ ത്വക്കിൽ വെളുത്ത പുള്ളി ഉണ്ടായാൽ പുരോഹിതൻ പരിശോധിക്കേണം; ദേഹത്തിൻ്റെ ത്വക്കിൽ മങ്ങിയ വെള്ളപ്പുള്ളി ഉണ്ടായാൽ അത് ത്വക്കിൽ ഉണ്ടാകുന്ന ചുണങ്ങ്; അവൻ ശുദ്ധിയുള്ളവൻ. “തലമുടി കൊഴിഞ്ഞവനോ കഷണ്ടിക്കാരനത്രേ; അവൻ ശുദ്ധിയുള്ളവൻ. തലയിൽ മുൻവശത്തെ രോമം കൊഴിഞ്ഞവൻ മുൻകഷണ്ടിക്കാരൻ; അവൻ ശുദ്ധിയുള്ളവൻ. പിൻകഷണ്ടിയിലോ മുൻകഷണ്ടിയിലോ ചുവപ്പോടുകൂടിയ വെള്ളപ്പുള്ളിയുണ്ടായാൽ അത് അവന്‍റെ പിൻകഷണ്ടിയിലോ മുൻകഷണ്ടിയിലോ ഉത്ഭവിക്കുന്ന കുഷ്ഠം. പുരോഹിതൻ അത് പരിശോധിക്കേണം; അവന്‍റെ പിൻകഷണ്ടിയിലോ മുൻകഷണ്ടിയിലോ ത്വക്കിൽ കുഷ്ഠത്തിൻ്റെ കാഴ്ചപോലെ വടുവിൻ്റെ തിണർപ്പ് ചുവപ്പോടുകൂടി വെളുത്തതായിരുന്നാൽ അവൻ കുഷ്ഠരോഗി; അവൻ അശുദ്ധൻ തന്നെ; പുരോഹിതൻ അവനെ അശുദ്ധൻ എന്നു തീർത്തു വിധിക്കേണം; അവനു തലയിൽ കുഷ്ഠരോഗം ഉണ്ട്. “വടുവുള്ള കുഷ്ഠരോഗിയുടെ വസ്ത്രം കീറിക്കളയേണം: അവന്‍റെ തല മൂടാതിരിക്കേണം; അവൻ അധരം മൂടിക്കൊണ്ടിരിക്കയും അശുദ്ധൻ അശുദ്ധൻ എന്നു വിളിച്ചുപറയുകയും വേണം. അവനു രോഗം ഉള്ള നാൾ ഒക്കെയും അവൻ അശുദ്ധനായിരിക്കേണം; അവൻ അശുദ്ധൻ തന്നെ; അവൻ എകനായി താമസിക്കേണം; അവന്‍റെ താമസം പാളയത്തിനു പുറത്തായിരിക്കേണം.

ലേവ്യാപുസ്തകം 13:1-46 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു എന്തെന്നാൽ: ഒരു മനുഷ്യന്റെ ത്വക്കിന്മേൽ തിണർപ്പോ ചുണങ്ങോ വെളുത്ത പുള്ളിയോ ഇങ്ങനെ കുഷ്ഠത്തിന്റെ വടു കണ്ടാൽ അവനെ പുരോഹിതനായ അഹരോന്റെ അടുക്കലോ പുരോഹിതന്മാരായ അവന്റെ പുത്രന്മാരിൽ ഒരുത്തന്റെ അടുക്കലോ കൊണ്ടുവരേണം. പുരോഹിതൻ ത്വക്കിന്മേൽ ഉള്ള വടു നോക്കേണം; വടുവിന്നകത്തുള്ള രോമം വെളുത്തതും വടു ത്വക്കിനെക്കാൾ കുഴിഞ്ഞതും ആയി കണ്ടാൽ അതു കുഷ്ഠലക്ഷണം; പുരോഹിതൻ അവനെ നോക്കി അശുദ്ധനെന്നു വിധിക്കേണം. അവന്റെ ത്വക്കിന്മേൽ പുള്ളി വെളുത്തതും ത്വക്കിനെക്കാളും കുഴിഞ്ഞിരിക്കാത്തതും അതിന്നകത്തുള്ള രോമം വെളുത്തിരിക്കാത്തതും ആയി കണ്ടാൽ പുരോഹിതൻ ആ ലക്ഷണമുള്ളവനെ ഏഴു ദിവസത്തേക്കു അകത്താക്കി അടക്കേണം. ഏഴാം ദിവസം പുരോഹിതൻ അവനെ നോക്കേണം. വടു ത്വക്കിന്മേൽ പരക്കാതെ, കണ്ട സ്ഥിതിയിൽ നില്ക്കുന്നു എങ്കിൽ പുരോഹിതൻ രണ്ടാം പ്രാവശ്യം അവനെ ഏഴു ദിവസത്തേക്കു അകത്താക്കി അടെക്കേണം. ഏഴാം ദിവസം പുരോഹിതൻ അവനെ വീണ്ടും നോക്കേണം; വടു മങ്ങിയതായും ത്വക്കിന്മേൽ പരക്കാതെയും കണ്ടാൽ പുരോഹിതൻ അവനെ ശുദ്ധിയുള്ളവൻ എന്നു വിധിക്കേണം; അതു ചുണങ്ങത്രേ. അവൻ വസ്ത്രം അലക്കി ശുദ്ധിയുള്ളവനായിരിക്കേണം. അവൻ ശുദ്ധീകരണത്തിന്നായി തന്നെത്താൻ പുരോഹിതനെ കാണിച്ചശേഷം ചുണങ്ങു ത്വക്കിന്മേൽ അധികമായി പരന്നാൽ അവൻ പിന്നെയും തന്നെത്താൻ പുരോഹിതനെ കാണിക്കേണം. ചുണങ്ങു ത്വക്കിന്മേൽ പരക്കുന്നു എന്നു പുരോഹിതൻ കണ്ടാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു കുഷ്ഠം തന്നേ. കുഷ്ഠത്തിന്റെ ലക്ഷണം ഒരു മനുഷ്യനിൽ ഉണ്ടായാൽ അവനെ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരേണം. പുരോഹിതൻ അവനെ നോക്കേണം; ത്വക്കിന്മേൽ വെളുത്ത തിണർപ്പുണ്ടായിരിക്കയും അതിലെ രോമം വെളുത്തിരിക്കയും തിണർപ്പിൽ പച്ചമാംസത്തിന്റെ ലക്ഷണം ഉണ്ടായിരിക്കയും ചെയ്താൽ അതു അവന്റെ ത്വക്കിൽ പഴകിയ കുഷ്ഠം ആകുന്നു; പുരോഹിതൻ അവനെ അശുദ്ധൻ എന്നു വിധിക്കേണം; അവൻ അശുദ്ധനാകകൊണ്ടു അവനെ അകത്താക്കി അടെക്കരുതു. കുഷ്ഠം ത്വക്കിൽ അധികമായി പരന്നു രോഗിയുടെ തലതൊട്ടു കാൽവരെ പുരോഹിതൻ കാണുന്നേടത്തൊക്കെയും വടു ത്വക്കിൽ ആസകലം മൂടിയിരിക്കുന്നു എങ്കിൽ പുരോഹിതൻ നോക്കേണം; കുഷ്ഠം അവന്റെ ദേഹത്തെ മുഴുവനും മൂടിയിരുന്നാൽ അവൻ വടുവുള്ളവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം; ആസകലം വെള്ളയായി തീർന്നു; അവൻ ശുദ്ധിയുള്ളവൻ ആകുന്നു. എന്നാൽ പച്ചമാംസം അവനിൽ കണ്ടാൽ അവൻ അശുദ്ധൻ. പുരോഹിതൻ പച്ചമാംസം നോക്കി അവനെ അശുദ്ധനെന്നു വിധിക്കേണം. പച്ചമാംസം അശുദ്ധം; അതു കുഷ്ഠം തന്നേ. എന്നാൽ പച്ചമാംസം മാറി വെള്ളയായി തീർന്നാൽ അവൻ പുരോഹിതന്റെ അടുക്കൽ വരേണം. പുരോഹിതൻ അവനെ നോക്കേണം; വടു വെള്ളയായി തീർന്നു എങ്കിൽ പുരോഹിതൻ വടുവുള്ളവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം; അവൻ ശുദ്ധിയുള്ളവൻ തന്നേ. ദേഹത്തിന്റെ ത്വക്കിൽ പരുവുണ്ടായിരുന്നിട്ടു സൗഖ്യമായ ശേഷം പരുവിന്റെ സ്ഥലത്തു വെളുത്ത തിണർപ്പോ ചുവപ്പോടുകൂടിയ വെളുത്ത പുള്ളിയോ ഉണ്ടായാൽ അതു പുരോഹിതനെ കാണിക്കേണം. പുരോഹിതൻ അതു നോക്കേണം; അതു ത്വക്കിനെക്കാൾ കുഴിഞ്ഞതും അതിലെ രോമം വെളുത്തതുമായി കണ്ടാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു പരുവിൽനിന്നുണ്ടായ കുഷ്ഠരോഗം. എന്നാൽ പുരോഹിതൻ അതു നോക്കി അതിൽ വെളുത്ത രോമം ഇല്ലാതെയും അതു ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കാതെയും നിറം മങ്ങിയും കണ്ടാൽ പുരോഹിതൻ അവനെ ഏഴു ദിവസത്തേക്കു അകത്താക്കി അടെക്കേണം. അതു ത്വക്കിന്മേൽ അധികം പരന്നാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു കുഷ്ഠലക്ഷണം തന്നേ. എന്നാൽ വെളുത്ത പുള്ളി പരക്കാതെ, കണ്ട നിലയിൽ തന്നേ നിന്നു എങ്കിൽ അതു പരുവിന്റെ വടു അത്രേ. പുരോഹിതൻ അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം. അല്ലെങ്കിൽ ദേഹത്തിന്റെ ത്വക്കിൽ തീപ്പൊള്ളൽ ഉണ്ടായി പൊള്ളലിന്റെ വടു ചുവപ്പോടുകൂടി വെളുത്തോ വെളുത്തു തന്നേയോ ഇരിക്കുന്ന പുള്ളി ആയി തീർന്നാൽ പുരോഹിതൻ അതു നോക്കേണം; പുള്ളിയിലെ രോമം വെള്ളയായി തീർന്നു ത്വക്കിനെക്കാൾ കുഴിഞ്ഞുകണ്ടാൽ പൊള്ളലിൽ ഉണ്ടായ കുഷ്ഠം; ആകയാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു കുഷ്ഠലക്ഷണം തന്നേ. എന്നാൽ പുരോഹിതൻ അതു നോക്കീട്ടു പുള്ളിയിൽ വെളുത്തരോമം ഇല്ലാതെയും അതു ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കാതെയും നിറം മങ്ങിയും കണ്ടാൽ പുരോഹിതൻ അവനെ ഏഴു ദിവസത്തേക്കു അകത്താക്കി അടെക്കേണം. ഏഴാം ദിവസം പുരോഹിതൻ അവനെ നോക്കേണം: അതു ത്വക്കിന്മേൽ പരന്നിരുന്നാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു കുഷ്ഠലക്ഷണം തന്നേ. എന്നാൽ പുള്ളി ത്വക്കിന്മേൽ പരക്കാതെ, കണ്ട നിലയിൽ തന്നേ നിൽക്കയും നിറം മങ്ങിയിരിക്കയും ചെയ്താൽ അതു തീപ്പൊള്ളലിന്റെ തിണർപ്പു ആകുന്നു; പുരോഹിതൻ അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം; അതു തീപ്പൊള്ളലിന്റെ തിണർപ്പത്രേ. ഒരു പുരുഷന്നു എങ്കിലും ഒരു സ്ത്രീക്കു എങ്കിലും തലയിലോ താടിയിലോ ഒരു വടു ഉണ്ടായാൽ പുരോഹിതൻ വടു നോക്കേണം. അതു ത്വക്കിനെക്കാൾ കുഴിഞ്ഞും അതിൽ പൊൻനിറമായ നേർമ്മയുള്ള രോമം ഉള്ളതായും കണ്ടാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു പുറ്റാകുന്നു; തലയിലോ താടിയിലോ ഉള്ള കുഷ്ഠം തന്നേ. പുരോഹിതൻ പുറ്റിന്റെ വടുവിനെ നോക്കുമ്പോൾ അതു ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കാതെയും അതിൽ കറുത്ത രോമം ഇല്ലാതെയും കണ്ടാൽ പുരോഹിതൻ പുറ്റുവടുവുള്ളവനെ ഏഴുദിവസത്തേക്കുഅകത്താക്കി അടെക്കേണം. ഏഴാം ദിവസം പുരോഹിതൻ വടുവിനെ നോക്കേണം; പുറ്റു പരക്കാതെയും അതിൽ പൊൻനിറമുള്ള രോമം ഇല്ലാതെയും പുറ്റിന്റെ കാഴ്ച ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കാതെയും ഇരുന്നാൽ അവൻ ക്ഷൗരം ചെയ്യിക്കേണം; എന്നാൽ പുറ്റിൽ ക്ഷൗരം ചെയ്യരുതു; പുരോഹിതൻ പുറ്റുള്ളവനെ പിന്നെയും ഏഴു ദിവസത്തേക്കു അകത്താക്കി അടെക്കേണം. ഏഴാം ദിവസം പുരോഹിതൻ പുറ്റു നോക്കേണം; പുറ്റു ത്വക്കിന്മേൽ പരക്കാതെയും കാഴ്ചെക്കു ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കാതെയും ഇരുന്നാൽ പുരോഹിതൻ അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം; അവൻ വസ്ത്രം അലക്കി ശുദ്ധിയുള്ളവനായിരിക്കേണം. എന്നാൽ അവന്റെ ശുദ്ധീകരണത്തിന്റെ ശേഷം പുറ്റു ത്വക്കിന്മേൽ പരന്നാൽ പുരോഹിതൻ അവനെ നോക്കേണം; പുറ്റു ത്വക്കിന്മേൽ പരന്നിരുന്നാൽ പുരോഹിതൻ പൊൻനിറമുള്ള രോമം അന്വേഷിക്കേണ്ടാ; അവൻ അശുദ്ധൻ തന്നേ. എന്നാൽ പുറ്റു കണ്ട നിലയിൽ തന്നേ നില്ക്കുന്നതായും അതിൽ കറുത്ത രോമം മുളെച്ചതായും കണ്ടാൽ പുറ്റു സൗഖ്യമായി; അവൻ ശുദ്ധിയുള്ളവൻ; പുരോഹിതൻ അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം. ഒരു പുരുഷന്നോ സ്ത്രീക്കോ ദേഹത്തിന്റെ ത്വക്കിൽ വെളുത്ത പുള്ളി ഉണ്ടായാൽ പുരോഹിതൻ നോക്കേണം; ദേഹത്തിന്റെ ത്വക്കിൽ മങ്ങിയ വെള്ളപ്പുള്ളി ഉണ്ടായാൽ അതു ത്വക്കിൽ ഉണ്ടാകുന്ന ചുണങ്ങു; അവൻ ശുദ്ധിയുള്ളവൻ. തലമുടി കൊഴിഞ്ഞവനോ കഷണ്ടിക്കാരനത്രേ; അവൻ ശുദ്ധിയുള്ളവൻ. തലയിൽ മുൻവശത്തെ രോമം കൊഴിഞ്ഞവൻ മുൻകഷണ്ടിക്കാരൻ; അവൻ ശുദ്ധിയുള്ളവൻ. പിൻകഷണ്ടിയിലോ മുൻകഷണ്ടിയിലോ ചുവപ്പോടുകൂടിയ വെള്ളപ്പുള്ളിയുണ്ടായാൽ അതു അവന്റെ പിൻകഷണ്ടിയിലോ മുൻകഷണ്ടിയിലോ ഉത്ഭവിക്കുന്ന കുഷ്ഠം. പുരോഹിതൻ അതു നോക്കേണം; അവന്റെ പിൻകഷണ്ടിയിലോ മുൻകഷണ്ടിയിലോ ത്വക്കിൽ കുഷ്ഠത്തിന്റെ കാഴ്ചപോലെ വടുവിന്റെ തിണർപ്പു ചുവപ്പോടുകൂടി വെളുത്തതായിരുന്നാൽ അവൻ കുഷ്ഠരോഗി; അവൻ അശുദ്ധൻ തന്നേ; പുരോഹിതൻ അവനെ അശുദ്ധൻ എന്നു തീർത്തു വിധിക്കേണം; അവന്നു തലയിൽ കുഷ്ഠരോഗം ഉണ്ടു. വടുവുള്ള കുഷ്ഠരോഗിയുടെ വസ്ത്രം കീറിക്കളയേണം: അവന്റെ തല മൂടാതിരിക്കേണം; അവൻ അധരം മൂടിക്കൊണ്ടിരിക്കയും അശുദ്ധൻ അശുദ്ധൻ എന്നു വിളിച്ചുപറകയും വേണം. അവന്നു രോഗം ഉള്ള നാൾ ഒക്കെയും അവൻ അശുദ്ധനായിരിക്കേണം; അവൻ അശുദ്ധൻ തന്നേ; അവൻ തനിച്ചു പാർക്കേണം; അവന്റെ പാർപ്പു പാളയത്തിന്നു പുറത്തു ആയിരിക്കേണം.

ലേവ്യാപുസ്തകം 13:1-46 സമകാലിക മലയാളവിവർത്തനം (MCV)

യഹോവ മോശയോടും അഹരോനോടും അരുളിച്ചെയ്തു: “ആരുടെയെങ്കിലും ത്വക്കിൽ ഗുരുതരമായ കുഷ്ഠമാകാവുന്ന വീക്കമോ ചുണങ്ങോ തെളിഞ്ഞപുള്ളിയോ ഉണ്ടെങ്കിൽ അയാളെ പുരോഹിതനായ അഹരോന്റെയോ അദ്ദേഹത്തിന്റെ പുത്രന്മാരിൽ ഒരു പുരോഹിതന്റെയോ അടുക്കൽ കൊണ്ടുപോകണം. പുരോഹിതൻ അയാളുടെ ത്വക്കിന്മേലുള്ള വടു പരിശോധിക്കണം, വടുവിന്മേലുള്ള രോമം വെളുപ്പായി കാണുകയും വടു ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കയും ചെയ്താൽ അതു കുഷ്ഠലക്ഷണം. പുരോഹിതൻ പരിശോധിച്ച് ആ വ്യക്തിയെ ആചാരപരമായി അശുദ്ധമെന്നു വിധിക്കണം. അയാളുടെ ത്വക്കിലെ വടു വെളുത്തതും ത്വക്കിനെക്കാൾ കുഴിഞ്ഞല്ലാതെയും അതിനുള്ളിലെ രോമം വെളുത്തല്ലാതെയും കണ്ടാൽ പുരോഹിതൻ ആ വ്യക്തിയെ ഏഴുദിവസം തനിച്ചു പാർപ്പിക്കണം. ഏഴാംദിവസം പുരോഹിതൻ അയാളെ പരിശോധിക്കണം. വടു ത്വക്കിൽ പടരാതെയും മാറ്റമില്ലാതെയുമിരിക്കുന്നെങ്കിൽ അദ്ദേഹം അയാളെ ഏഴുദിവസത്തേക്കുകൂടെ തനിച്ചു പാർപ്പിക്കണം. ഏഴാംദിവസം പുരോഹിതൻ ആ മനുഷ്യനെ വീണ്ടും പരിശോധിക്കണം. വടു മങ്ങിയതായും ത്വക്കിൽ പടരാതിരിക്കുന്നതായും കണ്ടാൽ, പുരോഹിതൻ അയാളെ ശുദ്ധമെന്നു പ്രഖ്യാപിക്കണം. അതു വെറും ചുണങ്ങ് അത്രേ, ആ മനുഷ്യൻ തന്റെ വസ്ത്രം കഴുകണം, അയാൾ ശുദ്ധനാവും. ശുദ്ധീകരണത്തിനായി അയാൾ പുരോഹിതനു തന്നെത്തന്നെ കാണിച്ചശേഷം ചുണങ്ങ് വീണ്ടും അയാളുടെ ത്വക്കിൽ പടർന്നാൽ ആ വ്യക്തി വീണ്ടും പുരോഹിതന്റെ മുമ്പാകെ വരണം. പുരോഹിതൻ അയാളെ പരിശോധിക്കണം, ചുണങ്ങ് ത്വക്കിൽ പടർന്നിട്ടുണ്ടെങ്കിൽ അദ്ദേഹം അയാളെ അശുദ്ധനെന്നു വിധിക്കണം, അതു കുഷ്ഠംതന്നെ. “ആർക്കെങ്കിലും ഗുരുതരമായ കുഷ്ഠരോഗത്തിന്റെ ലക്ഷണം കണ്ടാൽ അയാളെ പുരോഹിതന്റെയടുക്കൽ കൊണ്ടുവരണം. പുരോഹിതൻ അയാളെ പരിശോധിക്കണം. ത്വക്കിൽ വെളുത്ത തിണർപ്പും അതിൽ രോമവും തിണർപ്പിൽ പച്ചമാംസവുമുണ്ടെങ്കിൽ അതു പഴക്കമുള്ള കുഷ്ഠരോഗമാണ്. പുരോഹിതൻ അയാളെ അശുദ്ധനെന്നു പ്രഖ്യാപിക്കണം. അയാൾ അശുദ്ധനാണെന്നതുകൊണ്ടു തനിച്ചു പാർപ്പിക്കേണ്ട കാര്യമില്ല. “രോഗബാധിതനായ മനുഷ്യന്റെ ശരീരംമുഴുവനും തലമുതൽ പാദംവരെ പുരോഹിതനു കാണാവുന്നിടമെല്ലാം രോഗം പടർന്നുമൂടിയാൽ പുരോഹിതൻ അയാളെ പരിശോധിക്കണം. രോഗം അയാളുടെ ശരീരമെല്ലാം മൂടിയെങ്കിൽ അദ്ദേഹം ആ വ്യക്തിയെ ശുദ്ധനെന്നു പ്രഖ്യാപിക്കണം. സമൂലം വെളുത്തതുകൊണ്ട് അയാൾ ശുദ്ധനാണ്. എന്നാൽ അയാളിൽ പച്ചമാംസം കണ്ടാൽ, അയാൾ അശുദ്ധനാകും. പുരോഹിതൻ പച്ചമാംസം കാണുന്നെങ്കിൽ അദ്ദേഹം അയാളെ അശുദ്ധനെന്നു വിധിക്കണം; പച്ചമാംസം അശുദ്ധം. അയാൾക്കു ഗുരുതരമായ കുഷ്ഠരോഗമുണ്ട്. പച്ചമാംസം മാറി വെളുത്താൽ അയാൾ പുരോഹിതന്റെ അടുക്കൽ പോകണം. പുരോഹിതൻ അയാളെ പരിശോധിക്കണം. വടുക്കൾ വെളുപ്പായിട്ടുണ്ടെങ്കിൽ പുരോഹിതൻ രോഗം ബാധിച്ചയാൾ ശുദ്ധമെന്നു പ്രഖ്യാപിക്കണം; അയാൾ ശുദ്ധനാകും. “ഒരാൾക്കു തന്റെ ത്വക്കിൽ ഒരു പരു ഉണ്ടായിട്ട് അതു സുഖമാവുമ്പോൾ, പരു ഉണ്ടായിരുന്ന സ്ഥാനത്തു, വെളുത്ത വീക്കമോ, ചെമപ്പുകലർന്ന വെള്ളപ്പുള്ളിയോ ഉണ്ടായാൽ അയാൾ തന്നെത്തന്നെ പുരോഹിതനു കാണിക്കണം. പുരോഹിതൻ അതു പരിശോധിക്കണം. അതു ത്വക്കിനെക്കാൾ കുഴിഞ്ഞും അതിലെ രോമം വെളുത്തതായും കണ്ടാൽ പുരോഹിതൻ അയാളെ അശുദ്ധമെന്നു വിധിക്കണം. അതു പരുവിൽനിന്നുണ്ടായ ഗുരുതരമായ കുഷ്ഠരോഗമാണ്. എന്നാൽ, പുരോഹിതൻ പരിശോധിക്കുമ്പോൾ അതിൽ വെളുത്തരോമം ഇല്ലാതെയും അതു ത്വക്കിനെക്കാൾ കുഴിഞ്ഞല്ലാതെയും മങ്ങിയുമിരുന്നാൽ, പുരോഹിതൻ അയാളെ ഏഴുദിവസം തനിച്ചു പാർപ്പിക്കണം. അതു ത്വക്കിൽ പടരുന്നെങ്കിൽ പുരോഹിതൻ അയാളെ അശുദ്ധമെന്നു പ്രഖ്യാപിക്കണം, അതു ഗുരുതരമായ കുഷ്ഠലക്ഷണംതന്നെ. എന്നാൽ ആ ഭാഗം മാറ്റമില്ലാതെയും പടരാതെയും ഇരുന്നാൽ അതു പരുവിന്റെ വെറും പാടാണ്, പുരോഹിതൻ അയാളെ ശുദ്ധമെന്നു പ്രഖ്യാപിക്കണം. “ഒരാൾക്കു ത്വക്കിൽ പൊള്ളൽ ഉണ്ടായിട്ടു ചെമപ്പുകലർന്ന വെളുപ്പോ വെളുപ്പുമാത്രമോ പൊള്ളലേറ്റിടത്തെ പച്ചമാംസത്തിൽ കണ്ടാൽ, പുരോഹിതൻ അവിടം പരിശോധിക്കണം. അതിലെ രോമം വെളുത്തതായും ത്വക്കിനെക്കാൾ കുഴിവായും കണ്ടാൽ അതു പൊള്ളലിൽനിന്നുണ്ടായ ഗുരുതരമായ കുഷ്ഠം. പുരോഹിതൻ അയാളെ അശുദ്ധമെന്നു പ്രഖ്യാപിക്കണം; അതു ഗുരുതരമായ കുഷ്ഠംതന്നെ. എന്നാൽ പുരോഹിതൻ പരിശോധിക്കുമ്പോൾ അതിൽ വെളുത്തരോമം ഇല്ലാതെയും അതു ത്വക്കിനെക്കാൾ കുഴിയാതെയും മങ്ങിയുമിരുന്നാൽ, പുരോഹിതൻ അയാളെ ഏഴുദിവസം തനിച്ചു പാർപ്പിക്കണം. ഏഴാംദിവസം പുരോഹിതൻ അയാളെ പരിശോധിക്കണം. അതു ത്വക്കിൽ പടരുന്നെങ്കിൽ പുരോഹിതൻ അയാളെ അശുദ്ധമെന്നു വിധിക്കണം. അതു ഗുരുതരമായ കുഷ്ഠംതന്നെ. എങ്കിലും ആ ഭാഗം മാറ്റമില്ലാതെയും ത്വക്കിൽ പടരാതെയും നിറം മങ്ങിയുമിരുന്നാൽ അതു പൊള്ളലിൽനിന്നുണ്ടായ തിണർപ്പാണ്. പുരോഹിതൻ അയാളെ ശുദ്ധമെന്നു പ്രഖ്യാപിക്കണം. അതു തീപ്പൊള്ളലിന്റെ വെറും തിണർപ്പാണ്. “ഒരു പുരുഷനോ സ്ത്രീക്കോ തലയിലോ താടിയിലോ ഒരു വടു ഉണ്ടെങ്കിൽ പുരോഹിതൻ വടു പരിശോധിക്കണം. അതു ത്വക്കിനെക്കാൾ കുഴിഞ്ഞും അതിലുള്ള രോമം മഞ്ഞളിച്ചും നേർത്തും കണ്ടാൽ പുരോഹിതൻ, ആ വ്യക്തി അശുദ്ധമായി എന്നു പ്രഖ്യാപിക്കണം; അതു തലയിലോ താടിയിലോ ഉള്ള ചിരങ്ങാണ്. എന്നാൽ പുരോഹിതൻ ഈമാതിരി വടു പരിശോധിക്കുമ്പോൾ, അതു ത്വക്കിനെക്കാൾ കുഴിയാതെയും അതിൽ കറുത്തരോമം ഇല്ലാതെയും കണ്ടാൽ പുരോഹിതൻ, ബാധിക്കപ്പെട്ട വ്യക്തിയെ ഏഴുദിവസം തനിച്ചു പാർപ്പിക്കണം. ഏഴാംദിവസം പുരോഹിതൻ വടു പരിശോധിക്കണം. ആ ചിരങ്ങു പടരാതിരിക്കുകയും മഞ്ഞരോമം ഇല്ലാതിരിക്കുകയും ത്വക്കിനെക്കാൾ കുഴിഞ്ഞു കാണാതിരിക്കുകയും ചെയ്താൽ രോഗമുള്ള ഭാഗം ഒഴികെ ആ വ്യക്തിയെ ക്ഷൗരംചെയ്യിക്കണം. പുരോഹിതൻ അയാളെ വീണ്ടും ഏഴുദിവസം തനിച്ചു പാർപ്പിക്കണം. ഏഴാംദിവസം പുരോഹിതൻ ചിരങ്ങു പരിശോധിക്കണം. അതു ത്വക്കിൽ പടരാതിരിക്കുകയും ത്വക്കിനെക്കാൾ കുഴിഞ്ഞു കാണാതിരിക്കുകയും ചെയ്താൽ പുരോഹിതൻ ആ വ്യക്തി ശുദ്ധമായി എന്നു പ്രഖ്യാപിക്കണം. അയാൾ തന്റെ വസ്ത്രം കഴുകണം; അങ്ങനെ ആ വ്യക്തി ആചാരപരമായി ശുദ്ധമായിത്തീരും. അയാളെ ശുദ്ധിയുള്ള വ്യക്തിയെന്നു പ്രഖ്യാപിച്ചശേഷം ചിരങ്ങു പടരുകയാണെങ്കിൽ, പുരോഹിതൻ അയാളെ പരിശോധിക്കണം. ചിരങ്ങു ത്വക്കിൽ പടർന്നിട്ടുണ്ടെങ്കിൽ പുരോഹിതൻ മഞ്ഞരോമം നോക്കേണ്ട ആവശ്യമില്ല; ആ വ്യക്തി അശുദ്ധമായിത്തീർന്നിരിക്കുന്നു. എങ്കിലും അദ്ദേഹത്തിന്റെ നിർണയത്തിൽ അതു മാറ്റമില്ലാതിരിക്കുകയും അതിൽ കറുത്തരോമം വളർന്നിരിക്കയുമാണെങ്കിൽ ചിരങ്ങു സൗഖ്യമായി. അയാൾ ശുദ്ധമാണ്. പുരോഹിതൻ അയാൾ ശുദ്ധമെന്നു പ്രഖ്യാപിക്കണം. “ഒരു പുരുഷനോ സ്ത്രീക്കോ ത്വക്കിൽ വെളുത്തപുള്ളി ഉണ്ടായാൽ, പുരോഹിതൻ ആ വ്യക്തിയെ പരിശോധിക്കണം. പുള്ളികൾ മങ്ങിയ വെളുപ്പാണെങ്കിൽ, അതു ത്വക്കിലുണ്ടായ ഗുരുതരമല്ലാത്ത തടിപ്പാണ്. ആ വ്യക്തി ശുദ്ധമാണ്. “ഒരു പുരുഷന്റെ തലമുടി കൊഴിഞ്ഞ് കഷണ്ടിയായാൽ അയാൾ ശുദ്ധനാണ്. തലയുടെ മുൻവശത്തെ മുടി കൊഴിഞ്ഞുപോയാൽ, അയാളുടേത് മുൻകഷണ്ടിയാണ്; അയാൾ ശുദ്ധനാണ്. എന്നാൽ അയാളുടെ കഷണ്ടിയിൽ മുന്നിലോ പിന്നിലോ ചെമപ്പുകലർന്ന വെളുത്തപുള്ളി ഉണ്ടെങ്കിൽ അത് അയാളുടെ തലയിലോ നെറ്റിയിലോ ഉണ്ടായ ഗുരുതരമായ കുഷ്ഠം. പുരോഹിതൻ അയാളെ പരിശോധിക്കണം. അയാളുടെ തലയിലോ നെറ്റിയിലോ കാണപ്പെട്ട തിണർപ്പോടുകൂടിയ വടു ഗുരുതരമായ കുഷ്ഠംപോലെ ചെമപ്പുകലർന്ന വെളുപ്പാണെങ്കിൽ, ആ മനുഷ്യൻ രോഗിയും അശുദ്ധനുമാണ്. പുരോഹിതൻ അയാളെ അശുദ്ധനെന്നു വിധിക്കണം. കാരണം അയാളുടെ തലയിൽ കുഷ്ഠരോഗമുണ്ട്. “കുഷ്ഠരോഗി കീറിയ വസ്ത്രംധരിച്ച്, തലമുടി ചീകാതെ മുഖത്തിന്റെ കീഴ്ഭാഗം മറച്ചുകൊണ്ട്, ‘അശുദ്ധം! അശുദ്ധം!’ എന്നു വിളിച്ചുപറയണം. അയാൾക്കു രോഗബാധയുള്ളിടത്തോളം അയാൾ അശുദ്ധമായിരിക്കും. അയാൾ പാളയത്തിനുപുറത്തു തനിച്ചു പാർക്കണം.