യോവേൽ 2:18-27 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

യോവേൽ 2:18-27 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

അങ്ങനെ യഹോവ തന്റെ ദേശത്തിനുവേണ്ടി തീക്ഷ്ണത കാണിച്ചു തന്റെ ജനത്തെ ആദരിച്ചു. യഹോവ തന്റെ ജനത്തിന് ഉത്തരം അരുളിയത്: ഞാൻ നിങ്ങൾക്കു ധാന്യവും വീഞ്ഞും എണ്ണയും നല്കും; നിങ്ങൾ അതിനാൽ തൃപ്തിപ്രാപിക്കും; ഞാൻ ഇനി നിങ്ങളെ ജാതികളുടെ ഇടയിൽ നിന്ദയാക്കുകയുമില്ല. വടക്കുനിന്നുള്ള ശത്രുവിനെ ഞാൻ നിങ്ങളുടെ ഇടയിൽനിന്നു ദൂരത്താക്കി വരണ്ടതും ശൂന്യവുമായൊരു ദേശത്തേക്കു നീക്കി; അവന്റെ മുൻപടയെ കിഴക്കേ കടലിലും അവന്റെ പിൻപടയെ പടിഞ്ഞാറേ കടലിലും ഇട്ടുകളയും; അവൻ വമ്പു കാട്ടിയിരിക്കകൊണ്ട് അവന്റെ ദുർഗന്ധം പൊങ്ങുകയും നാറ്റം കയറുകയും ചെയ്യും. ദേശമേ, ഭയപ്പെടേണ്ടാ; ഘോഷിച്ചുല്ലസിച്ച് സന്തോഷിക്ക; യഹോവ വൻകാര്യങ്ങളെ ചെയ്തിരിക്കുന്നു. വയലിലെ മൃഗങ്ങളേ, ഭയപ്പെടേണ്ടാ; മരുഭൂമിയിലെ പുല്പുറങ്ങൾ പച്ചവയ്ക്കുന്നു; വൃക്ഷം ഫലം കായ്ക്കുന്നു; അത്തിവൃക്ഷവും മുന്തിരിവള്ളിയും അനുഭവപുഷ്‍ടി നല്കുന്നു. സീയോൻമക്കളേ, ഘോഷിച്ചുല്ലസിച്ച് നിങ്ങളുടെ ദൈവമായ യഹോവയിൽ സന്തോഷിപ്പിൻ! അവൻ തക്ക അളവായി നിങ്ങൾക്കു മുന്മഴ തരുന്നു; അവൻ മുമ്പേപോലെ നിങ്ങൾക്കു മുന്മഴയും പിന്മഴയുമായ വർഷം പെയ്യിച്ചുതരുന്നു. അങ്ങനെ കളപ്പുരകൾ ധാന്യംകൊണ്ടു നിറയും; ചക്കുകൾ വീഞ്ഞും എണ്ണയുംകൊണ്ടു കവിയും. ഞാൻ നിങ്ങളുടെ ഇടയിൽ അയച്ചിരിക്കുന്ന എന്റെ മഹാസൈന്യമായ വെട്ടുക്കിളിയും വിട്ടിലും തുള്ളനും പച്ചപ്പുഴുവും തിന്നുകളഞ്ഞ സംവത്സരങ്ങൾക്കുവേണ്ടി ഞാൻ നിങ്ങൾക്കു പകരം നല്കും. നിങ്ങൾ വേണ്ടുവോളം തിന്നു തൃപ്തരായി, നിങ്ങളോട് അദ്ഭുതമായി പ്രവർത്തിച്ചിരിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തെ സ്തുതിക്കും; എന്റെ ജനം ഒരുനാളും ലജ്ജിച്ചുപോകയുമില്ല. ഞാൻ യിസ്രായേലിന്റെ നടുവിൽ ഉണ്ട്; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ, മറ്റൊരുത്തനുമില്ല എന്നു നിങ്ങൾ അറിയും; എന്റെ ജനം ഒരുനാളും ലജ്ജിച്ചു പോകയുമില്ല.

പങ്ക് വെക്കു
യോവേൽ 2 MALOVBSI

യോവേൽ 2:18-27 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

അപ്പോൾ സർവേശ്വരനു തന്റെ ദേശത്തോടുള്ള സ്നേഹം ആളിക്കത്തി; തന്റെ ജനത്തോടു കരുണ തോന്നി. സർവേശ്വരൻ തന്റെ ജനത്തോട് അരുളിച്ചെയ്തു: “ഇതാ, ഞാൻ നിങ്ങൾക്കു ധാന്യവും വീഞ്ഞും എണ്ണയും നല്‌കുന്നു. നിങ്ങൾ സംതൃപ്തരായിത്തീരും. ജനതകളുടെ ഇടയിൽ ഇനി ഞാൻ നിങ്ങളെ നിന്ദാപാത്രമാക്കുകയില്ല. വടക്കുനിന്നുള്ള ശത്രുവിനെ ഞാൻ നിങ്ങളുടെ അടുത്തുനിന്നു ദൂരെ പായിക്കും. ഉണങ്ങി വരണ്ട വിജനദേശത്തേക്ക് അവരെ ഓടിക്കും. അവരുടെ സൈന്യത്തിന്റെ മുൻനിരയെ കിഴക്കേ സമുദ്രത്തിലും പിൻനിരയെ പടിഞ്ഞാറൻ സമുദ്രത്തിലും വീഴ്ത്തും. ഗർവം നിറഞ്ഞ അവരുടെ പ്രവൃത്തികൾ നിമിത്തം അവരിൽനിന്നു ദുർഗന്ധം വമിക്കും. ദേശമേ ഭയപ്പെടേണ്ടാ, സർവേശ്വരൻ മഹത്തായ കാര്യങ്ങൾ ചെയ്തിരിക്കയാൽ ആഹ്ലാദിക്കുക; ആനന്ദം കൊള്ളുക! വയലിലെ മൃഗങ്ങളേ, പേടിക്കേണ്ട; മേച്ചിൽപ്പുറങ്ങൾ പച്ചപിടിച്ചിരിക്കുന്നു. വൃക്ഷം ഫലം നല്‌കുന്നു. അത്തിയും മുന്തിരിയും സമൃദ്ധമായി വിളവു നല്‌കുന്നു. സീയോൻമക്കളേ, സന്തോഷിക്കുവിൻ. നിങ്ങളുടെ ദൈവമായ സർവേശ്വരനിൽ ആനന്ദിക്കുവിൻ. അവിടുന്ന് ആവശ്യാനുസരണം നിങ്ങൾക്ക് ശരത്കാല മഴ നല്‌കിയിരിക്കുന്നു. പണ്ടത്തെപ്പോലെ അവിടുന്നു ശരത്കാലമഴയും വസന്തകാലമഴയും പെയ്യിക്കുന്നു. മെതിക്കളങ്ങൾ ധാന്യംകൊണ്ടു നിറയും. ചക്കുകളിൽ എണ്ണയും വീഞ്ഞും നിറഞ്ഞുകവിയും. ഞാൻ അയച്ച മഹാസൈന്യമായ തുള്ളനും വിട്ടിലും പച്ചപ്പുഴുവും തിന്നു നശിപ്പിച്ച കാലത്തെ വിളവുകൾ നിങ്ങൾക്കു ഞാൻ തിരിച്ചുതരും. നിങ്ങൾ മതിയാകുവോളം ഭക്ഷിച്ചു തൃപ്തരാകും; നിങ്ങൾക്കുവേണ്ടി അദ്ഭുതകരമായി പ്രവർത്തിച്ച നിങ്ങളുടെ ദൈവമായ സർവേശ്വരനെ നിങ്ങൾ സ്തുതിക്കും. എന്റെ ജനത്തിന് ഇനി ഒരിക്കലും ലജ്ജിക്കേണ്ടിവരികയില്ല. ഞാൻ ഇസ്രായേലിന്റെ മധ്യത്തിലുണ്ടെന്നും സർവേശ്വരനായ ഞാനല്ലാതെ മറ്റാരുമല്ല നിങ്ങളുടെ ദൈവമെന്നും നിങ്ങൾ അറിയും. എന്റെ ജനത്തിന് ഇനി ഒരിക്കലും ലജ്ജിക്കേണ്ടിവരികയില്ല.

പങ്ക് വെക്കു
യോവേൽ 2 MALCLBSI

യോവേൽ 2:18-27 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

അങ്ങനെ യഹോവ തന്‍റെ ദേശത്തിന് വേണ്ടി തീക്ഷ്ണത കാണിച്ച് തന്‍റെ ജനത്തെ ആദരിച്ചു. യഹോവ തന്‍റെ ജനത്തിന് ഉത്തരം അരുളിയത്: “ഞാൻ നിങ്ങൾക്ക് ധാന്യവും വീഞ്ഞും എണ്ണയും നല്കും; നിങ്ങൾ അതിനാൽ തൃപ്തി പ്രാപിക്കും; ഞാൻ ഇനി നിങ്ങളെ ജനതകളുടെ ഇടയിൽ നിന്ദാവിഷയമാക്കുകയുമില്ല. വടക്കുനിന്നുള്ള ശത്രുവിനെ ഞാൻ നിങ്ങളുടെ ഇടയിൽനിന്ന് ദൂരത്താക്കി വരണ്ടതും ശൂന്യവുമായ ഒരു ദേശത്തേക്ക് നീക്കി, അവന്‍റെ മുൻപടയെ കിഴക്കെ കടലിലും അവന്‍റെ പിൻപടയെ പടിഞ്ഞാറെ കടലിലും ഇട്ടുകളയും; അവൻ വമ്പു കാട്ടിയിരിക്കുകകൊണ്ട് അവന്‍റെ ദുർഗ്ഗന്ധം പൊങ്ങുകയും നാറ്റം പരക്കുകയും ചെയ്യും.” ദേശമേ, ഭയപ്പെടേണ്ടാ, ഘോഷിച്ചുല്ലസിച്ചു സന്തോഷിക്കുക; യഹോവ വൻകാര്യങ്ങൾ ചെയ്തിരിക്കുന്നു. വയലിലെ മൃഗങ്ങളേ, ഭയപ്പെടേണ്ടാ; മരുഭൂമിയിലെ പുല്പുറങ്ങൾ പച്ചപിടിക്കുന്നു; വൃക്ഷം ഫലം കായ്ക്കുന്നു; അത്തിവൃക്ഷവും മുന്തിരിവള്ളിയും സമൃദ്ധിയായി ഫലം നല്കുന്നു. സീയോൻ മക്കളേ, ഘോഷിച്ചുല്ലസിച്ച് നിങ്ങളുടെ ദൈവമായ യഹോവയിൽ സന്തോഷിക്കുവിൻ! അവന്‍റെ നീതിനിമിത്തം നിങ്ങൾക്ക് മുൻമഴ തരുന്നു; അവൻ മുമ്പത്തെപ്പോലെ നിങ്ങൾക്ക് മുൻമഴയും പിൻമഴയും പെയ്യിച്ചുതരുന്നു. അങ്ങനെ കളപ്പുരകൾ ധാന്യംകൊണ്ടു നിറയും; ചക്കുകൾ വീഞ്ഞും എണ്ണയും കൊണ്ട് കവിഞ്ഞൊഴുകും. ഞാൻ നിങ്ങളുടെ ഇടയിൽ അയച്ചിരിക്കുന്ന എന്‍റെ മഹാസൈന്യമായ വെട്ടുക്കിളിയും വിട്ടിലും തുള്ളനും പച്ചപ്പുഴുവും തിന്നുകളഞ്ഞ സംവത്സരങ്ങൾക്കു പകരം ഞാൻ നിങ്ങൾക്ക് സമൃദ്ധിയുടെ നാളുകൾ നല്കും. നിങ്ങൾ വേണ്ടുവോളം ഭക്ഷിച്ച് തൃപ്തരായി, നിങ്ങളോട് അത്ഭുതകരമായി പ്രവർത്തിച്ചിരിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തെ സ്തുതിക്കും; എന്‍റെ ജനം ഒരുനാളും ലജ്ജിച്ചുപോകുകയുമില്ല. ഞാൻ യിസ്രായേലിന്‍റെ നടുവിൽ ഉണ്ട്; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ തന്നെ; മറ്റൊരു ദൈവവുമില്ല എന്ന് നിങ്ങൾ അറിയും; എന്‍റെ ജനം ഒരുനാളും ലജ്ജിച്ചുപോകുകയുമില്ല.

പങ്ക് വെക്കു
യോവേൽ 2 IRVMAL

യോവേൽ 2:18-27 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

അങ്ങനെ യഹോവ തന്റെ ദേശത്തിന്നു വേണ്ടി തീക്ഷ്ണത കാണിച്ചു തന്റെ ജനത്തെ ആദരിച്ചു. യഹോവ തന്റെ ജനത്തിന്നു ഉത്തരം അരുളിയതു: ഞാൻ നിങ്ങൾക്കു ധാന്യവും വീഞ്ഞും എണ്ണയും നല്കും; നിങ്ങൾ അതിനാൽ തൃപ്തി പ്രാപിക്കും; ഞാൻ ഇനി നിങ്ങളെ ജാതികളുടെ ഇടയിൽ നിന്ദയാക്കുകയുമില്ല. വടക്കുനിന്നുള്ള ശത്രുവിനെ ഞാൻ നിങ്ങളുടെ ഇടയിൽനിന്നു ദൂരത്താക്കി വരണ്ടതും ശൂന്യവുമായോരു ദേശത്തേക്കു നീക്കി, അവന്റെ മുൻപടയെ കിഴക്കെ കടലിലും അവന്റെ പിൻപടയെ പടിഞ്ഞാറെ കടലിലും ഇട്ടുകളയും; അവൻ വമ്പു കാട്ടിയിരിക്കകൊണ്ടു അവന്റെ ദുർഗ്ഗന്ധം പൊങ്ങുകയും നാറ്റം കയറുകയും ചെയ്യും. ദേശമേ, ഭയപ്പെടേണ്ടാ, ഘോഷിച്ചുല്ലസിച്ചു സന്തോഷിക്ക; യഹോവ വൻകാര്യങ്ങളെ ചെയ്തിരിക്കുന്നു. വയലിലേ മൃഗങ്ങളേ, ഭയപ്പെടേണ്ടാ; മരുഭൂമിയിലെ പുല്പുറങ്ങൾ പച്ചവെക്കുന്നു; വൃക്ഷം ഫലം കായ്ക്കുന്നു; അത്തിവൃക്ഷവും മുന്തിരിവള്ളിയും അനുഭവപുഷ്ടി നല്കുന്നു. സീയോൻ മക്കളേ, ഘോഷിച്ചുല്ലസിച്ചു നിങ്ങളുടെ ദൈവമായ യഹോവയിൽ സന്തോഷിപ്പിൻ! അവൻ തക്ക അളവായി നിങ്ങൾക്കു മുൻമഴ തരുന്നു; അവൻ മുമ്പേപ്പോലെ നിങ്ങൾക്കു മുൻമഴയും പിൻമഴയുമായ വർഷം പെയ്യിച്ചുതരുന്നു. അങ്ങനെ കളപ്പുരകൾ ധാന്യംകൊണ്ടു നിറയും; ചക്കുകൾ വീഞ്ഞും എണ്ണയും കൊണ്ടു കവിയും. ഞാൻ നിങ്ങളുടെ ഇടയിൽ അയച്ചിരിക്കുന്ന എന്റെ മഹാസൈന്യമായ വെട്ടുക്കിളിയും വിട്ടിലും തുള്ളനും പച്ചപ്പുഴുവും തിന്നുകളഞ്ഞ സംവത്സരങ്ങൾക്കു വേണ്ടി ഞാൻ നിങ്ങൾക്കു പകരം നല്കും. നിങ്ങൾ വേണ്ടുവോളം തിന്നു തൃപ്തരായി, നിങ്ങളോടു അത്ഭുതമായി പ്രവർത്തിച്ചിരിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തെ സ്തുതിക്കും; എന്റെ ജനം ഒരുനാളും ലജ്ജിച്ചുപോകയുമില്ല. ഞാൻ യിസ്രായേലിന്റെ നടുവിൽ ഉണ്ടു; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ, മറ്റൊരുത്തന്നുമില്ല എന്നു നിങ്ങൾ അറിയും; എന്റെ ജനം ഒരു നാളും ലജ്ജിച്ചുപോകയുമില്ല.

പങ്ക് വെക്കു
യോവേൽ 2 വേദപുസ്തകം

യോവേൽ 2:18-27 MCV (സമകാലിക മലയാളവിവർത്തനം)

അപ്പോൾ യഹോവ തന്റെ ദേശത്തെക്കുറിച്ചു തീക്ഷ്ണത കാണിക്കും തന്റെ ജനത്തോടു ദയകാണിക്കും. യഹോവ അവരോട് ഇപ്രകാരം മറുപടി പറയും: “ഞാൻ നിങ്ങൾക്കു ധാന്യവും പുതുവീഞ്ഞും എണ്ണയും മതിയാവോളം തരും; ഇനിയൊരിക്കലും ഞാൻ നിങ്ങളെ ജനതകൾക്കിടയിൽ ഒരു പരിഹാസവിഷയമാക്കുകയില്ല. “ഞാൻ വടക്കേ സൈന്യത്തെ നിങ്ങളിൽനിന്ന്, വരണ്ടതും തരിശുമായ ദേശത്തേക്ക് ഓടിച്ചുകളയും; അവരുടെ മുൻനിര കിഴക്ക് ഉപ്പുകടലിൽ മുങ്ങിത്താഴും പിൻനിര പടിഞ്ഞാറ് മെഡിറ്ററേനിയൻ സമുദ്രത്തിലേക്കും പോകും. അതിന്റെ നാറ്റം ഉയരും; ദുർഗന്ധം വമിച്ചുകൊണ്ടിരിക്കും.” അവൻ വമ്പുകാട്ടിയിരിക്കുന്നു, നിശ്ചയം! ദേശമേ, ഭയപ്പെടേണ്ട, സന്തോഷിച്ച് ഉല്ലസിക്കുക. നിശ്ചയമായും യഹോവ മഹത്തായ കാര്യങ്ങൾ ചെയ്തിരിക്കുന്നു! വയലിലെ മൃഗങ്ങളേ, ഭയപ്പെടേണ്ട, തരിശുനിലത്തെ മേച്ചിൽപ്പുറങ്ങൾ പച്ചയായിത്തീരുന്നു. വൃക്ഷങ്ങൾ ഫലം കായ്ക്കുന്നു; അത്തിയും മുന്തിരിയും ആദായം തരുന്നു. സന്തോഷിക്കുക, സീയോനിലെ ജനമേ, നിങ്ങളുടെ ദൈവമായ യഹോവയിൽ സന്തോഷിക്കുക. അവിടന്ന് വിശ്വസ്തനാകുകയാൽ നിങ്ങൾക്കു മുന്മഴ തരുന്നു; അവിടന്ന് ശിശിരത്തിലും വസന്തത്തിലും സമൃദ്ധമായ മഴ തരുന്നു. മെതിക്കളങ്ങൾ ധാന്യങ്ങൾകൊണ്ടു നിറയും; ചക്കുകളിൽ പുതുവീഞ്ഞും എണ്ണയും കവിഞ്ഞൊഴുകും. “വെട്ടുക്കിളികൾ തിന്നുപോയ വർഷങ്ങൾക്കു തക്കവണ്ണം ഞാൻ നിങ്ങൾക്കു പകരംനൽകും— ചെറുതും വലുതുമായ വെട്ടുക്കിളികളും തുള്ളനും പച്ചപ്പുഴുവും ഉൾപ്പെടെ എന്റെ ഒരു മഹാസൈന്യത്തെ ഞാൻ അയച്ചല്ലോ. നിങ്ങൾക്കു നിറയുവോളം, സമൃദ്ധമായി ഭക്ഷിക്കാൻ ഉണ്ടാകും, അപ്പോൾ നിങ്ങൾക്കുവേണ്ടി അന്നു തങ്ങൾ പ്രവർത്തിച്ച നിങ്ങളുടെ ദൈവമായ യഹോവയുടെ നാമം നിങ്ങൾ സ്തുതിക്കും. ഇനിയൊരിക്കലും എന്റെ ജനം ലജ്ജിച്ചുപോകുകയില്ല. ഞാൻ ഇസ്രായേലിലുണ്ടെന്നും ഞാൻ നിന്റെ ദൈവമായ യഹോവയാകുന്നു എന്നും ഞാനല്ലാതെ മറ്റാരും ഇല്ലെന്നും അപ്പോൾ നിങ്ങൾ അറിയും; ഇനിയൊരിക്കലും എന്റെ ജനം ലജ്ജിച്ചുപോകുകയില്ല.

പങ്ക് വെക്കു
യോവേൽ 2 MCV