LEVITICUS 13:1-46

LEVITICUS 13:1-46 MALCLBSI

സർവേശ്വരൻ മോശയോടും അഹരോനോടും അരുളിച്ചെയ്തു: “നിങ്ങൾ ആരുടെയെങ്കിലും ശരീരത്തിൽ കുഷ്ഠരോഗ ലക്ഷണം പോലെയുള്ള വീക്കമോ, തടിപ്പോ, വെളുത്ത പുള്ളിയോ കണ്ടാൽ അവനെ പുരോഹിതനായ അഹരോന്റെയോ അയാളുടെ പുത്രന്മാരായ പുരോഹിതന്മാരിൽ ആരുടെയെങ്കിലുമോ അടുക്കൽ കൊണ്ടുവരണം. പുരോഹിതൻ രോഗലക്ഷണം കണ്ട ഭാഗം പരിശോധിക്കണം. അവിടെയുള്ള രോമം വെളുത്തും ചുറ്റുമുള്ള ഭാഗത്തെക്കാൾ അവിടം കുഴിഞ്ഞും കണ്ടാൽ രോഗം കുഷ്ഠമാണ്. പരിശോധനയ്‍ക്കുശേഷം പുരോഹിതൻ അയാളെ അശുദ്ധനായി പ്രഖ്യാപിക്കണം. ആ ഭാഗം വെളുത്തതെങ്കിലും പാട് കുഴിയാതെയും രോമം വെളുക്കാതെയും കണ്ടാൽ പുരോഹിതൻ അയാളെ ഏഴു ദിവസത്തേക്കു മാറ്റി പാർപ്പിക്കണം. ഏഴാം ദിവസം പുരോഹിതൻ അയാളെ വീണ്ടും പരിശോധിക്കണം. രോഗം ത്വക്കിൽ വ്യാപിക്കാതെ പൂർവസ്ഥിതിയിൽ നില്‌ക്കുന്നു എന്നു ബോധ്യമായാൽ ഏഴു ദിവസത്തേക്കുകൂടി അയാളെ മാറ്റി പാർപ്പിക്കണം. എന്നാൽ ഏഴാം ദിവസം അയാളെ വീണ്ടും പരിശോധിക്കുമ്പോൾ പാണ്ട് ത്വക്കിൽ വ്യാപിക്കാതെ മങ്ങിയിരിക്കുന്നതായി കണ്ടാൽ അയാൾ ശുദ്ധിയുള്ളവനെന്നു പുരോഹിതൻ പ്രഖ്യാപിക്കണം. അത് ഒരു തടിപ്പു മാത്രമാണ്. അയാൾ വസ്ത്രം അലക്കി ശുദ്ധി പ്രാപിക്കണം. പരിശോധനയിൽ ശുദ്ധിയുള്ളവനെന്നു കണ്ടശേഷം തടിപ്പ് ത്വക്കിൽ വ്യാപിച്ചാൽ അയാൾ വീണ്ടും പുരോഹിതനെ സമീപിക്കണം. പരിശോധനയിൽ തടിപ്പ് ത്വക്കിൽ വ്യാപിച്ചിരിക്കുന്നതായി കണ്ടാൽ പുരോഹിതൻ അയാളെ അശുദ്ധനായി പ്രഖ്യാപിക്കണം. അതു കുഷ്ഠംതന്നെ. കുഷ്ഠം ബാധിച്ചവനെ പുരോഹിതന്റെ അടുക്കൽ കൊണ്ടുചെല്ലണം. പുരോഹിതൻ അവനെ പരിശോധിക്കണം. ത്വക്കിൽ വെളുത്ത തടിപ്പു കാണുകയും അവിടത്തെ രോമം വെളുത്തിരിക്കുകയും പച്ചമാംസം എഴുന്നിരിക്കുകയും ചെയ്താൽ, അതു പഴകിയ കുഷ്ഠമാണ്. പുരോഹിതൻ അവനെ അശുദ്ധനായി പ്രഖ്യാപിക്കണം. അശുദ്ധനെന്നു തീർച്ചയായതിനാൽ അവനെ നിരീക്ഷണത്തിനായി മാറ്റി പാർപ്പിക്കേണ്ടതില്ല. ത്വക്ക്‍രോഗം പടർന്ന് അടിമുടി വ്യാപിച്ചതായി കണ്ടാൽ പുരോഹിതൻ അവനെ വീണ്ടും പരിശോധിക്കണം. രോഗം ശരീരമാസകലം വ്യാപിച്ചിട്ടുണ്ടെങ്കിൽ അവൻ ശുദ്ധിയുള്ളവനെന്നു പ്രഖ്യാപിക്കണം. അവന്റെ ത്വക്കു മുഴുവൻ വെളുപ്പു വ്യാപിച്ചിരിക്കുന്നതിനാൽ അവൻ ശുദ്ധിയുള്ളവനാണ്. എന്നാൽ അവന്റെ തടിപ്പിൽ പച്ചമാംസം എഴുന്നു കണ്ടാൽ പുരോഹിതൻ അവനെ അശുദ്ധനായി പ്രഖ്യാപിക്കണം. പുരോഹിതൻ അവന്റെ തടിപ്പിലെ എഴുന്ന മാംസം പരിശോധിച്ച് അവനെ അശുദ്ധനായി പ്രഖ്യാപിക്കണം. എഴുന്ന മാംസം അശുദ്ധമാണ്. അതു കുഷ്ഠരോഗംതന്നെ. എന്നാൽ വ്രണം കരിഞ്ഞു വെള്ളനിറമായിത്തീർന്നാൽ അവൻ പുരോഹിതന്റെ അടുക്കൽ ചെല്ലണം. പരിശോധനയിൽ എഴുന്ന മാംസം കരിഞ്ഞു വെളുപ്പ് മാത്രമായിത്തീർന്നു എന്നു പുരോഹിതൻ കണ്ടാൽ അവനെ ശുദ്ധിയുള്ളവനെന്നു പ്രഖ്യാപിക്കണം. അവൻ ശുദ്ധിയുള്ളവൻതന്നെ. ത്വക്കിൽ ഉണ്ടായിരുന്ന പരു കരിഞ്ഞ സ്ഥാനത്ത് വെളുത്തതോ, ചുവപ്പുകലർന്ന വെള്ളയോ ആയ പാട് ഉണ്ടായാൽ അതു പുരോഹിതനെ കാണിക്കണം. പുരോഹിതൻ അതു പരിശോധിക്കുമ്പോൾ പാട് ത്വക്കിനെക്കാൾ കുഴിഞ്ഞും അവിടത്തെ രോമം വെളുത്തും കണ്ടാൽ അയാളെ അശുദ്ധനായി പ്രഖ്യാപിക്കണം. അതു പരുവിൽനിന്ന് ഉണ്ടായ കുഷ്ഠമാണ്. എന്നാൽ രോമം വെളുക്കുകയോ പാട് ത്വക്കിനെക്കാൾ കുഴിയുകയോ ചെയ്യാതെ നിറം മങ്ങിക്കണ്ടാൽ പുരോഹിതൻ അവനെ ഏഴു ദിവസത്തേക്കു മാറ്റി പാർപ്പിക്കണം. പാട് വ്യാപിക്കുന്നതായി കണ്ടാൽ പുരോഹിതൻ അവനെ അശുദ്ധനായി പ്രഖ്യാപിക്കണം. അവൻ കുഷ്ഠരോഗബാധിതനാണ്. എന്നാൽ അതു വ്യാപിക്കാതെയിരുന്നാൽ വ്രണം കരിഞ്ഞ പാടുമാത്രമാണ്. അവൻ ശുദ്ധിയുള്ളവനെന്നു പുരോഹിതൻ പ്രഖ്യാപിക്കണം. ശരീരത്തിൽ പൊള്ളൽ ഏറ്റിട്ട് ആ ഭാഗത്തെ മാംസം വെള്ളനിറമോ, ചുവപ്പുകലർന്ന വെള്ളനിറമോ ആയാൽ പുരോഹിതൻ അവനെ പരിശോധിക്കണം. അവിടത്തെ രോമം വെളുത്തും അവിടം ത്വക്കിനെക്കാൾ കുഴിഞ്ഞും കണ്ടാൽ അതു പൊള്ളലിൽനിന്നുണ്ടായ കുഷ്ഠമാണ്. പുരോഹിതൻ അവനെ അശുദ്ധനായി പ്രഖ്യാപിക്കണം. അതു കുഷ്ഠരോഗമാണ്. പുരോഹിതന്റെ പരിശോധനയിൽ തടിപ്പിലെ രോമത്തിന്റെ നിറം വെളുത്തും തടിപ്പ് ചുറ്റുമുള്ള ത്വക്കിനെക്കാൾ കുഴിവുള്ളതാകാതെയും നിറം മങ്ങിയും ഇരുന്നാൽ അവനെ ഏഴു ദിവസത്തേക്കു മാറ്റി പാർപ്പിക്കണം. ഏഴാം ദിവസം പുരോഹിതൻ പരിശോധിക്കുമ്പോൾ തടിപ്പ് ത്വക്കിൽ വ്യാപിച്ചിരിക്കുന്നതായി കണ്ടാൽ അവനെ അശുദ്ധനായി പ്രഖ്യാപിക്കണം. അതു കുഷ്ഠരോഗമാകുന്നു. എന്നാൽ പാണ്ട് വ്യാപിക്കാതെ പൂർവസ്ഥിതിയിലും നിറം മങ്ങിയും കാണപ്പെട്ടാൽ അതു പൊള്ളലിൽനിന്നുണ്ടായ തടിപ്പാണ്. പുരോഹിതൻ അവനെ ശുദ്ധനെന്നു പ്രഖ്യാപിക്കണം. പുരുഷന്റെയോ സ്‍ത്രീയുടെയോ തലയിലോ താടിയിലോ വ്രണം കണ്ടാൽ പുരോഹിതൻ അതു പരിശോധിക്കണം. അതു കുഴിഞ്ഞും അവിടത്തെ രോമം നേർത്ത് മഞ്ഞയായും കണ്ടാൽ പുരോഹിതൻ അവനെ അശുദ്ധനായി പ്രഖ്യാപിക്കണം. അത് ചിരങ്ങ് അഥവാ തലയിലോ, താടിയിലോ ഉണ്ടാകുന്ന കുഷ്ഠമാകുന്നു. പുരോഹിതന്റെ പരിശോധനയിൽ അവിടം കുഴിയാതെയും അതിന്മേൽ കറുത്ത രോമം ഇല്ലാതെയും ഇരുന്നാൽ അവനെ ഏഴു ദിവസത്തേക്കു മാറ്റി പാർപ്പിക്കണം. ഏഴാം ദിവസം പുരോഹിതൻ പരിശോധിക്കുമ്പോൾ അതു വ്യാപിക്കാതെയും മഞ്ഞരോമം ഇല്ലാതെയും ത്വക്കിനെക്കാൾ കുഴിയാതെയും കണ്ടാൽ ചിരങ്ങുള്ള ഭാഗമൊഴിച്ച് അവൻ ക്ഷൗരം ചെയ്യണം. പിന്നീടു പുരോഹിതൻ അവനെ വീണ്ടും ഏഴു ദിവസത്തേക്കു മാറ്റി പാർപ്പിക്കണം. ഏഴാം ദിവസം പുരോഹിതൻ അതു പരിശോധിക്കുമ്പോൾ ചിരങ്ങ് ത്വക്കിൽ വ്യാപിക്കാതെയും, അവിടം മറ്റു ഭാഗത്തെക്കാൾ കുഴിയാതെയും കണ്ടാൽ അവൻ ശുദ്ധിയുള്ളവനെന്നു പ്രഖ്യാപിക്കണം. അവൻ വസ്ത്രം അലക്കി ശുദ്ധി വരുത്തണം. ശുദ്ധിയുള്ളവനെന്നു പ്രഖ്യാപിക്കപ്പെട്ടശേഷം ചിരങ്ങ് ത്വക്കിൽ വ്യാപിക്കുകയാണെങ്കിൽ പുരോഹിതൻ അവനെ പരിശോധിക്കണം. ചിരങ്ങ് വ്യാപിക്കുന്നതു കണ്ടാൽ അതിൽ മഞ്ഞരോമം ഉണ്ടോ എന്നു നോക്കേണ്ടതില്ല. അവൻ അശുദ്ധൻ തന്നെ. എന്നാൽ ചിരങ്ങിന്റെ വളർച്ച നിലച്ച് അതിൽ കറുത്ത രോമം വളർന്നു തുടങ്ങിയാൽ അതു കരിഞ്ഞതായി കരുതി അവൻ ശുദ്ധിയുള്ളവനെന്നു പുരോഹിതൻ പ്രഖ്യാപിക്കണം. പുരുഷന്റെയോ സ്‍ത്രീയുടെയോ ശരീരത്തിൽ എവിടെയെങ്കിലും വെളുത്ത പാണ്ടു കണ്ടാൽ പുരോഹിതൻ അതു പരിശോധിക്കണം. മങ്ങിയ വെള്ളപ്പാണ്ടാണെങ്കിൽ തൊലിപ്പുറമേ ഉണ്ടാകുന്ന ചുണങ്ങായതുകൊണ്ട് അയാൾക്ക് അശുദ്ധിയില്ല. തലമുടി കൊഴിഞ്ഞ് കഷണ്ടി വരുന്നതുകൊണ്ട് ഒരുവൻ അശുദ്ധനായിത്തീരുന്നില്ല. തലയുടെ മുൻഭാഗത്ത് മുടി കൊഴിയുന്നതു കഷണ്ടിയാണ്. അതിന് അശുദ്ധിയില്ല. എന്നാൽ കഷണ്ടിയിൽ ചുവപ്പു കലർന്ന വെള്ളപ്പാണ്ടുണ്ടായാൽ അതു കഷണ്ടിയിൽ ഉണ്ടാകുന്ന കുഷ്ഠമാണ്. പുരോഹിതൻ അവനെ പരിശോധിക്കണം. ശരീരത്തിലെ കുഷ്ഠരോഗലക്ഷണങ്ങൾപോലെ ചുവപ്പു കലർന്ന വെള്ളപ്പാണ്ട് കഷണ്ടിയിൽ കണ്ടാൽ അവൻ കുഷ്ഠരോഗിയാണ്; അശുദ്ധനുമാണ്. പുരോഹിതൻ അവനെ അശുദ്ധനായി പ്രഖ്യാപിക്കണം. കുഷ്ഠരോഗി കീറിയ വസ്ത്രം ധരിച്ച് മുടി ചീകാതെ മേൽച്ചുണ്ടു മറച്ചു പിടിച്ചുകൊണ്ട്, ‘അശുദ്ധൻ, അശുദ്ധൻ’ എന്നു വിളിച്ചുപറയണം. രോഗമുള്ള കാലമെല്ലാം അവൻ അശുദ്ധനാണ്. അതുകൊണ്ട് അവൻ പാളയത്തിനു പുറത്തു തനിച്ചു പാർക്കണം.

LEVITICUS 13 വായിക്കുക