യോവേൽ 2:18-27

യോവേൽ 2:18-27 MCV

അപ്പോൾ യഹോവ തന്റെ ദേശത്തെക്കുറിച്ചു തീക്ഷ്ണത കാണിക്കും തന്റെ ജനത്തോടു ദയകാണിക്കും. യഹോവ അവരോട് ഇപ്രകാരം മറുപടി പറയും: “ഞാൻ നിങ്ങൾക്കു ധാന്യവും പുതുവീഞ്ഞും എണ്ണയും മതിയാവോളം തരും; ഇനിയൊരിക്കലും ഞാൻ നിങ്ങളെ ജനതകൾക്കിടയിൽ ഒരു പരിഹാസവിഷയമാക്കുകയില്ല. “ഞാൻ വടക്കേ സൈന്യത്തെ നിങ്ങളിൽനിന്ന്, വരണ്ടതും തരിശുമായ ദേശത്തേക്ക് ഓടിച്ചുകളയും; അവരുടെ മുൻനിര കിഴക്ക് ഉപ്പുകടലിൽ മുങ്ങിത്താഴും പിൻനിര പടിഞ്ഞാറ് മെഡിറ്ററേനിയൻ സമുദ്രത്തിലേക്കും പോകും. അതിന്റെ നാറ്റം ഉയരും; ദുർഗന്ധം വമിച്ചുകൊണ്ടിരിക്കും.” അവൻ വമ്പുകാട്ടിയിരിക്കുന്നു, നിശ്ചയം! ദേശമേ, ഭയപ്പെടേണ്ട, സന്തോഷിച്ച് ഉല്ലസിക്കുക. നിശ്ചയമായും യഹോവ മഹത്തായ കാര്യങ്ങൾ ചെയ്തിരിക്കുന്നു! വയലിലെ മൃഗങ്ങളേ, ഭയപ്പെടേണ്ട, തരിശുനിലത്തെ മേച്ചിൽപ്പുറങ്ങൾ പച്ചയായിത്തീരുന്നു. വൃക്ഷങ്ങൾ ഫലം കായ്ക്കുന്നു; അത്തിയും മുന്തിരിയും ആദായം തരുന്നു. സന്തോഷിക്കുക, സീയോനിലെ ജനമേ, നിങ്ങളുടെ ദൈവമായ യഹോവയിൽ സന്തോഷിക്കുക. അവിടന്ന് വിശ്വസ്തനാകുകയാൽ നിങ്ങൾക്കു മുന്മഴ തരുന്നു; അവിടന്ന് ശിശിരത്തിലും വസന്തത്തിലും സമൃദ്ധമായ മഴ തരുന്നു. മെതിക്കളങ്ങൾ ധാന്യങ്ങൾകൊണ്ടു നിറയും; ചക്കുകളിൽ പുതുവീഞ്ഞും എണ്ണയും കവിഞ്ഞൊഴുകും. “വെട്ടുക്കിളികൾ തിന്നുപോയ വർഷങ്ങൾക്കു തക്കവണ്ണം ഞാൻ നിങ്ങൾക്കു പകരംനൽകും— ചെറുതും വലുതുമായ വെട്ടുക്കിളികളും തുള്ളനും പച്ചപ്പുഴുവും ഉൾപ്പെടെ എന്റെ ഒരു മഹാസൈന്യത്തെ ഞാൻ അയച്ചല്ലോ. നിങ്ങൾക്കു നിറയുവോളം, സമൃദ്ധമായി ഭക്ഷിക്കാൻ ഉണ്ടാകും, അപ്പോൾ നിങ്ങൾക്കുവേണ്ടി അന്നു തങ്ങൾ പ്രവർത്തിച്ച നിങ്ങളുടെ ദൈവമായ യഹോവയുടെ നാമം നിങ്ങൾ സ്തുതിക്കും. ഇനിയൊരിക്കലും എന്റെ ജനം ലജ്ജിച്ചുപോകുകയില്ല. ഞാൻ ഇസ്രായേലിലുണ്ടെന്നും ഞാൻ നിന്റെ ദൈവമായ യഹോവയാകുന്നു എന്നും ഞാനല്ലാതെ മറ്റാരും ഇല്ലെന്നും അപ്പോൾ നിങ്ങൾ അറിയും; ഇനിയൊരിക്കലും എന്റെ ജനം ലജ്ജിച്ചുപോകുകയില്ല.